അദൃഷ്ടമെന്ന അനന്തസാദ്ധ്യതയിലൂടെ ഒരാത്മീയസഞ്ചാരം
വായനാനുഭവം
അദൃഷ്ടമെന്ന അനന്തസാദ്ധ്യതയിലൂടെ ഒരാത്മീയസഞ്ചാരം
വി. ജെ ജെയിംസിന്റെ നിരീശ്വരന്‍
ഡോ. സുകുമാര്‍ കാനഡ
നിരീശ്വരന്‍ എന്ന പേരിലുള്ള പുസ്തകം വാങ്ങാനുണ്ടായ പ്രചോദനം വി. ജെ. ജെയിംസിന്റെ പുതിയ നോവല്‍ ആന്റീക്ലോക്ക് വായിച്ചതാണ്. അതിനെപ്പറ്റിയുള്ള ഒരാസ്വാദനം “എഴുത്ത്” മാസികയില്‍ പ്രസിദ്ധീകരിച്ചിരുന്നു. വാസ്തവത്തില്‍ ആന്റീക്ലോക്കിന് മുന്‍പേ പ്രസിദ്ധീകരിച്ചതാണ് നിരീശ്വരന്‍. ഈ വര്‍ഷത്തെ കേരളാ സാഹിത്യഅക്കാദമി പുരസ്കാരം ലഭിച്ച നോവലാണ് നിരീശ്വരന്‍.
ആര്‍ക്കും ആത്മീയതയുടെ ഉള്ളറകള്‍ ഏറെയൊന്നും അന്യമല്ല. എന്നാല്‍ ഒരിക്കലും അതില്‍ ഞാന്‍ അഭിരമിക്കുകയില്ല എന്ന് വാശിപിടിക്കുന്നവരെ പിറകേ നടന്നു ബോദ്ധ്യപ്പെടുത്തല്‍ ആത്മീയതയുടെ സ്വഭാവമല്ല താനും. അത് സംഘടിതമത സ്വഭാവമാണ്. പലപ്പോഴും ആത്മീയത പ്രകടമാകുന്നത് അദൃഷ്ടമായ ചിലതിലൂടെയാവും. ചിലര്‍ക്കത് കണ്ണാടി കാണുംപോലെ തെളിഞ്ഞും മറ്റു ചിലര്‍ക്ക് ഉള്ളുലയുന്ന അനുഭവസാക്ഷ്യത്തിലൂടെ വേദനയായും പ്രകടമായേക്കാം. എന്നാല്‍ സാര്‍വ്വഭൌമവും സാരസര്‍വ്വസ്വവുമായ ഉണ്മയെ കണ്ടെത്താനും അനുഭവത്തിലൂടെ സാക്ഷ്യപ്പെടുത്താനും ശാസ്ത്രത്തെ നിരാകരിക്കേണ്ട കാര്യമൊന്നുമില്ല എന്ന് ഈ നോവലിലും ജെയിംസ് പറഞ്ഞു വയ്ക്കുന്നത് ആര്‍ജ്ജവമുള്ള ഒരു ശാസ്ത്രകുതുകിക്ക് ചേര്‍ന്ന മട്ടില്‍ തന്നെയാണ്. എന്നുമെപ്പോഴും ഉണ്ടായിരുന്നതും ഒരിക്കലും ഇല്ലാതാവാത്തതുമായ ഉണ്മ ‘അണുവിലും അണുവും മഹത്തിലും മഹത്തുമാണെന്ന്’ അറിയുന്നതുവരെ മാത്രമേ നാമരൂപപരിമിതങ്ങളായ വ്യതിരിക്തതകള്‍ക്ക് സ്ഥാനമുള്ളൂ.
