Saturday, March 02, 2019

ബ്രഹ്മചാരി ശ്രീകൃഷ്ണൻ 

ഇതെല്ലാം ഉള്ളിലെ ബ്രഹ്മത്തിനു വേണ്ടിയാണെന്ന ബോധത്തോടെ ചെയ്യണം. അതു കഴിഞ്ഞാല് ഉള്ളിലെ ബ്രഹ്മത്തിനു ഭക്ഷണം നല്കണം. അതും ശ്രദ്ധയോടെ ബോധപൂര്വം ഭക്ഷണം കഴിക്കുന്നു. ഉള്ളിലെ ബ്രഹ്മത്തെ ശിവനെയാണ് ഊട്ടുന്നത്. അതുകൊണ്ടാണ് ഭക്ഷണം കഴിക്കുമ്പോള് സംസാരിക്കരുതെന്നും, എഴുന്നേല്ക്കരുതെന്നും പറയുന്നത്.

ഭക്ഷണം കഴിക്കുന്നതു തന്നെ ഒരു അഗ്നിഹോത്രമാണ്. ഉള്ളിലെ ബ്രഹ്മത്തിനായി, അഗ്നിക്കായി അഞ്ച് ആഹുതികൾ നല്കുന്നു. പ്രാണായസ്വാഹാ, അപാനായ സ്വാഹാ, വ്യാനായ സ്വാഹാ, ഉദാനായ സ്വാഹാ, സമാനായ സ്വാഹാ എന്നിങ്ങനെ. എല്ലാം വളരെ ഏറെ ബോധപൂര്വ്വം ചെയ്യണം. ഇങ്ങനെ ജീവിതത്തിൽ ഓരോ കാര്യവും ബോധപൂർവ്വം ചെയ്യുമ്പോൾ, ഉള്ളിലെ ബ്രഹ്മത്തിനു വേണ്ടി ചെയ്യുമ്പോൾ-ആ ചര്യകളെ നാമെന്തു വിളിക്കും. ബ്രഹ്മത്തിനുവേണ്ടി ചെയ്യുന്ന ചര്യ ബ്രഹ്മചര്യമെന്ന പേരിൽ അറിയപ്പെടും.

എന്നാൽ ചിലർ ബ്രഹ്മചര്യമെന്നാൽ സ്ത്രീവിരുദ്ധസമീപനമാണെന്നു തെറ്റിദ്ധരിച്ചു. ഒരിക്കൽ നാരദന് ഒരു നദീതീരത്തെത്തി. നാരദന് മറുകരയ്ക്ക് പോകാന് ഒന്നും കിട്ടിയില്ല. അപ്പോള് ഒരു ഋഷി അതുവഴിയെത്തി. ലോകത്തിലെ ഏറ്റവും വലിയ ബ്രഹ്മചാരി ആരെന്ന് പറയുന്നുവോ അപ്പോൾ ആ നദി വഴിമാറുമെന്നു അദ്ദേഹം നാരദനോടു പറഞ്ഞു. നാരദന് ആലോചിച്ചു. ആരാണ് ഏറ്റവും വലിയ ബ്രഹ്മചാരി. ഓ, അതു ഞാൻ തന്നെ. ഇന്നുവരെ ഒരു സ്ത്രീയെപ്പോലും ഒന്നു നോക്കിയിട്ടു കൂടിയില്ല താൻ. അങ്ങനെ നാരദൻ  പറഞ്ഞു: 'നാരദനാണ് ലോകത്തിലെ ഏറ്റവും വലിയ ബ്രഹ്മചാരിയെങ്കിൽ നദീ വഴിമാറൂ''വെന്ന്. നദി വഴി മാറിയില്ല. ആ ഋഷി ചിരിച്ചുകൊണ്ടു പറഞ്ഞു. നീ മനസ്സുകൊണ്ടു ബ്രഹ്മചാരിയല്ല. കൃഷ്ണനെ കുറിച്ചൊന്നു പറഞ്ഞുനോക്കൂ. ഒരുപക്ഷേ വഴിമാറിയാലോ എന്ന്.

