Friday, March 01, 2019

ബൃഹദാരണ്യകം- ശുക്ലയജുര്‍വേദത്തിലെ ശതപഥബ്രാഹ്മണത്തിലാണ് ഈ ഉപനിഷത്തുള്ളത്. ഈ ബ്രാഹ്മണത്തിന് മാധ്യന്ദിനശാഖ (പതിനാല് കാണ്ഡങ്ങള്‍) എന്നും കാണ്വശാഖ (പതിനേഴ് കാണ്ഡങ്ങള്‍) എന്നും രണ്ടു ശാഖകളുണ്ട്. രണ്ടിന്റെയും അവസാന കാണ്ഡങ്ങള്‍ ആരണ്യകങ്ങള്‍ ആണ്. മാധ്യന്ദിനത്തിലെ അവസാന കാണ്ഡത്തിലെ നാലു മുതല്‍ ഒമ്പതു വരെയും കാണ്വത്തിലെ അവസാന കാണ്ഡത്തിലെ ഒന്നു മുതല്‍ എട്ടു വരെയുമുള്ള ആറ് അദ്ധ്യായങ്ങളെ ആണ് ബൃഹദാരണ്യകോപനിഷത്ത് എന്നു പറയുന്നത്. പഴക്കം, വിഷയങ്ങളുടെ ഗഹനത, ആഖ്യാനരീതി എന്നിവകൊണ്ട് വളരെ പ്രാധാന്യമുള്ളതാണ്,പേരു സൂചിപ്പിക്കുന്നതു പോലെ  വലുപ്പമാര്‍ന്ന, ഈ ഉപനിഷത്ത് എന്നു മൃഡാനന്ദസ്വാമി പറയുന്നു.
അതിലെ ആറ് അദ്ധ്യായങ്ങളെ മൂന്നു കാണ്ഡങ്ങളായി തിരിച്ചിരിക്കുന്നു- (1) മധുകാണ്ഡം, (2) യാജ്ഞവല്‍ക്യകാണ്ഡം അഥവാ മുനികാണ്ഡം, (3) ഖിലകാണ്ഡം. ഈ മൂന്നും ഉപദേശം, ഉപസത്തി, ഉപാസന എന്നിവയെ വിശദമാക്കുന്നു. ആറദ്ധ്യായങ്ങളേയും നാല്‍പ്പത്തിയേഴ് ബ്രാഹ്മണങ്ങളായി വിഭജിച്ചിരിക്കുന്നു. ഓരോ ബ്രാഹ്മണത്തേയും പല ഖണ്ഡികകളായും തിരിച്ചിട്ടുണ്ട്. രണ്ട് അദ്ധ്യായങ്ങള്‍ വീതമുള്ള ഓരോ കാണ്ഡത്തിന്റെയും അവസാനം വംശപരമ്പരയെ പ്രത്യേകം പറയുന്നു. ഈ ഉപനിഷത്തിന് ശങ്കരാചാര്യര്‍ ഭാഷ്യവും സുരേശ്വരാചാര്യര്‍ ഭാഷ്യവാര്‍ത്തികവും വിദ്യാരണ്യസ്വാമികള്‍ ഭാഷ്യസാരവും എഴുതിയിട്ടുണ്ട്.
അഹം ബ്രഹ്മാസ്മി, അസതോ മാ സദ്ഗമയ, ആത്മാ വാ അരേ ദ്രഷ്ടവ്യ:, ശ്രോതവ്യോ മന്തവ്യോ നിദിദ്ധ്യാസിതവ്യ:, അഭയം വൈ ബ്രഹ്മ, നേതി- നേതി, ആത്മനസ്തു കാമായ സര്‍വ്വം പ്രിയം ഭവതി, പ്രിയയാ സ്ത്രിയാ സംപരിഷ്വക്തോ ന ബാഹ്യം കിഞ്ചന വേദനാന്തരം, ഏതസൈ്യവ ആനന്ദസ്യ അന്യാനി ഭൂതാനി മാത്രാം ഉപജീവന്തി തുടങ്ങിയ പ്രസിദ്ധങ്ങളായ വാക്യങ്ങള്‍ ഈ ഉപനിഷത്തിലാണ് ഉള്ളത്.  
