Sunday, March 24, 2019

ജീവനെന്നും മനസ്സെന്നും മറ്റും പറയുന്ന ശക്തിയുടെ പ്രകാശത്തിനു ശരീരമെന്നു നാം പറയുന്ന ഭൂതകണസംഘാതമോ കാരണം, അതോ മറിച്ച് ശരീരത്തിനു മനസ്സു കാരണമോ എന്നൊരു വലിയ വാദം നടക്കുന്നുണ്ട്. മനസ്സു ശരീരത്തിനു കാരണമാകുന്നതല്ലാതെ മറിച്ചല്ല എന്നാണ് ലോകത്തിലെ മതങ്ങള്‍ തീര്‍ത്തുപറയുന്നത്. ആധുനികചിന്തകരില്‍ ചിലരാകട്ടെ, ശരീരയന്ത്രങ്ങളിലെ വിവിധ ഭാഗങ്ങളുടെ വിന്യാസവിശേഷംകൊണ്ടുമാത്രമാണ് വിചാരശക്തിയുണ്ടാകുന്നതെന്നും പറയുന്നു. ശരീരമസ്തിഷ്‌കങ്ങളുടെ രൂപത്തിലാവുന്ന ഭൂതകണങ്ങളുടെ സംയോഗശക്തിനിമിത്തമാണ് ഈ മന്ത്രത്തില്‍നിന്നു വിചാരശക്തിയുദ്ഭവിക്കുന്നത്. എന്ന രണ്ടാമത്തെ നിലപാട് പ്രശ്‌നത്തിനു സമാധാനമാകുന്നില്ല. എന്തുകൊണ്ടെന്നാല്‍ ശരീരത്തെ നിര്‍മ്മിച്ചതെന്ത്? ഭൂതകണങ്ങളെ സംയോജിപ്പിക്കുന്ന ശക്തിയേത് എന്ന ചോദ്യം ശേഷിക്കുന്നു. ഭൂതകണങ്ങളെ ശരീരരൂപത്തിലിണക്കുന്ന ശക്തിയേത്? മഹാഭൂതസംഘാതത്തില്‍നിന്നു വേണ്ടുന്ന സാമഗ്രികളെടുത്ത്, എന്റെ ശരീരം ഒരുവിധം, നിങ്ങളുടേതു മറ്റൊരു വിധം എന്നിങ്ങനെ നിര്‍മ്മിക്കുന്ന ശക്തിയേത്? ഈ അനന്തവൈവിധ്യം വിധാനം ചെയ്തതെന്ത്? ശരീരപരമാണുക്കളുടെ സംയോഗം വിചാരശക്തിക്കു കാരണമെന്നു പറയുന്നത് കുതിരയ്ക്കു മുമ്പില്‍ വണ്ടിയെ കെട്ടുകയാവും. അണുസംയോഗം എങ്ങനെയുണ്ടായി? സംയോജിപ്പിച്ച ശക്തിയേത്? അതു മറ്റൊരു ശക്തിയാണെന്നും, ആ ശക്തി, അല്ലെങ്കില്‍ ജീവചൈതന്യം, ശരീരപദാര്‍ത്ഥങ്ങളെ എടുത്ത് ഒരുക്കൂട്ടി ശരീരം നിര്‍മ്മിച്ചുവെന്നും, അങ്ങനെ നിര്‍മ്മിക്കപ്പെട്ട ശരീരയന്ത്രത്തില്‍നിന്ന് വിചാരശക്തി, അതായത് മറ്റൊരു ജീവചൈതന്യം, ഉണ്ടായി എന്നും