Tuesday, March 26, 2019

ധീരസമീരേ യമുനാതീരേ ...........*

ദ്വാപരയുഗത്തിൽ ജനിച്ച ഭഗവാൻ ശ്രീകൃഷ്ണൻ മനുഷ്യ ഭാവനകൾക്ക് അതീതനായ മഹാപുരുഷനാണ് .കാലത്തിനു തളച്ചിടാനാവാത്ത ആ കൃഷ്ണ ചൈതന്യത്തിന് എല്ലാ കാലത്തും പ്രസക്തിയും പ്രാധാന്യവുമുണ്ട് . ധർമ്മ സംസ്ഥാപനത്തിന്റെ ശംഖധ്വനി മുഴക്കി ലോകത്തിനു മാതൃകയായ അതേ മായക്കണ്ണൻ തന്നെയാണ് ഗോപികമാരുടെ ഭക്ത്യോന്മത്തമായ പ്രണയഭാവങ്ങളിൽ മയങ്ങിയത് . ദാർശനികതയുടെ മറുകര കണ്ടവനാണെങ്കിലും കൃഷ്ണൻ ഗൗരവഭാവത്തെ കൈക്കൊണ്ടില്ല . മറിച്ച് ജീവിതത്തെ ആഘോഷമാക്കി പുല്ലാങ്കുഴലിലൂടെ പ്രപഞ്ചത്തിന്റെ അനശ്വര സംഗീതം അദ്ദേഹം ലോകത്തിനു സമർപ്പിച്ചു .

_പ്രതിസന്ധികളിലകപ്പെട്ടവർക്ക് പ്രതീക്ഷയുടെ പ്രകാശമാണ് കൃഷ്ണൻ._ പ്രണയമാനസങ്ങൾക്ക് പ്രേമോദാരനും ആദ്ധ്യാത്മിക ഭാവമുള്ളവർക്ക് യോഗീശ്വരനുമാണദ്ദേഹം .ഭാരതത്തിന്റെ അനശ്വരമായ ദാർശനിക പൈതൃകത്തിൽ ഏറ്റവും പ്രശോഭിക്കുന്നത് കൃഷ്ണ ഭാവങ്ങളാണ് . എല്ലാ ദർശനങ്ങളും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ കൃഷ്ണനുമായി ബന്ധപ്പെട്ടിരിക്കുന്നു . അദ്വൈതിയായ ശങ്കരനും ദ്വൈതിയായ മാധ്വനും വിശിഷ്ടാദ്വൈതിയായ രാമാനുജനും ഭഗവദ് ഗീതയ്ക്ക് ഭാഷ്യം രച്ചിച്ചിട്ടുണ്ട്.

ഗാന്ധിജിക്ക് അഹിംസാ ഭാവം നൽകിയതും തിലകന് ആത്മാഭിമാനം നൽകിയതും ഒരേ ഭഗവദ് ഗീത തന്നെയാണ്.

ഭക്തമാനസങ്ങളിൽ കൃഷ്ണഭക്തിക്ക് അതിരുകളും അവസാനവുമില്ല. _ആലിലക്കണ്ണനായും ഉണ്ണിക്കണ്ണനായും ഗോപകുമാരനായും ഗോപികാരമണനായും ഗോവർദ്ധനോദ്ധാരകനായും വിളങ്ങിയ ശ്രീകൃഷ്ണ പരമാത്മാവ് സഹസ്രാബ്ദങ്ങളിലൂടെ ഒഴുകിവന്ന അമൃതധാരയാണ്._ 

നിഷാദശരമേറ്റ് കാൽവിരൽത്തുമ്പിൽ നിന്നൂർന്നു വീണ ചോരത്തുള്ളികളാൽ നവയുഗത്തിന് നാന്ദി കുറിച്ച് കാലചക്രത്തിൽ മറയുമ്പോൾ ഭാരതമെന്ന വിശ്വോത്തര ദേശം ആ വൈഭവ പൂർണമായ ജീവിത ദർശനത്തോട് കടപ്പെട്ടിരിക്കുന്നു.. ഒരു മയില്‍പ്പീലിത്തുണ്ടും ഓടക്കുഴലും മഞ്ഞപ്പട്ടും മാത്രം മതി ഈ രാഷ്ട്രത്തിലെ ഒരു ശിശുവിനു പോലും ആ വിരാട് രൂ‍പത്തെ തിരിച്ചറിയാൻ.

ദേശത്തിന്റെ തനിമയും മാനുഷിക മൂല്യങ്ങളും തകര്‍ന്നു കൊണ്ടിരിക്കുന്ന ആധുനിക സമൂഹത്തിന് പ്രതീക്ഷയേകുന്നത് ആ ശ്രീകൃഷ്ണഗാഥയുടെ മഹാപ്രവാഹമാണ്. വ്യഥിതരുടേയും ദുഖിതരുടേയും വിഷാദമഗ്നമായ പരിഭവങ്ങളെ സഹജമായ മന്ദസ്മിതം കൊണ്ട് നിവർത്തിക്കുന്ന ചാരുകിശോരനായ ആ കാർമുകിൽ വർണനെ ആർക്കാണ് വിസ്മരിക്കാനാകുക?

 നൂറുകോടിയില്‍പ്പരം മനുഷ്യമനസ്സുകളുടെ അഗാധബോധ മണ്ഡലത്തിൽ പോലും കാണാം ആ മയില്‍പ്പീലിയുടെ തിളക്കം .

അതെ . ശ്രീകൃഷ്ണയുഗം ഒരിക്കലും അവസാനിക്കുന്നില്ല .....................

രാധേശ്യാം

No comments:

Post a Comment