 ഒന്നാം അദ്ധ്യായം- ഇതില്‍ യാഗാദി കര്‍മ്മങ്ങള്‍ കേവലം പ്രതീകങ്ങള്‍ മാത്രമാണെന്നു പറയുന്നു. ഇതിലെ ആറു ബ്രാഹ്മണങ്ങളില്‍ ആദ്യത്തേതായ അശ്വബ്രാഹ്മണത്തില്‍ അശ്വമേധയാഗത്തിലെ യാഗാശ്വത്തെ പ്രപഞ്ചം നിറഞ്ഞുനില്‍ക്കുന്ന പ്രജാപതി ആയി സങ്കല്‍പ്പിക്കാന്‍ പറഞ്ഞിരിക്കുന്നു. ക്രിയാകര്‍ക്കശമായ ഒരു വൈദികയാഗത്തെ ഔപനിഷദമായ ഉത്കൃഷ്യജ്ഞാനത്തിന്റെ കേവലപ്രതീകമായി മാറ്റിയ ഭാവനാവൈഭവം അന്യാദൃശം തന്നെ ആകുന്നു എന്നാണ് ഇതേപ്പറ്റി മൃഡാനന്ദസ്വാമി അഭിപ്രായപ്പെടുന്നത്. പ്രപഞ്ചത്തിലുള്ള കാലദേശദേവതകളെ എല്ലാം അശ്വത്തിന്റെ അവയവങ്ങളായി കല്‍പ്പിക്കുമ്പോള്‍ ആ അശ്വം പ്രജാപതി ആയി കാണപ്പെടുന്നു.  ഈ ധ്യാനം കൊണ്ട് അശ്വമേധം അനുഷ്ഠിക്കാതെ തന്നെ ആ യാഗഫലങ്ങളായ ഉപരിലോകങ്ങളുടെ പ്രാപ്തി കൈവരും എന്നാണ് ശങ്കരഭഗവത്പാദര്‍ ഭാഷ്യത്തില്‍ പറയുന്നത്.  ഈ ഊര്‍ദ്ധ്വലോകങ്ങളില്‍ അത്യുന്നതം ബ്രഹ്മലോകമാണത്രേ. അതും നിത്യമല്ല. ആത്മജ്ഞാനം കൊണ്ടേ നിത്യമായ ബ്രഹ്മപദപ്രാപ്തി കൈവരൂ.
 രണ്ടാമത്തെ അഗ്നിബ്രാഹ്മണത്തില്‍ അശ്വമേധയാഗത്തിലെ അഗ്നിയുടെ ഉല്‍പ്പത്തി, സ്വരൂപം എന്നിവ വിവരിച്ച ശേഷം പ്രപഞ്ചോല്‍പ്പത്തിയെ പറയുന്നു. അഗ്നിയെ പ്രപഞ്ചാകാരനായ പ്രജാപതിയായി, ഹിരണ്യഗര്‍ഭനായി ഉപാസിക്കാന്‍ ഉപദേശിക്കുന്നു. ഈ ജഗത്ത് നാമരൂപങ്ങളായി വ്യാകൃതമാകുന്നതിനു മുമ്പ് അവ്യക്തമായ ഹിരണ്യഗര്‍ഭരൂപത്തിലാണ് സ്ഥിതി ചെയ്തത്. പ്രജാപതി അശ്വമായിത്തീരുന്ന പ്രക്രിയയെ വിസ്തരിക്കുന്നു. ഉപാസനയ്ക്കു വ്യക്തത കിട്ടാനാണിത്.
