Wednesday, March 13, 2019

*ശംഖ്*

        പ്രകൃതി നിർമ്മിച്ചൊരേകവാദ്യത്തിൽ 
        ശക്തിസ്വരൂപമാം ഇടംപിരിശംഖിനാൽ 
        മാരാരുണർത്തുന്ന ഓംകാരനാദത്തിൽ 
        പളളിയുണരുന്ന ക്ഷേത്രവും ഗ്രാമവും”.

പ്രണവമന്ത്രമായ ഓംകാര മംഗളധ്വനി ഉണർത്തും ശംഖ് ഹിന്ദു വിശ്വാസത്തിൽ നിറഞ്ഞു നിൽക്കുന്നു. “ഓം” കാരം എന്ന ഏക ശബ്ദം മാത്രം പുറപ്പെടുവിക്കുന്ന ഒരേ ഒരു വാദ്യവും ഒപ്പം പ്രകൃതിനിർമ്മിതമായ ഏക വാദ്യോപകരണവുമാണ് ശംഖ്. ദേവവാദ്യത്തില്‍ മംഗളധ്വനി ഉണര്ത്തുന്ന ശംഖില്‍നിന്നത്രെ സംഗീതശബ്ദം ആദ്യമായി വന്നത്.

പ്രകാശ പൂര്‍ണമായ ആകാശമെന്നാണ്‌ ശംഖ്  എന്ന വാക്കിന്റെ അര്‍ത്ഥം. ഒരു കളങ്കവുമില്ലാത്ത നിര്‍മ്മലമായ അവസ്ഥ സര്‍വ്വവ്യാപിയായ പരമാത്മാവിനെ സൂചിപ്പിക്കുന്നു. പഞ്ചഭൂതാത്മകമായ പ്രപഞ്ചം ശബ്ദത്തില്‍ നിന്നാണ്‌ ഉരുത്തിരിഞ്ഞുവന്നത്‌. വിശ്വപ്രപഞ്ചത്തിന്റെ ആദികാരണമായ പ്രണവശബ്ദം ശംഖിലൂടെയാണ്‌ പ്രവഹിക്കുന്നത്‌. ഇതിന്റെ അര്‍ത്ഥം ശബ്ദരൂപമായ പ്രപഞ്ചത്തെ ശംഖ്‌ പ്രതിനിധാനം ചെയ്യുന്നു എന്നാണ്‌.

*ശംഖും_ക്ഷേത്രവും* 

ക്ഷേത്രവുമായി ബന്ധപ്പെട്ട ഏതൊരു മംഗളകർമ്മങ്ങളുടേയും തുടക്കം ശംഖനാദത്തിലൂടെ ആണ്.  ശംഖുവിളിയും, പൂജകൊട്ടും ഉള്ള ഏതൊരു ക്ഷേത്രത്തിലേയും നിത്യനിദാനം തുടങ്ങുന്നത് ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ ശംഖ് മുഴക്കി ദേവനെ ഉണര്‍ത്തുന്ന പള്ളിയുണർത്തൽ ചടങ്ങിലൂടെ ആണ്. ഒരു മനുഷ്യ ശരീരത്തിനു തുല്യമായ ക്ഷേത്രത്തിൽ അതിന്റെ ജീവതാളം തുടങ്ങുന്നത് ഈ ശംഖുവിളിയിലൂടെ ആണ്.

ദീപാരാധനയ്ക്കും വിശേഷ പുജകളിലും  ശ്രീകോവിലിലേക്ക് നിവേദ്യം എഴുന്നള്ളിക്കുമ്പോഴും  ദേവചൈതന്യത്തെ പുറത്തേക്കെഴുന്നള്ളിക്കുമ്പോളും ശംഖനാദം ഉണ്ടാകും. ക്ഷേത്രത്തിനു പുറത്തു ചുറ്റംബലത്തിലും പ്രദക്ഷിണ വഴിയിലും ശീവേലിക്ക് തിടമ്പ് എഴുന്നള്ളിക്കുംമ്പോളും ശംഖധ്വനി നിര്‍ബന്ധമാണ്‌. ഇടയ്ക്കയുടെ നാദവും ശംഖധ്വനിയും ചേരുമ്പോൾ  അമ്പലത്തിൽ നിറയുന്നത് അവാച്യമായ ഭക്തിയുടെ അന്തരീക്ഷം ആണ്.

