Sunday, March 24, 2019

ആദൗ സ്വവര്‍ണ്ണാശ്രമവര്‍ണ്ണിതാഃ ക്രിയാഃ 
കൃത്വാ സമാസാദിതശുദ്ധമാനസഃ
സമാപ്യ തല്‍പൂര്‍വ്വമുപാത്തസാധനഃ 
സമാശ്രയേല്‍ സല്‍ഗുരുമാത്മലബ്ധയേ. 5

ആദ്യം ശുദ്ധിയോടെ വര്‍ണ്ണാശ്രമവിധികളനുസരിച്ച് സ്വന്തം ജാതിക്കും ആശ്രമത്തിനും അനുയോജ്യമായ കര്‍മ്മങ്ങള്‍ യഥാവിധി ചെയ്തുപൂര്‍ത്തിയാക്കുക. അങ്ങനെ മനസ്സ് ശുദ്ധമാക്കണം. അതിനുശേഷം ഒരു ഗുരുവിനെ ആശ്രയിച്ച് ആദ്യം നേടേണ്ടതായ ശമാദിഷട്കസമ്പത്തി, ഇഹാമുത്രഫലഭോഗവിരാഗം, നിത്യാനിത്യവസ്തുവിവേകം, മുമുക്ഷുത്വം എന്നീ  സാധനാചതുഷ്ടയം സമ്പാദിക്കണം.
കുറിപ്പ്- മുക്തികിട്ടാനാഗ്രഹിക്കുന്ന മനുഷ്യന്‍ ആദ്യം തനിക്കു വിധിച്ചിട്ടുള്ള കര്‍മ്മങ്ങള്‍ വിധിപ്രകാരം അനുഷ്ഠിച്ചുതീര്‍ക്കണം. കര്‍മ്മം ചെയ്തതുകൊണ്ടാണ് ജനിച്ചതും. ഇവിടെ നിന്നും രക്ഷപ്പെടാന്‍ കര്‍മ്മവിമുക്തി നേടുകയും വേണം. ഈശ്വരനെ അറിയണമെങ്കില്‍ നാലുകാര്യങ്ങള്‍ സമ്പാദിക്കണം.1. നിത്യാനിത്യ വസ്തുവിവേകം-നിത്യവസ്തുവും അനിത്യവസ്തുവും തിരിച്ചറിയാനുള്ള ബുദ്ധി. ആത്മാവു നിത്യം മറ്റെല്ലാം അനിത്യം.2.ഇഹാമുത്രഫലഭോഗവിരാഗം- ഇഹലോകത്തിലും പരലോകത്തിലുമുള്ള സുഖഭോഗങ്ങളില്‍ രാഗമില്ലാത്ത അവസ്ഥ. 3. ശമാദിഷഡ്ക സമ്പത്തി. ശമം, ദമം, ഉപരമ, തിതിക്ഷ, ശ്രദ്ധ, സമാധാനം ഈ ആറവസ്ഥകള്‍ നേടണം. 4. മുമുക്ഷുത്വം-മോക്ഷം പ്രാപിക്കണമെന്നുള്ള തീവ്രമായ അഭിലാഷം.  
ക്രിയാ ശരീരോത്ഭവഹേതുരാദൃതം 
പ്രിയാപ്രിയൗ തൌ ഭവതഃ സുരാഗിണഃ
ധര്‍മ്മേതരൗ തത്ര പുനഃ ശരീരകം 
പുനഃ ക്രിയാ ചക്രവദീര്യതേ ഭവഃ -6  
ശരീരം ഉണ്ടാകുന്നതിനു കാരണം കര്‍മ്മമാണ്. വീണ്ടും കര്‍മ്മം ചെയ്തുകൊണ്ടിരുന്നാല്‍ ശരീരം ലഭിച്ച ജീവി ധര്‍മ്മവും അധര്‍മ്മവും ചെയ്തുകൊണ്ടിരിക്കും. അതിലൂടെ സുഖദുഃഖങ്ങള്‍ വീണ്ടും വീണ്ടും വന്നുകൊണ്ടിരിക്കുന്നു. ആ ശരീരം നശിക്കുമ്പോള്‍ ഈ കര്‍മ്മങ്ങളുടെ ഫലമായി വീണ്ടും ശരീരമെടുക്കുന്നു. പിന്നെയും കര്‍മ്മംചെയ്യുന്നു. ഇങ്ങനെ കര്‍മ്മവും ജന്മവും ഒരു ചക്രംപോലെ ചുറ്റിക്കൊണ്ടിരിക്കുന്നു.
കിറിപ്പ്- പൂര്‍വ്വജന്മങ്ങളില്‍ ചെയ്തിട്ടുള്ള കര്‍മ്മഫലങ്ങളാണ് വീണ്ടുമൊരു ജനനത്തിനു കാരണമാകുന്നത്. ഈ കര്‍മ്മഫലങ്ങളെ പ്രാരബ്ധം എന്നു പറയുന്നു. ജന്മത്തിനു കാരണമാകുന്ന പ്രാരബ്ധം അവസാനിച്ചില്ലെങ്കില്‍ വീണ്ടും ജനനമുണ്ടാകുന്നു. ഈ ചക്രം ആവര്‍ത്തിക്കുന്നു.  

No comments:

Post a Comment