Sunday, March 24, 2019

മാറ്റം ജീവിതത്തിന്റെ സ്വഭാവമാണ്. അനുഭവങ്ങള്‍  മാറിമാറി വരും. മാറ്റങ്ങളാണ് ജീവിതത്തെ എന്നും പുതുമയുള്ളതാക്കുന്നത്.  അല്ലാതെ ഒരിക്കല്‍ ഉത്തരം അറിഞ്ഞാല്‍ എല്ലാ രസവും തീരുന്ന ഒരു കടങ്കഥപോലെയല്ല ജീവിതം. സാഹചര്യങ്ങള്‍ മാറിവരുന്നതനുസരിച്ച് മനസ്സിനെ അഡ്ജസ്റ്റ് ചെയ്യാന്‍ നമുക്കു കഴിയണം. ഏതു സാഹചര്യത്തോടും ഇണങ്ങിച്ചേരാനുള്ള കഴിവ് നമ്മള്‍ നേടിയെടുക്കണം. നമ്മള്‍ വാഹനം ഓടിക്കുമ്പോള്‍ വഴിയില്‍ കുണ്ടും കുഴികളും ഉണ്ടാകും, വളവുകള്‍ ഉണ്ടാകും, കയറ്റിറക്കങ്ങള്‍ ഉണ്ടാകും. അതനുസരിച്ച് നമ്മള്‍ വണ്ടിയുടെ ഗിയര്‍ അഡ്ജസ്റ്റ് ചെയ്യും. അതുപോലെ കുടുംബത്തിലായാലും സമൂഹത്തിലായാലും സാഹചര്യങ്ങള്‍ക്കനുസരിച്ചു നമ്മള്‍ സ്വയം അഡ്ജസ്റ്റ് ചെയ്യേണ്ടിവരും. 
ഒരു സാഹചര്യത്തെ നമ്മള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതില്‍ രണ്ടു ഘടകങ്ങളുണ്ട്. ഒന്ന് ബാഹ്യം മറ്റൊന്ന് ആന്തരികം. പ്രായോഗികബുദ്ധിയോടെയും വിവേകത്തോടെയും നമ്മള്‍ ബാഹ്യസാഹചര്യങ്ങളെ വിജയകരമായി തരണം ചെയ്യാന്‍ ശ്രമിക്കണം. പക്ഷെ എത്ര ശ്രമിച്ചാലും കാര്യങ്ങള്‍ നമ്മള്‍ ഉദ്ദേശിച്ചപോലെ നടക്കണമെന്നില്ല. എന്നിരുന്നാലും ശ്രമിച്ചാല്‍ ഏതൊരു സാഹചര്യത്തിലും നമ്മുടെ ആന്തരികമായ പ്രശാന്തതയും പ്രസന്നതയും കാത്തുസൂക്ഷിക്കുവാന്‍ നമുക്കു കഴിയും. മനസ്സിന്റെ ഈ ഗുണത്തെയാണ് സമത്വമെന്നു പറയുന്നത്. 
മേലുദ്യോഗസ്ഥനോടു നമുക്ക്  പല കാര്യങ്ങളിലും വിയോജിപ്പുണ്ടെങ്കിലും അദ്ദേഹം നമ്മുടെ ഓഫീസിലേയ്ക്ക് കയറി വരുമ്പോള്‍ പുഞ്ചിരിച്ചുകൊണ്ട് നമ്മള്‍ അദ്ദേഹത്തെ സ്വാഗതം ചെയ്യും. അല്ലെങ്കില്‍ അതു നമ്മുടെ ജോലിയെ ബാധിക്കുമെന്ന് നമുക്കറിയാം. ചിരിയും സത്കാരവും ആ സമയത്ത് ഒരു മുഖംമൂടിയാണ്. ഈ മുഖംമൂടിയില്‍ അല്പം ആത്മനിയന്ത്രണത്തിന്റെ അംശമുണ്ടെങ്കിലും അതുകൊണ്ടു മാത്രം അതിനെ സമത്വം എന്നു വിളിക്കാന്‍ കഴിയില്ല. മേലുദ്യോഗസ്ഥനോട് എത്രതന്നെ വിയോജിപ്പുണ്ടെങ്കിലും  നമ്മുടെ മനസ്സിന്റെ സ്വസ്ഥതയും ശാന്തിയും നഷ്ടമാകാന്‍ പാടില്ല. ഏതൊരു പ്രതികൂല സാഹചര്യത്തിലും മനസ്സിന്റെ പ്രശാന്തത കാത്തുസൂക്ഷിക്കാന്‍ കഴിയുന്നുവെങ്കില്‍  അതിനെ സമത്വം എന്നു വിളിക്കാം. 
