Sunday, March 24, 2019

*ശ്രീമദ് ഭാഗവതം 99*
ചതുർത്ഥസ്കന്ധത്തിൽ നാരദമഹർഷിയുടെ ഭഗവദ് തത്വം ഉപദേശത്തിന് ശേഷം പഞ്ചമസ്കന്ധം ആരംഭിക്കാണ്. പഞ്ചമസ്കന്ധത്തിൽ ആദ്യമായി വരുന്ന ഉപാഖ്യാനം പ്രിയവൃതചരിത്രം ആണ്. എന്തേപ്പോ വിദുര മൈത്രേയസംവാദത്തില് പ്രിയവൃതചരിത്രം പറയാത്തത്.?അവിടെ പ്രിയവൃതനെയും ഉത്താനപാദനെയും കുറിച്ച് പറഞ്ഞുവെങ്കിലും മൈത്രേയമഹർഷി വിദുരർക്ക് പറഞ്ഞു കൊടുക്കുമ്പോ ഉത്താനപാദന്റെ പുത്രനായ ധ്രുവചരിത്രത്തിലാണ് ശ്രദ്ധ. പ്രിയവൃതനെ കുറിച്ച് പറഞ്ഞില്ല്യ.
ഇവിടെ പഞ്ചമസ്കന്ധത്തിൽ പരീക്ഷിത്ത് മഹാരാജാവ് ചോദിക്കാണ്. ഞാൻ പ്രിയവൃതനെ കുറിച്ച് അല്പം കേട്ടണ്ട്. അദ്ദേഹം ആത്മാരാമനാണെന്നും ചെറിയകുട്ടിയായിരിക്കുമ്പോ തന്നെ നാരദരിൽ നിന്നും ഉപദേശം സ്വീകരിച്ച് ബ്രഹ്മസത്രത്തിനായി ദീക്ഷ എടുത്ത ആളാണെന്നും കേട്ടണ്ട്. അദ്ദേഹം പിന്നെ എങ്ങനെ വിവാഹം കഴിച്ചു? ഗൃഹസ്ഥാശ്രമത്തിൽ എങ്ങനെ പ്രവേശിച്ചു? ഇത് രണ്ടും ഇരുട്ടും വെളിച്ചവും പോലെ വിരോധം ആണെന്നാണ് തോന്നണത്. ആത്മാരാമനായ ഒരാൾ ഗൃഹസ്ഥാശ്രമത്തിൽ എങ്ങനെ ജീവിച്ചു. എന്ന് ചോദിക്ക്യാണ് രാജാവ്. അതിൽ നിന്ന് കർമ്മബന്ധം വരുമല്ലോ.
അപ്പോ, ശ്രീശുകബ്രഹ്മമഹർഷി പ്രിയവൃതന്റെ കഥ പറയാണ്. പ്രിയവൃതൻ വളരെ ചെറുപ്പത്തിൽ നാരദമഹർഷീടെ സ്വാധീനത്തിൽ വന്നു. നാരദന്റെ ജോലി എന്താ? എല്ലാവരേയും ഭഗവാനിലേക്ക് അടുപ്പിക്കാ എന്നതാണ്. കൊച്ചുകുട്ടി ആയിരിക്കുമ്പോ നാരദരിൽ നിന്നും ബ്രഹ്മോപദേശം ലഭിച്ചു. അത് ജീവിതമേ ഒരു യജ്ഞം ആക്കി തീർത്ത് ബ്രഹ്മ വിചാരത്തോടുകൂടെ സദാ വർത്തിച്ച് എല്ലാ അനുഭവത്തിനേയും വാസനകളൊക്കെ ഉപശമിപ്പിച്ച്, *ബ്രഹ്മ കർമ്മ സമാധി* എന്ന് ഭഗവാൻ ഗീതയില് പറഞ്ഞു.
ബ്രഹ്മാർപ്പണം ബ്രഹ്മഹവിർ ബ്രഹ്മാഗ്നൗ ബ്രഹ്മണാഹുതം ബ്രഹ്മൈവ തേന ഗന്തവ്യം *ബ്രഹ്മകർമ്മസമാധിന* :
എന്ന് വെച്ചാൽ *കർമ്മം, ഉപാസന ഒക്കെ ശമിപ്പിക്കാ. സകലതും ഭഗവദ് സ്വരൂപം ആണെന്നുള്ള ഭാവന തുടർന്ന് പരിശീലിക്കാ.*
