Saturday, March 23, 2019

വിസ്മയമായ് വിശ്വരൂപദര്‍ശനം

Thursday 21 March 2019 3:22 am IST
നാല്‍പ്പത്തിയൊന്നാം ദശകം (പൂതനാശരീര ദഹനം) നന്ദഗോപര്‍ ഭീമാകാരിയായ പൂതനയുടെ ജഡം കണ്ട് അന്തം വിട്ടുപോയി. അങ്ങയാല്‍ പരിശുദ്ധമാക്കപ്പെട്ട പൂതനയുടെ ശരീരം ദഹിക്കുമ്പോള്‍ സുഗന്ധമാണുണ്ടായത്. പൂതന അങ്ങയെ കൊല്ലാത്തതില്‍ ഗോപന്മാരെല്ലാം ആഹ്ലാദിച്ചു. അമ്പാടിയില്‍ സന്തോഷം നിറഞ്ഞു. അങ്ങയുടെ പിഞ്ചുകോമള ശരീരവും ശബ്ദവും ഗോപസ്ത്രീകളെ ആനന്ദഭരിതരാക്കി. അമ്പാടിയിലെ ഓരോരുത്തനും ആനന്ദത്തില്‍ പങ്കെടുത്തു. അവിടുന്നടിയന്റെ രോഗം മാറ്റേണമേ ഗുരുവായൂരപ്പാ.
നാല്‍പ്പത്തിരണ്ടാം ദശകം: (ശകടാസുരവധം) ശിശുവായിരുന്ന അങ്ങയെ ശകടത്തിന്റെ രൂപത്തില്‍ (അങ്ങയുടെ ജന്മദിനത്തില്‍) കംസ നിര്‍ദ്ദേശപ്രകാരം, വധിക്കാന്‍ വന്ന ശകടാസുരനെ അങ്ങയുടെ മൃദുവായ കാലുകൊണ്ട് തന്നെ തകര്‍ത്ത്, വധിച്ചത് അമ്പാടിയിലുള്ളവരെ ഭയപ്പെടുത്തുകയും അതുപോലെ സന്തോഷിപ്പിക്കുകയും സംശയിപ്പിക്കുകയും ചെയ്തു. പൂതനയെ നിഗ്രഹിച്ച അങ്ങയെ കണ്ടവര്‍ക്കാര്‍ക്കും സംശയം തോന്നിയതേയില്ല. അങ്ങയുടെ ജന്മദിനത്തിന് വന്ന വേദപണ്ഡിതര്‍ അങ്ങയെ അനുഗ്രഹിച്ചാഹ്ലാദിച്ച് യാത്ര പുറപ്പെട്ടു. അങ്ങെന്റെ രോഗത്തേയും 
ദുഃഖത്തേയുമകറ്റേണമേ.
നാല്‍പ്പത്തിമൂന്നാം ദശകം: (തൃണാവര്‍ത്താസുര വധം) ചുഴലിക്കാറ്റിന്റെ രൂപത്തില്‍ വന്ന തൃണാവര്‍ത്തന്‍ എന്ന അസുരനെ തോല്‍പ്പിച്ച് നിഗ്രഹിക്കാന്‍ അങ്ങയുടെ ശരീരത്തിന് അസാധാരണ ഭാരം വന്നു. ആ ഭാരത്തോടുകൂടി 

