Saturday, March 23, 2019

അദൃശ്യത്വാധികരണം തുടരുന്നു... 
സൂത്രം- വിശേഷണഭേദവ്യപദേശാഭ്യാം ച നേതരൗ
വിശേഷണപരമായും ഭേദപരമായും വ്യപദേശിച്ചിട്ടുള്ളതിനാല്‍ മറ്റു രണ്ടുമല്ല.
ഭൂതയോനിക്ക് കൊടുത്ത വിശേഷണം കൊണ്ടും ജീവനില്‍ നിന്നും പ്രധാനത്തില്‍ നിന്നുമുള്ള ഭേദം പറഞ്ഞിരിക്കുന്നതിനാലും പ്രധാനമോ ശാരീരമായ ആത്മാവോ (ജീവനോ) അല്ല ഇവിടെ പറഞ്ഞത്.
മുണ്ഡകോപനിഷത്തില്‍ ഭൂതയോനിക്ക് നല്‍കുന്ന വിശേഷണങ്ങള്‍ ഇവയാണ്.
' ദിവ്യോഹ്യ മൂര്‍ത്ത: പുരുഷോ
സ ബാഹ്യാഭ്യന്തരോ ഹ്യജ:
അപ്രാണോഹ്യമന:ശുഭ്രോ
ഹ്യക്ഷരാത് പരതഃ പരഃ'
സ്വയം ജ്യോതിസ്വരൂപനും രൂപരഹിതനും എല്ലാ ശരീരങ്ങളിലും സ്ഥിതി ചെയ്യുന്നവനും പൂര്‍ണനും ഉള്ളിലും പുറത്തും സമനായിരിക്കുന്നവനും ജനനരഹിതനും പ്രാണരഹിതനും 
അന്ത:കരണമില്ലാത്തവനും പരിശുദ്ധനും എല്ലാ വികാരങ്ങള്‍ക്കും പരമായ അവ്യാകൃതത്തേക്കാള്‍ പരനുമാണ്.
ഈ വിശേഷണങ്ങളെല്ലാം പരബ്രഹ്മത്തിന് മാത്രം യോജിക്കുന്നവയാണ്. ഇവ ജഡമായ പ്രധാനത്തിനോ പരിച്ഛിന്നമായ ജീവനോ യോജിക്കുന്നവയല്ല. മുണ്ഡകത്തില്‍ ഈ ഭാഗത്തെ ഒന്നാമത്തെ മന്ത്രത്തില്‍
'തഥാ ക്ഷരാദ് വിവിധാഃ സൗമ്യ പ്രജായന്തേ'
 വിവിധ ജീവജാലങ്ങളുണ്ടാകുന്നത് അക്ഷരബ്രഹ്മത്തില്‍ നിന്നാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
'സമാനേ വൃക്ഷേ പുരുഷോ.... വീതശോക  എന്ന മന്ത്രത്തിലും ജീവനേയും ഈശ്വരനേയും വേര്‍തിരിച്ച് പറയുന്നു.
അതിനാല്‍ പ്രധാനമോ ജീവനോ അല്ല ഭൂതയോനി എന്ന് ഉറപ്പാക്കാം.
സൂത്രം- രൂപോപന്യാസാച്ച
രൂപത്തെപ്പറ്റി പറഞ്ഞിട്ടുള്ളതിനാലും.
നിര്‍ഗുണവും നിരാകാരവുമായ പരബ്രഹ്മത്തെ വിവരിച്ച ശേഷം സഗുണ സാകാരമായ അപരബ്രഹ്മത്തെ വിവിരിച്ചിട്ടുള്ളതിനാ
ല്‍ ഭൂതയോനി പരബ്രഹ്മം തന്നെയെന്ന് നിശ്ചയിക്കാം.
ശ്രുതികളില്‍ ബ്രഹ്മത്തിന് സകല ലോകമയമായ വിരാട് സ്വരൂപമായി വര്‍ണ്ണിച്ചിട്ടുണ്ട്.
മുണ്ഡകോപനിഷത്തില്‍ അപരബ്രഹ്മത്തെ ഇങ്ങനെ വിവരിക്കുന്നു. 
'അഗ്‌നിര്‍മൂര്‍ദ്ധാ ചക്ഷുഷീ ചന്ദ്രസൂര്യൗ
ദിശഃ ശ്രോത്രേ വാഗ് വിവൃതാശ്ച വേദാഃ
വായുഃ പ്രാണോ ഹൃദയം വിശ്വമസ്യ
പദ്ഭ്യാം പൃഥിവീ ഹ്യേഷ സര്‍വ്വഭൂതാന്തരാത്മാ'
ആരുടെ ശിരസ്സ് ദ്യുലോകവും കണ്ണുകള്‍ സൂര്യചന്ദ്രന്‍മാരും കാത് ദിക്കുകളും വാക്ക് വേദങ്ങളും പ്രാണന്‍ വായുവും ഹൃദയം ജഗത്തുമാകുന്നത്. ആരുടെ പാദങ്ങളില്‍ നിന്നാണോ ഈ ഭൂമിയുണ്ടായത് ആ ദേവന്‍ എല്ലാ ജീവികളുടേയും അന്തരാത്മാവാണ്. എല്ലാറ്റിനും കാരണമായിരിക്കുന്നതിനാ
ല്‍ പരമാത്മാവിന് മാത്രമേ ഈ വിവരണം ചേരൂ. അല്പ ഐശ്വര്യങ്ങളുള്ള ജീവനോ അചേതനമായ പ്രധാനത്തിനോ ഈ സ്വരൂപം 
ഉണ്ടാകില്ല. സര്‍വ്വഭൂതാന്തരാത്മാവ് എന്ന വിശേഷണം കൊണ്ട് പരമാത്മാവ് തന്നെയാണ് ഭൂതയോനി എന്ന് വ്യക്തമാക്കുന്നു.
ശരീരമുള്ളവര്‍ക്ക് രൂപമുള്ളതുപോലെ അദൃശ്യം മുതലായ ഗുണങ്ങളുള്ള ഭൂതയോനി
യ്ക്ക് എങ്ങനെ രൂപമുണ്ടാകും എന്ന് സംശയിച്ചേക്കാം. ഭൂതയോനിക്ക് സര്‍വ്വാത്മകത്വം ഉണ്ടെന്നറിയാനാണ് ഇങ്ങനെ പറഞ്ഞത്. ശരീരമുണ്ട് എന്ന് അതിന് അര്‍ത്ഥമില്ല.
janmabhumi

No comments:

Post a Comment