ബാഹ്യലോകത്തെ സകലവസ്തുക്കളെയും വ്യക്തികളെയും നമ്മുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസരിച്ച് മാറ്റാന്‍ ശ്രമിക്കുന്നതിനു പകരം, സാഹചര്യങ്ങള്‍ക്കനുസരിച്ച് നമ്മള്‍ സ്വയം മാറുകയാണ് വേണ്ടത്. ഒരു രാജാവ് ഒരു ദിവസം പ്രഭാതത്തില്‍ രാജവീഥിയിലൂടെ നടക്കുകയായിരുന്നു. വഴിയില്‍കിടന്ന ഒരു മുള്ളുകൊണ്ട് രാജാവിന്റെ കാലു മുറിഞ്ഞ് ചോര വന്നു. രാജാവിനു ദേഷ്യം വന്നു. അദ്ദേഹം ആജ്ഞാപിച്ചു,  '
 അടുത്ത ദിവസം ഞാന്‍ സവാരിക്കിറങ്ങുന്നതിനു മുമ്പായി രാജ്യത്തെ തെരുവുകള്‍ മുഴുവന്‍ കാര്‍പ്പെറ്റ് വിരിച്ചിരിക്കണം.' മന്ത്രിമാര്‍ അമ്പരന്നു. ഒറ്റ ദിവസം കൊണ്ട് രാജധാനി മുഴുവന്‍ കാര്‍പ്പെറ്റ് വിരിക്കുക അസാദ്ധ്യമാണ്. അതെങ്ങനെ സാധിക്കുമെന്ന് അവര്‍ തല പുകഞ്ഞ് ആലോചിച്ചു. ഒടുവില്‍ വൃദ്ധനായ ഒരു മന്ത്രിയ്ക്ക് ഒരു ഉപായം തോന്നി. അദ്ദേഹം രാജാവിനോട് വിനയപൂര്‍വ്വം പറഞ്ഞു, 'രാജന്‍, നഗരത്തിലെ  തെരുവുകള്‍ മുഴുവന്‍ കാര്‍പ്പെറ്റ് വിരിക്കുന്നതിലും എളുപ്പം അങ്ങ് പ്രഭാതസവാരിക്കിറങ്ങുമ്പോള്‍  നല്ലൊരു ജോഡി ചെരുപ്പ് ധരിക്കുന്നതല്ലേ?' ഇതുപോലെ ബാഹ്യമായ പരിസ്ഥിതിയിലല്ല നമ്മുടെ മനസ്ഥിതിയിലാണ് മാറ്റം സംഭവിക്കേണ്ടത്. 
പ്രതികൂലസാഹചര്യങ്ങളുടെ നടുവിലും സമചിത്തത കാത്തുസൂക്ഷിക്കാന്‍ കഴിയണമെങ്കില്‍ നമ്മള്‍ ആദ്ധ്യാത്മികതത്വങ്ങള്‍ ഉള്‍ക്കൊള്ളേണ്ടതുണ്ട്. ആദ്ധ്യാത്മികജ്ഞാനം വാഹനത്തിന്റെ ഷോക്ക് അബ്സോര്‍ബര്‍ പോലെയാണ്. കുണ്ടും കുഴിയും നിറഞ്ഞ  റോഡിലൂടെ പോകുമ്പോള്‍ വാഹനത്തിലിരിക്കുന്നവര്‍ക്ക് ആഘാതമേല്‍ക്കാതിരിക്കാന്‍ ഷോക്ക് അബ്സോര്‍ബര്‍ സഹായിക്കും. നമ്മുടെ ജീവിതവും ഉയര്‍ച്ചതാഴ്ച്ചകള്‍ നിറഞ്ഞതാണ്. ജീവിതത്തിലെ മാറ്റങ്ങളിലൂടെ കടന്നുപോകുമ്പോള്‍ മനസ്സിന്റെ സന്തുലനം നഷ്ടപ്പെടാതിരിക്കാനുള്ള ശക്തി ആദ്ധ്യാത്മികജ്ഞാനത്തിലൂന്നിയ ജീവിതവീക്ഷണത്തിലൂടെ നമുക്കു ലഭിക്കും.
പുറമെയുള്ള വെളിച്ചത്തിന്റെ ഏറ്റക്കുറച്ചില്‍ അനുസരിച്ച്  കാഴ്ചശക്തി ക്രമപ്പെടുത്തുവാനുള്ള കഴിവ് നമ്മുടെ കൃഷ്ണമണികള്‍ക്കുണ്ട്. വസ്തു ദൂരെയാണെങ്കിലും അടുത്താണെങ്കിലും കണ്ണ് അതിനനുസരിച്ച് സ്വയം ക്രമപ്പെടുത്തും. അങ്ങനെ നമുക്ക് ആ വസ്തുക്കളെ നന്നായി കാണാന്‍ കഴിയുന്നു. അതുപോലെ, ജീവിതത്തില്‍ മാറിവരുന്ന സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടുപോകാനുള്ള കഴിവാണ് നമ്മള്‍ ആര്‍ജ്ജിക്കേണ്ടത്. അതില്‍ വിജയിച്ചാല്‍  ജീവിതത്തിലുടനീളം ശാന്തിയും സമാധാനവും നിലനിര്‍ത്താന്‍ നമുക്കു കഴിയും. 
മാതാ അമൃതാനന്ദമയി

No comments:

Post a Comment