*ശംഖിന്റെ_ഉല്പത്തി* 

കാര്‍മ്മിക വാദ്യ സമ്പ്രദായത്തിലുള്ള  ശംഖ് പ്രകൃതിദത്തമായ ഒന്നാണ്. 
ശംഖിന്റെ ഉത്ഭവം ജലത്തിൽ നിന്ന് ആണ്. കടലിൽ കാണുന്ന “ഒച്ച്‌ ” വർഗ്ഗത്തിൽപെട്ട സാസങ്ക് എന്ന  ഒരിനം ജീവിയുടെ പുറം തോട് ആണ് ശംഖ് ആയി ഉപയോഗിക്കുന്നത്. ഇതിനകത്തുള്ള ജീവി മരിച്ചു മാംസം ദ്രവിച്ചാല്‍ കടലില്‍ അടിയുന്നു. പല ആകൃതിയിലും ഇവ ലഭിക്കുന്നുണ്ട്. വെളുത്തനിറമുള്ളവ മാത്രമാണ് അമ്പലങ്ങളില്‍ ഉപയോഗിച്ചുവരുന്നത്.   
ഇന്ത്യാമഹാസമുദ്രത്തിൽ കാണപ്പെടുന്ന ടർബിനല്ല പൈറം എന്ന ഒരിനം ഇരപിടിയൻ കടൽ ഒച്ചിന്റെ തോടാണ് ഇങ്ങനെ ഉപയോഗിക്കപ്പെടുന്നത്.

*ശംഖിന്റെ_വകഭേദങ്ങൾ* 

രൂപ ഭേദമനുസരിച്ചു ശംഖ് രണ്ടു തരത്തിലുണ്ട്. വലംപിരിയും, ഇടംപിരിയും. മലർത്തി വയ്ക്കു മ്പോൾ ശംഖിന്റെ വായ ഭാഗം വലത്തോട്ട് തിരിഞ്ഞ് ഇരിക്കുന്നത് വലംപിരിയും, ഇടത്തോട്ട് തിരിഞ്ഞിരിക്കുന്നത് ഇടം പിരിയും. 
ഇതിൽ വലംപിരി ശംഖ് പുരുഷ രൂപമായ വിഷ്ണുവിനെ പ്രതിനിദാനം ചെയ്യുന്നു. ഇടംപിരി ശംഖ് സ്ത്രീരൂപമായ ശക്തിയെ പ്രതിനിധാനം ചെയ്യുന്നു. (വലതുഭാഗം പുരുഷനും, ഇടതുഭാഗം സ്ത്രീയും എന്ന സങ്കല്പം). വൈഷ്ണവ പ്രതികമാകയാൽ വലംപിരി ശംഖ് ക്ഷേത്രത്തിലെ ആവശ്യങ്ങൾക്ക് ഉപയോഗിക്കാറില്ല. 

ലക്ഷ്മി ശംഖ് എന്ന് അറിയപ്പെടുന്ന  വലംപിരിയ്ക്കാണ് ഹൈന്ദവര്‍ പവിത്രത കല്‍പ്പിക്കുന്നത് ഇത് അത്ര സുലഭമല്ല. വലതുഭാഗത്ത് നിന്നും പിരിയുള്ളതാണ് വലംപിരി ശംഖ്. ലക്ഷണമൊത്ത ഇത് ഐശ്വര്യമാണത്രേ.   
ഈ ശംഖിൽ ധനദേവതയായ മഹാലക്ഷ്മി വസിക്കുന്നു എന്ന് പുരാണ കഥകളിൽ പറയുന്നത്. പ്രസ്തുത ശംഖിനെ പൂജിക്കുന്നത് ശ്രേയസ്സ്കരം എന്നു വിശ്വസിച്ചു പോരുന്നു. പ്രസ്തുത ശംഖിൽ മഹാലക്ഷ്മിയെ ആവാഹിച്ച് പൂജിക്കുന്നവരും ഉണ്ട്. തികഞ്ഞ ഭക്തിയോടെയും, ശുദ്ധിയോടെയും ഒരു സാളഗ്രാമം പോലെ വലംപിരി ശംഖ് നിത്യവും പൂജിച്ചാൽ സർവ്വ ഐശ്വര്യങ്ങളും ഉണ്ടാകുമെന്നു വിശ്വസിക്കപ്പെടുന്നു. എന്നാൽ ക്ഷേത്രങ്ങളിലും പൂജയ്‌ക്കൊന്നും വലംപിരി ശംഖ്  ഉപയോഗിക്കില്ല.ശരിയായ വലംപിരി ശംഖ് ഇന്ത്യൻ മഹാ സമുദ്രത്തില്‍ നിന്നും, അതിന്റെ പാർശ്വത്തിൽ ഉള്ള രണ്ട് കടലുകളിൽ നിന്നും ആണ് ലഭിക്കുന്നത്. ഇവ എണ്ണത്തിൽ കുറവാണ്. 

