Wednesday, March 13, 2019

ഇന്ന് കുറൂരമ്മ ദിനം...Kurooramma Dinam
കുറൂരമ്മയെ പറ്റിയുള്ള 
ഹൃദയസ്പർശിയായ ഒരു കഥ

ബാല്യത്തിലെ വൈധവ്യം വന്ന ഒരു അന്തർജ്ജനമായിരുന്നു കുറൂരില്ലത്തെ ഗൗരി. ചെറുപ്പകാലം മുതൽക്കേ ഗുരുവായൂരപ്പനിൽ ഭക്തിയും വിശ്വാസവുമുണ്ടായിരുന്നു. അവർക്കു വിദ്യാഭ്യാസമാണെങ്കിൽ ഒട്ടുമില്ല. തന്റെ സ്വന്തം ഔരസപുത്രൻ എന്ന നിലയിൽ സങ്കൽപ്പിച്ചാണു കുറൂരമ്മ ഗുരുവായൂരപ്പനെ സേവിച്ചിരുന്നത്. വിശക്കുമ്പോൾ പാലും വെണ്ണയും ഊട്ടാനും വികൃതി കാണിക്കുമ്പോൾ ശാസിക്കാനുമുള്ള സ്വാതന്ത്ര്യം തനിക്കുണ്ടെന്നായിരുന്നു അവരുടെ ഭാവം. കുറൂരമ്മയുടെ ഭക്തിയിൽ ആർദ്രചിത്തനായ ഗുരുവായൂരപ്പനും അമ്മയോടെന്നവണ്ണം അവരുടെയടുത്ത് പെരുമാറിപ്പോന്നു ഒരിക്കൽ വൃദ്ധനായ ഒരു ബ്രാഹ്മണന് കലശലായ ഉദരരോഗം പിടിപെട്ടു. ചികിത്സകൾകൊണ്ടൊന്നും ഫലമില്ലാതെവന്നപ്പോൾ അദ്ദേഹം വില്വമംഗലം സ്വാമിയാരെ സമീപിച്ച് തന്റെ സങ്കടങ്ങൾ ബോധിപ്പിച്ചു. ഗുരുവായൂരപ്പനെ പ്രത്യക്ഷമായി കാണത്തക്കവിധം സിദ്ധിനേടിയ വില്വമംഗലം തന്റെ രോഗത്തിന് പരിഹാരമുണ്ടാക്കിത്തരുമെന്നായിരുന്നു രോഗിയുടെ വിശ്വാസം പക്ഷെ അതൊരു കർമ്മവ്യാധിയാണെന്നും അനുഭവിക്കുകയെ തരമുള്ളു എന്നുമായിരുന്നു സ്വാമിയുടെ മറുപടി. ഭഗ്നാശനാനായ ബ്രാഹ്മണൻ ഗത്യന്തരമില്ലാതെ സ്വസ്ഥാനത്തേക്കു മടങ്ങി. നടന്നു നടന്നു ഒരു മധ്യാഹ്നത്തിൽ അദ്ദേഹം ഒരില്ലത്തിന്റെ പടിക്കലെത്തി. കലശലായ ദാഹം തീർക്കാൻ വേണ്ടി അദ്ദേഹം അവിടെ കയറി. അൽപ്പം വെള്ളം കിട്ടിയാൽ കൊള്ളാമെന്നപേക്ഷിച്ചു. ഒരന്തർജ്ജനം മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു. അത് കുറൂരമ്മയല്ലാതെ മറ്റാരുമായിരുന്നില്ല കുറൂരമ്മയെ കുറിച്ച് രോഗിയായ ബ്രാഹ്മണൻ കേട്ടിട്ടുണ്ടായിരുന്നെങ്കിലും നേരിൽ കണ്ട പരിചയം ഇല്ലായിരുന്നു. അന്തർജ്ജനം