മൂന്നാമത്തേതായ ഉദ്ഗീഥബ്രാഹ്മണത്തില്‍ പ്രാണന്റെ മാഹാത്മ്യം, എല്ലാ ഇന്ദ്രിയങ്ങളേക്കാളും പ്രാധാന്യം എന്നിവയെ വിവരിക്കുന്നു. ഉദ്ഗീഥം എന്നാല്‍ പ്രണവം ആണെന്നു നാം കണ്ടു. വൈദികകര്‍മ്മങ്ങളുടെ അന്തിമഫലം അനിത്യമായ ബ്രഹ്മലോകപ്രാപ്തി ആണെന്നും അത് അവിദ്യാധീനമാണെന്നും മായാതീതമായ പരമാത്മാവിന്റെ ജ്ഞാനം കൊണ്ടു മാത്രമേ ജീവിതലക്ഷ്യം നേടാന്‍ കഴിയൂ എന്നും ഇതില്‍ വ്യക്തമാക്കുന്നു. അസതോ മാ സദ്ഗമയ. തമസോ മാ ജ്യോതിര്‍ഗമയ. മൃത്യോര്‍മാ അമൃതം ഗമയ എന്ന പ്രസിദ്ധമായ വൈദിക പ്രാര്‍ത്ഥനയെ ഇതില്‍ വിശദമാക്കുന്നു. 
നാലാമത്തെ ബ്രാഹ്മണത്തിന് പുരുഷവിധബ്രാഹ്മണം എന്നാണ് പേര്. പ്രപഞ്ചസൃഷ്ടിയുടെ വിവരണത്തോടൊപ്പം നാമരൂപങ്ങളാല്‍ വ്യാകൃതമായ പ്രപഞ്ചമായി തീരുന്ന പുരുഷവിധനായ ആത്മാവുമായുള്ള ഐക്യസാക്ഷാത്കാരമാണ് ജീവിതലക്ഷ്യം എന്നും ഇതില്‍ ഉപദേശിക്കുന്നു. ചാതുര്‍വര്‍ണ്ണ്യം കര്‍മ്മനിര്‍വഹണത്തിനാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട്  ഇതിന്റെ സൃഷ്ടിയെ ഇതില്‍ വിവരിക്കുന്നു. പലതരത്തില്‍ നാമരൂപങ്ങളുള്ള ദേവതകള്‍ക്കു പകരം ആത്മാവിനെ മാത്രം ഉപാസിക്കാന്‍ ഇതില്‍ ഉപദേശിക്കുന്നു.
അഞ്ചാമത്തേതായ സപ്താന്നബ്രാഹ്മണത്തില്‍ ഏഴുതരം അന്നങ്ങളെപ്പറ്റി പറയുന്നു. പ്രജാപതി ഈ ഏഴിനേയും സൃഷ്ടിച്ച ശേഷം ഒരന്നത്തെ ജീവികള്‍ക്കെല്ലാം പൊതുവായി നിശ്ചയിച്ചു. മറ്റുള്ളവരുമായി പങ്കിടാതെ തന്റെ ജീവിതം നിലനിര്‍ത്താന്‍ മാത്രം അതിനെ ഭക്ഷിക്കുന്നവന്‍ പാപിയാണെന്നു പറയുന്നു. രണ്ട് അന്നം ദേവന്‍മാര്‍ക്കും ഒരന്നം പശുക്കള്‍ക്കും പ്രജാപതി ദാനം ചെയ്തു. പശുക്കള്‍ക്കു ദാനം ചെയ്തതാണത്രേ പാലായി നമുക്കു കിട്ടുന്നത്. വാക്, മനസ്സ്, പ്രാണന്‍ എന്ന ബാക്കി മൂന്നെണ്ണം പ്രജാപതി തനിക്കായി കല്‍പ്പിച്ചു. ആ മൂന്നെണ്ണമാണ് പ്രപഞ്ചത്തിന്റെ മുഴുവന്‍ അടിസ്ഥാനം ആയി നിലക്കൊള്ളുന്നത്. അദ്ധ്യാത്മ, അധിദൈവത തലങ്ങളിലുള്ള പ്രാണോപാസനയെപ്പറ്റിയും ഇതില്‍ പറയുന്നു. 
 ആറാമത്തേതില്‍ നാമരൂപകര്‍മ്മങ്ങളാല്‍ പരിച്ഛിന്നമായ ആത്മാവു തന്നെയാണ് പ്രപഞ്ചം എന്നതിനാല്‍ ആ പരിമിതികള്‍ നീക്കി അപരിച്ഛിന്നനായ ആത്മാവിനെ ഉപാസിച്ചു സാക്ഷാല്‍കരിക്കണമെന്നു വ്യക്തമാക്കുന്നു.

No comments:

Post a Comment