ക്ഷേത്രങ്ങളിൽ ശംഖനാദം മുഴക്കാൻ ഉപയോഗിക്കുന്നത് ഇടംപിരി ശംഖ് ആണ്. മംഗള ശബ്ദം മുഴക്കുന്നതിനാൽ ഇതൊരു വാദ്യം ആയി പരിഗണിക്കുന്നു. ബ്രാഹ്മണർ പൂജാവേളയിൽ അഭിഷേകത്തിനു ഉപയോഗിക്കുന്നതും ഇടം പിരി ശംഖ് ആണ്.

ഏറ്റവും കൂടുതൽ കാലം ആയുസ്സുള്ള ഒരു വാദ്യമാണ് ശംഖ്. അതു കൊണ്ടു തന്നെ ക്ഷേത്ര അടിയന്തിര വാദ്യങ്ങളിൽ ചിരഞ്ജിവി ആയ ഒരേ ഒരു വാദ്യവും ശംഖ് ആണ്. നമ്മുടെ പല ക്ഷേത്രങ്ങളിലും നൂറ്റാണ്ടുകൾ പഴക്കമുള്ള ശംഖുകൾ കാണാം. അനവധി തലമുറകളുടെ പാരമ്പര്യം കൈമാറിയ ഒരു പൂർണ്ണവാദ്യം എന്ന രീതിയിലും ശംഖിന്റെ മഹത്വം വർധിക്കുന്നു.

ശംഖുകൾ ദ്വാരമില്ലാത്തവയും ഉണ്ടാകാറുണ്ട്. പക്ഷേ ദ്വാരമില്ലാത്ത ശംഖ് വാദ്യമായി ഉപയോഗിക്കാനാവില്ല. വൈദികകർമ്മങ്ങൾക്കാണ് ഈ തരം ശംഖുകൾ ഉപയോഗിക്കുന്നത്. ഹോമത്തിലും മറ്റുമായി തളിക്കുവാനുള്ള വെള്ളം ശേഖരിക്കാൻ ഈ തരം ശംഖുകൾ ഉപയോഗിക്കുന്നു. ശംഖിന്റെ പൊടി ആയുർവേദത്തിൽ മരുന്നുകളിൽ ഉപയോഗിക്കാറുണ്ട്

*ശംഖുനാദം*

ഓംകാര സദൃശ്യമാണ് ശംഖധ്വനി. ഇതൊരു സുഷിരവാദ്യമാണ്. ഹിന്ദുക്കള്‍ ശംഖിനെ പവിത്രമായി സങ്കല്‍പ്പിക്കുന്നു. പുരാതന കാലം മുതല്‍ താന്ത്രിക കര്‍മ്മങ്ങളില്‍ സുപ്രധാനമായി ഉപയോഗിക്കുന്ന ഒരു വാദ്യമാണിത്

