Tuesday, March 12, 2019

ശിവാനന്ദലഹരീ🔱           *⚜ശങ്കരാചാര്യര്‍ വിരചിതം⚜*
*ശ്ലോകം 3*
                                 

*ത്രയീവേദ്യം ഹൃദ്യം* *ത്രിപുരഹരമാദ്യം* *ത്രിനയനം*
*ജടാഭാരോദാരം ചലദുരഗഹാരം മൃഗധരം*
*മഹാദേവം ദേവം മയി* **സദയഭാവം പശുപതിം*
*ചിദാലംബം സ‍ാംബം ശിവമതിവിഡംബം ഹൃദി ഭജേ"* 

*ത്രയീവേദ്യം – മൂന്നു വേദങ്ങളാ‍ല്‍ അറിയത്തക്കവനായി; ഹൃദ്യം – മനസ്സിന്നിണങ്ങിയ; ത്രിപുരഹരം – മുപ്പുരങ്ങളെ* *ചുട്ടെരിച്ചവനായി; ആദ്യം ത്രിനയനം – എല്ലാറ്റിന്നുമാദിയായി മുക്കണ്ണനായി; ജടാഭാരോദാരം ചലദുരഗ്രഹാരം – ഇളകിക്കൊണ്ടിരിക്കുന്ന സര്‍പ്പങ്ങളെ മാലയായണിഞ്ഞവനായ്; മൃഗധരം – മാനിനെ ധരിച്ചവനായി; മഹാദേവം ദേവം – മഹാദേവനായി പ്രകാശസ്വരൂപിയായി; മയി സദയഭാവം – എന്നി‍‍‍ല്‍ കരുണയോടുകൂടിയവനായി; പശുപതിം – ജീവജാലങ്ങ‍ള്‍ക്കെല്ലാമാധാരമായി; ചിദാലംബം – സ്വരൂപജ്ഞാനത്തിന് സാധനഭൂതനായി; സ‍ാംബം – ഉമാസഹിതനായി; അതിവിഡംബം – പ്രപഞ്ചത്തെ അനുകരിക്കുന്ന; ശിവം – മംഗളമൂര്‍ത്തിയെ; ഹൃദി ഭജേ – ഹൃദയത്തി‍‍ല്‍ ഞാ‍‌ന്‍‍‍‍ ഭജിക്കുന്നു.*

