Monday, March 25, 2019

ക്ഷേത്ര തന്ത്രിയും ക്ഷേത്രവും:
നാടിൻറെയും നാട്ടാരുടേയും നന്മയ്ക്കും ഐശ്വര്യത്തിനുമാണ് ഒരു ക്ഷേത്രം നിലകൊള്ളുന്നത്... ആ ക്ഷേത്രം പല കെടുതികളിൽ നിന്നും ദുരന്തങ്ങളിൽ നിന്നും നാടിനെയും നാട്ടാരെയും രക്ഷിക്കുമെന്ന് സാരം.... ക്ഷേത്രത്തിന് ചൈതന്യലോപമുണ്ടായാലും നാട്ടിൽ രാജാവിൽ നിന്ന് ദുർഭരണമുണ്ടായാലും നാടും നാട്ടാരും ദുരന്തങ്ങൾ അഭിമുഖീകരിക്കേണ്ടിവരുമെന്ന് പൂർവ്വികർ പറഞ്ഞുതന്നിട്ടുണ്ട്... അങ്ങനെ ക്ഷേത്രവും നാടുവാഴുന്ന രാജാവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ടെന്ന് മനസ്സിലാക്കാം... ഭരണാധികാരി ദുഷിച്ചാൽ നാടിനാപത്ത് വരുന്നതുപോലെ ക്ഷേത്ര തന്ത്രിയോ പൂജാരിയോ ദുഷിച്ചാലും ക്ഷേത്രത്തിനും ദേശത്തിനും ദുരിതങ്ങൾ ഉണ്ടാകാമെന്ന് ഞാൻ പഠിച്ച താന്ത്രികവിദ്യ പറയുന്നു... ശംഭോ ശിവ ശിവ...
ഇനി ക്ഷേത്രത്തെക്കുറിച്ച് പറയുമ്പോൾ, ഒരു തന്ത്രി ആ ക്ഷേത്ര ദേവതാ പ്രതിഷ്ഠയുടെ പിതാവാണ്... ആ ദേവതയെ ദർശിച്ച് അനുഗ്രഹം വാങ്ങാനാണ് ആ ദേവതാ ഭക്തർ ഭക്തിയോടെ ക്ഷേത്രത്തിൽ ദർശനത്തിനായി വരുന്നത്... അതുകൊണ്ടുതന്നെ, ഭക്തർ തന്ത്രിയെ പിതാവിന് തുല്യനായി കാണുന്നു, അഥവാ പിതാവായി തന്നെ കാണുന്നു എന്ന് പറയാം... ഈ പരമാർത്ഥം അറിയാത്ത, പാരമ്പര്യമില്ലാത്ത പല തന്ത്രിമാരും ക്ഷേത്ര തന്ത്രി സ്‌ഥാനം കിട്ടാൻ വേണ്ടി ഓടി നടക്കുകയാണ്... അതുപോലെ തന്നെ, സത്യം അറിയാത്ത പല ക്ഷേത്ര കമ്മറ്റിക്കാരും തന്ത്രിമാരെ മാറ്റാനും തിടുക്കംകൂട്ടി നടക്കുന്നു... യഥാർത്ഥത്തിൽ സ്വന്തം പിതാവിനെ പുത്രന് സ്വയം മാറ്റി നിശ്ചയിക്കാൻ സാധിക്കുമോ..? ഇനിയിപ്പോൾ ചിലർ ചോദിക്കുമായിരിക്കും, ക്ഷേത്രം തന്ത്രിയുടെ തന്തയുടെ വകയാണോ എന്ന്... അതെ മറക്കേണ്ട, ക്ഷേത്രം തന്ത്രിയുടെ തന്തയുടെ വക തന്നെ... ഒരു ക്ഷേത്രം പ്രതിഷ്ഠ നടത്തിയാൽ, ആ ക്ഷേത്രത്തിലെ താന്ത്രികാവകാശം പ്രതിഷ്ഠ നടത്തിയ തന്ത്രിക്കും അയാളുടെ പരമ്പരയ്ക്കും മാത്രമാണ്... ആർജ്ജിതർ ഉൾപ്പടെയുള്ള പാരമ്പര്യമില്ലാത്ത പല തന്ത്രിമാരും രംഗപ്രവേശനം നടത്തിയത് തന്നെ പ്രധാനമായും വിദ്യകൾ ( ഒരു തന്ത്രി തീർച്ചയായും ജോതിഷവിദ്യ, വാസ്തുവിദ്യ, ക്ഷേത്രവിദ്യ, താന്ത്രികവിദ്യ തുടങ്ങിയവ അറിഞ്ഞിരിക്കുകയും വേണം ) യഥാർത്ഥ താന്ത്രിക കുടുംബങ്ങളിൽ നിന്ന് കൈമോശം വന്നുപോയതിനാലാണ്... പതിനേഴാം നൂറ്റാണ്ടിൽ (1601 - 1700) വേണാട് രാജാവ് ഭരിച്ചിരുന്ന കാലത്ത്, തന്ത്രിമാർ പലരും ഉഴപ്പന്മാർ ആയിരുന്ന കാര്യവും, പതിനെട്ടാം നൂറ്റാണ്ടിൽ ക്ഷേത്ര ജ്യോത്സ്യൻറെ അഥവാ ക്ഷേത്ര ജ്യോതിഷിയുടെ ഉത്ഭവവും ഞാൻ മുൻപുള്ള ചില പോസ്റ്റുകളിൽ സൂചിപ്പിച്ചിരുന്നത് വായനക്കാർ ഓർക്കുമല്ലോ... ഒരു തന്ത്രി സ്വന്തം ഗോത്രത്തിലെ ജോതിഷവിദ്യ, വാസ്തുവിദ്യ, ക്ഷേത്രവിദ്യ, താന്ത്രികവിദ്യ തുടങ്ങിയവ അറിഞ്ഞിരുന്നാൽ തന്നെ തൻറെ ക്ഷേത്രങ്ങളിലെ അനിഷ്ടങ്ങൾ ഒഴിവാക്കാം... ശംഭോ ശിവ ശിവ...
ക്ഷേത്രമോ ക്ഷേത്രാനുബന്ധ സ്‌ഥാവരജംഗമ വസ്തുക്കളോ അഗ്നിക്കിരയായാൽ അതിനർത്ഥം ക്ഷേത്ര ദേവതയ്ക്ക് അനിഷ്ടമോ അതൃപ്തിയോ ഉണ്ടായിരിക്കുന്നുവെന്നോ, ദേവതയ്ക്ക് ചൈതന്യലോപം സംഭവിച്ചിട്ടുണ്ടെന്നോ, ക്ഷേത്ര ദേവതാപ്പുറപ്പാട് നടന്നിട്ടുണ്ടെന്നോ അല്ലെങ്കിൽ ഇതെല്ലാം സംഭവിച്ചിട്ടുണ്ടെന്നോ ചിന്തിക്കാവുന്നതാണെന്ന് ഞാൻ ഗുരുക്കന്മാർ പറഞ്ഞുകേട്ടിട്ടുണ്ട്... ആചാരലംഘനമോ, ഗൗരവമേറിയ അശുദ്ധിയോ, മറ്റോ ഉണ്ടാവുകയും പിന്നീട് അഗ്നിയാൽ ധ്വംസനം നടക്കുകയും ചെയ്താൽ താന്ത്രിക പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് അനുമാനിക്കാം എന്നുതന്നെ താന്ത്രിക വിധി... അശുദ്ധിയുടെ ഗൗരവമനുസരിച്ചാണ് ഒരു തന്ത്രി ശുദ്ധിക്രിയ നിശ്ചയിക്കുന്നത്... പക്ഷെ ഇപ്പോൾ പല താന്ത്രിക കുടുംബങ്ങൾക്കും അവരുടെ സ്വന്തം താന്ത്രികവിദ്യ നഷ്ടമായിരിക്കുന്നു... നമ്മുടെ അയൽപക്കമായി ഒരു പുതിയ താമസക്കാർ വരുകയും അവരുടെ രീതികളിൽ മതിപ്പതോന്നിയ അഫ്‍പൻ / അച്ഛൻ നമ്മുടെ കുടുംബത്തിൽ അയൽപക്കക്കാരുടെ ജീവിത രീതി അനുഗമിക്കണമെന്ന് ശഠിച്ചാൽ നടക്കുമോ കാര്യം... തന്ത്രസമുച്ചയം മാത്രമല്ല നാൽപ്പതോളം പ്രൗഢ തന്ത്ര ഗ്രന്ഥങ്ങൾ മലയാളത്തിൽ മാത്രമുണ്ടെന്ന് ഞാൻ പല തവണ ലേഖനങ്ങളിൽ സൂചിപ്പിച്ചിട്ടുണ്ടല്ലോ... ഇന്ന് പല ക്ഷേത്രങ്ങളിലും പൂജകൾ പിന്തുടരുന്നത് ഇവ പ്രകാരമാണ്... ചുരുക്കത്തിൽ ആ പ്രതിഷ്ഠ നടത്തിയ ഗോത്ര താന്ത്രികവിദ്യ (സ്വന്തം ഗോത്ര