Monday, March 18, 2019

വനമാലി
രാവിലെ നമ്മിൽ ഉണ്മയുടെ ബോധം ഉണർത്തി, മനസ്സിൽ നിറഞ്ഞു നില്ക്കുന്ന ഭഗവാനെ നമസ്ക്കരിച്ച്‌ എഴുന്നേറ്റപ്പോൾ എന്തോ കാരണത്താൽ ഭഗവാന്റെ വക്ഷസ്സിലെ വനമാല ഓർമ വന്നു.
പുഞ്ചിരിയിൽ കുളിച്ചു നില്ക്കുന്ന സർവാന്തര്യാമിയായ വേണുഗോപാലനോട് ഞാൻ സവിനയം ചോദിച്ചു:
"ക്യഷ്ണ, അങ്ങ് കൌസ്തുഭ രത്നത്തിനും, . അഷ്ടൈശ്വര്യങ്ങളുടേയും ഉറവിടമായ ലക്ഷ്മീദേവിക്കും പുറമെ എത്ര എത്ര ദിവ്യരത്നാങ്കിതമായ മാലകളും, മുത്തുമാലകളും, പവിഴമാലകളും അണിഞ്ഞിരിക്കുന്നു! അതിനെല്ലാം മീതെയായി ആ വനമാലയും അണിഞ്ഞിരിക്കുന്നു. മാത്രമല്ല, മറ്റെല്ലാ മാലകളും ഊരിവെച്ചാലും വനമാല സദാ മാറോട് ചേർന്ന് കിടക്കുന്നു. കൃഷ്ണ , ഈ വനമാല അങ്ങക്ക് ഇത്ര പ്രിയമാകാൻ എന്താണ് കാരണം? അറിയാൻ ഏറെ കൌതുകമുണ്ട്."
ചുണ്ടിലെ പുഞ്ചിരി മായ്ച്ചു കളയാതെ, അളകങ്ങൾ ഒതുക്കി കൃഷ്ണൻ പറഞ്ഞു:
"വനമാലയിലെ പുഷ്പങ്ങൾ എന്നെ ജീവനു തുല്യം സ്നേഹിക്കുന്ന ജീവാത്മാക്കളാകുന്ന പുഷ്പങ്ങളുടെ പ്രതീകങ്ങളാണ്. അതിൽ സുഗന്ധമുള്ള പുഷ്പങ്ങളും, സുഗന്ധം ഇല്യാത്തവയും, വർണശബളമായവയും അല്ലാത്തവയും വെറും പടുമുള മുളച്ച ചെടികളിൽ ചിരിച്ചു നില്ക്കുന്ന കാട്ടുപൂക്കളും ഒക്കെയുണ്ട്. എനിക്കെല്ലാപുഷ്പങ്ങളും ഒരു പോലെ പ്രിയമാണ്. എന്നിൽ ശരണാഗതി അടഞ്ഞവർ ആരായാലും അവരെ വനമാലയിൽ ചേർത്ത് കെട്ടി, എന്റെ മാറോട് ചേർത്ത് ഞാനതണിഞ്ഞ് സദാ നിർവൃതി കൊള്ളുന്നു. സൂക്ഷിച്ചു നോക്കൂ, നിനക്ക് കാണാനുണ്ടോ പലതരത്തിലുള്ള പുഷ്പങ്ങൾ? ഇതാ ധ്രുവ പുഷ്പം, പ്രഹ്ളാദ പുഷ്പം, അംബരീഷ പുഷ്പം, അജാമിള പുഷ്പം, പൃഥു പുഷ്പം, കുചേല പുഷ്പം, ഗോപികാ പുഷ്പങ്ങൾ, പിംഗളാപുഷ്പം, മഹാബലിപുഷ്പം ധുന്ധുകാരി പുഷ്പം അങ്ങനെ നിരവധി പുഷ്പങ്ങൾ. "
ഞാൻ സൂക്ഷിച്ചു നോക്കി. ഒക്കെ കണ്ടു, നല്ലവണ്ണം കണ്ടു. എന്റെ ചോദ്യത്തിനുത്തരവും ലഭിച്ചു. ഞാൻ ആ താമര പോലെ, തളിരില പോലെ മനോഹരമായ പാദങ്ങളിൽ വീണു നമസ്ക്കരിച്ചു. എന്നെങ്കിലും, വരും ജന്മങ്ങളിൽ ഏതെങ്കിലും ഒരു ജന്മത്തിൽ, ആ കാട്ടുപൂക്കളിൽ ഒന്നായിത്തീർന്ന് ആ വക്ഷസ്സിനെ അലങ്കരിക്കാൻ അനുഗ്രഹിക്കണേ എന്ന് പ്രാർഥിച്ചു.
കൃഷ്ണൻ വീണ്ടും ആ വശ്യമായ പുഞ്ചിരി സമ്മാനിച്ചു, എന്നിട്ട് ഒരു കൊച്ചു പൂവ് എന്റെ മുടിയിൽ ചൂടിച്ചു എന്ന് തോന്നിയത് എന്റെ വെറും മോഹമായിരുന്നോ?
ശ്രീകൃഷ്ണാർപ്പണമസ് തു..
savithi puram

No comments:

Post a Comment