ചുഴലിക്കാറ്റായി വന്ന തൃണാവര്‍ത്താസുരന്റെ, മാറത്ത് ഒരപകടവും പറ്റാതെ കളിച്ചു ചിരിക്കുന്ന അങ്ങയുടെരൂപം 
കണ്ട് അമ്പാടിയിലെല്ലാവരും ആനന്ദിച്ചു. മഹാവിഷ്ണു തന്നെ നമ്മുടെ ഉണ്ണിയെ രക്ഷിക്കട്ടെയെന്നവര്‍ പ്രാര്‍ത്ഥിച്ചു. ഇപ്രകാരം വായുരൂപിയായ തൃണാവര്‍ത്താസുരനെ നിഗ്രഹിച്ച ഗുരുവായൂരപ്പാ വാതരോഗം കൊണ്ടുണ്ടായ എന്റെ വേദനകളും ദുഃഖങ്ങളും അകറ്റേണമേ എന്ന് അടിയന്‍ വീണ്ടും വീണ്ടും അപേക്ഷിക്കുന്നു.
നാല്‍പ്പത്തിനാലാം ദശകം: (ശ്രീകൃഷ്ണന്റെ നാമകരണ ചടങ്ങ്) കംസനെ ഭയന്ന്, അങ്ങയുടെ നാമകരണം ആരുമറിയാതെ ഗര്‍ഗ്ഗനെക്കൊണ്ട് നടത്തിക്കാന്‍ നന്ദഗോപര്‍ തീരുമാനിച്ചു. ഗര്‍ഗമുനി സ്വര്‍ഗ സംതൃപ്
തിയോടെ അങ്ങയുടേയും ജ്യേഷ്ഠന്റെയും നാമകരണം അതീവ രഹസ്യമായി നിര്‍വഹിച്ചു. കൃഷ് എന്ന ധാതുവും ണ എന്ന അക്ഷരവും ചേര്‍ത്ത് പാപം ഇല്ലാതാക്കുന്ന അങ്ങേക്ക് കൃഷ്ണനെന്നു പേര്‍ നല്‍കി. കൂടാതെ വാസുദേവന്‍ എന്നിങ്ങനെയുള്ള നാമവും ജ്യേഷ്ഠന് രാമന്‍ എന്ന പേരും നല്‍കി. അങ്ങയെ സ്‌നേഹിച്ചു പൂജിക്കുന്നവന് ദുഃഖങ്ങളുണ്ടാകില്ലെന്നും ദ്രോഹിക്കുന്നവന് നാശമുണ്ടാകുമെന്നും ഗര്‍ഗ്ഗന്‍ പറഞ്ഞു. അങ്ങ് കാരുണ്യത്തിന്റെ നിറകുടമായിരിക്കുമെന്നും നന്ദഗോപനേയും കുടുംബാംഗങ്ങളേയും അറിയിച്ചിട്ടാണ് ഗര്‍ഗ്ഗന്‍ സ്വയം അനുഗ്രഹീതനായി യാത്രയായത്.
നാല്‍പ്പത്തിയഞ്ചാം ദശകം: (ശ്രീകൃഷ്ണന്റെ ബാലലീല) ശ്രീകൃഷ്ണന്റെ ഓട്ടവും ചാട്ടവും കളിയും ചിരിയും ഭക്ഷണം കഴിക്കലും പാലുകുടിക്കലും ബലരാമനും ഗോപബാലന്മാരും സ്ത്രീകളും ചേര്‍ന്ന് ബാല്യകാല കളികളും പാലും വെണ്ണയും കട്ടു തിന്നും, യാചിക്കുന്നതിനുപകരം ഗോപന്മാരുടെ വീട്ടില്‍നിന്നും വെണ്ണയെടുത്ത് തിന്നും. എല്ലാവരേയും സന്തോഷിപ്പിച്ച ഗുരുവായൂരപ്പാ എന്റെ രോഗശമനമുണ്ടാക്കേണമേ.
നാല്‍പ്പത്തിയാറാം ദശകം: (ശ്രീകൃഷ്ണന്‍ യശോദയ്ക്ക് വിശ്വരൂപ ദര്‍ശനം നല്‍കി) മണ്ണുവാരിത്തിന്ന് കളിച്ചു തിമര്‍ത്തു നടന്ന അങ്ങയോട് യശോദ വായ് തുറക്കാന്‍ ആജ്ഞാപിച്ചപ്പോള്‍, സകലമാന ലോകത്തേയും ചരാചരങ്ങളേയും വായ്ക്കുള്ളില്‍ അങ്ങ് യശോദയ്ക്ക് ദര്‍ശനമരുളി. എങ്ങനെയാണോ കൊഞ്ചിക്കൊണ്ട് അങ്ങ് യശോദയുടെ അടുത്തെത്തി, അമ്മയ്ക്ക് ആഹ്ലാദം പകര്‍ന്നത്, അതുപോലെ ഗുരുവായൂരപ്പാ അടിയനെ രക്ഷിച്ചാലും.
നാല്‍പ്പത്തിയേഴാം ദശകം:(ഉരലിലെ ബന്ധനം) തൈരുകടഞ്ഞു കൊണ്ടിരിക്കെ പാലു കുടിക്കാന്‍ അമ്മയുടെ മടിയില്‍ കിടന്ന് അങ്ങ്, അമ്മയെഴുന്നേറ്റുപോയ ദേഷ്യാഭിനയത്തില്‍ തൈരുകുടം ഉടച്ച് ഓടിപ്പോയ അങ്ങയെ പിടിച്ചുകെട്ടാനൊരുമ്പെട്ട് ഓടിത്തളര്‍ന്ന യശോദയുടെ മുന്നില്‍ കരുണാമയനായി തന്നെ ഉരലില്‍ കെട്ടാനായി നിന്നുകൊടുത്ത അങ്ങെന്റെ രോഗം ശമിപ്പിക്കേണമേ.

No comments:

Post a Comment