പറഞ്ഞു " ഇവിടെ ഊണൊക്കെ കാലായിട്ടുണ്ട് വേഗത്തിൽ കുളിച്ചു വന്നാൽ ഊണ് കഴിക്കാം". രോഗി പറഞ്ഞു. "അയ്യോ !! ഞാൻ ഒരു വയറുവേദനക്കാരനാണ് ആഹാരം വയറിൽ തട്ടിയാലുടനെ ഛർദ്ദിക്കുന്ന ഒരുതരം രോഗമാണെനിക്ക്. ഊണൊന്നും കഴിക്കാൻ വയ്യ അല്പം വെള്ളം മാത്രം കിട്ടിയാൽ മതിയായിരുന്നു". അല്പമൊന്നാലോചിച്ചുകൊണ്ടു കരുണാമയിയായ കുറൂരമ്മ പറഞ്ഞു "അങ്ങ് പേടിക്കണ്ട ഗോവിന്ദനാമം ഉരുവിട്ടുകൊണ്ടു ഭക്ഷണം കഴിക്കുക. വയറ്റിൽ വേദനയോ ഛർദ്ദിയോ വരില്ല. ഈ പറയുന്നത് ഗുരുവായൂരപ്പനെ സാക്ഷിയാക്കികൊണ്ടു കുറൂരമ്മഭിക്ഷയാണ്" കുറൂരമ്മ എന്ന് കേട്ടപ്പോൾ തന്നെ രോഗിക്ക് ആ വാക്കുകളിൽ വിശ്വാസം ജനിച്ചു. പക്ഷെ വില്വമംഗലം പോലും കൈവിട്ട തനിക്കു ഈ രോഗം മാറുകയോ! അതുണ്ടാവില്ല. എങ്കിലും പരീക്ഷിച്ചു നോക്കാം എന്നുകരുതി കുളിച്ചു വന്നു. ഗോവിന്ദനാമം ഉച്ചരിച്ചുകൊണ്ടു ഭക്തിയോടെ ഇരുന്ന ബ്രാഹ്മണന് ഗുരുവായൂരപ്പനെന്ന തന്റെ കളിക്കുഞ്ഞിനെ ധ്യാനിച്ചുകൊണ്ട്. കുറൂരമ്മ ചോറും കറിയും വിളമ്പി. ആദ്യത്തെ ഉരുള അകത്തുചെന്നപ്പോൾ തന്നെ ബ്രാഹ്മണന് അതിയായ ആശ്വാസം തോന്നി. അദ്ദേഹം ഭക്ഷണം തുടർന്നു. എന്തിനേറെ വയറുനിറയെ ഭക്ഷണം കഴിച്ചെഴുനേറ്റ അദ്ദേഹത്തിന് ഒരസ്വാസ്ഥ്യവും തോന്നിയില്ല. കുറൂരമ്മയുടെ ദൃഢമായ വിശ്വാസം അദ്ദേഹത്തെ രക്ഷപ്പെടുത്തി. എങ്ങിനെയാണ് തന്റെ നന്ദി പറയേണ്ടതെന്ന് അദ്ദേഹത്തിനറിവുണ്ടായിരുന്നില്ല. ആ ഭക്തയെ സാഷ്ടാഗം നമസ്കരിച്ച് ഗുരുവായൂരപ്പനെ ധ്യാനിച്ച് ഗോവിന്ദനാമം ജപിച്ച് അദ്ദേഹം സ്വഗൃഹം പൂകി. തന്റെ ഭക്തന്റെ വാക്കുകൾ സത്യമാക്കിത്തീർക്കാൻ ഗുരുവായൂരപ്പൻ എന്തെല്ലാം അത്ഭുതങ്ങൾ കാണിക്കുന്നു.!!

ഓം നമോ ഭഗവതേ വാസുദേവായ!
ശ്രീ ഗുരുവായൂരപ്പൻ 
ഓം: നമോ: നാരായണായ.
ഗുരുവായൂർ അമ്പലനടയിൽ
കൊല്ലൂർ ശ്രീ മൂകാംബികാ ദേവീ

No comments:

Post a Comment