Sunday, April 21, 2019

ശ്രീമദ് ഭാഗവതം126
അതിന് എന്താ ഉദാഹരണം ന്ന് വെച്ചാൽ ഇവിടെ ഒരു കഥ പറഞ്ഞു അജാമിളോപഖ്യാനം. അജാ എന്നാൽ മായ. അജാമിളൻ എന്നാൽ മായയുമായി മേളനം ണ്ടായവൻ എന്നർത്ഥം. നമ്മളുടെ ഒക്കെ കഥ ആണ്. എല്ലാവരും അജയും ആയി മേളനം ണ്ടായവരാണ്. മായയുമായി, അവിദ്യയുമായി, അജ്ഞാനവും ആയി മേളനം ണ്ടായ ആളാണ് അജാമിളൻ. സദാചാരസമ്പന്നനായ ഒരു ബ്രാഹ്മണനായിരുന്നു. 

അജാമിളോ നാമ മഹീസുരസ്തുരാം 
ചരൻ വിഭോ ധർമ്മപഥാൻ ഗൃഹസ്ഥാശ്രമി
 
ഗൃഹസ്ഥാശ്രമത്തിൽ ആചാരാനുഷ്ഠാനങ്ങളോടു കൂടെ ഇരുന്ന ഒരു ബ്രാഹ്മണൻ. ഒരു ദിവസം കാട്ടില് ചമത എടുക്കാനോ ദർഭ എടുക്കാനോ ചെന്നപ്പോ ഒരു കുലടയെ കണ്ടു. കുലടയുമായി കിടക്കുന്ന ഒരാളെ കണ്ടു. അതോടുകൂടെ അകത്ത് കാമം ണ്ടായി. തന്റെ ധർമ്മം ഒക്കെ ഉപേക്ഷിച്ചു. 

നോക്കൂ വാസന ഉള്ളില് ണ്ടെങ്കിൽ എത്ര ഉയർന്ന തലത്തിൽ നിന്നും ചോട്ടിലേക്ക് വരാൻ എത്ര നേരം വേണം. ആളുകളൊക്കെ ചോദിക്കും റ്റിവി കണ്ടാ ഇപ്പൊ ന്താ കുഴപ്പം. കണ്ടോളൂ. ആരാ വേണ്ട പറഞ്ഞത്. സിലിണ്ടറിൽ ഗ്യാസ് ഉള്ളയിടത്തോളം തുറന്നു വെച്ച് തീപ്പെട്ടി അടുത്ത് കൊണ്ട് പോയാൽ പിടിക്കും.കാലിസിലിണ്ടറാണെങ്കിൽ തീ കൊളുത്തിയാലും പിടിക്കില്ല്യ. *വാസന* ഉള്ളിൽ ഉള്ളയിടത്തോളം കാലം ജീവനെ ഈ വിഷയങ്ങൾ ബാധിക്കും. 

അജാമിളൻ കുടുംബവും ഗൃഹസ്ഥാശ്രമധർമ്മവും ഒക്കെ ഉപേക്ഷിച്ചു. ഈ കുലടയുടെ കൂടെ ചെന്ന് താമസിച്ചു. അവിടെ ഇയാൾക്ക് അനേക പുത്രന്മാരുണ്ടായി. അവസാനത്തെ കുട്ടിക്ക് നാരായണൻ എന്ന് പേര് വെച്ചു. അതെങ്ങനെയാ ഇയാൾക്ക് നാരായണൻ എന്ന് പേര് വെയ്ക്കാൻ തോന്നിയത്?

അങ്ങനെ ഒരു പേര് വെയ്ക്കാൻ അയാൾക്ക് ബുദ്ധി എങ്ങനെ വന്നു? അത് ഭഗവാൻ ചെയ്ത ഒരു കൃപ യാണ്. സദാചാരത്തിന്റേയും ഭക്തിയുടേയും ഒക്കെ ഒരു ഡെപ്പോസിറ്റ് ണ്ടേ. ഇയാളെ അനുഗ്രഹിക്കാൻ ഭഗവാൻ ഒരു വഴി കണ്ടെത്തിയത് ആ ഡെപ്പോസിറ്റ് വെച്ചുകൊണ്ടാ. 

ഇത് അഖണ്ഡാനന്ദസ്വാമി പറയണതാണ്. ഒരു സന്യാസി വന്നു അത്രേ ഈ അജാമിളൻ ഇരിക്കുന്ന ഗ്രാമത്തിൽ. ആ സ്വാമി  ഭിക്ഷ എടുക്കാനായിട്ട് വന്നപ്പോ, കുറേ ചെറുപ്പക്കാർ അവിടെ കൂടി ഇരിക്കണ്ട്. അവരോട് ചോദിച്ചു ഈ ഗ്രാമത്തിൽ ഏറ്റവും നല്ല ആചാരശുദ്ധിയുള്ള വീടേതാ. അപ്പോ ഈ പിള്ളാർക്ക് ഒരു തമാശ. സ്വാമിയാരെ കണ്ടപ്പോ ഒന്ന് കളിയാക്കണമെന്ന് തോന്നി അവർക്ക്. അവര് പറഞ്ഞു സ്വാമീ ദാ ആ കാണുന്ന അജാമിളന്റെ വീടാണേ. അദ്ദേഹാണ് ഞങ്ങളുടെ ഇവിടെ ഏറ്റവും ആചാരശുദ്ധിയുള്ള ആള്. അവിടെ ചെന്നാൽ ഭിക്ഷ കിട്ടും പൊയ്ക്കോള്ളാ എന്ന് പറഞ്ഞു അവര്. സ്വാമി ആവട്ടെ എന്ന് പറഞ്ഞു ചെന്നു. അടുത്ത് ചെന്നപ്പോ തന്നെ സ്വാമിക്ക് മനസ്സിലായി. മദ്യത്തിന്റെ ഗന്ധം. അജാമിളൻ അവിടെ ഇല്ല്യ. വീട്ടിൽ ചെല്ലുമ്പോ തന്നെ നാറുന്നു. അന്തരീക്ഷം അശുദ്ധം. ആ ഗൃഹത്തിന്റെ മുമ്പിൽ ചെന്ന് നിന്ന് നാരായണ ഹരി എന്ന് വിളിച്ചു.
Lakshmi Prasad.

No comments:

Post a Comment