Tuesday, March 26, 2019

യഥാർത്ഥ ഈശ്വരവിശ്വാസി 
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ഞാൻ വലിയ ഈശ്വരവിശ്വാസി ആയിരുന്നെന്നും അമ്പലങ്ങളായുള്ള അമ്പലങ്ങൾ മുഴുവൻ സന്ദർശിച്ചു തനിക്കും തന്നെ സ്നേഹിക്കുന്നവർക്കും വേണ്ടി പ്രാർഥിക്കുമായിരുന്നെന്നും എന്നാൽ എനിക്ക് ഒരു ദുരന്തം വന്നപ്പോൾ മരവിച്ചു പോയ മനസ്സിൽ ഈശ്വരനുള്ള സ്ഥാനം കുറഞ്ഞുപോയതിനാൽ അമ്പലത്തിൽ പോക്കു തന്നെ കുറഞ്ഞെന്നും ഇനി പോയാൽ തന്നെ ഒന്നും പ്രാർഥിക്കാൻ തോന്നാത്ത അവസ്ഥയിലാണ് തന്റെ മനസ്സ് എന്നുമാണ് ബഹുഭൂരിപക്ഷം ഭക്തരും ചിന്തിക്കുന്നത്;

 തനിക്കനുകൂലമായതു സംഭവിക്കുമ്പോൾ ഈശ്വരനോട്‌ സ്നേഹവും പ്രതികൂലമായതു സംഭവിക്കുമ്പോൾ ഈശ്വരനോടു ദ്വേഷവും തോന്നുക. നമ്മുടെ സുഖദുഖങ്ങൾക്കു കാരണക്കാരൻ നമ്മിൽ നിന്നന്ന്യനായ ഈശ്വരനാണ് എന്ന നമ്മുടെ തെറ്റായ ചിന്തയിൽ നിന്നാണ് ഈ ഈശ്വരസ്നേഹവും ഈശ്വരവിദ്വേഷവും ജനിക്കുന്നത്. 

 ഒരാൾ അത്യാപത്തിൽ പെടുമെന്നുത്തമ വിശ്വാസം വന്നാലവൻ അകമഴിഞ്ഞീശ്വരനെ പ്രാർത്ഥിക്കും. അവനിലമിതമായ വിശ്വാസവും ദർശിക്കാം. തലനാരിഴക്ക് അപകടങ്ങളിൽ നിന്ന് രക്ഷപെടുമ്പോൾ  ഈശ്വരനെ സ്മരിക്കാറുണ്ട്. വലിയ ബുദ്ധിമുട്ടുകളും, പ്രാരാബ്ധങ്ങളും ഉണ്ടാകുമ്പോൾ സദാ ദേവാലയങ്ങളിൽ പോകാറുണ്ട്. ബുദ്ധിമോശത്താൽ അബദ്ധം പിണയുമ്പോൾ  ഈശ്വരചിന്തവരാറുണ്ട്. ഈ അവസരത്തിലെല്ലാം ഇവർ തികഞ്ഞ ഈശ്വരഭക്തരാണ്, അപ്പോഴെല്ലാം ആത്മാർത്ഥമായിത്തന്നെയാണ് അവർ ഈശ്വരനെ വിളിച്ചതും പ്രാർത്ഥിച്ചതും. ഇതൊരു വിശ്വാസിയുടെ ലക്ഷണമാണന്നു വിശ്വസിച്ചാൽ അത് തെറ്റാണ്.  കാരണം ഇങ്ങനെയുള്ള അവസ്ഥയിൽ ആരുസഹായത്തിനെത്തിയാലും അതീശ്വരതുല്ല്യമായി  എല്ലാവരും  സ്വീകരിക്കും.  അവിടെ സ്വാർത്ഥതയാണുടലെടുക്കുക.  യഥാർത്ഥ ഭക്തൻ സർവ്വൈശ്വര്യങ്ങളും നിറഞ്ഞു നില്‍ക്കുമ്പോൾ സ്വകർമ്മത്തിനിടയിലും സമയം കണ്ടെത്തി ഈശ്വരനിൽ ലയിക്കുന്ന അവസ്ഥ നിഷ്കാമമായി, നിസ്വാർത്ഥമായി അനുഷ്ഠിക്കുന്നവനാണ് യഥാർത്ഥ ഭക്തൻ - യഥാർത്ഥ ഈശ്വരവിശ്വാസി.

നമ്മുടെ കർമ്മങ്ങൾക്കുള്ള (പൂർവജന്മ കർമ്മങ്ങൾക്കും എന്നും പറയാം) ഫലങ്ങളാണ് നമുക്ക് കിട്ടുന്നതെന്നും അത് അനുഭവിക്കാൻ നാം ബാധ്യസ്ഥരാണെന്നും ഇതിനൊന്നും ഈശ്വരനുമായി യാതൊരു ബന്ധവുമില്ലെന്നും നമ്മുടെ ആത്മീയഗ്രന്ഥങ്ങൾ (സനാതനധർമ്മം) അടിവരയിട്ടു പറയുന്നുണ്ട്.

കർമ്മം യഥാവിധി പാലിക്കാണം . അപ്പോഴും കിട്ടുന്ന സമയം ഭഗവാനെ സ്മരിക്കാൻ സമയം കണ്ടെത്തുന്നവനാണ് യഥാർത്ഥ ഭക്തൻ.  അല്ലാതെ ആപത്തിൽ പെടുമ്പോഴും, ഭഗവാൻ  സംരക്ഷിക്കപ്പെടുമ്പോഴുമല്ല ഭഗവാനെ സ്തുതിക്കേണ്ടത്. ഭഗവാനെ  സ്തുതിക്കുകയല്ല സ്മരിക്കുകയാണു വേണ്ടത്. നമ്മുടെ  നിയോഗം നമ്മുടെ  കർമ്മമാണ് അതിലുണ്ടാകുന്നതെല്ലാം നമ്മുടെ  കർമ്മഫലവുമാണ്. സുഖവും, ദുഃഖവുമെല്ലാം നമ്മൾ തന്നെ  സൃഷ്ടിച്ചതാണ്. ഭഗവാൻ  കൊടുത്തതല്ല. നമുക്ക്  സ്വയം നിയന്ത്രിക്കാവുന്ന കാമനകളെ തുറന്നുവിട്ട് സ്വയം മേയാൻ അനുവദിക്കുമ്പോൾ  അതിന്റെ ഫലം സുഖദുഃഖമായി വരുമ്പോൾ  ആരാണ് അതനുഭവിക്കേണ്ടത്?. അപ്പോൾ ഭഗവാനെ പ്രാർത്ഥിച്ചതുകൊണ്ട് യാതൊരർത്ഥവുമില്ല. അതു സ്വാർത്ഥതയാണ്, പ്രാർത്ഥനയല്ല.

  ഭഗവാനെ  സ്മരിക്കുകയാണ് പ്രാർത്ഥന. ഭഗവാനെ ഉൾക്കൊള്ളാൻ  കഴിയില്ലങ്കിലും ഭഗവാൻ്റെ  ഭക്തൻ  ഭഗവാനെ സദാ സ്മരിച്ചുകൊണ്ടിരിക്കും. 

കിട്ടിയ ജന്മത്തിനും അതിന്മൂലം വന്നു ഭവിക്കുന്ന സുഖദുഖങ്ങൾക്കും നന്ദി പറയാൻ മാത്രമേ മനുഷ്യന്‌ കഴിയൂ.
   
 ഈശ്വരാരോപിതാമാകുന്ന മറ്റെല്ലാ ഭയാശങ്കകളും സ്നേഹവിദ്വേഷഭാവങ്ങളും എല്ലാം സമൂഹവും ഇതുകൊണ്ടൊക്കെ ഗുണമുണ്ടാകുന്ന കുറെ ആളുകളും ചേർന്ന് നമ്മുടെ മനസ്സിൽ അടിച്ചേൽപ്പിക്കുന്നതാണെന്ന് മനസ്സിലാക്കാനുള്ള വിവേക ബുദ്ധിയാണ് ഭക്തനു വേണ്ടത്. 

ദുഖത്തിലും സുഖത്തിലും ഭഗവാനെ സ്മരിച്ചും , എല്ലാം ഭഗവാനിൽ സമർപ്പിക്കുകയും ചെയ്യുവാൻ കഴിയുന്നവനാണ്  യഥാർത്ഥ   ഈശ്വരവിശ്വാസി , മറ്റു ജീവജാലങ്ങൾക്കും സമൂഹത്തിനും ദോഷം വരുന്ന കർമ്മങ്ങൾ ചെയ്യാതിരിക്കുകയും ഗുണം ഉണ്ടാകുന്ന കർമ്മങ്ങൾ ചെയ്യുകയും ചെയ്യുക അതാകട്ടെ നമ്മുടെ ലക്ഷ്യവും.

