Sunday, March 24, 2019

വൈശ്വാനരാധികരണം തുടരുന്നു.
സൂത്രം - അത ഏവ  ന ദേവതാ ഭൂതം ച
അതിനാല്‍ തന്നെ ദേവതയല്ല ഭൂതവുമല്ല.
മുന്‍ മന്ത്രങ്ങളില്‍ പറഞ്ഞ കാരണങ്ങളാല്‍ തന്നെ വൈശ്വാനരന്‍ ദേവതാ സ്വരൂപമുള്ള അഗ്‌നിദേവനോ പഞ്ചഭൂതങ്ങളില്‍ ഉള്‍പ്പെട്ട അഗ്‌നിയോ അല്ല.
 നേരത്തെ പറഞ്ഞ ലക്ഷണങ്ങളില്‍ ദ്യോവ് ശിരസ്സായും സൂര്യന്‍ കണ്ണായും വര്‍ണ്ണിച്ചിട്ടുണ്ട്. ഇതു കൊണ്ട് തന്നെ വൈശ്വാനരന്‍ എന്ന് പറഞ്ഞത് അഗ്‌നിദേവനേ യോ പഞ്ചഭൂതങ്ങളിലൊന്നായ അഗ്‌നിയേയോ അല്ലെന്ന് ഉറപ്പാണ്. ഇവയ്ക്ക് രണ്ടിനും മുമ്പേ പറഞ്ഞ ലക്ഷണങ്ങളില്ല.
മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ മുമ്പ് പറഞ്ഞ കാരണങ്ങളാല്‍ കൊണ്ട് വൈശ്വാനരന്‍ എന്നത് ദ്യോവ്, സൂര്യന്‍ തുടങ്ങിയ ദേവതാ ഗണമോ ആകാശം തുടങ്ങിയ ഭൂതങ്ങളോ അല്ല.ദ്യോവ്, സൂര്യന്‍ തുടങ്ങിയ ദേവതകളേയും ആകാശം മുതലായ ഭൂതങ്ങളയും ആത്മഭാവത്തില്‍ ഉപാസിക്കാന്‍ പറഞ്ഞിട്ടുണ്ടെങ്കിലും അവയൊന്നും പൂര്‍ണ സ്വരൂപങ്ങളല്ല എന്ന് ഇതിന് മുമ്പ് പറഞ്ഞിട്ടുണ്ട്. അതിനാല്‍ ഇവിടെ വൈശ്വാനരന്‍ എന്ന് പറഞ്ഞത് ഏതെങ്കിലും വിഭൂതികളെ സൂചിപ്പിച്ചതാണെന്ന് കരുതാനാകില്ല. എങ്ങും നിറഞ്ഞ വിരാട് സ്വരൂപമായി വൈശ്വാനരനെ വര്‍ണിച്ചിട്ടുണ്ട്. അത് പരമാത്മാവിന്റെ സമ്പൂര്‍ണതയെ കാണിക്കുന്നു. അതിനാല്‍ വൈശ്വാനരന്‍ പരമാത്മാവ് തന്നെയാണ്.
സൂത്രം - സാക്ഷാദപ്യവിരോധം ജൈമിനി:
സാക്ഷാത്തായും വിരോധമില്ലെന്ന് ജൈമിനി എന്ന് ജൈമിനി പറയുന്നു. 
പ്രതീക കല്പനയോ ഉപാധികല്പനയോ കൂടാതെ വൈശ്വാനരന്നില്‍ പരബ്രഹ്മത്തെ ഉപാസിക്കുന്നതില്‍ വിരോധമില്ലെന്ന് ജൈമിനി എന്ന ആചാര്യന്‍ പറയുന്നു.
വൈശ്വാനരന്‍ ആയ ജഠരാഗ്‌നിയെ ഉള്ളിലിരിക്കല്‍ എന്നതിനെ കണക്കിലെടുത്ത് പ്രതീകമോ ഉപാധിയോ ആയി ബ്രഹ്മമായി ഉപാസിക്കാമെന്ന് നേരത്തെ പറഞ്ഞിരുന്നു.
എന്നാല്‍ സാളഗ്രാമത്തില്‍ വിഷ്ണു സ്വരൂപത്തെ ഉപാസിക്കുന്ന പോലെ ജീവാഗ്‌നിയെ പരബ്രഹ്മമായി ഉപാസിക്കാറുണ്ടോ എന്ന പൂര്‍വപക്ഷത്തിന്റെ സംശയത്തിനുള്ള മറുപടിയാണ് ഈ സൂത്രം.
