Monday, March 18, 2019

കൃപയെന്ന മഹാത്ഭുതം
കര്തൃ-ശവഭോക്തൃത്വരൂപമായ അഹങ്കാരം കട്ടിയായ ഒരു ചങ്ങലയായിത്തീര്ന്ന് സകലതിനും പൊരുളായ ഹൃദയേശ്വരനെ ബന്ധനസ്ഥനാക്കിയിരിക്കുന്നു. എന്നിട്ട് തന്റെ വാസനകളെ ആഹാരമൂട്ടി വളര്ത്താനായി ലോകത്തിലേക്കു ചാടിയിറങ്ങുന്നു. ബലവത്തായ ചങ്ങലയില്ബന്ധനസ്ഥനായിപ്പോയ ആ പരമേശ്വരന് ജീവന്റെ ഗതിയോര്ത്ത് ഉള്ളിലിരുന്നു വിങ്ങിപ്പൊട്ടുന്നത് ജീവന്കാണാതെപോയി.
ജീവന്റെ ഗതികേടില് വിങ്ങിപ്പൊട്ടിയ ഭഗവാന് ഒരു മഹാകൃപകൊണ്ട് ജീവനെ രക്ഷപ്പെടുത്താനുള്ള മാര്ഗം തെളിച്ചുകൊടുക്കുന്നു. അങ്ങനെ, ജന്മജന്മാന്തരങ്ങളായുള്ള അലച്ചിലിനുശേഷം ജീവന് ഏതെങ്കിലും സജ്ജനസമ്പര്ക്കത്തിലേക്കു ചെന്നുചേരുന്നു. അവിടെ ഭഗവദ് തത്ത്വചിന്തയെക്കുറിച്ചു കെള്ക്കുന്ന ജീവന് അതില്ആകര്ഷിക്കപ്പടുകയും പതിയെ ലോകത്തുനിന്നും മനസ്സിനെ തനിയ്ക്കുനേരെ തിരിച്ചുവിടുന്നു. ഇതിനു 'ശ്രദ്ധ' എന്നു പേര്.
ഈ ശ്രദ്ധയാണ് ബന്ധനസ്ഥനായ ഭഗവാന്റെ ചങ്ങലപ്പൂട്ട് തുറക്കാനുള്ള താക്കോല്. ശ്രദ്ധ ആവിര്ഭവിക്കുംതോറും അഹങ്കാരമാകുന്ന ചങ്ങലക്കെട്ട് ദ്രവിച്ചുതുടങ്ങുന്നു. ദ്രവിച്ചുതുടങ്ങിയ ചങ്ങലപ്പൂട്ടിന്റെ ബന്ധനത്തില്നിന്നും വിമുക്തനായ ഭഗവാന് പതിയെ അകമേനിന്നും ഈ ജീവന് സത്സംഗം (തത്ത്വചിന്താബോധനം) നല്കുന്നു. ഈ ആന്തരികശ്രവണമാണ് പിന്നെ ജീവനെ മുന്നോട്ടുനയിച്ച് ആത്മസ്വരൂപദര്ശനത്തിനു കൂടുതല്കൂടുതല്പക്വമാക്കിക്കൊടുക്കുന്നത്. അവസാനം കിട്ടേണ്ടതു കിട്ടിക്കഴിഞ്ഞ (സ്വാത്മബോധനം) ജീവന്റെ ഓരോ കാല്വയ്പ്പും അന്തരാത്മാവിന്റെ ഉപദേശമനുസരിച്ചു മാത്രമായിരിക്കും. അല്പവും യാതൊരര്ത്ഥവുമില്ലാത്ത ഈ ലോകത്തെ പുല്ലുപോലെ ത്യജിക്കാന് ജീവനു സാധിക്കുന്നു.
കൃപയുടെ സന്നിധിയില് ചലിക്കുന്ന ജീവന് കൃപാസാക്ഷാത്കാരമെന്ന (തനിയ്ക്കുവേണ്ടി തന്റെ സ്ഥാനത്തിരുന്ന് സകലതും നടത്തിത്തരുന്നുവെന്ന ഉത്തമ ബോധ്യം) അത്ഭുതസിദ്ധിയും കൈവരും. കൃപയുടെ മണ്ഡലത്തിലേക്കു പ്രവേശിക്കുന്ന ജീവന് പിന്നെ യഥാര്ത്ഥ സ്വാതന്ത്ര്യം അനുഭവിക്കുകയാണ്. ഇവിടെയാണ് 'ഉന് ഇഷ്ടം എന് ഇഷ്ടം' എന്ന മഹനീയസ്ഥിതി ജീവന് ഏര്പ്പെടുന്നത്.
ഭഗവാന്റെ കൈയ്യാല് ചലിക്കുന്ന ഒരത്ഭുത പാവയാണീ ജീവന്. അവിടെ കര്ത്താവോ ഭോക്താവോ ഇല്ല; ജീവാഹന്തയുടെ സ്ഥാനത്ത് നടമാടുന്ന ശിവം ആയി ജീവന് മാറുന്നു.
കൃപ എന്നത് ഭഗവാന്റെ അത്യത്ഭുത ലീലയാണ്. ഭഗവാന്റെ ദൃഷ്ടി ജീവന്റെ മേല് പതിയുകയും ജീവനെ തന്വശപ്പെടുത്തി, തന്നെ ജീവനു പരിചയപ്പെടുത്തി തന്നെത്തന്നെയാക്കിത്തീര്ക്കുന്ന ഏറ്റവും വലിയ അനുഗ്രഹം ചെയ്യുന്ന ആ കൃപ എപ്പോള്, എങ്ങിനെ, എവിടെവച്ച് ഒരു ജീവനില് ആവിര്ഭവിക്കുമെന്നു പറയാനൊക്കില്ല.
കൃപയ്ക്കു നമസ്കാരം.
sudha bharat

No comments:

Post a Comment