ഈശ്വരസങ്കല്‍പ്പങ്ങളുടെ കുത്തൊഴുക്കില്‍ വിവിധങ്ങളായ ആരാധനാ സമ്പ്രദായങ്ങളും പുരോഹിതവര്‍ഗ്ഗങ്ങളും ക്ഷേത്രങ്ങളും സമൂഹത്തെ വല്ലാതെ വശീകരിക്കുന്നു അല്ലെങ്കില്‍ വഴിതെറ്റിക്കുന്നു എന്ന് കണ്ടു ഖിന്നരായ മൂന്നു ചെറുപ്പക്കാര്‍ ആ സങ്കല്‍പ്പങ്ങളുടെ കടപുഴക്കാന്‍ പോന്ന ‘നിരീശ്വരനെ’ ആലും മാവും സ്വരുമയോടെ തഴച്ചുപന്തലിച്ചു വളര്‍ന്നു നിന്ന ഒരു തറയില്‍ ഒരു വിഗ്രഹമായി പ്രതിഷ്ഠിക്കുകയാണ്. ഒരിക്കലും സാമ്പ്രദായികമായ ക്ഷേത്ര ചടങ്ങുകളോ പ്രാര്‍ത്ഥനകളോ നാടിനെ മലിനീകരിക്കരുത് എന്ന ലക്ഷ്യത്തിലാണ് ചെറുപ്പക്കാര്‍ ഉടലുടഞ്ഞ വികലമായ ഒരു വിഗ്രഹത്തെ അവിടെ പ്രതിഷ്ഠിക്കുന്നത്. പക്ഷെ അവരുടെ എല്ലാ പ്രതീക്ഷകളെയും തകര്‍ത്തുകൊണ്ട് നിരീശ്വരപ്രതിഷ്ഠ ഏതൊരു ഈശ്വരപ്രതിഷ്ഠയെക്കാളും തേജസ്സോടെ ഭക്തജനങ്ങള്‍ക്ക് പ്രതീക്ഷാനിര്‍ഭരമായ ഒരു സാന്നിദ്ധ്യമായി തീരുകയാണ്.
ഈ മറിമായത്തിന്റെ ഉള്ളറകളിലേയ്ക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകാന്‍ നമ്മുടെ മുന്നിലേയ്ക്ക് വന്നു ചേരുന്ന കുറെപ്പേരാണ് നമുക്കു മുന്നില്‍ അപരിമിതമായ ചിന്തകളുടെ വാതായനങ്ങള്‍ പരക്കെ തുറന്നിടുന്നത്. പഞ്ചഭൂതങ്ങളുടെ പ്രകടിതഭാവങ്ങളായ ശബ്ദ, രൂപ, രസ, സ്പര്‍ശങ്ങള്‍ ശാസ്ത്രത്തിനു ഒരുവിധം പിടി കിട്ടിയിട്ടുണ്ടെന്ന് പൊതുവേ പറയാം. പക്ഷെ ഗന്ധം മനുഷ്യനെ എന്നും പിടികൊടുക്കാതെ വഴുതിപ്പോയിട്ടുണ്ട്. ശാസ്ത്രജ്ഞനായ റോബര്‍ട്ടും ഗ്രാമത്തിലെ ‘മഗ്ദലനമറിയം’ ആയ ജാനകിയും തമ്മിലുണ്ടാകുന്ന തികച്ചും ലൈംഗിഗേതര പ്രഫഷണല്‍ പാരസ്പര്യം ഗന്ധസംബന്ധിയായ ഗവേഷണത്തിന് ഏറെ പുരോഗതി നല്‍കുന്നുണ്ട്. മനുഷ്യമനസ്സും മനുഷ്യഗന്ധവും പരസ്പരാകര്‍ഷണവും എങ്ങിനെ ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഏറ്റവും കൂടുതല്‍ മനസ്സിലാവുന്നത് പലരുമായി പല തരത്തില്‍ ബന്ധപ്പെടുന്ന ഗ്രാമവേശ്യയ്ക്ക് മാത്രമാണല്ലോ.
ശസ്ത്രജ്ഞന്റെ സഹായിയായി കൂടിയ ജാനകിയ്ക്ക് ഗ്രാമവേശ്യ എന്ന സ്ഥാനമേ എല്ലാവരും കല്‍പ്പിച്ചു നല്‍കിയിട്ടുള്ളൂ. അതില്‍ കൂടുതല്‍ അവള്‍ ആഗ്രഹിച്ചുമില്ല. എന്നാല്‍ സദുദ്ദേശത്തോടെയാണെങ്കിലും വാണിജ്യത്തിന്‍റെ ഭാഗമായി അവശ്യം വേണ്ട ഗുണനിലവാര മേന്മയെങ്ങിനെ വര്‍ദ്ധിപ്പിക്കാം എന്നതിനെപ്പറ്റി റോബര്‍ട്ട് നല്‍കുന്ന “മാനേജുമെന്റ്റ് കണ്‍സല്‍ട്ടേഷന്‍” അസ്ഥാനത്തു ചെന്ന് തറച്ച് വേശ്യയുടെ അഭിമാനത്തെ വ്രണപ്പെടുത്തുന്നതും ജാനകിയുടെ കയ്യിന്‍റെ ചൂടയാള്‍ അനുഭവിച്ചറിയുന്നതും ആര്‍ജ്ജവമുള്ള ഫെമിനിസം തന്നെയാണ്. അസഹ്യമായ ദേഹഗന്ധം കാരണം ജാനകി തന്റെ ഒരു കസ്റ്റമറോട് വേണ്ടപോലെ സഹകരിക്കാന്‍ തയ്യാറാകാത്തതും പിന്നീട് അതേയാള്‍ മനസ്സ് തണുത്തു ശാന്തനായപ്പോള്‍ സുഗന്ധമുള്ള പുരുഷനായി മാറി അവള്‍ക്ക് സ്വീകാര്യനായതും ശാസ്ത്രജ്ഞന് ഏറെ വിലപിടിപ്പുള്ള അറിവായി.
