Tuesday, March 12, 2019

ശ്രീമദ് ഭാഗവതം 86* 

ഭൂമീദേവി പൃഥുമഹാരാജാവിനോട്  പറഞ്ഞു അരുത് ഭഗവാനേ, അവിടുന്ന് ഭഗവദ് അംശം ആണ്. 

നമ:; പരസ്മൈ പുരുഷായ മായയാ 
വിന്യസ്തനാനാതനവേ ഗുണാത്മനേ 
നമ: സ്വരൂപാനുഭവേന നിർധുത-
 *ദ്രവ്യക്രിയാകാരകവിഭ്രമോർമ്മയേ* 

മൂന്നു വിധത്തിലാണത്രേ നമുക്ക് വിഭ്രമം. *ദ്രവ്യ ക്രിയാ കാരക വിഭ്രമം.*
 1.ദ്രവ്യങ്ങളൊക്കെ വാസ്തവം ആണെന്ന് ഒരു ഭ്രമം.
 2.എനിക്കെന്തോ കർമ്മം ചെയ്യാനുണ്ട് എന്നൊരു ഭ്രമം. 
 3.ഞാൻ കർത്താവാണ് ഭോക്താവാണ് എന്നൊരു ഭ്രമം. 
ദ്രവ്യാദ്വൈതം ഭാവാദ്വൈതം ക്രിയാദ്വൈതം   മൂന്ന്   സ്വപ്നത്രയം. എന്ന് സപ്തമസ്കന്ധത്തിൽ പറയണ്ട്. ഈ മൂന്നെണ്ണവും ഭഗവദ് അനുഭവം ണ്ടാവുമ്പോ പോകും. 

ഭൂമി എന്തിനാ ഈ സ്തുതി പറയണത് എന്ന് വെച്ചാൽ എവിടെയെങ്കിലും സ്തുതിയിൽ സത്യം പറയാ. അത്രേ ഉള്ളൂ. ഒരു സന്ദർഭം ണ്ടാക്കി ഒരു സ്തുതി. ആ സ്തുതി യിലൂടെ പതുക്കെ പരമാത്മതത്വത്തിനെ ബോധിപ്പിക്കലാ. 

ഭൂമീദേവി പറഞ്ഞു. ഭഗവാനേ, എന്നെ ആരാണോ രക്ഷിക്കുന്നത് അദ്ദേഹം തന്നെ എന്നെ ശിക്ഷിക്കാൻ പുറപ്പെട്ടാൽ ഞാൻ ആർക്ക് ശരണാഗതി ചെയ്യും?

ഒരിക്കൽ ശ്രീരാമചന്ദ്രൻ കാട്ടിൽ ധനുസ്സ് ഇങ്ങനെ പിടിച്ച് ഞാൺ കെട്ടാ അത്രേ. അപ്പോ, ലക്ഷ്മണൻ ചോട്ടില് നോക്കിയപ്പോ ഒരു തവള അവിടെ  രക്തം വാർന്ന്  കിടക്കണു. എന്നിട്ട് തവള ശബ്ദം ണ്ടാക്കാതെ ഇരിക്കണു. അപ്പോ രാമൻ ആ തവളയെ നോക്കിയിട്ട് പറഞ്ഞു എന്താ മണ്ഡൂകമേ, ഈ ധനുസ്സിന്റെ ചോട്ടിലിരുന്ന്  ഒന്ന് നിലവിളിച്ചൂടെ? നീ ചോട്ടിലണ്ടെന്നറിയാതെയല്ലേ ഞാൻ ധനുസ്സ് വെച്ചമർത്തിയത്. അപ്പോ ആ തവള പറഞ്ഞു അത്രേ ലോകത്തിൽ ഉള്ളവരിൽ നിന്നൊക്കെ വിഷമം വരുമ്പോ *രാമാ രാമാ* എന്ന് ഞാൻ വിളിക്കും. രാമൻ തന്നെ എന്നെ വിഷമിപ്പിച്ചാൽ ഞാൻ ആരെ വിളിക്കും?

അതുപോലെ ഭൂമീദേവി പറഞ്ഞു ആരാണോ എന്നെ രക്ഷിക്കേണ്ടത് ആ ആള് തന്നെ എന്നോട് യുദ്ധത്തിന് വന്നാൽ ഞാൻ ആരുടെ അടുത്ത് പോയി കരയും? എന്നിട്ട് ഭൂമി തന്റെ ഉള്ളിലുള്ള സമ്പത്ത് ഒക്കെ പുറമേക്ക് വിട്ടു കൊടുത്തു. രാജ്യം സമൃദ്ധമാക്കി തീർത്തു. 