പറയുന്നത് ഒരു സമാധാനമല്ല. അന്വേഷണത്തിലിരിക്കുന്ന വിഷയങ്ങളെല്ലാറ്റിനെയും, അഥവാ അധികപക്ഷത്തെയും, സമാധാനിപ്പിക്കുന്നതും നമുക്കറിവുള്ള മറ്റു സിദ്ധാന്തങ്ങളെ ബാധിക്കാത്തതുമായ സിദ്ധാന്തത്തെയേ നാം സ്വീകരിക്കാവൂ. ഇവിടെ ശരീരത്തില്‍ക്കൂടെ പ്രകാശിച്ചുകാണുന്ന ശക്തിയേതോ, അതുതന്നെയാണ് ശരീരപരമാണുക്കളെ സമാഹരിച്ചു ശരീരരൂപത്തിലടുക്കിയിരിക്കുന്നത് എന്നു പറയുന്നതാണ് കൂടുതല്‍ യോജിച്ചത്. അങ്ങനെയിരിക്കെ ശരീരപദാര്‍ത്ഥങ്ങളുടെ ഘടനാവിശേഷമാണ് വിചാരശക്തിക്കു നിമിത്തമെന്നും, വിചാരശക്തിക്കു സ്വതവേ നിലയില്ലെന്നും പറയുന്നത് അര്‍ത്ഥശൂന്യമാണ്. മാത്രമല്ല, ജഡത്തില്‍നിന്നു ശക്തിയുണ്ടാകാനും നിവൃത്തിയില്ല. ജഡമെന്നു നാം പറയുന്ന വസ്തു വാസ്തവത്തില്‍ ഇല്ലതന്നെ: അതു ശക്തിയുടെ ഒരവസ്ഥാവിശേഷംമാത്രമാണ്. ഇതു തെളിയിപ്പാന്‍ കഴിയും. പദാര്‍ത്ഥങ്ങള്‍ക്ക് ദാര്‍ഢ്യം കടുപ്പം മുതലായ സ്വഭാവങ്ങള്‍ ചലനംകൊണ്ടുണ്ടാകുന്നു എന്ന് പ്രത്യക്ഷത്തില്‍ കാണിക്കാം. ദ്രവപദാര്‍ത്ഥങ്ങളെ തീവ്രവേഗത്തില്‍ ചുഴറ്റിയാല്‍ അവയ്ക്കു ഘനപദാര്‍ത്ഥങ്ങളുടെ ബലമുണ്ടാകും: വായുപോലും അതിവേഗത്തില്‍ ചുഴലിക്കാറ്റുപോലെ തിരിഞ്ഞാല്‍ ഘനപദാര്‍ത്ഥത്തിന്റെ ഒപ്പമായി പരിണമിക്കും: അത് അന്യഘനപദാര്‍ത്ഥങ്ങളെ തട്ടിമുറിച്ചോ പൊട്ടിച്ചോ കടന്നുപോകും. എട്ടുകാലിവലയുടെ ഒരു നൂല്‍ ഏതാണ്ട് അനന്തവേഗത്തില്‍ സഞ്ചരിപ്പിച്ചാല്‍ ഇരിമ്പുകമ്പിക്കു തുല്യമാകും: അതുകൊണ്ട് ഒരു വന്‍മരത്തേയും മുറിക്കാം. ഇങ്ങനെ നോക്കിയാല്‍ ജഡമെന്നു നാം പറഞ്ഞുവരുന്നവ വാസ്തവത്തില്‍ ഉള്ളവയല്ല (എന്ന് തെളിയിക്കുന്നതാണ് എളുപ്പം), മറിച്ചു തെളിയിപ്പാന്‍ കഴിയുകയുമില്ല.
