Sunday, March 24, 2019

ഹരേ ഗുരുവായൂരപ്പാ ശരണം
ഇന്ന് കണ്ണന്റെ അലങ്കാരം ആലില കണ്ണനായി, ചന്ദനം കൊണ്ട് മനോഹരമായ ആലിലയിൽ ,തൃക്കൈയ്യിൽ പാദാഗ്രത്തിന്റെ ഒരറ്റം പിടിച്ച് വളരെ അതി മനോഹരമായി ശ്രീലകത്തിൽ പ്രകാശിക്കുന്നു. ഭാഗവതം പന്ത്രണ്ടാം സ്കന്ധത്തിൽ ഭഗവൽ ഉപാസനയിലൂടെ പരമശാന്തി ലഭിക്കുകയും മരണഭയത്തെ പോലും മറികടന്ന മാർക്കാണ്ഡേയ മുനി നരനാരയണന്മാരോട് മായ ദർശനം അനുഭവിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു. അത് പ്രകാരം അൽപ്പനേരത്തിനുള്ളിൽ പ്രളയത്തിൽപ്പെട്ട മുനി മുങ്ങി പൊങ്ങുമ്പോൾ ആലിലയിൽ ശയിക്കുന്ന മുകുന്ദനെ ദർശിക്കുകയും ആ ദേവന്റെ ശ്വാസത്തിൽ കുടി അകത്ത് പോയ മുനി പുറത്ത് കണ്ട അതേ പ്രളയവസ്ഥ കണ്ട് അതിശയപ്പെട്ടു.അതിൽ നിന്നും കരകയറിയ മുനി ഭഗവാന്റെ പാദഭജനമാണ് ശ്രേയസ്ക്കരം ഈ മായയെ തരണം ചെയ്യാൻ എന്ന് മനസ്സിലാക്കുന്നു.
നാരായണീയത്തിൽ ഭട്ടതിരിപ്പാടും ഇത് സമ്മതിക്കുന്നു. നൂറാം ദശകത്തിൽ ഒമ്പതാം ശ്ലോകത്തിൽ ഈ പാദാഗ്രത്തെ അനുസ്മരിക്കുന്നുണ്ട്.ഒരു പക്ഷേ നാലമ്പലത്തിൽ പടിഞ്ഞാറ് ഭാഗത്തുള്ള അനന്തശയനത്തിൽ ഭട്ടതിരിപ്പാട് വർണ്ണിക്കുന്ന " പാദാഗ്രം ഭ്രാന്തി മജ്ജത് പ്രണതജന മനോ മന്ദരോദ്ധാര കൂർമ്മം" പോലെ വ്യക്തമായി കാണാം അത് കണ്ടിട്ടാണോന്നറിയില്ല ഇത്ര അനുഭവവേദ്യമായി പറയുന്നത്. പാദാഗ്രം അറിവുള്ള ഭക്തന്മാർ അനന്തശയനത്തിന്റെ അടുത്തുപ്പോയി സ്മരിക്കുന്നത് കാണാം.
ഭഗവൽ പാദം അനുഗ്രഹമായി കിട്ടിയ വളരെ ചുരുക്കം പേരേ പുരാണത്തിൽ ഉള്ളൂ. ഒന്ന് മഹാബലി എന്ന അസുരൻ, അഹല്യ എന്ന ഗൗതമ പത്നിയും ഭാഗവതത്തിൽ കൃഷ്ണപാദാത്താൽ മോക്ഷം കിട്ടിയ സുദർശന സർപവും. ഇവരെല്ലാം വളരെ അനുഗ്രഹീതരാണ്. ഗുരുവായൂരപ്പന്റെ കൃപാകടാക്ഷത്താൽ ഭഗവൽപാദത്തെ നിത്യം സ്മരിക്കാൻ നമ്മൾക്കും സാധിക്കട്ടെ ഹരേ ഹരേ.
sudhir chulliyil

No comments:

Post a Comment