*മൂന്നു വേദങ്ങളാല്‍ അറിയത്തക്കവനായി മനോജ്ഞനായി മുപ്പുരങ്ങളേയും ചുട്ടെരിച്ചവനായി, ആദ്യനായി മുക്കണ്ണനായി കനത്ത ജടാഭാരത്താലതിഗംഭീരനായി ഇളകിക്കൊണ്ടിരിക്കുന്ന സര്‍പ്പത്തെ ഭൂഷണമാക്കിയവനായി, മഹാദേവനായി, പ്രകാശ സ്വരൂപനായി, എന്നില്‍ കരുണയോടുകുടിയവനായി, ജീവജാലങ്ങാള്‍ക്കെല്ലാമാധാരമായി, സ്വരൂപജ്ഞാനത്തിന്നു സാധനഭൂതനായി, ഉമാസഹിതനായി പ്രപഞ്ചാനുസാരിയായിരിക്കുന്ന ആ മംഗളവിഗ്രഹനെ (ശിവനെ) ഞാന്‍ ഹൃദയത്തില്‍ ഭജിക്കുന്നു*.
*ഓം നമഃശിവായ*           ശ്ലോകം 3:
“ത്രയീവേദ്യം, ഹൃദ്യം”, ശ്രീ പരമേശ്വരനെ മാംസചക്ഷുക്കളാല്‍ ദര്‍ശിക്കുവാന്‍ സാദ്ധ്യമല്ല, വേദങ്ങളില്‍നിന്നേ അറിയാനാകൂ. സര്‍വതിന്‍റെയും അന്തര്യാമിയാണ് ശിവന്‍. ശിവ ദര്‍ശന സൌഭാഗ്യം സിദ്ധമായാല്‍ അത് ആനന്ദാനുഭൂതിപ്രദമാണ്. അതിനാല്‍ വേദാന്തര്‍ഗതനായ ശിവന്‍ ത്രയീവേദ്യനും ഹൃദ്യനും ആകുന്നു. 
“ത്രിപുരഹരം”, ശിവന്‍ ത്രിപുരാരിയാണ്. താരകാസുരന്‍റെ പുത്രന്മാരായ താരകാക്ഷന്‍, വിദ്യുന്മാലി, കമലാക്ഷന്‍ എന്നീ അസുരന്മാര്‍ തപസ്സു ചെയ്ത് ബ്രഹ്മദേവനില്‍നിന്നും മൂന്നു പുരങ്ങള്‍ വരപ്രസാദമായി നേടി. മയന്‍ അവര്‍ക്ക് യഥാക്രമം സ്വര്‍ണ്ണം, വെള്ളി, ഇരുമ്പ് എന്നിവയാല്‍, മൃത്യു തീണ്ടാത്ത മൂന്നു പുരങ്ങള്‍ നിര്‍മ്മിച്ച്‌ നല്‍കി.  വരലാഭത്താല്‍ മദോന്മത്തന്മാരായിതീര്‍ന്ന ഈ അസുരന്മാരുടെ പീഢനം സഹിക്കാനാവാത്ത ദേവന്മാര്‍ അപേക്ഷിച്ചതു കാരണം, പരമശിവന്‍  ആ ത്രിപുരങ്ങളെയും അവയുടെ അധിപന്മാരായ അസുരന്മാരെയും ഭസ്മമാക്കി. അതിനാല്‍ ഭഗവാന് ത്രിപുരാരി, ത്രിപുരാന്തകന്‍, ത്രിപുരഹരന്‍, മുപ്പുരവൈരി തുടങ്ങിയ നാനധേയങ്ങള്‍ ഉണ്ടായി.
“മൃഗധരം”, ഭിക്ഷുവേഷധാരിയായ ശ്രീ പരമേശ്വരനെ കണ്ട് ഒരിക്കല്‍ മുനി പത്നിമാര്‍ മോഹിച്ചുവെന്നും, ഇതില്‍ ക്ഷുഭിതരായ മുനിമാര്‍ ഭിക്ഷുവിനെ വധിക്കാനായി ഹോമകുണ്ഡത്തില്‍നിന്നും ഒരു മാനിനെ സൃഷ്ടിച്ചയച്ചു എന്നും ഒരു പുരാവൃത്തമുണ്ട്. ഭഗവാന്‍ ആ മാനിനെ കയ്യില്‍ ഒരു അലങ്കാരമായി ധരിച്ചു. അതിനാല്‍ പരമേശ്വരന് മൃഗധരന്‍ എന്ന് പേരുണ്ടായി.
“പശുപതി”, പശു എന്ന പദത്തിന് അനേകം അര്‍ഥങ്ങള്‍ ഉണ്ട്. മൃഗം, ജീവി, ജീവന്‍ എന്നിവ അവയില്‍ പെടുന്നു. എല്ലാ ജീവികളുടെയും നാഥന്‍, പരമാത്മസ്വരൂപി എന്ന അര്‍ത്ഥമാണ് പശുപതി എന്നതുകൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത്.
“ചിദാലംബം”, ചിത്തിന് ആലബമായവന്‍ ചിദാലംബന്‍. ചിത്ത് എന്ന പദത്തിന് ജ്ഞാനം, വിശേഷ ജ്ഞാനം, ഹൃദയം, മനസ്സ് എന്നിങ്ങിനെ ധാരാളം അര്‍ഥങ്ങള്‍ സാന്ദര്‍ഭികമായി കൊടുക്കാവുന്നതാണ്. ജ്ഞാനത്തിന് ആലംബം ഭഗവാന്‍ ആയതിനാല്‍ ഇവിടെ ആ അര്‍ത്ഥമാണ് യോജിക്കുന്നത്.
“സാംബം”, അംബയോടുകൂടിയവന്‍ സാംബന്‍. തപസ്സിനാല്‍ പരസ്പരം നേടിയവരാകക്കൊണ്ട് ഒരിക്കലും വേര്‍പിരിയാത്തവരാണ് പാര്‍വതീപരമേശ്വരന്മാരെന്നു ഒന്നാം ശ്ലോകത്തില്‍തന്നെ നാം കണ്ടു. ഭഗവാന് സാംബശിവന്‍ എന്ന പേരും ഉണ്ട് എന്ന കാര്യവും ഓര്‍ക്കുക.
“അതിവിഡംബം”, വിഡംബനം എന്നതിന് അനുകരണം എന്നതാണ് സാമാന്യമായ അര്‍ഥം. ഗുണകര്‍മ്മാതീതനായ ഭഗവാന്‍ ജീവികളുടെ ജീവിതചര്യ സ്വീകരിച്ച് വിവിധങ്ങളായ ജീവജാലങ്ങളെപോലെ വര്‍ത്തിക്കുന്നു. ജലമായി ഒഴുകുന്നു, കാറ്റായി വീശുന്നു, സൂര്യനായി പ്രകാശം പരത്തുന്നു, അഗ്നിയായി എരിയുന്നു, ചന്ദ്രനായി കുളിര്‍മ പരത്തുന്നു. ഭൂമിയായി എല്ലാത്തിനെയും ധരിക്കുകയും ചെയ്യുന്നു.  ഇത്തരത്തിലുള്ള എല്ലാത്തിനേയും അതിവിഡംബം എന്ന പ്രയോഗം സൂചിപ്പിക്കുന്നു.
“വേദാന്താന്തര്‍ഗതനും, ഹൃദ്യനും, മുപ്പുരവൈരിയും, മുക്കണ്ണനും, ആദ്യനും, ജടാഭാരത്താല്‍ മനോഹരനും, ചടുലസര്‍പ്പഹാരധാരിയും, മാനിനെ കയ്യിലേന്തിയവനും, ദയാമയനും, പശുപതിയും, ചിത്തിന് ആശ്രയമരുളുന്നവനും, സാംബനും, വിഡംബന ശീലമുള്ളവനുമായ ശ്രീപരമേശ്വരനെ ഞാന്‍ ഹൃദയത്തില്‍ ഭജിക്കുന്നു.”      ഹരി ഓം...

No comments:

Post a Comment