ശംഖ് മാത്രം കൊണ്ട് ഉത്സവങ്ങളും, നവീകരണ കലശങ്ങളും കഴിച്ചു കൂട്ടാം എന്നാണ് പ്രമാണം. മറ്റുള്ള വാദ്യങ്ങളെല്ലാം മനുഷ്യ നിർമ്മിതമാവുമ്പോൾ ശംഖ് പ്രകൃതി നിർമ്മിതമാണെന്നത് ഈ വാദ്യത്തിന്റെ സ്ഥാനം ഉന്നത ശ്രേണിയിലെത്തിക്കുന്നു. 
ശംഖിൽ ശബ്ദം കേൾപ്പിക്കുന്ന പ്രവർത്തിയെ ശംഖ് ഊതുക അല്ലെങ്കിൽ ശംഖ് വിളിക്കുക എന്ന് പറയും. ഇതിന്റെ പ്രയോഗം ചുണ്ടുകൾ ഉപയോഗിച്ച് ആണ്. അതു കൊണ്ടു തന്നെ ശംഖ് അശുദ്ധിയുള്ള വാദ്യമായ് തോന്നാം. എന്നാൽ അത്തരം വാദങ്ങൾക്ക് കഴമ്പില്ല. ഉമിനീർ നിലത്തു വീഴാത്ത വിധം ആണ് ശംഖിന്റെ രൂപഘടന. അതിന്റെ നാദം മുഴക്കേണ്ടതും അതേ രൂപഘടന പോലെ തന്നെ ആണ്. 

ശംഖുകള്‍ക്ക് ശബ്ദ വ്യത്യാസമുണ്ട്. വലിയ സുഷിരം ചെമ്പുകുഴലിനാലും മെഴുകുവച്ചും ക്രമപ്പെടുത്തുകയും ചെയ്യും. ശംഖാകൃതിപോലെ ചെറുതായി തുടങ്ങി നടുവശം വീര്‍ത്തും ചെറുതായി അവസാനിക്കും. മാരാര്‍ വിഭാഗത്തില്‍പെട്ടവരാണ് ശംഖ് വിളിക്കുക.

കാതിനു ഇമ്പമേകും പഞ്ചവാദ്യം തുടങ്ങുന്നത് ശംഖ് വിളിയോടെയാണ്. കൂടാതെ കഥകളി, കൃഷ്ണനാട്ടം എന്നിവയിലും ആരംഭം കുറിക്കാൻ ശംഖനാദം മുഴക്കുന്നു. സന്ന്യാസിമാരുടെ ആഗമനമറിയിക്കുന്നതിനും യുദ്ധം തുടങ്ങുന്നതും അവസാനിക്കുന്നതും ശംഖ് വിളിച്ചാണ്. രാജാക്കന്മാരുടെ യാത്രാവേളകളിലും എഴുന്നെള്ളത്ത് അറിയിക്കാനും ശംഖനാദം ഉപയോഗിച്ചിരുന്നു. കുരുക്ഷേത്ര യുദ്ധകളത്തില്‍ ഭീഷ്മരുടെ ആഗമനം തന്നെ ശംഖ് മുഴക്കികൊണ്ടാണ്.

*ഐതിഹ്യം*

പ്രഭാസ എന്ന സമുദ്രത്തിന്റെ ആഴങ്ങളിൽ ശംഖിനുള്ളിൽ വസിച്ചിരുന്ന ഒരു അസുരനായിരുന്നു ശംഖാസുരൻ അഥാവാ പഞ്ചജൻ. ശ്രീകൃഷ്ണൻ, ബലരാമൻ, സുദാമാവ് എന്നിവരുടെ ഗുരുവായിരുന്ന സാന്ദീപനി മഹർഷിയുടെ പുത്രനെ ശംഖാസുരൻ തട്ടിക്കൊണ്ടുപോയി. സാന്ദീപനി തനിക്കുള്ള ഗുരുദക്ഷിണയായി തന്റെ പുത്രനെ വീണ്ടെടുത്തു നൽകണമെന്ന് ശ്രീകൃഷ്ണനോട് ആവശ്യപ്പെട്ടു. സമുദ്രതീരത്തെത്തിയ ശ്രീകൃഷ്ണനും ബലരാമനും സമുദ്രദേവനായ വരുണദേവനിലൂടെ  സമുദ്രത്തിൻറെ അടിത്തട്ടിൽ ഒരു ശംഖിനുള്ളിൽ വസിക്കുന്ന പഞ്ചകൻ എന്ന അസുരനാണ് ഗുരുപുത്രനെ തട്ടിക്കൊണ്ടുപോയതെന്ന് മനസിലാക്കി. തന്റെ ഗുരുപുത്രനെ തട്ടിക്കൊണ്ടുപോയ ശംഖാസുരന്റെ (പഞ്ചജൻ) നേരേ ശ്രീകൃഷ്ണന്റെ കോപം ജ്വലിക്കുകയും സമുദ്രത്തിലേയ്ക്ക് അവഗാഹനം ചെയ്ത് ശംഖാസുരനെ വധിക്കുകയും ശംഖിനുള്ളിൽനിന്നു ഗുരുപുത്രനെ രക്ഷിക്കുകയും ചെയ്തു. ശംഖാസുരൻ വസിച്ചിരുന്ന ശംഖ് അങ്ങനെ ശ്രീകൃഷ്‌ണാ  അവതാരമെടുത്തിരിക്കുന്ന മഹാവിഷ്ണുവിന്റെ കയ്യിൽ എത്തിച്ചേർന്നു. കൃഷ്ണൻ ഓരോ തവണയും പാഞ്ചജന്യം മുഴക്കുമ്പോൾ അദ്ദേഹത്തിന്റെ അടുത്ത ശത്രുവിനു മേൽ മരണം നിഴൽ വിരിക്കുന്നു എന്നാണ് ഹൈന്ദവവിശ്വാസം.