നാരദൻ പൊട്ടിച്ചിരിച്ചു. എന്നിട്ടു ചോദിച്ചു. 16008 ഭാര്യമാരുള്ള കൃഷ്ണനാണോ ബ്രഹ്മചാരിയെന്ന്. ഋഷി പറഞ്ഞു. ശരി, എങ്കിലും ഒന്നു ശ്രമിച്ചുനോക്കൂ എന്ന്. അങ്ങനെ നാരദൻ പറഞ്ഞു: 'കൃഷ്ണന് ലോകത്തിലെ ഏറ്റവും വലിയ ബ്രഹ്മചാരിയാണെങ്കിൽ നദീ നീ വഴിമാറിയാലും.''
അത്ഭുതമെന്നു പറയട്ടെ നദി വഴിമാറി.

അപ്പോഴും നാരദൻ ആലോചിക്കുകയായിരുന്നു. കൃഷ്ണൻ നിരവധി വിവാഹം കഴിച്ചിട്ടും ബ്രഹ്മചാരിയായിരിക്കുന്നൂവെന്ന്. അതാണ് കൃഷ്ണനെ കൃഷ്ണനാക്കിയത്. കൃഷ്ണന് പറഞ്ഞത് സ്വന്തം ഭാവം എന്താണോ അതായിത്തീരുക എന്നതാണ്. എന്താണ് നമ്മുടെ ഓരോരുത്തരുടേയും സ്വന്തം ഭാവം?
നമ്മില് പലരും മറ്റുള്ളവരെ അനുകരിക്കാനാണ് ശ്രമം. ഒരു റോസ്പൂവിന് ഒരിക്കലും ഒരു താമരയാകാനാവില്ല. റോസ് പൂവ് റോസിന്റെ സ്ഥാനത്ത് മഹത്തരമാണ്. താമരപ്പൂവ് താമരയുടെ സ്ഥാനത്തും. ഈ ലോകത്തിലെ ഏതു പുൽക്കൊടിക്കും ഉണ്ട് അതിന്റേതായ സ്ഥാനം. ആ പുൽക്കൊടിയില്ലാതെ ഈ ലോകം അപൂർണ്ണമായരിക്കും. നാം ഓരോരുത്തരും അങ്ങനെ തന്നെയാണ്. നാം ഓരോരുത്തരും ഈ ലോകത്തിലെ കവിതയുടെ ഭാഗമാണ്. അഥർവ്വവേദത്തിൽ പറയുന്നു 'പശ്യദേവസ്യകാവ്യമ്' എന്ന്. ദേവന്റെ മഹത്തായ ഈ കാവ്യം കാണൂവെന്ന്. ആ കാവ്യത്തിലെ ഓരോ വാക്കുകളും അക്ഷരങ്ങളുമാണ് നാം ഓരോരുത്തരും. അതില്ലാതെ ഈ കാവ്യം അപൂര്ണമായിരിക്കും. ഈശ്വരന് തൂണിലും തുരുമ്പിലുമുണ്ടെന്നു പറഞ്ഞത് ഇതേ അര്ത്ഥത്തിലാണ്.