  ഋഷിമാരെ ശ്രദ്ധിക്കുക. ഭഗവാനെ  സ്തുതിക്കുകയല്ല. ഏകാഗ്രതയിൽ  മൊത്തമായി ഭഗവാനെ ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെങ്കിലും അവരുടെ ഭാവനക്കനുസരിച്ച്‌ ഭഗവാനെ  ഉൾക്കൊള്ളാൻ  ശ്രമിക്കുന്ന ആ യജ്ഞത്തിന് തപസ്സെന്നുപറയുന്നു. 

ഇപ്രകാരം ഭഗവാനെ എത്രത്തോളം   മനസ്സിലേക്കാവാഹിക്കുന്നുവോ അത്രത്തോളം  മനസ്സ് നിർമ്മലമാകുന്നു. ഇതാകുന്നു ഭക്തി!    ഇവരെ ഭക്തനെന്നു  വിളിക്കുന്നു. ഇവരെ സംബന്ധിച്ചിടത്തോളം അവർക്കാവശ്യങ്ങളില്ല. എന്തെന്നാൽ അവർ സർവ്വസംഗ പരിത്യാഗികളാണ്. അവരെ സംബന്ധിച്ചിടത്തോളം അവർ കർമ്മന്ധ വിമുക്തരാണ്. എല്ലാവർക്കും ഈ അവസ്ഥയിൽ എത്താൻ കഴിയില്ല. കാരണം ഇവർ ലോകനന്മക്കുവേണ്ടി മാത്രം ജന്മമെടുത്തവരും മറ്റുള്ളവർ കർമ്മപൂരണത്തിനുവേണ്ടി ജന്മമെടുത്തവരുമാകുന്നു.  ഈ കർമ്മബന്ധിത ജന്മത്തിലും സമയംകണ്ടെത്തി ഭഗവാനെ സ്മരിക്കുന്ന വിവേകി, വരും ജന്മങ്ങളിലൂടെ  കർമ്മവിമുക്ത ജന്മമായി ലോകനന്മക്കായി അവതരിച്ച്‌ മോക്ഷപ്രാപ്തി നേടുന്നു. 

ഈ പറഞ്ഞവ കർമ്മബന്ധിത ജന്മങ്ങളുടെ അവസാന ഘട്ടത്തത്തിലുള്ള രണ്ടവസ്ഥയാണ് ആദ്യഘട്ടത്തിലുള്ള ജന്മങ്ങൾ എന്നെ സ്മരിക്കുന്നതുപോയിട്ട് ആ ഭാഗത്തു കൂടി സഞ്ചരിക്കുകപോലുമില്ല. ഇവരാരുതന്നെയായാലും അവന്റെ കര്‍മ്മം അവനറിയാതെതന്നെ ചെയ്തിരിക്കും. വരും ജന്മങ്ങളിലാണ് സ്തുതിയും സംഗീതവുമൊക്കെയായി തിരിച്ചറിവിലേക്കെത്തുക. സ്തുതികീർത്തനങ്ങൾ നമ്മുടെ  മാനസികോല്ലാസത്തിന് വേണ്ടിയാണ്.  ശ്രുതിതാളലയമല്ലാത്ത ഒരു സ്തുതിയും  നമ്മൾ  ഇഷ്ടപ്പെടില്ല. കേൾക്കാൻ താല്‍പര്യം കാണിക്കുകയുമില്ല. കർണ്ണാനന്തകരമായതും അർത്ഥപുഷ്ടിയുള്ളതുമായവ കേള്‍ക്കാനും കാണാനും ഭുജിക്കാനും ഉത്സാഹംകൂടും. അവയൊന്നും ഭഗവാന്  വേണ്ടിയല്ല. മറിച്ച്‌ നമ്മുടെ  കാമനകളെ തൃപ്തിപ്പെടുത്താനുള്ളവയാണ്. ഇവയെല്ലാം ഭഗവാൻ  നമുക്കുവേണ്ടി നമ്മുടെ കർമ്മത്തിലൂടെ ചെയ്തുവെച്ചവയാകുന്നു. ഇവയെല്ലാം ഭഗവാനായിയിസമര്‍പ്പിക്കുന്നു എന്ന ധാരണ നമ്മുടെ  മൂഢതയാകുന്നു. ഇതു ഭക്തിയുമല്ല. യഥാർത്ഥ ഭക്തനാകാൻ ജന്മത്തിന്റെ അവസാനഘട്ടത്തിലേക്ക് എത്തണം. അവിടെ യഥാർത്ഥ ഭക്തി ദർശിക്കാൻ കഴിയും. അതോടെ ജന്മമുക്തിയടഞ്ഞ് ഭഗവാനിൽ ലയിക്കുന്നു.

No comments:

Post a Comment