എല്ലാ വീരയോദ്ധാക്കള്‍ക്കും രാജാക്കന്മാര്‍ക്കും ശംഖ് ഉണ്ടായിരുന്നു എന്ന് പുരാണങ്ങളിൽ പറയുന്നു. ശ്രീകൃഷ്ണന്  പാഞ്ചജന്യം  അര്‍ജുനന്റെ ശംഖ് ദേവദത്തം, ഭീമന് പൌണ്ഡ്രവും നകുലന്റെ ശംഖ് സുഘോഷവും സഹദേവന്റെ മണിപുഷ്പകവുമാണ്. 

*ശംഖപൂരണം*

ശംഖപൂരണം ഏറ്റവും പരിശുദ്ധമായ കാരണജലത്തെ (ആദിജലത്തെ) പൂജ ചെയ്യുന്നതിനായി ആവാഹിക്കുന്ന ക്രിയയാണ്‌.

കുഴിക്കാട്ടുപച്ചയില്‍ ശംഖപൂരണത്തെപ്പറ്റി പ്രതിപാദിക്കുമ്പോള്‍ ശംഖിലെ ജലം എന്താണെന്ന്‌ വ്യക്തമാക്കുന്നുണ്ട്‌.

തീര്‍ത്ഥവാഹനമന്ത്രമായ: 
            ഗംഗേചയമുനേ ചൈവഗോദാവരി 
            സരസ്വതി നര്‍മ്മദേ സിന്ധു 
            കാവേലി ജലേസ്മിന്‍ സന്നിധിം കുരു

എന്ന മന്ത്രം ജപിച്ച്‌ സൂര്യമണ്ഡലത്തില്‍ നിന്ന്‌ തീര്‍ത്ഥത്തെ ആഹ്വാഹിച്ച്‌ പത്മത്തെ പൂജിച്ച്‌ മൂര്‍ത്തിയെ സങ്കല്‍പിച്ച്‌ പ്രണവോചാര മൂലമന്ത്രങ്ങളെക്കൊണ്ട്‌ ദേവന ആവാഹിച്ച്‌ ആവാഹന മുദ്രകളെ കാണിച്ച്‌ മൂലന്ത്രം കൊണ്ട്‌ വ്യാപകാംഗന്യാസം ചെയ്ത്‌  പൂജിക്കണം. അതിനുശേഷം ശംഖിനെ ഇടതുകൈയില്‍വച്ച്‌ വലതുകൈകൊണ്ടടിച്ച്‌ മൂലമന്ത്രം എട്ട്‌ തവണ ജപിച്ച്‌ പ്രണവമന്ത്രം കൊണ്ട്‌ മൂന്നുതവണ അപ്യായിച്ച്‌ പരജലമായി (കാരണജലം) ധ്യാനിച്ച്‌ പൂജാഗൃഹത്തയും പൂജാസാധനകളേയും ആത്മാവിനേയും (പൂജാരിയേയും) മൂന്ന്‌ പ്രവശ്യം തളിയ്ക്കണം

ഇത്തരത്തിൽ ശംഖില്‍ ജലം നിറയ്ക്കുന്ന ക്രിയയെയാണ്‌ ശംഖപൂരണം എന്നുപറയുന്നത്‌. വാസ്തവത്തില്‍ പൂജോപകരണങ്ങളും, പൂജാദ്രവ്യങ്ങളും ശുദ്ധമാക്കുവാന്‍ പരിശുദ്ധമായ കാരണജലം മന്ത്രസഹായത്തോടെ സൃഷ്ടിക്കുകയാണ്‌ പൂജാരി ശംഖപൂരണമെന്ന ക്രിയകൊണ്ട്‌ ചെയ്യുന്നത്‌.