ഇവിടെ സ്വന്തം ഭാവം എന്താണെന്നു മനസ്സിലാക്കാതെ എല്ലാവരും സംന്യസിക്കണമെന്ന് ആവശ്യപ്പെടുന്നവരുണ്ട്. അവരോട് ആവശ്യപ്പെടുന്നത് ഒട്ടലില്ലാതിരിക്കാനാണ്. ഇന്ത്യയുടെ കാഴ്ചപ്പാട് അനാസക്തിയുടേതാണ്. ഇത് വേദപഠനം ഇല്ലാത്തതിനാല് ആർക്കും മനസ്സിലാക്കാൻ കഴിഞ്ഞില്ല. അനാസക്തി എന്നാൽ ഒട്ടലും ഒട്ടലില്ലായ്മയും രണ്ടും ത്യജിച്ചവൻ എന്നാണർത്ഥം. ഇതിനു പകരം ചിലർ സ്ത്രീകളെ നോക്കാതിരിക്കും. അവർ  വരുന്ന സ്ഥലത്തേക്ക് വരാതിരിക്കും. അവരുടെ പടങ്ങൾ നോക്കാതിരിക്കും. അവരുടെ ശബ്ദം കേൾക്കാതിരിക്കും. ഇതെല്ലാം കണ്ടാൽ തോന്നും ഇവർ വീതരാഗരാകാത്തതിനു കാരണം സ്ത്രീകളാണെന്ന്. വാസ്തവത്തില് ഇത് അനാസക്തിയാണെന്നു കരുതാന് വയ്യ. ഇതും ഒരു തരത്തിലുള്ള ആസക്തിയാണ്. തന്റെ ഉള്ളിലുള്ള ആസക്തി നിയന്ത്രിക്കാൻ കഴിയാത്തതിലുള്ള വിഷമമാണ് ഈ കാട്ടിക്കൂട്ടൽ. അതുമല്ലെങ്കിൽ  സ്ത്രീകളോടുള്ള വിരോധമായി വേണം ഗണിക്കാൻ. ഈ പ്രപഞ്ചത്തെ നിലനിർത്തുന്നത് സ്ത്രീകളും കൂടിച്ചേർന്നാണ്. ഓരോരുത്തരും ജന്മമെടുക്കുന്നതുപോലും ഈ സ്ത്രീകളിൽ നിന്നു തന്നെയാണ്. എന്നാൽ  നവീനവേദാന്തികൾ സ്ത്രീകളെ നരകത്തിന്റെ കവാടമായി പരിഗണിച്ചു. കാരണം അവർ ഒരിക്കലും വേദമോ ഉപനിഷത്തുക്കളോ ഭഗവദ്ഗീതയോ വേണ്ട രീതിയിൽ പഠിച്ചില്ല.

ഇതേപോലെയാണ് ചിലർക്ക്‌ പണത്തിനോടുള്ള സമീപനം. ചിലർ സ്വയം പ്രഖ്യാപിക്കും-ഞാനൊരിക്കലും പണം കൈ കൊണ്ടു തൊടില്ലെന്ന്. ഇക്കാലമത്രയും പണം ആരെയെങ്കിലും ദ്രോഹിച്ചതായി അറിവില്ല. പണത്തിനോടുള്ള വെറുപ്പിനെ നമുക്ക് അനാസക്തി എന്നു പറയാനാവില്ല. എന്താണ് നമ്മുടെ ഭാവം? സ്ത്രീയോടും പണത്തിനോടുമുള്ള നമ്മുടെ ഭാവമെന്താണ്? വെള്ളം ചൂടുള്ളതാണോ തണുത്തതാണോ? എന്താണ് വെള്ളത്തിന്റെ ഭാവം? ചൂടാക്കുമ്പോൾ വെള്ളം ചൂടാവുന്നു. തണുക്കുമ്പോൾ വെള്ളം തണുക്കുന്നു. വെള്ളത്തിന്റെ സ്വന്തം ഭാവം തണുത്തതുമല്ല, ചൂടുള്ളതുമല്ല. നമ്മുടെ കണ്ണുകളെ പരിശോധിക്കുക. അത് അടഞ്ഞതാണോ തുറന്നതാണോ? കണ്ണുകൾ ഉറങ്ങുമ്പോൾ അടഞ്ഞിരിക്കും. ഉണർന്നിരിക്കുമ്പോൾ അതു തുറന്നിരിക്കണം. ഇതേ കണ്ണുപോലെ, ഇതേ വെള്ളംപോലെയാണ് നമ്മുടെ ഭാവവും. അതിനോടു എന്തു ചേർക്കുന്നുവോ അതായി നാം മാറും. ശ്രീകൃഷ്ണൾ ഇക്കാര്യമറിയാമായിരുന്നു. ചിലർക്ക് സ്ത്രീയില്ലാതെ ഒരു ദിവസം പോലും കാണാൻ കഴിയില്ല. ചിലരാകട്ടെ സ്ത്രീകളെ കാണുന്നതുതന്നെ വെറുക്കുന്നു. ഇവ രണ്ടും ഒട്ടലാണ്. ഒന്ന് സ്ത്രീയോടുള്ള ഒട്ടൽ. മറ്റൊന്ന് സ്ത്രീവിരോധത്തോടുള്ള ഒട്ടൽ. ആദ്യത്തെ ഒട്ടല് തിരിച്ചറിയാന് കഴിയും. എന്നാല് രണ്ടാമത്തേത് ഒരിക്കലും തിരിച്ചറിയാനാകില്ല. കൃഷ്ണന് ഇതു രണ്ടും തിരിച്ചറിഞ്ഞിരുന്നു. അതിനാല് കൃഷ്ണൻ ബ്രഹ്മചാരിയായി. നാം ഒന്നും പഠിക്കാത്തതിനാൽ ഒന്നും നേടാനാകുന്നില്ല.