അങ്ങനെ ആണത്രേ ബ്രഹ്മാവ്, സനന്ദസനകാദികളൊക്കെ ജീവിക്കണത്. ആചാര്യസ്വാമികൾ ഒരിടത്ത് പറയണു ജ്ഞാനികൾ ഒരു നിമിഷത്തിന്റെ ഒരു അർദ്ധം പോലും ബ്രഹ്മ വിചാരം ഇല്ലാതെ ഇരിക്കിണില്ല്യാത്രേ. ആരാ അതിന് ഉദാഹരണം?
യഥാ തിഷ്ഠന്തി ബ്രഹ്മാദ്യാ: ബ്രഹ്മാവ് മുതലായിട്ടുള്ളവരും, സനകാദ്യ: സനന്ദസനകാദികളും, ശുകാദയ: ശുകാചാര്യർ തുടങ്ങിയവരും. അങ്ങനെ തുടർന്ന് ശരീരം പ്രവർത്തിച്ചു കൊണ്ടിരിക്കും. ഉള്ളില് ഭക്തി.
ഭക്തിക്ക് ഇപ്പൊ ന്താ വേണ്ടത്? മനസ്സല്ലേ വേണ്ടൂ. *ശരീരം കൊണ്ട് ചെയ്യുന്നതൊക്ക ഭക്തി ആവില്ല്യ* . നമ്മളിപ്പോ പൂജ ചെയ്യണ്ട്. പൂജ ചെയ്യണത് ഭക്തി എന്ന് നമ്മൾ വിചാരിക്കണു. പൂജയിൽ പുഷ്പം അർച്ചിക്കുന്നതോ ദീപാരാധന ചെയ്യുന്നതോ കർമ്മം ആണ്. ഭക്തി അല്ല. ഇത് നമ്മുടെ ആളുകള്. കുറെ കഴിയുമ്പോ ഒരു റോബോട്ടി നെ കൊണ്ട് ചെയ്യിപ്പിക്കും. പൂജ ചെയ്യാൻ ആളെ കിട്ടാതെ വരുമ്പോ, റോബോട്ട് ഉച്ചാരണശുദ്ധിയോട് മന്ത്രം ചൊല്ലും. സ്വരം തെറ്റില്ല്യ. ഒന്നും മറന്നു പോവില്ല്യ. ചെയ്യേണ്ടതൊക്കെ ഭംഗി ആയിട്ട് ചെയ്യും.
അത് പൂജ ആവോ.? ന്താ. അതിന് ജീവനില്ല്യ. അത് ജഡം ആണ്. അത് പുഷ്പം എടുത്തിടും. മണി അടിക്കും എല്ലാം ചെയ്യും. പക്ഷേ അത് *പൂജ അല്ല. ജഡമായ കർമ്മം* . അതെന്തുകൊണ്ട് പൂജ ആവില്ല്യ? അതിനൊരു ഭാവവും ഇല്ല്യ. അതിന് ഈശ്വരനും ഇല്ല്യ ആരും ഇല്ല്യ.
അപ്പോ *കർമ്മം അല്ല പൂജ* . കർമ്മത്തിന് പുറകിൽ ഈ പൂജ ചെയ്യുന്ന ആളുടെ *ഭാവം* *ആണ് പൂജ* . സ്നേഹം ണ്ടാവുമ്പോ, അമ്മ കുട്ടിയെ എടുത്ത് മടിയിൽ വെയ്ക്കും. അമ്മയുടെ കുട്ടിയോടുള്ള പ്രിയം ആണ് ആ കർമ്മത്തിൽ കാണുന്നത്. *ആ പ്രിയത്തിനാണ്,* *ഭാവത്തിനാണ് പ്രാമുഖ്യം* . ഇത് ഒരു മെഷീൻ ചെയ്യും. പക്ഷേ മെഷീന് ബുദ്ധിയും ഇല്ല്യ സ്നേഹവും ഇല്ല്യ ഭാവവും ഇല്ല്യ. അത് കുഞ്ഞിനെ എടുത്ത് വെയ്ക്കണു. അത്രേ ഉള്ളു.
ശ്രീനൊച്ചൂർജി
*തുടരും.*
lakshmi prasad

No comments:

Post a Comment