Monday, March 25, 2019

സ്ത്രീ ശക്തി ചിന്തനം
( 25th March '16 - Friday )
ഹരി ഃ ഓം
ഇന്ന് 'സ്വൈര'ത്തെക്കുറിച്ച് ചിന്തിക്കാം. ഓം സ്ത്രീശക്തീ
എനിക്കിത്തിരി സ്വൈരം തരുമോ?
പൊതുവെ കേൾകാറുള്ള ഈ ആവശ്യം ചിലപ്പോൾ ആക്രോശമായും മറ്റുചിലപ്പോൾ അപേക്ഷയായും അതുമല്ലെങ്കിൽ യാചനയായും അവതരിപ്പിക്കപ്പെടാറുണ്ട്.
ആവശ്യം ഉന്നയിക്കുന്നത് ഉച്ചസ്ഥായിയിലോ മന്ത്രസ്ഥായിയിലോ ആയിക്കൊള്ളട്ടെ 'സ്വൈരം' അനുവദിച്ചു കിട്ടേണ്ട അവകാശമോ, ഔദാര്യമോ ആണെന്ന മുൻവിധി ഇവിടെയുണ്ട്.
സ്വൈരം ഈശ്വരനിൽ അധിഷ്ഠിതമാണ്. ഈശ്വരനാകട്ടെ സർവ്വാന്തര്യാമി ആകയാൽ സ്വൈരം അകത്തു തേടേണ്ടതാണ്. ഈശ്വരൻറെ സ്വരൂപമായ സ്വൈരം പുറത്തു നിന്നും പ്രതീക്ഷിച്ചു കൂടല്ലോ.
ഒരനുഭവം പങ്കുവെച്ചത് വായിക്കൂ..
~~~~~~~~~~~~~~~~~~~~
"സ്വാമീ ഞാൻ പലപ്പോഴും എനിക്കിത്തിരി സ്വൈരം തരൂ എന്ന് ബഹളം വെക്കാറുണ്ടായിരുന്നു. അത് പ്രയോജനം ചെയ്യുന്നില്ലെന്നത് ബോധ്യപ്പെട്ട ഒരു നാൾ അത്തരം ബഹളത്തെ ഞാൻ വിശകലനം ചെയ്തുനോക്കി. ചില വസ്തുതകൾ എനിക്ക് ബോധ്യപ്പെട്ടു.
1. ബഹളം വെക്കുമ്പോൾ ഉള്ള സ്വൈരം കൂടി നഷ്ടമാവുന്നുണ്ട്.
2. മറ്റുള്ളവരിൽ അത് വാശിയുണർത്തുന്നുണ്ട്.(അവർ മനഃപൂർവം കൂടുതൽ സ്വൈരക്കേട് സമ്മാനിക്കാൻ എന്തെങ്കിലും ചെയ്യുന്നു.)
3. ശുഭാപ്തിവിശ്വാസം കൂടുതൽ താറുമാറാവുന്നു.
'സ്വൈരക്കേടിൻറെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കണം. മറ്റുള്ളവരെ അതിനു കുറ്റപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കണം എന്ന സ്വാമിയുടെ വാക്യങ്ങൾ (ഒരു പ്രഭാഷണത്തിൽ കേട്ടത്) പരീക്ഷിച്ചു നോക്കാൻ ഞാൻ നിശ്ചയിച്ചു. എന്റെ സ്വൈരക്കേടിന് ഞാൻ തന്നെയാണ് ഉത്തരവാദി എന്നു് ഏറ്റുപറഞ്ഞപ്പോൾ, മറ്റുള്ളവർക്ക് അവരായിരിക്കാൻ അനുവാദം കൊടുത്തപ്പോൾ ഒരു പ്രത്യേക സ്വാതന്ത്ര്യം അനുഭവപ്പെട്ടു തുടങ്ങി.
ഭഗവത്ഗീത അഞ്ചാം അദ്ധ്യായത്തിലെ 29ാം ശ്ലോകത്തിന്റെ വ്യാഖ്യാനത്തിൽ ഈശ്വരൻ ഹൃന്നിവാസിയും സുഹൃത്തുമാണെന്ന വസ്തുത വിസ്തരിച്ചത് സ്വൈരാന്വേഷണത്തിൽ ഏറെ ഉപകാരമായി.
വലിയൊരു ആത്മനിഷ്ഠ സാധിച്ചതായൊന്നും ഞാൻ അവകാശപ്പെടുന്നില്ല. പക്ഷേ ഇപ്പോൾ പരിസരങ്ങളും വ്യക്തികളും എന്നെ തളർത്താറില്ല. എപ്പോൾ വേണമെങ്കിലും അകത്തേക്ക് തിരിയാമെന്ന സൗകര്യം അനുഭവപ്പെടുന്നു.
കാമനകളേയും, കർമ്മവാസനകളേയും, സമ്മർദ്ദങ്ങളേയും അതിക്രമിക്കൽ അത്ര എളുപ്പമല്ല എന്നറിയാം. ഒളിച്ചോട്ടമല്ല രക്ഷാമാർഗം എന്നും ബോധ്യമായിട്ടുണ്ട്. അതുകൊണ്ട് ലൗകീക ഉത്തരവാദിത്വങ്ങളേയും, ബന്ധങ്ങളേയും ഭാരമായി ഗണിക്കാതിരിക്കാൻ കഴിയുന്നു. പരിമിതികൾ കണ്ടെത്തി പരാതിപ്പെടാൻ തോന്നുമ്പോൾ പകരം അന്തർയാമി ഭഗവാനെ ചിന്തിച്ചാരാധിക്കാൻ ഞാൻ നിശ്ചയിക്കാറുണ്ട്. 'ഈ ഉത്സാഹത്തിൽ പരാജയമെന്നൊന്നില്ല' എന്നതെപ്പോഴും ഓർമ്മിക്കണമെന്ന് പറഞ്ഞു തന്നതോർക്കാറുണ്ട്...'
~~~~~~~~~~~~~~~~~~~
പ്രായോഗികമായി പരീക്ഷിച്ച് പങ്കുവെച്ച ബോധ്യം മറ്റുള്ളവർക്ക് പ്രയോജനകരമായിരിക്കും എന്നു കരുതിയാണ് കുറിച്ചത്. ഏവർക്കും ആത്മാധിഷ്ഠിത ആവേശം നുകരാൻ ജഗദീശ്വരാനുഗ്രഹമുണ്ടാവട്ടെ.
ശുഭാശംസകളോടെ....
പ്രേമാദരപൂർവ്വം
സ്വാമി അദ്ധ്യാത്മാനന്ദ.
[ Also read a nice quotation-:
people will hate you, rate you, shake you. and break you.
But how strong you stand, is
makes you .....]

No comments:

Post a Comment