ജഠരാഗ്‌നി വാചകമായ വൈശ്വാനര ശബ്ദത്തിന് പരബ്രഹ്മ രൂപിയായ പരമപുരുഷനെന്ന് അര്‍ത്ഥം പറയുന്നതില്‍ ദോഷമില്ലെന്ന് ജൈമിനി പറയുന്നു. പ്രതീക, ഉപാധി കല്പനകള്‍ ഇല്ലാതെ തന്നെ പരമാത്മാവായി ഉപാസിക്കാമെന്നാണ് ജൈമിനി പറയുന്നത്.അതിനാല്‍ സാളഗ്രാമത്തില്‍ വിഷ്ണുരൂപത്തെ ഉപാസിക്കും പോലെ ജഠരാഗ്‌നിയില്‍ ബ്രഹ്മോപസന വേണമെന്നില്ല.
എല്ലാറ്റിന്റെയും അന്തരാത്മാവായും എല്ലാറ്റിന്റെയും സാക്ഷിയായും എങ്ങും നിറഞ്ഞവുമായി വേണം വൈശ്വാനരനെന്ന പരമാത്മാവിനെ ഉപാപിക്കാന്‍.വൈശ്വാനരനെന്നാല്‍ 'വിശ്വശ്ച നരശ്ച ഇതി' ജഗത്തായും ജീവനായും ഇരിക്കുന്നവന്‍. വിശ്വേഷാം നര: എല്ലാറ്റിനും കര്‍ത്താവായിരിക്കുന്നവന്‍. വിശ്വേനരാ: അസ്യ ഇതി - എല്ലാ ജീവന്‍മാരും ആരുടെ അധീനത്തില്‍ ഇരിക്കുന്നവോ അവന്‍.
വിശ്വാനര ഏവ വൈശ്വാനര: - വിശ്വാനരന്‍ തന്നെ വൈശ്വാനരന്‍.ഇങ്ങനെ ഏത് അര്‍ത്ഥത്തിലെടുത്താലും പരമാത്മാവ് എന്ന് മനസ്സിലാക്കണം.
സൂത്രം - അഭിവ്യക്തേരിത്യാശ്മരഥ്യ:
വ്യക്തമായി പ്രകാശിക്കുന്നതിനാല്‍ എന്ന് ആശ്മരഥ്യന്‍ 
പരമാത്മാവ് പരിമിതമായ സ്വരൂപത്തില്‍ വ്യക്തമായി പ്രത്യക്ഷപ്പെടുന്നതിനാല്‍ വൈശ്വാനരനെ ബ്രഹ്മമെന്ന് പറയാമെന്ന് ആശ്മരഥ്യന്‍ എന്ന ആചാര്യന്‍ പറയുന്നു.ഭക്തന്‍മാരെ അനുഗ്രഹിക്കാന്‍ ഓരോ കാലത്തും ദേശത്തും ഈശ്വരന്‍ പ്രത്യക്ഷമാകാറുണ്ട്. അതിനാല്‍ സാകാര ഭാവത്തിന് ദോഷമില്ലെന്നാണ് അഭിപ്രായം.
നിര്‍ഗുണ നിരാകാരമായ പരമാത്മാവ് ഭക്തര്‍ക്ക് വേണ്ടി സഗുണവും സാകാരവുമായി പ്രത്യക്ഷപ്പെടാറുണ്ട്. ഈ വ്യക്തമാകല്‍ പരിമിത രൂപത്തിലാണ്. ഇക്കാരണത്താല്‍ വൈശ്വാനരനെ പരബ്രഹ്മമായി ഉപാസിക്കാമെന്ന് ആശ്മരഥ്യന്‍ പറയുന്നു.
നിര്‍ഗുണ നിരാകാരനായ കാലദേശങ്ങള്‍ക്കതീതനായ പരമാത്മാവിന് സഗുണ സാകാരതാ സ്വരൂപംനല്‍കുന്നതും കാലദേശങ്ങളില്‍ ഒതുക്കി യുള്ള വിരാട് സ്വരൂപ വര്‍ണനും അനുചിതമല്ലേ എന്ന സംശയത്തിന്റെ മറുപടിയാണ് ഈ സൂത്രം. തുടര്‍ന്നും ഇതിനെ വിവരിക്കും.ഉപനിഷത്ത്, ഗീത എന്നിവയില്‍ ഇങ്ങനെ സഗുണസാകാരമായി അഭിവ്യക്തമാകുന്നതിനെ പറയുന്നുണ്ട്.

No comments:

Post a Comment