ശംഖുപൂരണം കൊണ്ട് പരിശുദ്ധമായ കാരണജലത്തെയാണ്‌ ആവാഹനമന്ത്രത്തിലൂടെ പൂജാരി ശംഖജലത്തിലേക്ക്‌ ആവാഹിക്കുന്നത്‌. അമൃതതുല്യമായ കാരണജലത്തെ പൂജാരിയുടെ വലതുഭാഗത്തുവച്ച കിണ്ടിയിലേക്ക്‌ പകരുന്നു. ഗംഗയുടെ ഊര്‍ദ്ധ്വ പ്രവാഹത്തെ സൂചിപ്പിക്കുവാന്‍ വേണ്ടിയാണ്‌ കിണ്ടിയുടെ വാല്‍ മേല്‍പ്പോട്ടേക്ക്‌ ഉയര്‍ന്നു നില്‍ക്കുന്നത്‌ . ഗംഗാജലം ശിവന്റെ ഉത്തമാംഗത്തില്‍ നിന്നാണല്ലോ പ്രവഹിക്കുന്നത്‌. കിണ്ടിയിലെ ജലം വാലിലൂടെ കൈയിലേക്ക്‌ പകരുന്ന പൂജാരി വാസ്തവത്തില്‍ ചെയ്യുന്നത്‌ ഗംഗാജലത്തെ കൈയിലേക്ക്‌ ശേഖരിക്കുക എന്നതാണ്‌. ഈ ജലമാണ്‌ പൂജോപകരണങ്ങളേയും, പൂജാദ്രവ്യങ്ങളേയും ശുദ്ധമാക്കാന്‍ ഉപയോഗിക്കുന്നത്‌.

ഇടതുവശത്ത്‌ വച്ചിരിക്കുന്ന കിണ്ടിയിലെ ജലം പഞ്ചഭൂതങ്ങളിലൊന്നായ ജലത്തെയാണ്‌ പ്രതിനിധാനം ചെയ്യുന്നത്‌. ഇത്‌ കൈകള്‍ ശുദ്ധമാക്കാന്‍ മാത്രം ഉപയോഗിക്കുന്ന ജലമാണ്‌. പ്രത്യേകമുണ്ടാക്കിയ ശംഖ്കാലിലാണ്‌ ശംഖ്‌ വയ്ക്കുന്നത്‌. ശംഖ്കാല്‍ സാധകനെ പ്രതിനിധാനം ചെയ്യുന്നു. 

*കാരണജലം*

കല്‍പാന്ത പ്രളയത്തില്‍ സകല ചരാചരങ്ങളും വിലയം പ്രാപിച്ച്‌ കാരണജലമായി മറ്റൊരു കല്‍പം വരെ നിലനില്‍ക്കുന്നു. കാരണജലമാകട്ടെ മറ്റ്‌ പദാര്‍ത്ഥങ്ങളൊന്നും കൂടി കലരാനില്ലാത്തതുകൊണ്ട്‌ പരിശുദ്ധമായി തന്നെ നിലനില്‍ക്കുന്നു. മാലിന്യം സംഭവിക്കുന്നത്‌ ഏതെങ്കിലുമൊരു പദാര്‍ത്ഥത്തോടുകൂടി മറ്റൊരു പദാര്‍ത്ഥം കൂടി ചേരുമ്പോഴാണല്ലോ. സര്‍വവ്യാപിത്വമുള്ള ജലമാണ്  കാരണജലം. കാരണജലത്തില്‍ നിന്നാണ്‌ പിന്നീട്‌ സൃഷ്ടിജാലങ്ങളൊക്കെ ഉണ്ടാവുന്നത്‌.