അങ്ങനെ പൃഥു സമൃദ്ധമായി രാജ്യഭരണം ചെയ്തു. നൂറ് യാഗം ചെയ്യാൻ പുറപ്പെട്ടു.  തൊണ്ണൂറ്റി ഒൻപത് ആയപ്പോ ഇന്ദ്രൻ തടസ്സപ്പെടുത്തി. ഏതെങ്കിലും ഒക്കെ വഴിക്ക് വന്നിട്ട് ഒന്നുകിൽ ആ ഗേറ്റിൽ കൂടി വരും അല്ലെങ്കിൽ ഈ ഗേറ്റിൽ കൂടി വരും ഏതെങ്കിലും ഗേറ്റിൽ കൂടി വന്ന് യാഗത്തിനുള്ള അശ്വത്തെ അഴിച്ചു കൊണ്ട് പോകും. ഏതെങ്കിലും വഴിക്ക് വേഷപ്രച്ഛന്നനായിട്ട് വന്ന് കുതിരയെ കട്ടോണ്ട് പോകും ഇന്ദ്രൻ. അവസാനം പൃഥു, ഇന്ദ്രനെ അങ്ങട് അഗ്നിയിൽ  ഹോമിക്കാൻ തീരുമാനിച്ചു.

അപ്പോ ഭഗവാൻ ആവിർഭവിച്ചു പറഞ്ഞു. അരുത്,  ഇന്ദ്രനും എന്റെ ആദേശപ്രകാരം ആണ് ഭഗവദ് അംശമായിട്ട് ആണ് വന്നിരിക്കണത്. തനിക്കെന്തിനാ ഇപ്പൊ നൂറ് യാഗം? തൊണ്ണൂറ്റി ഒൻപത് ആയിട്ട് നില്ക്കട്ടെ. ചിലപ്പോ പൂർണ്ണമായാൽ അതിന്റെ ഒരു അഭിമാനവും അഹങ്കാരവും ഒക്കെ വരും. അതൊന്നും ഇപ്പൊ തനിക്ക് ആഗ്രഹം ഇല്ലല്ലോ. അതൊന്നും വേണ്ട തൊണ്ണൂറ്റി ഒൻപത് ആയി നില്ക്കട്ടെ. 

ഇന്ദ്രനെ ആലിംഗനം ചെയ്തിട്ട്  പൃഥുവിനോട് ഭഗവാൻ ചോദിച്ചു എന്ത് വരമാ വേണ്ടത് പറയൂ. എന്താ വേണ്ടത് ചോദിക്കൂ. അരുത് പ്രഭോ എന്നോട് വരം ചോദിക്കൂ എന്ന് പറയരുത്. 

വരാൻ വിഭോ! ത്വദ്വരദേശ്വരാത് ബുധ:
കഥം വൃണീതേ ഗുണവിക്രിയാത്മനാം
യേ നാരകാണാമപി സന്തി ദേഹിനാം 
താനീശ കൈവല്യപതേ! വൃണേ ന ച 

കൈവല്യമേ സ്വരൂപമായിരിക്കുന്ന ഹേ പ്രഭോ, അങ്ങയെ മുമ്പിൽ കണ്ടിട്ട് അറിവുള്ള ആരെങ്കിലും വരം ചോദിക്കോ. എനിക്ക് വരം ഒന്നും വേണ്ട. നരകത്തിൽ പോലും കിട്ടുന്ന സുഖങ്ങളെ ആരെങ്കിലും വരം ചോദിച്ചു വാങ്ങിക്കോ.

ന കാമയേ നാഥ! തദപ്യഹം ക്വചിദ് 
ന യത്ര യുഷ്മച്ചരണാംബുജാസവ:

എത്ര ഉന്നതമായ സുഖസമൃദ്ധമായ ലോകമാണെങ്കിലും ശരി അവിടെ ഭഗവദ്കഥകളാകുന്ന ആസവം ഇല്ലെങ്കിൽ അത് ഞാൻ ആഗ്രഹിക്കണില്ല്യ ഭഗവാനേ. 
ശ്രീനൊച്ചൂർജി 
 *തുടരും. ..*
Lakshmi Peasad

No comments:

Post a Comment