Friday, March 08, 2019

മായ....!

ഒരിക്കല്‍ നാരദമുനിക്ക് മായയെന്താണെന്ന് അറിയാന്‍ താത്പര്യമുണ്ടായി; അത് ഭഗവാന്‍ ശ്രീകൃഷ്ണനോട് പറഞ്ഞു. അപ്പോള്‍ ഭഗവാന്‍ മായയെ അനുഭവിച്ച് അറിയാന്‍ വഴിയുണ്ടാക്കാം എന്ന് അറിയിച്ചു.

കുറെനാള്‍ കടന്നുപോയി. ഒരു ദിവസം ശ്രീകൃഷ്ണന്‍ നാരദരെയും കൂട്ടി മരുഭൂമിയിലൂടെ ഒരു യാത്രപോയി. ഏറെ ദൂരം നടന്നപ്പോള്‍ കൃഷ്ണന്‍ നാരദമുനിയോട് പറഞ്ഞു: “മഹാമുനേ, എനിക്കിനി ഈ മണലില്‍ ഒരടിപോലും നടക്കാനാവില്ല. വല്ലാത്ത ക്ഷീണം. ദാഹവും കലശലായിരിക്കുന്നു. ഞാന്‍ ഇവിടെയിരിക്കാം; അങ്ങ് പോയി കുറച്ചു വെള്ളം കൊണ്ടു വന്നാലും.”

നാരദമുനി വെള്ളം തേടി യാത്രയായി. കുറെ ദൂരം ചെന്നപ്പോള്‍ ഒരു ചെറിയ ഗ്രാമം കാണായി. അവിടെ കുറെ വീടുകളും. മുനി ആദ്യം കണ്ട വീട്ടിന്‍റെ മുന്‍വാതിലില്‍ തട്ടിവിളിച്ചു. വാതില്‍ തുറന്നത് അതി സുന്ദരിയായ ഒരു യുവതിയായിരുന്നു. അവളെ കണ്ടമാത്രയില്‍ ത്തന്നെ മുനി മോഹവലയത്തിലായി. അദ്ദേഹം വെള്ളം ആവശ്യപ്പെട്ടില്ല; ആ സുന്ദരിയുടെ പേര് ചോദിച്ചു.  നാരദമുനിയാണ് അതിഥിയെന്നു മനസ്സിലായപ്പോള്‍ അവള്‍ക്കും സന്തോഷമായി. അദ്ദേഹത്തെ വീട്ടിനുള്ളില്‍ കയറ്റിയിരുത്തി സത്കരിച്ചു.

വൈകുന്നേരമായി. യുവതിയുടെ പിതാവ് എത്തിച്ചേര്‍ന്നു. നാരദമുനി മകളെ വിവാഹം കഴിക്കാനുള്ള ആഗ്രഹം അദ്ദേഹത്തെ അറിയിച്ചു. അദ്ദേഹം അതീവ സന്തുഷ്ടനായി. പതിന്നാലു ലോകങ്ങളിലും അറിയപ്പെടുന്ന, ബ്രഹ്മപുത്രനായ നാരദമുനി മരുമകനാവാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരിക്കുന്നു.

അദ്ദേഹം പിറ്റേന്നു തന്നെ ബന്ധുക്കളെ വിവരം അറിയിച്ച്, വൈകാതെ നാരദമുനിയും ആ സുന്ദരിയുമായുള്ള വിവാഹം നടത്തി.

കാലം കടന്നു പോയി. നാരദമുനി യുവതിയുമായി സസുഖം ജീവിച്ചു. അവര്‍ക്ക് ഒരു പുത്രന്‍ ജനിച്ചു. പിന്നീട് രണ്ടു മക്കള്‍ കൂടി പിറന്നു. വര്‍ഷങ്ങള്‍ കടന്നുപോയി.

പെട്ടെന്ന് ഒരുദിവസം മരുഭൂമിയില്‍ പെരുമഴ തുടങ്ങി. പല ദിവസങ്ങള്‍ നീണ്ടുനിന്ന മഴയില്‍ മരുഭൂമിയില്‍ വര്‍ഷങ്ങളായി ഉണങ്ങിവരണ്ടു കിടന്ന നദി കരകവിഞ്ഞ് ഒഴുകി. അവിടെ പ്രളയമായി. ആ പ്രളയത്തില്‍ നാരദരുടെ ഭാര്യയും മക്കളും ഒലിച്ചുപോയി. കണ്മുമ്പില്‍ അവര്‍ നഷ്ടമായപ്പോള്‍ മുനിക്ക്‌ ദുഃഖം താങ്ങാനായില്ല. അദ്ദേഹം തറയിലിരുന്നു കൊച്ചുകുട്ടികളെപ്പോലെ വാവിട്ടു കരഞ്ഞു; വെറും മണ്ണില്‍ കിടന്നുരുണ്ടു.

പെട്ടന്നതാ, തോളില്‍ ഒരു കരസ്പര്‍ശം. തിരിഞ്ഞു നോക്കുമ്പോള്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ പുഞ്ചിരിച്ചുകൊണ്ട് നില്‍ക്കുന്നു: “നാരദമുനേ, അങ്ങ് വെള്ളം കൊണ്ടുവരാമെന്ന് പറഞ്ഞ് പോയതല്ലേ? ഞാന്‍ കുറച്ചുനേരമായി കാത്തിരുന്ന് കാണാഞ്ഞ് അങ്ങയെ തേടിയിറങ്ങിയതാണ്. മഹാമുനിയായ അങ്ങ് വാവിട്ടു കരയുന്നത് തികച്ചും ആശ്ചര്യമായിരിക്കുന്നല്ലോ?”

പെട്ടെന്ന് നാരദര്‍ക്ക് നടന്നതൊക്കെ മായയാണെന്ന് ബോദ്ധ്യമായി.

മനുഷ്യജന്മമെടുത്ത പലരും ഇതുപോലെ ലക്‌ഷ്യം മറന്ന് മായക്കാഴ്ചകളില്‍ പെട്ട് സന്തോഷിക്കയും, ദു:ഖിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇവയെല്ലാം  മായാവിലാസങ്ങള്‍  ആണെന്നറിയുന്നവര്‍ താമരയിതളില്‍ വീണ വെള്ളം പോലെ ബാധിക്കപ്പെടാതെ ലക്ഷ്യത്തില്‍ ഉറച്ച് മുന്നേറുന്നു....

No comments:

Post a Comment