ദക്ഷിണവർത്തി ശംഖ് ശ്രീലക്ഷ്മിയുമായി ബന്ധപ്പെട്ടുകിടക്കുന്നു മഹാവിഷ്ണുവിന്റേയും ലക്ഷ്മിയുടെയും കൈകളിൽ ഇതുണ്ടാവും.വെള്ളിയാഴ്ച ദിവസങ്ങളിൽ ഈ ശംഖിൽ പാലും ഗംഗാജലവും ഒഴിച്ച് വീടുകളിലോ ഓഫീസുകളിലോ തളിച്ചാൽ സാമ്പത്തികവിഷമം തീണ്ടുകയില്ല എന്നാണു വിശ്വാസം

ശംഖ്_ചില_അറിവുകൾ

1.ശംഖിൽ നിന്ന് പുറപ്പെടുന്ന ധ്വനി ഏത്?
ഓംകാരം

2. ശംഖ് ഏതെല്ലാം സന്ദർഭങ്ങളിലാണ് നാദസ്വരൂപമായി ഉപയോഗിക്കുന്നത്?
ക്ഷേത്രാചാരങ്ങൾ, സംഗീത സദസ്സ് , യുദ്ധരംഗം

3. രണ്ടായി തരം തിരിച്ചിരിക്കുന്ന ശംഖിന്റെ പേരുകൾ ഏതെല്ലാം?
വലം പിരി ശംഖ്, ഇടം പിരി ശംഖ്

4.വലംപിരി ശംഖിന്റെ സ്വരൂപം ഏത്?
വിഷ്ണു സ്വരൂപം

5. ഇടംപിരി ശംഖിന്റെ സ്വരൂപം ഏത്?
ദേവി സ്വരൂപം

6. ഏത് ദേവിയുടെ കയ്യിലാണ് ശംഖ് ആയുധമായി മാറുന്നത്?
ദുർഗ്ഗാദേവിയുടെ

7. ഉടഞ്ഞുപോയ ശംഖ് എന്ത് ചെയ്യണം?
ജലത്തിലൊഴുക്കണം

8.ശംഖ് നാദം മുഴക്കാത്ത ക്ഷേത്രം ഏത്?
ഇക്കരകൊട്ടിയൂർ ക്ഷേത്രം

9. ശംഖ് തീർത്ഥം സേവിക്കുന്നതിലൂടെ ഉണ്ടാകുന്ന ഗുണം എന്ത്?
രക്തശുദ്ധി

10.പൂജയ്ക്ക് ഉപയോഗിക്കുന്ന ശംഖ് ഏതാണ്?
ഇടംപിരി ശംഖ്

11.മഹാവിഷ്ണുവിന്റെ ശംഖിന്റെ പേരെന്ത്?
പാഞ്ചജന്യം

12. യുധിഷ്ഠിരന്റെ ശംഖിന്റെ പേര് എന്ത്?
അനന്തവിജയം

13.ഭീമന്റെ ശംഖിന് പറയുന്ന പേര് എന്ത്?
പൗണ്ഡ്രം

14 . അർജ്ജുനന്റെ ശംഖിന്റെ പേര് എന്ത്?
ദേവദത്തം

15. നകുലന്റെ ശംഖിന്റെ പേര് എന്ത്?
സുഘോഷം

16. സഹദേവന്റെ ശംഖിന്റെ പേര് എന്ത്?
മണിപുഷ്പകം

17.ശംഖ് എന്ന പദത്തിന്റെ അർത്ഥം എന്ത്?
മംഗളകരമായധ്വനി

18.പത്മപുരാണത്തിൽ ശംഖിനെ ഏത് പേരിൽ വിശേഷിപ്പിക്കുന്നു?
ജലനിധി

19.ഏറ്റവും ഉത്തമമായ ശംഖിന്റെ ലക്ഷണമെന്ത്?
തലഭാഗത്ത് ഏഴുചുറ്റുള്ള വലംപിരി ശംഖ്

20.ആയിരം ചുറ്റുള്ള അപൂർവ്വ ശംഖിന്റെ പേര് എന്ത്?
ചലഞ്ചലം....

