Sunday, March 24, 2019

കാ ചിന്താ മമ ജീവനേ യദി ഹരിര്‍ വിശ്വം ഭരോ ഗീയതേ
നോ ചേദര്‍ഭകജീവനായ ജനനീസ്തന്യം കഥം നിര്‍മയേല്‍
ഇത്യാലോച്യ മുഹുര്‍മുഹുര്‍ യദുവതേ ലക്ഷ്മീപദേ കേവലം
ത്വത്പാദാംബുജ സേവനേന സതതം കാലോ മയാ തീയതേ

ശ്ലോകാര്‍ഥം
"പ്രപഞ്ച സംവിധായകനാണ്‌ മഹാവിഷ്ണു. ഇത്‌ സത്യമാണെന്നിരിക്കെ എനിക്ക്‌ ഒന്നിനെക്കുറിച്ച്‌ ഒരു ഭയവുമില്ല. ഗര്‍ഭപാത്രത്തിലെ ശിശു പുറത്തുവരുമ്പോള്‍ കഴിക്കാനുള്ള ഭക്ഷണമായി അമ്മയുടെ സ്തനങ്ങളില്‍ പാല്‍ നിറച്ചുവയ്ക്കുന്നതും അദ്ദേഹംതന്നെ. ഞാനങ്ങയെ നമസ്കരിക്കുന്നു."
വേദാന്തത്തിന്റെയും ഈശ്വരവിശ്വാസത്തിന്റെയും പരമകാഷ്ഠയിലെത്തുമ്പോഴാണ്‌ ഈ വിധം നിര്‍വേദം തോന്നുന്നത്‌. വിരക്തി, വൈരാഗ്യം, നിസ്സംഗത എന്നിങ്ങനെ പല പേരുകളിലും ഈ ബോധം അറിയപ്പെടുന്നു. വണ്ടിയോടിക്കാന്‍ ഡ്രൈവറുള്ളപ്പോള്‍ യാത്രക്കാര്‍ എന്തിന്‌ ഉത്കണ്ഠപ്പെടുന്നു എന്നപോലെ സാക്ഷാല്‍ പരമാത്മാവിന്റെ കീഴില്‍ ചരാചര പ്രപഞ്ചം ജനിച്ചും മരിച്ചും മുന്നോട്ടുപോകുമ്പോള്‍ അതിനിരയാകുന്ന നമ്മള്‍ക്ക്‌ ആകാംക്ഷയോ ആകുലതയോ ആവശ്യമില്ല. വരരുചിയുടേതായി ഐതിഹ്യപ്രകാരം പറയപ്പെടുന്ന ഒരു വാചകമുണ്ട്‌. "വായുണ്ടെങ്കില്‍ ഇരയും കല്‍പ്പിച്ചിരിക്കും". ഒരു പുരുഷായുസ്സ്‌ മുഴുവന്‍ ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സന്യാസം എന്നീ മേഖലകളായി വിഭജിക്കപ്പെട്ടാല്‍പ്പോലും സന്യാസത്തിന്റെ അവസാനഘട്ടം പ്രത്യേകം സ്മരിക്കപ്പെടുന്നു. അതിന്‌ അജഗരാവസ്ഥ അല്ലെങ്കില്‍ മലമ്പാമ്പിന്റെ സ്ഥിതി എന്നാണ്‌ പറയുക. നിഷ്ക്രിയനും നിസ്സംഗനും നിശ്ചലനുമായി തപസ്സനുഷ്ഠിച്ചുകൊണ്ട്‌ മരണം വരിക്കലാണ്‌ ഈ സ്ഥിതി. 
ആദ്ധ്യാത്മികതയില്‍ അസാധാരണമായ താല്‍പ്പര്യമുണ്ട്‌ ചാണക്യന്‌ എന്ന്‌ അംഗീകരിക്കാന്‍ നമ്മെക്കൊണ്ടാവില്ല. ഈ ശ്ലോകം അതാണ്‌ തെളിയിക്കുന്നത്‌. എങ്കിലും ചാണക്യനെപ്പോലുള്ള ഒരു രാഷ്ട്ര നിര്‍മാതാവിന്‌ മേല്‍പ്പറഞ്ഞ അജഗരാവസ്ഥയോ വിധിപോലെ വരട്ടെ എന്ന നിസ്സംഗതയോ ഒരിക്കലും യോജിക്കുന്നവയല്ല. ചരിത്രം നമ്മെ പഠിപ്പിക്കുന്നതനുസരിച്ച്‌ ചാണക്യന്റെ രക്തവും വിയര്‍പ്പും കൊണ്ടാണ്‌ മൗര്യ സാമ്രാജ്യം കെട്ടിപ്പടുത്തത്‌ എങ്കില്‍ അത്‌ കീര്‍ത്തനം പാടിയിട്ടോ ഈശ്വര ധ്യാനംകൊണ്ടോ ആയിരിക്കാനിടയില്ല. 
ചാണക്യന്റെ സ്വഭാവത്തെക്കുറിച്ചും വിശ്വാസങ്ങളെക്കുറിച്ചും അതിമനോഹരങ്ങളായ ചിത്രങ്ങളാണ്‌ മറ്റ്‌ ശ്ലോകങ്ങളില്‍. അതിനിടയ്ക്ക്‌ ഒട്ടും സംഗതമല്ലാത്ത ഇത്തരം പ്രസ്താവനകള്‍ കടന്നുകയറി വരുന്നതില്‍ ഒൌ‍ചിത്യക്കുറവുണ്ട്‌. ചാണക്യന്റെ പി ന്‍തലമുറ എഴുതിച്ചേര്‍ത്ത പ്രക്ഷിപ്തങ്ങളോ മറ്റോ ആയിരിക്കണം ഇത്‌. 
സ്രഷ്ടാവെന്ന പദം ആരെ കുറിക്കുന്നുവെന്ന്‌ തര്‍ക്കിക്കേണ്ട ആവശ്യമില്ല. പക്ഷേ ഒന്ന്‌ തീര്‍ച്ച. അദ്ദേഹം അസാമാന്യ അമാനുഷ പ്രതിഭതന്നെ തീര്‍ച്ച. കര്‍മം ചെയ്തവന്റെ അടുത്തേക്ക്‌ കര്‍മഫലം പശുക്കിടാവിനെപ്പോലെ ഓടിയെത്തുന്നതിലും ജനിക്കുന്നശിശുവിന്‌ വളരാ ന്‍ വേണ്ട പോഷകം നിറഞ്ഞ മുലപ്പാല്‍ തയ്യാറാക്കുന്നതിലും ഭ്രൂണത്തിന്‌ കേട്‌ പറ്റാതിരിക്കാന്‍ ഗര്‍ഭപാത്രം നിര്‍മി ക്കുന്നതിലും ഹൃദയം സംരക്ഷിക്കാന്‍ മാംസംകൊണ്ടും അതിനും പുറത്ത്‌ എല്ലുകൊണ്ടുമുള്ള കൂട്‌ തയ്യാറാക്കുന്നതിലും തലച്ചോറിനെ രക്ഷിക്കാന്‍ തലയോട്‌ സമ്മാനിച്ചതിലും ആ വിശ്വമഹാപ്രതിഭയുടെ വിദഗ്ധ ഹസ്തങ്ങളെ നാം സ്തുതിക്കേണ്ടതാണ്‌.

No comments:

Post a Comment