Friday, March 01, 2019

*മേൽപ്പത്തൂർ കണ്ട*
      *നരസിംഹ മൂർത്തി* 
🌷🌷🌷🌷🌷🌷🌷🌷🌷


മേൽപ്പത്തൂർ   ഭട്ടതിരി മുടങ്ങാതെ നാരായണീയം  പത്തുശ്ലോകം വീതം രചിച്ചു കൊണ്ടിരുന്നു. അനുജനായ മാതൃദത്തൻ അടുത്തുതന്നേയുണ്ടാവും ശ്ലോകങ്ങൾ പകർത്തിയെഴുതാൻ. നരസിംഹാവതാരം വർണ്ണിക്കേണ്ട ഘട്ടമായി നരസിംഹത്തിന്റെ രൂപം ഭട്ടതിരിക്ക് ഭാവനയിൽ കാണാൻ കഴിഞ്ഞില്ല. ബാലനായ മുരളീധരനെ, ഒരു കോമളാംഗനെ കാണാൻ മാത്രമേ അദ്ദേഹത്തിന് കഴിഞ്ഞിരുന്നുള്ളൂ.വളരെ നേരം അദ്ദേഹം ധ്യാനത്തിൽ മുഴുകിയിരുന്നു. ധ്യാനത്തിൽ തെളിയുന്നത് പുഞ്ചിരിയോടുകൂടി മഞ്ഞപ്പട്ടുടുത്ത കാർവർണ്ണന്റെ രൂപം. അമ്മ യുടെ മുൻപിൽ വെണ്ണയ്ക്ക് കൈനീട്ടി നിൽക്കുന്ന ഓമനമകൻ,ബാലന്മാരോടൊത്ത് ഉറിയിൽ നിന്ന് വെണ്ണ മോഷ്ടിക്കുന്ന ഗോപബാലൻ. വയറ്റിൽ കെട്ടിയിട്ടുള്ള കയർ വലിച്ച് ഉരലുമായി മരങ്ങൾ ക്കിടയിലൂടെ കടന്നു പോകുന്ന ഉണ്ണികൃഷ്ണൻ. പൂതന യെന്ന രാക്ഷസിയുടെ ജീവൻ ഊറ്റിക്കുടിക്കുന്ന കോമളശിശു പശുവിനെ കറക്കുന്ന യശോദ യുടെ മുതുകിൽ കൊതിയൂറുന്ന കണ്ണുകളോടെ ചാഞ്ഞു നിൽക്കുന്ന അമ്പാടി പൈതൽ. പ്രളയകാലത്ത് അരയാലിൽ ഒതുങ്ങുന്ന താരുടലുമായ് കാലിന്റെ പെരുവിരൽ വായോടടുപ്പിക്കുന്ന പൂമ്പൈതൽ. ഇങ്ങനെ എത്രയെത്ര രൂപങ്ങൾ. സിംഹത്തിന്റെ 
മുഖവും മനുഷ്യന്റെ ഉടലും നാലു തൃക്കൈകളും ചേർന്ന ഭീകര മായ നരസിംഹ രൂപം ധ്യാനത്തിൽ തെളിഞ്ഞതേയില്ല. മേൽപ്പത്തൂർ വളരെ നേരം ചിന്തയിലാണ്ടിരുന്നു. കവിത വരുന്ന നേരം കാത്തിരുന്ന മാതൃദത്തൻ ചുവരിൽ ചാരിയിരുന്ന് ഉറങ്ങി പോയി. 
പെട്ടെന്നൊരു ശബ്ദം കേട്ട് മേൽപ്പത്തൂർ ഒന്ന് നടുങ്ങി.
ഭൂമണ്ഡലമാകെ പൊട്ടി പിളരുന്നതുപോലൊരു
ശബ്‌ദം തനിക്ക് തോന്നിയ താവും എന്ന് ഭട്ടതിരി കരുതി. അല്ല ആശബ്ദത്തോടൊപ്പം മുൻ വശത്തുള്ള കൽത്തൂണ് രണ്ടായി പിളർന്ന് അതിനുള്ളിൽ നിന്ന് അതാ നരസിംഹംതന്റെ മുന്നിലേക്ക് ചാടി വരുന്നു. 
"കൃഷ്ണാ ഗുരുവായൂരപ്പാ"
മേൽപ്പത്തൂർ ഉള്ളാലെ വിളിച്ചു പോയി.അദ്ദേഹം തന്റെ മുന്നിൽ കണ്ട രൂപത്തെ കണ്ണിമയ്ക്കാതെ നോക്കി. 
ചെമ്പിച്ച ജടകളെ ഒതുക്കി കൊണ്ടണിഞ്ഞിട്ടുളള രത്നകിരീടം പൊങ്ങി നിന്നിളകുന്ന ചെവികൾ ചുട്ടു പഴുത്ത സ്വർണ്ണക്കട്ടകൾ പോലെ ചുവന്നു തിളങ്ങുന്ന തുറിച്ച കണ്ണുകൾ. തുറന്ന ഗുഹപോലുള്ള വായിൽനിന്നു നീണ്ടു നിണമൊഴുകുന്ന നാക്ക്
പുറത്തേക്കു തള്ളി നിൽക്കുന്ന തിളക്കമുള്ള തേറ്റ പ്പല്ലുകൾ തടിച്ച കഴുത്ത്. 
ആഭരണങ്ങളണിട്ടുള്ള നാലു തൃക്കൈകൾ രണ്ടു കൈകളിലേന്തിയിട്ടുള്ള ശംഖചക്രങ്ങൾ .നിമിഷങ്ങൾ അങ്ങിനെ കഴിഞ്ഞു പോയി പെട്ടെന്ന് ഭട്ടതിരി ആ നരസിംഹ ത്തിന് മുമ്പിൽ സാഷ്ടാംഗം നമസ്ക്കരിച്ചു. എണീറ്റുനോക്കുമ്പോഴേക്കും ആ രൂപം മറഞ്ഞു കഴിഞ്ഞിരുന്നു. ഉടൻ തന്നെ ഭട്ടതിരി നരസിംഹാവതാരം വർണ്ണിച്ചുകൊണ്ടുളള ശ്ലോകങ്ങൾ ചൊല്ലാൻ തുടങ്ങി.
"സ്തഭേ ഘട്ടയതോ ഹിരണ്യകശിപോഃ
കർണ്ണൗ സമാചൂർണ്ണയ-
ന്നാഘൂർണ്ണ ജ്ജഗദണ്ഡ കുണ്ഡകുഹരോ
ഘോരസ്തവാഭൂദ്രവഃ"
 മാതൃദത്തൻ ഉറക്കത്തിൽ നിന്നുംഞെട്ടി യുണർന്നു ശ്ലോകങ്ങൾ പകർത്തി യെഴുതാൻ തുടങ്ങി. 
നാരായണീയം രചിക്കുന്നതിനിടയിൽ ഈ വിധം എത്രയോ സംഭവങ്ങൾ ഉണ്ടായിട്ടുള്ളതായി പഴമക്കാർ പറയുന്നുണ്ട്. .... *ശുഭരാത്രി*

No comments:

Post a Comment