Wednesday, April 24, 2019

ദക്ഷിണാമൂർത്തി സ്തോത്രം-14
സാധാരണയായി നമ്മൾ എന്ത് കാര്യവും മറ്റുള്ളവരെ ബോധിപ്പിക്കുന്നത് ഭാഷയുടെ മാദ്ധ്യമത്താലാണ്. പലപ്പോഴും കൊച്ചു കുട്ടികൾ ചോദിക്കുന്ന സംശയമാണ് പക്ഷിമൃഗാദികൾ എങ്ങിനെ ആശയവിനിമയം ചെയ്യുന്നു. അവർ ഒരേ പോലത്തെ ശബ്ദമാണല്ലോ പുറപ്പെടുവിക്കുന്നത്.ഭാഷ എന്ന് പറയുന്നത് വളരെ സ്ഥൂലമാണ്. വാക്കുകൾ നല്കി നമ്മൾ രൂപം നല്കിയ ഒന്നാണ് ഭാഷ. ആശയവിനിമയം ഭാഷയിലൂടെ നടക്കുന്നതിനേക്കാൾ പ്രബലമായി മുഖഭാവങ്ങളിൽ നിന്നും മനസ്സിലാക്കാം.വാക്കുകൾ കൊണ്ട് മറ്റെന്തെങ്കിലും പറഞ്ഞാലും മുഖഭാവം കണ്ടാൽ മനസ്സിലാകും.
യഥാർത്ഥത്തിൽ നമ്മുടെ ശബ്ദത്തിന് നാല് തലങ്ങളുണ്ട്. പരാ, പശ്യന്തി , മദ്ധ്യമാ, വൈഖരി. എന്തെങ്കിലും പറയുന്നതിന് മുൻമ്പ് നിശ്ചലമായ ഒരു സ്ഥിതി. ആ നിശ്ചലതയിൽ ചെറുതായിട്ടൊരു ചലനം. ആ നിശ്ചലതയെ പരാ എന്ന് വിളിക്കുന്നു. എന്തോ പറയാൻ വെമ്പുന്ന ആ ചെറു ചലനത്തെ പശ്യന്തി എന്ന് വിളിക്കുന്നു. വാക്കിന്റെ രൂപത്തിൽ ആക്കുന്നതിന് മുൻമ്പ് ഒരു രൂപം അത് മദ്ധ്യമാ. വാക് രൂപത്തിൽ പ്രകടിപ്പിച്ചു കഴിഞ്ഞാൽ വൈഖരി. ആ വൈഖരി ശബ്ദത്തെയാണ് നമ്മൾ ഭാഷയാക്കി മാറ്റുന്നത്. അല്ലെങ്കിൽ പക്ഷിമൃഗാദികളിലും കുഞ്ഞുങ്ങളിലും കാണുന്ന പോലെ വെറും ശബ്ദങ്ങൾ മാത്രമേ കേൾക്കു.
ഈ ശബ്ദം നിശ്ചലതയിൽ നിന്ന് പുറപ്പെടുന്നു. എന്നാൽ ആ നിശ്ചലതയിൽ നിന്ന് എത്രയോ ശക്തി കുറഞ്ഞിട്ടാണ് വാക്കിന്റെ രൂപത്തിൽ പുറത്തു വരുന്നത്. ബാഹ്യ വിഷയങ്ങളെ കുറിച്ച് പറഞ്ഞ് മനസ്സിലാക്കിക്കാൻ ഈ ഭാഷ പ്രയോജനപ്പെടും. പക്ഷേ ആന്തരികമായ ആത്മാനുഭവത്തെ കുറിച്ച് പറയാൻ വളരെ പ്രബലമായ വഴിയാണ് മൗനം. മൗനത്തിലൂടെ പ്രകടിപ്പിക്കാവുന്നത് പോലെ ഭാഷ കൊണ്ട് സാദ്ധ്യമല്ല. എന്നാൽ മൗനം മാത്രമാണ് വിനിമയ മാദ്ധ്യമമെങ്കിൽ ജ്ഞാനികളൊന്നും സംസാരിക്കില്ലായിരുന്നു. അവർ വാക്കുകൾ പ്രകടിപ്പിക്കുമ്പോഴും ഈ മൗനത്തിന്റെ രസം ചോർന്ന് പോകാതെ വാക്കുകളിലൂടെ പുറത്തേയ്ക്ക് വരുന്നത് കൊണ്ടാണ് ആ വാക്കുകൾ പ്രയോജനപ്പെടുന്നത്. വാക്കുകൾ വായിൽ നിന്നല്ല വരുന്നത് ആ മൗനത്തിന്റെ രസം പേറി കൊണ്ടാണ് വരുന്നത്.
Nochurji.
malini dipu

No comments:

Post a Comment