ശംഖ് ചില അറിവുകൾ
1.ശംഖിൽ നിന്ന് പുറപ്പെടുന്ന ധ്വനി ഏത്?
ഓംകാരം

2. ശംഖ് ഏതെല്ലാം സന്ദർഭങ്ങളിലാണ് നാദസ്വരൂപമായി ഉപയോഗിക്കുന്നത്?
ക്ഷേത്രാചാരങ്ങൾ, സംഗീത സദസ്സ് , യുദ്ധരംഗം 

3. രണ്ടായി തരം തിരിച്ചിരിക്കുന്ന ശംഖിന്റെ പേരുകൾ ഏതെല്ലാം?
വലം പിരി ശംഖ്, ഇടം പിരി ശംഖ്

4.വലംപിരി ശംഖിന്റെ സ്വരൂപം ഏത്?
വിഷ്ണു സ്വരൂപം 

5. ഇടംപിരി ശംഖിന്റെ സ്വരൂപം ഏത്?
ദേവി സ്വരൂപം 

6. ഏത് ദേവിയുടെ കയ്യിലാണ് ശംഖ് ആയുധമായി മാറുന്നത്?
ദുർഗ്ഗാദേവിയുടെ

7. ഉടഞ്ഞുപോയ ശംഖ് എന്ത് ചെയ്യണം?
ജലത്തിലൊഴുക്കണം 

8.ശംഖ് നാദം മുഴക്കാത്ത ക്ഷേത്രം ഏത്?
ഇക്കരകൊട്ടിയൂർ ക്ഷേത്രം 

9. ശംഖ് തീർത്ഥം സേവിക്കുന്നതിലൂടെ ഉണ്ടാകുന്ന ഗുണം എന്ത്?
രക്തശുദ്ധി

10.പൂജയ്ക്ക് ഉപയോഗിക്കുന്ന ശംഖ് ഏതാണ്?
ഇടംപിരി ശംഖ്

11.മഹാവിഷ്ണുവിന്റെ ശംഖിന്റെ പേരെന്ത്?
പാഞ്ചജന്യം

12. യുധിഷ്ഠിരന്റെ ശംഖിന്റെ പേര് എന്ത്?
അനന്തവിജയം

13.ഭീമന്റെ ശംഖിന് പറയുന്ന പേര് എന്ത്?
പൗണ്ഡ്രം 

14 . അർജ്ജുനന്റെ ശംഖിന്റെ പേര് എന്ത്?
ദേവദത്തം 

15. നകുലന്റെ ശംഖിന്റെ പേര് എന്ത്?
സുഘോഷം 

16. സഹദേവന്റെ ശംഖിന്റെ പേര് എന്ത്?
മണിപുഷ്പകം

17.ശംഖ് എന്ന പദത്തിന്റെ അർത്ഥം എന്ത്?
മംഗളകരമായധ്വനി

18.പത്മപുരാണത്തിൽ ശംഖിനെ ഏത് പേരിൽ വിശേഷിപ്പിക്കുന്നു?
ജലനിധി 

19.ഏറ്റവും ഉത്തമമായ ശംഖിന്റെ ലക്ഷണമെന്ത്?
തലഭാഗത്ത് ഏഴുചുറ്റുള്ള വലംപിരി ശംഖ്

20.ആയിരം ചുറ്റുള്ള അപൂർവ്വ ശംഖിന്റെ പേര് എന്ത്?
ചലഞ്ചലം.

ശംഖനാദം കേള്‍ക്കുന്നതും ശംഖ തീര്‍ത്ഥം സ്വീകരിക്കുന്നതും അപൂര്‍വ ഭാഗ്യമായിട്ടാണ് ഹൈന്ദവപുരാണങ്ങളില്‍ പറയുന്നത്. ശംഖിനോടുള്ള ഭാരതീയരുടെ മമതയ്ക്ക് സിന്ധൂനദീതട സംസ്കാരത്തോടം പഴക്കമുണ്ടെന്നാണ് കരുതുന്നത്. ശംഖനാദമുള്ളിടത്ത് ലക്ഷ്മീ ദേവി അധിവസിക്കുന്നു എന്നാണ് പുരാണങ്ങള്‍ വിവരിക്കുന്നത്. ഓംകാര നാദവും ശംഖില്‍ നിന്ന് പുറപ്പെടുവിക്കുന്ന ശരിയായ നാദവും സമാനമാണെന്നാണ് വിശ്വാസം. ഭാരതീയര്‍ക്കിടയില്‍ ശംഖിന് വിശുദ്ധ സ്ഥാനമാണുള്ളത്.

No comments:

Post a Comment