ഇരുപത്തിനാലുകൊല്ലം ബോധമറ്റു കോമയില്‍ കിടന്ന ഇന്ദ്രജിത്ത് ഭാര്യയായ സുധയുടെ അതീവതാല്‍പര്യത്തോടെയുള്ള ശുശ്രൂഷയില്‍ ജീവന്‍റെ വാഴനാര് പൊട്ടാതെ അതിസൂക്ഷ്മഗതിയില്‍ ശ്വാസോച്ഛ്വാസം കഴിച്ചിരുന്നു. ഈ മൌനകാലം കടന്നുപോയ്ക്കൊണ്ടിരിക്കെ പൊടുന്നനെ ‘നിരീശ്വരകാരുണ്യത്താല്‍’ ഇന്ദ്രജിത്തിന് ബോധമുണരുന്നത് നോവലിലെ വലിയൊരു വഴിത്തിരിവാണ്. ഇരുപത്തിനാല് വര്‍ഷം അയാളിലെ ദേഹത്തിനു പ്രായം വരുത്തിയില്ല. ശ്വാസഗതിയാണ് ദേഹത്തിനു വയസ്സു കൂട്ടുന്നത് എന്നൊരു സിദ്ധാന്തം വന്ദ്യവയോധികനായ ഡോക്ടര്‍ കൃഷ്ണന്‍ എഴുത്തശ്ശന്‍ റോബര്‍ട്ടിനു മനസ്സിലാക്കി കൊടുക്കുന്നുണ്ട്. “”ഏറ്റോം വേഗത്തി ശ്വാസമെടുക്കേണ്ടിവരുന്നതെപ്പോഴാന്നറിയ്യോ മനുഷ്യന്? ദേഷ്യം വരുമ്പോഴും, രതിമൂര്‍ച്ഛേലും. രണ്ടും അനിയന്ത്രിതമായാ ആയുസ്സെത്താണ്ട് മരിക്കുംന്നാ. രണ്ടീന്നും മാറിനില്‍ക്കലാ ദീര്‍ഘായുസ്സ്” ആയുര്‍വേദത്തില്‍ പരാമര്‍ശിക്കുന്ന കായകല്‍പ്പ ചികിത്സ ചെയ്യാതെ തന്നെ ആകസ്മികമായി മനസ്സിന്‍റെ ഉള്ളറകളിലെങ്ങോ നിന്നും ഉല്‍പ്പന്നമായ ശക്തിക്ക് ഇന്ദ്രജിത്തിലെ ഇന്ദ്രിയങ്ങളെ സൂക്ഷ്മമായി നിയന്ത്രിക്കാന്‍ സാധിച്ചിരിക്കുന്നു. എന്നാല്‍ ഒടുവില്‍ ഇതേ നിരീശ്വരനോടു പ്രാര്‍ത്ഥിച്ചു തന്നെയാണ് അയാള്‍ വീണ്ടും കോമയിലേയ്ക്ക് മടങ്ങിപ്പോകുന്നതും. അത്യസാധാരണമായ രതിചിന്തയും തദ്ജന്യമായ ആകുലതകളും സുധയെയും പെട്ടെന്ന് ചെറുപ്പക്കാരനായി മടങ്ങിയെത്തിയ ഇന്ദ്രജിത്തിനെയും ബാധിക്കുന്നതെങ്ങിനെയെന്ന് നോവലിസ്റ്റ് വിവരിക്കുന്നത് അതീവസൂക്ഷ്മതയാര്‍ന്ന കൈത്തഴക്കത്തോടെയാണ്.
നിരീശ്വരപ്രതിഷ്ഠനടത്താനായി ആഭാസന്മാര്‍ (ആന്റണി, ഭാസ്കരന്‍, സഹീര്‍ എന്നിവര്‍) ഏല്‍പ്പിച്ചത് നാട്ടുക്ഷേത്രത്തില്‍ നിന്നും മോഷണംപോയ സ്വത്തിനെപ്രതി കള്ളനായി മുദ്രകുത്തപ്പെട്ട നിരപരാധിയായ പാവം “ഈശ്വരന്‍” എമ്പ്രാന്തിരിയാണ്. അദ്ദേഹമാണ് ഈശ്വരനും നിരീശ്വരനും മനുഷ്യസങ്കല്പങ്ങള്‍ തന്നെയാണെന്ന് ആഭാസന്മാര്‍ക്ക് പറഞ്ഞു കൊടുക്കുന്നത്. “മന:കൃതകൃതം രാമ:” എന്ന് യോഗവാസിഷ്ഠത്തില്‍ രാമനോട് വസിഷ്ടന്‍ പറയുന്നുണ്ടല്ലോ. എല്ലാം മനസ്സാണ്. എല്ലാം സങ്കല്‍പ്പത്തില്‍ അധിഷ്ടിതമാണ്. ഒരിക്കല്‍ സങ്കല്‍പ്പിച്ചാല്‍ അതിനെ കൊണ്ടാടുകയേ നിവൃത്തിയുള്ളൂ. സങ്കല്‍പ്പകല്‍പ്പനകള്‍ ഒഴിഞ്ഞ നിര്‍മനമെന്ന അവസ്ഥയില്‍ ലോകമില്ല. “സങ്കല്‍പ്പിക്കാനുള്ള ഒരുവന്‍റെ ശേഷ്യാ ഇക്കാണായ പ്രപഞ്ചം തന്നെ. പ്രപഞ്ചത്തെക്കാള്‍ എന്തത്ഭുതമാ ഉള്ളത്” എമ്പ്രാന്തിരി നവോത്ഥാനികളായ ചെറുപ്പക്കാരെ മനസ്സിലാക്കിക്കാന്‍ വൃഥാ ശ്രമിച്ചു. “ഈശ്വര വിശ്വാസത്തെ എതിര്‍ത്തിട്ട് ഇപ്പോള്‍ നിരീശ്വരവിശ്വാസത്തെയും എതിര്‍ക്കേണ്ടി വന്നൂ, ല്ലേ?” കാരണം രണ്ടും വിശ്വാസം മാത്രമാണല്ലോ. വിശ്വാസത്തില്‍ എപ്പോഴും സംശയത്തിന്‍റെ കറ പറ്റിയിട്ടുണ്ടാവും. സത്യത്തിന്‍റെ സ്ഥാനം ഇതിനിടയില്‍ എവിടെയോ ആണെന്ന് തങ്ങള്‍ തന്നെ ഉണ്ടാക്കിയെടുത്ത നിരീശ്വരപ്രതിഷ്ഠയെ തച്ചുടയ്ക്കാന്‍ കഠിനപ്രയത്നം ചെയ്ത് തീവ്രവാദികളായി അഴിക്കുള്ളിലായ നവോത്ഥാനക്കാര്‍ മനസ്സിലാക്കാന്‍ ശ്രമിച്ചതുമില്ല. “ആപ്പിള്‍ തലേല്‍ വീഴുന്നതിനുമുന്പും ഗുരുത്വാകര്‍ഷണം നിലനിന്നിരുന്നു എന്ന് പറയാറുള്ളതുപോലെ ശാസ്ത്രവിശദീകരണം ഉണ്ടാവും വരെ മാത്രമേ ഓരോ അസാധാരണതയ്ക്കും നിലനില്‍പ്പുള്ളൂ” റോബര്‍ട്ട് അവര്‍ക്ക് പറഞ്ഞുകൊടുത്തു. മൂവരിലും ആ അറിവ് വെവ്വേറെ തലങ്ങളിലാണ് പതിഞ്ഞിറങ്ങിയത് എന്ന് മാത്രം.
നാമറിയുന്ന ‘സാദാ’ നിരീശ്വരവാദത്തിന്‍റെ നിരര്‍ത്ഥകത ജെയിംസ് എത്ര ഭംഗിയായാണ് വിശ്വസനീയമായ രീതിയില്‍ റോബര്‍ട്ടിനെക്കൊണ്ട് പറയിക്കുന്നത്! “നിരീശ്വരവാദികള്‍ക്കിടയില്‍ അങ്ങിനെയൊരു (സൂക്ഷ്മവും ആര്‍ജ്ജവമുള്ളതുമായ) അന്വേഷണം നടക്കുന്നില്ല. അവര്‍ ചില കൊച്ചുകൊച്ചു തട്ടിപ്പുകളുടെ പിറകേ സഞ്ചരിച്ച് തൊലിപ്പുറമേയുള്ള ഇക്കിളി അനുഭവിച്ചു നിര്‍വൃതിയടയുന്നു. അതിനപ്പുറമുള്ള ആഴമേറിയ സാദ്ധ്യതേ ഒന്ന് തൊടാന്‍ പോലും മെനക്കെടുന്നില്ല”. എന്തിന്റെ കാര്യത്തിലാണെങ്കിലും, തനിക്ക് താല്‍പ്പര്യമോ അറിവോ ഇല്ലാത്ത കാര്യത്തില്‍പ്പോലും അവയുടെ സാദ്ധ്യതാസാന്നിദ്ധ്യത്തെപ്പറ്റി അവമതിപ്പില്ലാതെ, അവയെ തീര്‍ത്തും നിരാകരിക്കാതെ, ആ സാദ്ധ്യതകളെക്കുറിച്ച് പഠിക്കുന്നവരെ അതിന്‍റെ പാട്ടിനു വിടുക എന്നതും ആര്‍ജ്ജവമുള്ള ഒരു ശാസ്ത്രാന്വേഷിയുടെ മാന്യതയാണ്. “എനിക്ക് പൂര്‍ണ്ണമായി മനസ്സിലാവാത്ത ചിലത് ഇതിലുണ്ട്. മനസ്സിലാവാത്തത് എന്നേ ഞാന്‍ പറയുന്നുള്ളൂ. മനസ്സിലാവാത്തത് എല്ലാം തെറ്റാണെന്ന് ഒരു യഥാര്‍ത്ഥ സത്യാന്വേഷകന് ശഠിക്കാനാവില്ല.”
നിരീശ്വരന്റെ വിഗ്രഹം സ്ഥാപിച്ചതിനു ശേഷം നാട്ടിലുണ്ടാവുന്ന മാറ്റങ്ങളോട് ആളുകള്‍ പ്രതികരിക്കുന്ന കാര്യത്തില്‍ ഒരു പ്രത്യേകതരം ശ്രദ്ധ അദൃഷ്ടമായി വന്നു ചേരുന്നു. അവയെല്ലാം ഈ പ്രതിഷ്ഠയുടെ മഹത്വമായി നാട്ടുകാര്‍ കൊണ്ടാടുകായും ചെയ്യുന്നു. ബുദ്ധിമാന്ദ്യമുള്ള ‘കൊഞ്ഞ’ വ്യക്തമായി സംസാരിക്കാന്‍ തുടങ്ങിയതും, കോമയില്‍ കിടന്നയാള്‍ ഉണര്‍ന്നതും, ഗ്രാമവേശ്യ പണിയുപേക്ഷിച്ചതുമെല്ലാം ഭംഗിയായി നോവലില്‍ അനാവരണം ചെയ്തിട്ടുണ്ടെങ്കിലും അവയില്‍ ഏറ്റവും ചാരുതയും മനുഷ്യത്വവുമുള്ള അദ്ഭുതം ബാര്‍ബര്‍ മണിയന് ഘോഷയാത്ര അന്നമ്മയോടും അവരുടെ നാല് പെണ്മക്കളോടുമുണ്ടായിരുന്ന വൈരം തീര്‍ന്ന് ശുദ്ധസ്നേഹത്തിലേയ്ക്ക് മുന്നേറിയത് തന്നെയാണ്.