തന്ത്രം) അറിയുകയുമില്ല, പല ഗോത്ര തന്ത്രങ്ങളിൽ നിന്ന് കടമെടുത്തത് ഉപയോഗിക്കുകയും ചെയ്യുന്നു... അങ്ങനെ അവർ സ്വന്തം വ്യക്തിത്വം നഷ്ടപ്പെടുത്തിയിരിക്കുന്നു... അപൂർവ്വം ചില താന്ത്രിക കുടുംബങ്ങൾ മാത്രം എല്ലാം കാത്തുസൂക്ഷിച്ചു... അവരുടെ കീഴിൽ വരുന്ന കേരളത്തിലെ ക്ഷേത്രങ്ങളിലൊന്നും ക്ഷേത്രജോത്സ്യൻ എന്ന സ്‌ഥാനം ഇന്നും നിലവിലില്ല... ക്ഷേത്രജോത്സ്യൻ എന്ന സ്‌ഥാനം കേരളത്തിലല്ലാതെ ഭാരതത്തിൽ മറ്റെങ്ങുമില്ല... പിന്നെ പല ക്ഷേത്രങ്ങളിലും ഇന്നുള്ളത് വന്നുകേറിയ തന്ത്രിമാരായതിനാൽ പൂജകളിലും ദേവതയ്ക്ക് അതൃപ്തിയാകും ഉണ്ടാവുക... ശംഭോ ശിവ ശിവ...
ഞാൻ വളരെയധികം ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന പാരമ്പര്യമുള്ള അതിപ്രഗത്ഭരായ തന്ത്രിമാരും ജ്യോതിഷികളും / ജ്യോത്സ്യന്മാരും ഉള്ള നാടാണ് നമ്മുടെ കേരളം... ഭാവികഥനത്തിന് ദീർഘദർശനം ആവശ്യമാണ്... ഈ പൈതൃകമായി കിട്ടിയ ഉപാസക പരിശീലനം അവരെ ദീർഘദർശിയാക്കുന്നു... അവർക്കൊക്കെ പേരുദോഷം കേൾപ്പിക്കാൻ വേണ്ടി കുറെ ജന്മങ്ങൾ പഠിപ്പിക്കാനെന്ന വ്യാജേന പുസ്തകങ്ങൾ ഉണ്ടാക്കി (എഴുതിയെന്ന് പറയുന്നത് അഭികാമ്യമല്ല) മാർക്കറ്റിൽ വിറ്റും, പഠിപ്പിക്കാൻ ക്ലസ്സുകൾ സംഘടിപ്പിച്ചും നടക്കുന്നുണ്ട്... ഈ പുസ്തകങ്ങൾ വായിച്ചതുകൊണ്ടോ, ഇവരുടെ ക്ലസ്സുകളിൽ പോയി പഠിച്ചതുകൊണ്ടോ ഒരാൾക്ക് നല്ലൊരു ജ്യോതിഷിയോ തന്ത്രിയോ ശാന്തിയോ പൂജാരിയോ ആകാൻ സാധിക്കുമെന്ന് കരുതുന്നുണ്ടോ...? ഒരാളുടെ സ്വന്തം അമേദ്യം തന്നെ നിർഭാഗ്യവശാൽ സ്വന്തം ശരീരത്തിൽ തെറിച്ചുവീണാൽ പോലും അയാൾ സ്വാഭാവികമായും സോപ്പ് തേച്ച് മനസ്സിൽ ശുദ്ധി തോന്നുന്നതുവരെ കുളിക്കും... അവിടെ വള്ളവും സോപ്പും എത്ര ഉപയോഗിച്ചുവെന്ന് അയാൾ കണക്ക് നോക്കില്ല... മനസ്സിൻറെ തൃപ്തിയും ശരീരത്തിൻറെ വൃത്തിയും ബന്ധപ്പെട്ടിരിക്കുന്നു... ശരിയല്ലേ... അല്ലാതെ വെറും തോർത്തോ തുണിയോ കൊണ്ട് അമേദ്യം തുടച്ചശേഷം വൃത്തിയായി എന്ന് കരുതുമെന്ന് തോന്നുന്നില്ല... ചില പ്രത്യേക സാഹചര്യത്തിൽ വിശദമായ ശുദ്ധിക്രിയ നടത്താൻ സാധിക്കാത്ത അവസരങ്ങളിൽ മറ്റൊരു ദിവസം നിശ്ചയിച്ച് അന്ന് ശുദ്ധിക്രിയ നടത്തുന്ന രീതി ആർജ്ജിതമാണ്... അത് പാരമ്പര്യ താന്ത്രികവിദ്യ അല്ല... ഏതായാലും ശുദ്ധിക്രിയ, പരിഹാര പൂജകൾ, പ്രതിഷ്ഠ, പുനഃപ്രതിഷ്ഠ, ദേവപ്രശ്നം, കലശപൂജ, ദ്രവ്യ കലശം, പൂരം, ഉത്സവം തുടങ്ങിയവ എന്തും നടത്താൻ രാശി പ്രശ്നവിധി നോക്കേണ്ടാത്ത എനിക്കറിയാവുന്ന വേദിക് ജ്യോതിഷപ്രകാരമുള്ള പന്ത്രണ്ട് അനുയോജ്യമായ ദിവസങ്ങൾ ഇവിടെ കൊടുക്കുന്നു... അവ സൗരാക്ഷ വലയത്തിലെ (സൂര്യൻറെ ഉദയ രാശി) ധ്രുവരേഖാശം 10 ഡിഗ്രിയിൽ വരുന്ന മേട പത്ത് അഥവാ പത്താമുദയം, 40 ഡിഗ്രിയിൽ വരുന്ന ഇടവ പത്ത്, 70 ഡിഗ്രിയിൽ വരുന്ന മിഥുന പത്ത്, 100 ഡിഗ്രിയിൽ വരുന്ന കർക്കിടക പത്ത്, 130 ഡിഗ്രിയിൽ വരുന്ന ചിങ്ങ പത്ത്, 160 ഡിഗ്രിയിൽ വരുന്ന കന്നി പത്ത്, 190 ഡിഗ്രിയിൽ വരുന്ന തുലാ പത്ത്, 220 ഡിഗ്രിയിൽ വരുന്ന വൃശ്ചിക പത്ത്, 250 ഡിഗ്രിയിൽ വരുന്ന ധനു പത്ത്, 280 ഡിഗ്രിയിൽ വരുന്ന മകര പത്ത്, 310 ഡിഗ്രിയിൽ വരുന്ന കുംഭ പത്ത്, 340 ഡിഗ്രിയിൽ വരുന്ന മീന പത്ത് തുടങ്ങിയവയാണ് (ചിത്രം പരിശോധിക്കുക)... ശംഭോ ശിവ ശിവ...
ഞാൻ അഭ്യസിച്ച അത്രിഗോത്ര താന്ത്രികവിദ്യയിലും വേദിക് ജ്യോതിഷ ശാസ്ത്രത്തിലും ഇതുവരെ പിഴവ് വന്നിട്ടില്ല... അതുകൊണ്ടുതന്നെ ആരോപണങ്ങളും അനിഷ്ടങ്ങളും ഉണ്ടായിട്ടില്ല... മാനുഷിക പരിഗണനകളാലും സഹാനുഭൂതിയാലും സൗജന്യമായി ഏലസ്സുകളും പൂജകളും ഞാൻ നിർധനരായ പലർക്കും ചെയ്തുകൊടുക്കുകയും, അവർക്ക് ഫലപ്രാപ്തി ഉണ്ടാവുകയും ചെയ്തിട്ടുണ്ട്... എൻറെ ഗോത്ര വാസ്തുവിദ്യയാൽ പ്രളയ ബാധിത പ്രദേശത്ത് പ്രളയത്തിൽ വെള്ളം കയറാത്ത വീടുകളെക്കുറിച്ച് മുൻപ് എഴുതിയിരുന്നു... ഞാൻ എന്നെക്കുറിച്ച് പറഞ്ഞാൽ കൂടുതൽ പൊങ്ങച്ചം പറച്ചിലായിപ്പോകും... അതുകൊണ്ട്, ഞാൻ മുകളിൽ പറഞ്ഞല്ലോ ഞാൻ വളരെയധികം ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന പാരമ്പര്യമുള്ള അതിപ്രഗത്ഭരായ തന്ത്രിമാരെ എനിക്കറിയാമെന്ന്... അതിൽ പ്രായം കൊണ്ടും പരിജ്ഞാനം കൊണ്ടും എനിക്ക് ഗുരു തുല്യനായ ഒരാളാണ് അനന്തേശ്വര ഭട്ട്... ദേവി ഉപാസകനായ അദ്ദേഹത്തിനും സ്വന്തം മനയുടെ ജോതിഷവിദ്യ, താന്ത്രികവിദ്യ തുടങ്ങിയവയിലെല്ലാം നല്ല പരിജ്ഞാനവും കൈപ്പുണ്യവും ഉണ്ട്... അതുകൊണ്ടുതന്നെ, അദ്ദേഹത്തിനും അദ്ദേഹത്തിൻറെ കീഴിൽ വരുന്ന ക്ഷേത്രങ്ങളിലും ഇതുവരെയും ആരോപണങ്ങളും അനിഷ്ടങ്ങളും ഉണ്ടായിട്ടില്ല... സ്വന്തം ഗോത്ര തന്ത്രം ഭംഗിയായി അദ്ദേഹം ഉപയോഗിക്കുന്നു... അദ്ദേഹം ക്ഷേത്ര തന്ത്രി സ്‌ഥാനം കിട്ടാൻ വേണ്ടി ഓടി നടക്കുന്നതായി എനിക്കിതുവരെ അറിയില്ല... സഹാനുഭൂതി, അനുകമ്പ, വാത്സല്യം തുടങ്ങിയ മാനുഷിക വികാരങ്ങളുണ്ടെങ്കിലും ആവശ്യത്തിന് കാർക്കശ്യവും വ്യക്തിത്വവും അദ്ദേഹത്തിനുണ്ട്... സ്വാർത്ഥതാൽപര്യമില്ലാത്ത മറ്റുള്ളവരിൽ ദയയുള്ള ഒരു വലിയ മനുഷ്യനാണ് അദ്ദേഹം... ഇങ്ങനെയൊക്ക ആയിരിക്കണം ഒരു തന്ത്രി... ശംഭോ ശിവ ശിവ...
सभा वा न प्रवेष्टव्या वक्तव्यं वा समञ्जसम् ।
अब्रुवन्विब्रुवन्वापि नरो भवति किल्बिषी ।।
സഭാം വാ ന പ്രവേഷ്ടവ്യം വക്തവ്യം വാ സമഞ്ജസം
അബ്രുവൻ വിബ്രുവൻ വാപി നാരോ ഭവതി കില്ബിഷീ.
വാദി, പ്രതി, സാക്ഷി എന്നിവർ ഒന്നുകിൽ ന്യായാലയത്തിൽ പ്രവേശിക്കരുത്... അഥവാ പ്രവേശിച്ചാൽ സത്യമേ പറയാവൂ... അവിടെ ചോദിക്കുമ്പോൾ ഒന്നും പറയാത്തവനും കള്ളം പറയുന്നവനും പാപിയായിത്തീരുന്നു (മനുസ്‌മൃതി 8.13)... ഇവിടെ വന്ന് ആരും പാപിയാകാൻ ശ്രമിക്കാതിരിക്കും... ശംഭോ ശിവ ശിവ...
- - - - - ഈ ലേഖനം ഇവിടെ അവസാനിക്കുന്നു- - - - -
ഈ ലേഖന വിഷയത്തിലുള്ള എൻറെ ഇതുവരെയുള്ള അറിവുകൾ മാത്രമാണ് ഈ ലേഖനത്തിലൂടെ ഞാൻ പങ്കുവെയ്ക്കുന്നത്... കൂടുതൽ അറിവുകൾ നേടാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു... ഈ വിഷയം തികച്ചും താന്ത്രികമായതിനാൽ, ഈ വിഷയത്തിലുള്ള ചോദ്യങ്ങൾക്കോ കമൻറുകൾക്കോ മറുപടി തരുന്നതല്ല... സദയം ക്ഷമിക്കുക... ഫേസ് ബുക്ക് സുഹൃത്തുക്കൾ ഞങ്ങളുടെ ഹൈന്ദവ ആചാരങ്ങൾക്കും സൈബർ നിയമത്തിന് വിരുദ്ധവുമായ കമന്റ്സ് പോസ്റ്റ് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ... വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, അത് എൻറെതല്ല... എല്ലാവർക്കും എല്ലാവിധ ഭാവുകങ്ങളും നേരുന്നു... നന്ദി... ശംഭോ ശിവ ശിവ...
സ്വസ്തി പ്രജാഭ്യഃ പരിപാലയന്താം
ന്യായേന മാർഗേണ മഹീം മഹീശാഃ
ഗോ ബ്രാഹ്മണേഭ്യ: ശുഭമസ്തു നിത്യം
ലോകാഃ സമസ്താഃ സുഖിനോ ഭവന്തുഃ.
narayanan

No comments:

Post a Comment