ശരീരത്തില്‍ക്കൂടെ പ്രകാശിക്കുന്ന ഈ ശക്തിയെന്ത്? അതിന്റെ സാക്ഷാല്‍ സ്വരൂപമെന്ത്? എന്തായാലും അതാണ് പദാര്‍ത്ഥങ്ങളെ എടുത്തു മനുഷ്യശരീരമാക്കി പരിണമിപ്പിക്കുന്നതെന്നു വെളിവാകുന്നു. നിങ്ങള്‍ക്കും എനിക്കുംവേണ്ടി ഇവിടെ മറ്റാരും വന്നു ശരീരങ്ങള്‍ നിര്‍മ്മിക്കുന്നില്ല. എനിക്കുവേണ്ടി മറ്റാരും ഭുജിക്കുന്നതു ഞാന്‍ കണ്ടിട്ടില്ല: അതു ഞാന്‍തന്നെ ദഹിപ്പിച്ചു സാത്മീകരിച്ച് രക്തവും അസ്ഥിയും മറ്റും അതില്‍നിന്നു നിര്‍മ്മിക്കണം. ഈ അസാധാരണശക്തിയെന്ത്? കഴിഞ്ഞകാലത്തെയോ വരുംകാലത്തെയോ പറ്റിയുള്ള ചിന്ത ഭയങ്കരമായി പലര്‍ക്കും തോന്നാറുണ്ട്, അതു വെറും മനോരാജ്യം കാണുകയാണെന്നു പലര്‍ക്കും വിചാരമുണ്ട്. (അങ്ങനെയാകട്ടെ, നമുക്കു ഭൂതത്തെയും ഭാവിയെയും വിട്ടു) വര്‍ത്തമാനത്തില്‍ നടക്കുന്നതിനെപ്പറ്റി മാത്രം ഒന്നാലോചിക്കുക. ഈ നിമിഷത്തില്‍ നമ്മുടെ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്ന ശക്തിയെന്ത്? അതിനു പ്രാചീനതമങ്ങളായ മതഗ്രന്ഥങ്ങള്‍ പറയുന്ന സമാധാനം, ”അത് ഈ സ്ഥൂലശരീരത്തെപ്പോലെയുള്ളതും, എന്നാല്‍ അതോടൊപ്പം നശിക്കാത്തതും, പ്രകാശമുള്ളതുമായ ഒരു ശരീരമാണ്” എന്നാണ്. ഈ കാലക്രമത്തില്‍ അതിനെ കടന്ന ഒരാശയമുണ്ടായി. അത്, ആ ശോഭനശരീരവും ആ ശക്തിയല്ല എന്നാണ്. രൂപമുള്ളതെല്ലാം അവയവകണങ്ങളുടെ സംഘാതമാവണം: അതിന്റെ പിന്നില്‍ അതിനെ പ്രവര്‍ത്തിപ്പിക്കുന്ന ഒരു ശക്തിയും വേണം. ഈ സ്ഥൂലശരീരത്തെ കൈകാര്യം ചെയ്യാന്‍ അശരീരമായ ഒന്നു വേണമെങ്കില്‍ ഈ സൂക്ഷ്മശരീരത്തെ കൈകാര്യം ചെയ്യാനും, അതേ യുക്തിപ്രകാരം ഒരു അശരീരശക്തിയാവശ്യമാകുന്നു. അതിനെയാണ് സംസ്‌കൃതഭാഷയില്‍ ആത്മാവ് എന്നു പറയുന്നത്. ആത്മാവ് സൂക്ഷ്മദേഹം വഴി സ്ഥൂലത്തില്‍ പ്രവര്‍ത്തിക്കുകയാണ്. മനസ്സ് സൂക്ഷ്മദേഹത്തിലിരിക്കുന്നു: അതിനുമപ്പുറമാണ് ആത്മാവ്. അതു മനസ്സല്ല: മനസ്സിനെ വ്യാപരിപ്പിക്കുന്ന ശക്തിയാണ്, നിങ്ങള്‍ക്കൊരാത്മാവുണ്ട്, എനിക്കു വേറൊന്നുണ്ട്. നമുക്ക് ഓരോരുത്തര്‍ക്കും വെവ്വേറെ ഓരോ ആത്മാവുണ്ട്, ഓരോ സൂക്ഷ്മശരീരവുമുണ്ട്, അതിലൂടെ സ്ഥൂലശരീരത്തെ നാം പ്രവര്‍ത്തിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത്രയും ആലോചിച്ചെത്തിയതിനുശേഷവും ആത്മസ്വരൂപത്തെപ്പറ്റിയ വിചാരം തുടര്‍ന്നു. മനസ്സും ദേഹവുമല്ലാത്ത ഈ ആത്മാവിന്റെ സ്വഭാവമെന്ത്? അതിനെപ്പറ്റി ഗംഭീരവാദങ്ങള്‍ നടന്നു. വിവിധതത്ത്വചിന്തകളും വിവിധമതങ്ങളും ഉണ്ടായി. അവയില്‍ ആത്മസ്വരൂപത്തെപ്പറ്റിയുള്ള ചില സിദ്ധാന്തങ്ങള്‍ മനസ്സിലാക്കിത്തരുവാന്‍ ശ്രമിക്കാം. ആത്മാവ് എന്തായാലും അതിനു രൂപമില്ല, ആകൃതിയില്ല: രൂപവും ആകൃതിയുമില്ലാത്തത് സര്‍വ്വവ്യാപിയാവണം. ഇത്രയും സംഗതി സര്‍വ്വമതങ്ങള്‍ക്കും സമ്മതമാണ്. പിന്നെ, കാലമെന്നു പറയുന്നത് മനോജന്യമാണ്: ദേശവും അങ്ങനെതന്നെ. കാലമില്ലാതെ, നിമിത്തം എന്നുള്ളതില്ല. മുന്‍പിന്‍ഭാവനകൂടാതെ കാര്യകാരണഭാവന സാദ്ധ്യമല്ല. അതുകൊണ്ട് ദേശവും കാലവും നിമിത്തവും മനസ്സിലിരിക്കുന്നു. ആത്മാവ് മനസ്സിന്നപ്പുറവും അരൂപവുമാകയാല്‍ അതു ദേശകാലനിമിത്തങ്ങള്‍ക്കു മീതെയാവണം. ദേശത്തിനും കാലത്തിനും നിമിത്തത്തിനും മീതെയായത് അനന്തമാവണം. ഇനിയാണ് ഞങ്ങളുടെ തത്ത്വവിചാരം പരമോച്ചാവസ്ഥയില്‍ എത്തുന്നത്. അനന്തം രണ്ടില്ല. ആത്മാവ് അനന്തമാണ് എങ്കില്‍ ആത്മാവ് ഒന്നേയുള്ളു. എന്റെ ആത്മാവ്, നിങ്ങളുടെ ആത്മാവ് എന്നിങ്ങനെയുള്ള ഭേദഭാവന യഥാര്‍ത്ഥമല്ല. അതുകൊണ്ട് മനുഷ്യന്റെ യാഥാര്‍ത്ഥ്യം – യഥാര്‍ത്ഥമനുഷ്യന്‍ – ഏകനും അനന്തനും സര്‍വ്വഗതനുമായ ആത്മാവാകുന്നു. ആ യഥാര്‍ത്ഥമനുഷ്യന്റെ ഒരു പരിമിതസ്വരൂപമാണ് ഈ കാണുന്ന മനുഷ്യന്‍. ഈ അര്‍ത്ഥത്തില്‍ (യഥാര്‍ത്ഥമനുഷ്യനു സ്വരൂപഭ്രംശമുണ്ടായിട്ടുണ്ട്) എന്ന പുരാണവചനം സത്യമാകുന്നു.