ആത്മീയതയില്‍ മതസങ്കുചിത ചിന്താഗതികള്‍ അധികപ്പറ്റാണ്. നോവലിലെ നവോത്ഥാനികളായ ചെറുപ്പക്കാര്‍ നോട്ടമിടുന്നതു വികലമായ ഒരു വിഗ്രഹം പ്രതിഷ്ഠിച്ച് സ്വയം വിഗ്രഹഭഞ്ജകരെന്നു പേരെടുക്കാനാണ്. എന്നാല്‍ അതേ വിഗ്രഹം അവരുടെ നവോത്ഥാനമോഹങ്ങളെ കൂച്ചുവിലങ്ങിട്ട് നശിപ്പിക്കുകയാണ്. നാടന്‍ ബോംബു പൊട്ടിച്ചുള്ള തീവ്രവാദത്തിലൂടെയെങ്കിലും അന്ധവിശ്വാസം നശിപ്പിക്കാനായി ക്ഷേത്രധ്വംസനമെന്ന നവോത്ഥാനം നടത്തിയേ തീരൂ എന്നുള്ള അവരുടെ തീരുമാനത്തില്‍ നിന്നും പിന്മാറാന്‍ ഒടുവിലവര്‍ നിര്‍ബ്ബന്ധിതരായിത്തീരുകയും ചെയ്തു. ഭാസ്കരന്‍റെ ബോംബിന് അവന്‍റെ കയ്യിലിരുന്ന് ഒരല്‍പം നേരത്തെ പൊട്ടാനാണ് തോന്നിയത്.
ജെയിംസ്, കഥാപാത്രങ്ങളിലൂടെ പറഞ്ഞു വയ്ക്കുന്ന വിശാലമായൊരു ആത്മീയതയുടെ അടിത്തറ ഭാരതീയ ദര്‍ശനങ്ങളുടെ കാതല്‍ തന്നെയാണ്. “ഗോതമ്പുപൊടികൊണ്ട് ഉണ്ടാക്കിയ രൂപങ്ങളെല്ലാം ഗോതമ്പ് പൊടി തന്നെയാണ്”. “ബ്രഹ്മസത്യം ജഗദ് മിഥ്യ” എന്ന് വേദാന്തിയായ ശങ്കരന്‍ പറഞ്ഞ ദര്‍ശനത്തെ വളരെ അനായാസമായി “ഊര്‍ജ്ജസത്യം വസ്തു മിഥ്യ” എന്ന ശാസ്ത്രസത്യത്തിലേയ്ക്ക് നയിക്കുന്ന കാഴ്ച അതിലളിതവും എന്നാല്‍ വളരെ ഗഹനവുമത്രേ. “ഈശാവാസ്യമിദം സര്‍വ്വം” എന്ന ഉപനിഷദ് വാക്യം “നിരീശ്വരാവാസ്യമിദം സര്‍വ്വം” എന്നാക്കിയാലും വേദാന്തിക്ക് വഴക്കില്ല. ശാസ്ത്രവും ആത്മീയതയും തമ്മിലുള്ള അന്തരം ഇല്ലാതാക്കാന്‍ രണ്ടും മുന്‍വിധികളില്ലാതെ പഠിക്കുക എന്നത് മാത്രമേ മാര്‍ഗ്ഗമുള്ളു. വേണ്ടത് കൊള്ളാനും വേണ്ടാത്തത് തള്ളാനും അവസരം നല്‍കുന്ന ഒരു തത്വചിന്താപദ്ധതിക്കു മാത്രമേ ബഹുസ്വരവും വിശാലവുമായ അപരിമേയത്വം സങ്കല്‍പ്പിക്കാന്‍ പോലുമാവൂ.