ശ്രീകൃഷ്ണന് ഗായകനായിരുന്നു, കവിയായിരുന്നു, ഉജ്വലപ്രഭാഷകനായിരുന്നു. രാഷ്ട്രീയ അമരക്കാരനായിരുന്നു. യുദ്ധതന്ത്രജ്ഞനായിരുന്നു. ദൂതനായിരുന്നു. നല്ലൊരു ഡ്രൈവറുമായിരുന്നു. ഇതെല്ലാമായിരുന്നിട്ടും സ്വന്തംഭാവം അദ്ദേഹം മറന്നതേയില്ല. ശ്രീകൃഷ്ണന് ഈശ്വരനാണെന്നു എല്ലാവരും പറയുന്നു. അതെന്തോ ആകട്ടെ. അദ്ദേഹം ഇവിടെ സാധാരണ മനുഷ്യനായി ജീവിച്ചിരുന്നു. അദ്ദേഹം ഉച്ചൈസ്തരം ഉദ്ഘോഷിച്ചു. എന്റെ ഭക്തന് എന്നെപ്പോലെയായിതീരുമെന്ന്. മാത്രമല്ല, ദുര്യോധനനുമായി സന്ധിസംഭാഷണത്തിനു യാത്ര തിരിക്കവെ, കൃഷ്ണന് വഴിയിൽ തേരു നിർത്തി സന്ധ്യാവന്ദനം ചെയ്യുന്നുണ്ട്. എന്നാൽ ഇന്നത്തെ ഗീതാജ്ഞാനികൾ പറയുന്നത് അതൊന്നും ചെയ്യരുതെന്നാണ്. കൃഷ്ണന് സന്ധ്യാവന്ദനം ചെയ്യാന് പറയുകയും ചെയ്യുകയും ചെയ്യുമ്പോൾ ഇവിടെയുള്ള ഭഗവദ്ഗീതയുടെ മൊത്തം മാർക്കറ്റ് കൈക്കലാക്കിയവർ പറയുന്നത് അതൊന്നും ചെയ്യരുതെന്നാണ്. എന്താണിതിനു കാരണം? ഈ ചോദ്യത്തേക്കാൾ വലിയൊരു ഉത്തരമുണ്ട്. ഇത്തരം പഠിപ്പിക്കലുകൾ കൊണ്ട് നമ്മുടെ സമൂഹം വീര്യവും വീരതയും കെട്ടവരായി. ആചാരം മുഖ്യമായ ധർമ്മമാണ്. ആ ആചാരത്തിൽ നിന്നും വ്യതിചലിക്കരുതെന്നാണ് ശ്രീകൃഷ്ണൻ സ്വന്തം ജീവിത ദർശനത്തിലൂടെ നമ്മെ നമ്മെ പഠിപ്പിക്കുന്നത്. ധർമ്മത്തെ നാം രക്ഷിക്കുമ്പോൾ ധർമ്മം നമ്മെ രക്ഷിക്കുന്നു. അതാണ് "ധർമ്മോ രക്ഷതി രക്ഷിതാഃ" എന്ന ഉക്തിയുടെ അർത്ഥം. 

(ആചാര്യ ശ്രീ രാജേഷ് ജിയുടെ 'ഹിന്ദുധർമ്മരഹസ്യം' എന്ന പുസ്തകത്തിൽ നിന്ന് പകർത്തിയത്)

No comments:

Post a Comment