പ്രത്യക്ഷമനുഷ്യന്‍ എത്ര മഹാനായാലും അപ്രത്യക്ഷ-യഥാര്‍ത്ഥമനുഷ്യന്റെ മങ്ങിയ പ്രതിബിംബമേ ആകുന്നുള്ളു. യഥാര്‍ത്ഥമനുഷ്യന്‍, ആത്മാവ്, കാര്യകാരണങ്ങള്‍ക്കപ്പുറം, ദേശകാലപരിച്ഛേദമില്ലാതിരിക്കുന്നതുകൊണ്ട് സ്വതന്ത്രനാവണം. ആത്മാവ് ഒരു കാലത്തും ബദ്ധനായിട്ടില്ല, ബദ്ധനാവാന്‍ സംഗതിയുമില്ല. പ്രത്യക്ഷമനുഷ്യന്‍ പ്രതിബിംബം, ദേശകാലനിമിത്താധീനനാണ്, അതുകൊണ്ട് ബദ്ധനുമാണ്. ഞങ്ങളുടെ ചില തത്ത്വജ്ഞന്‍മാരുടെ ഭാഷയില്‍ പറഞ്ഞാല്‍ ആത്മാവ് ബദ്ധമെന്നപോലെ തോന്നുന്നു. വാസ്തവത്തില്‍ മുക്തമാണ്. ഇതത്രേ നമ്മുടെ പരമാര്‍ത്ഥസ്വഭാവം: ഈ സര്‍വ്വഗതത്വം, ആത്മത്വം, അനന്തത്വം, ഓരോ ജീവനും അനന്തമാകയാല്‍ ജനനമരണപ്രശ്‌നമില്ല. ഒരിക്കല്‍ ചില കുട്ടികളെ പരീക്ഷിക്കയായിരുന്നു. പരീക്ഷകന്‍ കുറെ കടുപ്പമുള്ള ചോദ്യങ്ങള്‍ ചോദിച്ച കൂട്ടത്തില്‍ ”എന്തുകൊണ്ടാണ് ഭൂമി വീഴാത്തത്?” എന്നു ചോദിച്ചു. ആകര്‍ഷണശക്തി എന്ന് ഉത്തരം പറയണമെന്നായിരുന്നു പരീക്ഷകന്റെ ആശയം. മിക്ക കുട്ടികള്‍ക്കും ഉത്തരമൊന്നും പറയുവാന്‍ കഴിഞ്ഞില്ല. ചുരുക്കം ചിലര്‍ ആകര്‍ഷണം എന്നോ മറ്റോ പറഞ്ഞു. മിടുക്കിയായ ഒരു ചെറിയ പെണ്‍കുട്ടി ഒരു മറുചോദ്യംകൊണ്ടുത്തരം പറഞ്ഞു; ”എവിടേയ്ക്കു വീഴാന്‍?” പരീക്ഷകന്റെ ചോദ്യം അസംബന്ധമാകുന്നു. ഭൂമിക്ക് എങ്ങോട്ടെങ്കിലും വീഴുവാനുണ്ടോ? അതിനു വീഴ്ചയുമില്ല, എഴുന്നേല്‍പ്പുമില്ല: അനന്തദേശത്തില്‍ മേലും കീഴുമില്ല: അതു സാപേക്ഷത്തിലേ ഉള്ളു. അനന്തത്തിനു പോക്കുവരവെവിടെ? എവിടേയ്ക്കു പോകും? എവിടെ നിന്നു വരും? മനുഷ്യന്‍, ഈവിധം ഭൂതഭാവികളെ വിചാരിക്കാതെ, താന്‍ വന്നുംപോയുമിരിക്കുന്ന പരിമിതമായ ദേഹമാണെന്ന ഭാവന വിടുമ്പോള്‍ ഉയര്‍ന്ന ഒരാദര്‍ശത്തിലേക്കു കടന്നു എന്നു പറയാം. യഥാര്‍ത്ഥമനുഷ്യന്‍ ദേഹമല്ല, മനസ്സുമല്ല: മനസ്സിനു വൃദ്ധിക്ഷയങ്ങളുണ്ട്, സര്‍വ്വാതീതമായ ആത്മാവിനു മാത്രമേ നിത്യത്വമുള്ളു. മനശ്ശരീരങ്ങള്‍ സദാ മാറിമാറിക്കൊണ്ടിരിക്കുന്നു. പ്രതിനിമിഷം മാറിക്കൊണ്ടിരിക്കുന്ന ജലകണങ്ങളായിരുന്നിട്ടും അവിച്ഛിന്നപ്രവാഹരൂപമായി കാണുന്ന നദികളെന്നപോലെ ശരീരമനസ്സുകളും വാസ്തവത്തില്‍ നിരന്തരമായി പൊയ്‌ക്കൊണ്ടിരിക്കുന്ന വികാരപരമ്പരകള്‍ക്കുള്ള പേരുകള്‍ മാത്രമാണ്. ഈ ശരീരത്തിലെ ഓരോ കണവും ഓരോ നിമിഷത്തിലും മാറുന്നുണ്ട്. അല്പനിമിഷനേരത്തേക്കെങ്കിലും ഒരേ ശരീരമെന്നു പറയുവാന്‍ ആര്‍ക്കുമില്ല. എങ്കിലും അതേ ശരീരമെന്ന് നാം കരുതിപ്പോകുന്നു. മനസ്സും അതുപോലെതന്നെ: ഈ നിമിഷം അതു സുഖിയാകുന്നു, അടുത്ത നിമിഷം ദുഃഖി: ഒരു നിമിഷം ബലവത്ത്, അടുത്ത നിമിഷം ബലഹീനം, ഇങ്ങനെ സദാ വികാരവത്തായ ഒരാവര്‍ത്തം. അത് അപരിമിതമായ ആത്മാവാകാന്‍ വയ്യ. പരിമിതവസ്തുവില്‍ മാത്രമേ വികാരത്തിനു വകയുള്ളു. അപരിമിതത്തില്‍ വല്ലവിധത്തിലും ഒരു വികാരമുണ്ടാകാം എന്നു പറയുന്നതിനര്‍ത്ഥമില്ല: അതുണ്ടാകയില്ല. പരിമിതശരീരങ്ങളുടെ നിലയില്‍ നിങ്ങള്‍ക്ക് ചലനമുണ്ട്: എനിക്കു ചലനമുണ്ട്; ജഗത്തില്‍ ഏതൊന്നിനും ചലനമുണ്ട്. എന്നാല്‍ ജഗത്ത് ആകെക്കൂടി ചലിക്കുക എന്നതില്ല: മാറിപ്പോകുകയെന്നുള്ളതുമില്ല: ചലനം എപ്പോഴും സാപേക്ഷമാകുന്നു. മറ്റൊന്നിനെ അപേക്ഷിച്ച് എനിക്കു ചലനമുണ്ട്? ജഗത്തില്‍ ഏതെങ്കിലും ഒരംശകത്തെ സംബന്ധിച്ചു മറ്റൊരംശകം ചലിക്കുന്നു എന്നു പറയാം, ജഗത്ത് ആകെക്കൂടെ മറ്റെന്തിനെ അപേക്ഷിച്ചു ചലിക്കും? അതല്ലാതെ മറ്റൊന്നുമില്ലല്ലോ. അതുപോലെ അനന്തവും അപരിച്ഛിന്നവുമായ ആത്മാവിനു ചലനമില്ല. മാറ്റമില്ല: അതു നിരപേക്ഷം: അതാണ് യഥാര്‍ത്ഥമനുഷ്യര്‍. നമ്മുടെ യാഥാര്‍ത്ഥ്യം അപരിമിതത്തിലാണ്: പരിമിതത്തിലല്ല. നാം ഇന്നവരാണ്, നമുക്കു വികാരമുണ്ട് എന്നും മറ്റുമുള്ള പഴയ ഭാവനകള്‍ എത്ര സുഖപ്രദമായാലും അവ മിഥ്യയത്രേ. നിങ്ങള്‍ അനന്തവും സര്‍വ്വഗതവുമായ ആത്മാവാണ് എന്നു പറയുമ്പോള്‍ ജനങ്ങള്‍ ഭയപ്പെടുന്നു. വാസ്തവമായും നിങ്ങള്‍ സര്‍വ്വവ്യാപിയാണ്. നിങ്ങള്‍ ജഗത്തിലുള്ള സര്‍വ്വവസ്തുക്കളില്‍ക്കൂടെയും പ്രവര്‍ത്തിക്കുന്നു: സര്‍വ്വപാദങ്ങളില്‍ക്കൂടെയും ചരിക്കുന്നു: സര്‍വ്വമുഖങ്ങളില്‍ക്കൂടെയും സംസാരിക്കുന്നു: സര്‍വ്വഹൃദയങ്ങളില്‍ക്കൂടെയും സുഖദുഃഖങ്ങള്‍ അനുഭവിക്കുന്നു...Swami Vivekanandan.A

No comments:

Post a Comment