“വ്യസോച്ഛിഷ്ടം ജഗദ്‌സര്‍വ്വം” എന്ന് പറയാറുണ്ട്. വ്യാസന്‍ സങ്കല്പ്പിച്ചുണ്ടാക്കിയതിന്റെ അനുരണനങ്ങള്‍ മാത്രമാണ് ഏതൊരു സര്‍ഗ്ഗ സൃഷ്ടിയും എന്നാണതിന്‍റെ പൊരുള്‍. ശ്രീ ലളിതാ സഹസ്രനാമത്തിലെ നൂറ്റി അന്പത്തിയഞ്ചാമത് നാമം “ഓം നിരീശ്വരായൈ നമ:” എന്നാണല്ലോ. ഈശ്വരനായാലും നിരീശ്വരനായാലും രണ്ടും മനുഷ്യസങ്കല്‍പ്പജന്യങ്ങളാണ്. അവയുടെ മൂര്‍ത്തീകരണം ശിലയിലായാലും തടിയിലായാലും ജീവനുള്ള ഉടലിലായാലും മൂര്‍ത്തമായ എന്തിനും കുറച്ചു കാലമെങ്കിലും അസ്തിത്വമുണ്ടാവും. എഴുതി പ്രസിദ്ധീകരിച്ച ഒരു കൃതി എഴുത്തുകാരനെ അതിജീവിച്ച് അയാളുടെ പിടിയില്‍ നിന്നും വിട്ടു പോകുന്നതുപോലെ തന്നെയാണ് വിഗ്രഹസ്ഥാപനവും. “വിശേഷേണ ഗ്രാഹയതി ഇതി വിഗ്രഹ:” എന്നാണല്ലോ. നോവലിലെ ഭൂമിക വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ടതായ മതം, ആത്മീയത, എന്നീ വിഷയങ്ങളില്‍ ആയതുകൊണ്ട് സെമിറ്റിക് മതങ്ങളുടെ സങ്കല്‍പ്പവിഗ്രഹങ്ങളെ തച്ചുടയ്ക്കാന്‍ ജെയിംസ് ശ്രമിക്കുന്നില്ല. അത് ബുദ്ധിപരവും തികച്ചും പ്രായോഗികവും ആണ് താനും. നോവലിലെ നിരീശ്വരപ്രതിഷ്ഠാ സ്ഥാപനവും ക്ഷേത്രനിര്‍മ്മാണവും എല്ലാം ഹൈന്ദവമായ രീതികളിലാണ്. എന്നാല്‍ ഏതൊരു പുതുക്ഷേത്രത്തെയും പോലെ ഈ നിരീശ്വരക്ഷേത്രത്തിലും ജാതിമതഭേദമന്യേ എല്ലാവര്‍ക്കും പ്രവേശനമുണ്ട്. നോവലിലെ പുരോഗമന ചിന്താഗതിക്കാരനായ അര്‍ണ്ണോസും ഒരു സൂഫിയുടെ വിവേകതലത്തിലാണെങ്കിലും ജീവിതായോധനത്തിനായി മദ്രസനടത്തുന്ന സെയ്ദും നാട്ടിലെ നവോത്ഥാനക്കാഴ്ചകളില്‍ ആകൃഷ്ടരാണ്. എന്നാല്‍ അതില്‍ ആമഗ്നനനായി മാറ്റത്തിലൂടെ മാറ്റമില്ലായ്മയുടെ ആത്മീയതയില്‍ അഭിരമിച്ചത് വേദാന്തിയായ ഈശ്വരന്‍ എമ്പ്രാന്തിരി മാത്രമാണ്. അദ്ദേഹമാണല്ലോ ഈശ്വരപൂജയില്‍ നിന്നും നിരീശ്വരപൂജയിലേയ്ക്ക് കളം മാറ്റി ചവിട്ടിയിട്ടും അക്ഷോഭ്യനായി നിലകൊണ്ടത്. അര്‍ണ്ണോസും സെയ്ദും സ്വമതസംസ്കാരങ്ങളിലെ വിഗ്രഹങ്ങളെ ഭഞ്ജിക്കുന്നതില്‍ സാംഗത്യം കണ്ടെത്തുന്നുമില്ല.
ജെയിംസിന്റെ നോവല്‍ ഈ കാലഘട്ടത്തിന്‍റെ മുഴുവന്‍ വായന ആവശ്യപ്പെടുന്ന ഒരപൂര്‍വ്വ കൃതിയാണ്. മലയാളത്തിന്‍റെ പരിമിത മാനങ്ങള്‍ക്ക് അപ്പുറം മനസ്സിന്‍റെ ജാലകങ്ങള്‍ മലര്‍ക്കെ തുറന്ന ഒരന്വേഷണത്വര സാര്‍വ്വദേശീയമായ ഒരു മാനുഷികതയുടെ അമൂല്യതയോടെ ഈ കൃതിയെ ഒരു ക്ലാസിക് നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുന്നുണ്ട്. നന്ദി, ജെയിംസ്. അദൃഷ്ടമായ ആകസ്മികതകളിലൂടെ, അനന്തമായ സാദ്ധ്യതാസാന്നിദ്ധ്യങ്ങളെ അടയാളപ്പെടുത്തി ആത്മീയസഞ്ചാരം ചെയ്യുന്ന ഒരവധൂതന്റെ ആത്മഹര്‍ഷം ‘നിരീശ്വരനില്‍’ ഞാന്‍ അനുഭവിച്ചറിയുന്നു.
No comments:
Post a Comment