Tuesday, March 26, 2019

ശരീരത്തെ നിമിത്തമാക്കിവച്ചിട്ട് അകമേയ്ക്ക് ചുമ്മാ ഇരിക്കുക
താനെന്താണോ അതായിത്തന്നെയിരിക്കുക, തന്നില്‍ വെള്ളം ചേര്‍ക്കാന്‍ ശ്രമിച്ച് താനല്ലാത്തതിനെ താനെന്നു കാണിപ്പിക്കുന്നതാണ് പാപം.
തന്റെ പ്രകൃതിയെ മാറ്റിമറിയ്ക്കാന്‍ ഒരാചാര്യനും പറഞ്ഞിട്ടില്ല. അര്‍ജ്ജുനനോട് യുദ്ധംചെയ്യാന്‍ പറഞ്ഞ കൃഷ്ണന്‍ ഉദ്ധവരോട് സകല കര്‍മ്മവും ഉപേക്ഷിക്കാന്‍ ഉപദേശിച്ചു. കാരണം രണ്ടുപെരുടെയും പ്രകൃതി വ്യത്യസ്തമാണ്.
എനിയ്ക്കു കിട്ടിയ ഈ പ്രകൃതി ഞാന്‍ വേണമെന്നു വിചാരിച്ചു തിരഞ്ഞെടുത്തതല്ല, എന്നിലൂടെ പ്രകൃതിയുടെ എന്തൊക്കെയോ പ്രതിഭാസങ്ങള്‍ നടക്കാനുണ്ട്. ഞാന്‍ വേണ്ടാന്നു പറഞ്ഞാല്‍ അതൊന്നും നടക്കാതിരിക്കുകയില്ല, ഈ ശരീരം ഉണ്ടായിരിക്കുന്നതു തന്നെ അതെല്ലാം ഇതിലൂടെ നടക്കാന്‍ വേണ്ടി മാത്രമാണ്. അതുകൊണ്ട് പ്രകൃതിയെ മാറ്റിമറിയ്ക്കാനൊന്നും പോകേണ്ടതില്ല, മാറ്റിമറിയ്ക്കാന്‍ ശ്രമിച്ചാല്‍ കുരുക്ക് കൂടുതലായി മുറുകുമെന്നല്ലാതെ അതിനെ ഇല്ലാതാക്കാന്‍ സാധ്യമല്ലതന്നെ. ഭഗവാന്‍ അര്‍ജ്ജുനനോടു പറയുന്നത് ഈ ശരീരത്തെ വെറുമൊരു നിമിത്തമാക്കിവച്ചുകൊണ്ട് അകമേയ്ക്ക് ചുമ്മാ ഇരിക്കൂ എന്നാണ്. ഇതാണ് ഗീതയുടെ അന്തഃസത്ത.
നമ്മുടെ കൈയ്യില്‍ നില്‍ക്കാത്ത കാര്യത്തെക്കുറിച്ച് ചിന്തിച്ചു വിലപ്പെട്ട സമയം പാഴാക്കാതെ നമുക്കു സാധ്യമായ ഉറപ്പുള്ള ഒന്നുണ്ട്, തന്നെ അറിഞ്ഞ് സ്വയം ഈ പ്രകൃതിയില്‍നിന്നും മുക്തമാവുക എന്നത്. പ്രകൃതി ഈ ശരീരത്തിലൂടെ ചലിച്ചുകൊണ്ടിരിക്കുമ്പോള്‍തന്നെ നമുക്കു നിശ്ചയമായും സാധ്യമായ ആ പരമ ലക്ഷ്യത്തിനായി നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുക. പരിശ്രമം ആത്മാര്‍ത്ഥമാണെങ്കില്‍, അത് അന്തര്യാമിക്ക് പൂര്‍ണ്ണമായും ശരണാഗതി ചെയ്തിട്ടാണെങ്കില്‍, അതു സാധൂകരിക്കുന്നതിനായി ഭഗവാന്‍ അവതാരമായി താഴേക്കിറങ്ങിവരും, ഉറപ്പ്. ഇതേക്കുറിച്ച് അശേഷം സംശയം വേണ്ട, സംശയം വരുന്നുവെങ്കില്‍ അത് അഹങ്കാരത്തിന്റേതാണ്, അതിനെ ആദ്യമേതന്നെ പിഴുത് ദൂരേക്കെറിഞ്ഞുകളയുക.
കിട്ടും എന്നുറപ്പുള്ള ഒരേയൊരു സംഗതി ആത്മലാഭമാണ്, കാരണം, അതിപ്പോള്‍തന്നെ കിട്ടിയിട്ടുള്ളതാണ്. കിട്ടിക്കഴിഞ്ഞതിനെയാണ് കിട്ടിയില്ലല്ലോ എന്നു പറഞ്ഞ് വിളിച്ചുകൂവുന്നത്...............sudha bharat

No comments:

Post a Comment