Wednesday, April 24, 2019

ഗീതോപദേശം- നാം മനസിലാക്കേണ്ടത്.....!​
..................................................................................
ലോകം മുഴുവൻ ഏറ്റവും കൂടുതൽ വ്യാഖ്യാനങ്ങൾ ചമച്ച ഗ്രന്ഥമാണ് ഭഗവത്ഗീത.... ശ്രീകൃഷ്ണനെന്ന അദ്ധ്യാപകൻ അർജുനനെന്ന വിദ്യാർത്ഥിക്ക് പകർന്നു കൊടുത്ത വിദ്യാഭ്യാസമാണ് ഭഗവത്ഗീത. ഇവിടെ ഉപദേശം "അന്നത്തെ" അർജ്ജുനന് മാത്രമായി കൊണ്ടല്ല ഇന്നത്തേയും, നാളത്തേയുമുള്ള അർജ്ജുനന്മാർക്ക് കൂടി ( യുവാക്കൾക്ക് ) ഉള്ളതാണ്.
വളരെ കലുഷിതമായ യുദ്ധക്കളത്തിൽ യുദ്ധം ആരംഭിക്കേണ്ട സമയത്ത് അർജ്ജുനനെ ബാധിച്ച വിഷാദയോഗത്തെ മാറ്റി സ്വധർമ്മാചരണത്തിലേക്ക് ഉയർത്താനായി ശ്രീകൃഷ്ണൻ തിരഞ്ഞെടുത്തത് യുദ്ധഭൂമിയാണ്. അത്തരം ഒരു വിഷമകരമായ അവസ്ഥയിൽ ഇത്രയധികം ശ്ലോകങ്ങൾ / വരികൾ പറയാൻ ഭഗവാന് സാധിക്കുമോ?
എത്ര നേരം പറഞ്ഞിട്ടുണ്ടാകും ഭഗവാൻ? 700 ശ്ലോകവും പറഞ്ഞിട്ടുണ്ടാകുമോ? 2800 വരികളും പറഞ്ഞിട്ടുണ്ടാകുമോ? ഒരിക്കലും സാധ്യതയില്ല. കാരണം ആകെ 17 അക്ഷൗഹിണി നിറഞ്ഞു നിൽക്കുന്ന യുദ്ധഭൂമി. മാത്രമല്ല യുദ്ധം തുടങ്ങാൻ വേണ്ട ശംഖനാദവും മുഴക്കിയിട്ടുണ്ട്. അപ്പോൾ ഇത്രയധികം വരികൾ പറഞ്ഞു തീർക്കാൻ മണിക്കൂറുകൾ വേണ്ടിവരും. എന്തായിരിക്കും അവിടെ സംഭവിച്ചത്...?
ശ്രീകൃഷ്ണനും അർജുനനും സംസാരിച്ചു കഴിയുന്നതുവരെ മറ്റുള്ളവർ കാത്തു നിന്നിട്ടുണ്ടാകുമോ? ഒരിക്കലും അതിനും സാധ്യതയില്ല. പിന്നെ എങ്ങനെയാണ് 700 ശ്ലോകങ്ങൾ ഉണ്ടായത്?
ഭഗവത് ഗീതയുടെ ധ്യാനശ്ലോകത്തിൽ ഇതിനുള്ള ഉത്തരം കൃത്യമായി കൊടുത്തിട്ടുണ്ട്. "വ്യാസേന ഗ്രഥിതാം പുരാണ മുനീനാം മദ്ധ്യേ മഹാഭാരതം." വ്യാസനാണ് കൃഷ്ണവാണിയെ 700 ശ്ലോകങ്ങളിൽ ഒതുക്കി പറഞ്ഞത്.
ഇത്രയും വലിയ യുദ്ധത്തിനിടയിൽ ലക്ഷക്കണക്കിന് യുദ്ധവീരന്മാർ തയ്യാറായി നിൽക്കുമ്പോൾ അവരെയെല്ലാം വെറുതെ നിർത്തി 2800 വരികൾ പറഞ്ഞതാണ് എന്ന ചിന്ത യുക്തിക്കു നിരക്കുന്നതല്ല.
പിന്നെ എന്തായിരിക്കും അവിടെ സംഭവിച്ചത്.......?ഇതു മനസിലാക്കാൻ പറ്റുന്ന അനുഭവങ്ങൾ പലപ്പോഴും നമ്മുടെവീടുകളിൽ നടക്കുന്നതാണ്. ഉദാ: ഒരു വീട്ടിൽ ഭാര്യയും ഭർത്താവും വഴക്കു കൂടുന്ന സമയത്ത് പുറത്ത് ആരോവന്ന് വിളിക്കുന്നത് കേട്ട് വഴക്ക്നിർത്തി ഭാര്യ വാതിൽ തുറന്നു. മുന്നിൽ നിൽക്കുന്ന തന്റെ മകനെ കണ്ട് സ്നേഹത്തോടെ വീടിനുള്ളിലേക്ക് കൂട്ടികൊണ്ടു വരുമ്പോൾ ഭാര്യ അതുവരെ തന്നോടു വഴക്കു കൂടിയ ഭർത്താവിനെ ഒരു നോട്ടം നോക്കി............. ഈ നോട്ടത്തിന് എത്ര അർത്ഥങ്ങളുണ്ട്...? നമ്മളൊന്നു വിലയിരുത്തിയാൽ ഇങ്ങനെയൊക്കെയായിരിക്കാം ആ നോട്ടത്തിനർത്ഥം.
1.ഇപ്പോൾ തൽക്കാലത്തേക്ക് നമുക്ക് വഴക്കു നിർത്താം. കുറച്ചു കഴിയട്ടെ.....
2.നമ്മൾ തമ്മിൽ പല പ്രശ്നങ്ങളുമുണ്ടാകാം അത് മക്കളെ അറിയിക്കേണ്ട കാര്യമില്ല. 3.വരട്ടെ കുറച്ച് കഴിയട്ടെ..... അതു വരെ നിങ്ങൾ മിണ്ടരുത്....... ഇങ്ങനെ ചിന്തിച്ചാൽ ആ ഒരു നോട്ടത്തിൽ നിരവധി അർത്ഥങ്ങളുണ്ട്. മാത്രമല്ല നമ്മൾ ചില്ല സന്ദർഭങ്ങളിൽ ചിരിക്കുന്നതും, മൂളുന്നതും ഒരു പ്രത്യേകസമയത്ത് പ്രത്യേകരീതിയിൽ ആകുമ്പോൾ കാണുന്നവനും, കേൾക്കുന്നവനും എത്രയോ അർത്ഥങ്ങളാണ് അതിൽ നിന്ന് മനസിലാക്കുക.......
ഈയൊരു തലത്തിൽ നിന്നു കൊണ്ട് പത്തോ പതിനഞ്ചോ മിനിട്ട് സമയം ഭഗവാൻ അർജ്ജുനന് സ്വധർമ്മം അനുഷ്ഠിക്കേണ്ടതിന്റെ ആവശ്യകതയും, എന്തിനെ കുറിച്ച് അർജ്ജുനൻ ദു:ഖിക്കേണ്ടതില്ലയോ അതിനെ കുറിച്ചാണ് ദുഃഖിക്കുന്നത്. അർജ്ജുനന്റെ ദുഃഖ കാരണത്തെ കാര്യകാരണ യുക്തം ബോധ്യപ്പെടുത്തലാണ് ഭഗവാൻ ചെയ്തത്. ഈ ഭഗവത് വാണികേട്ട് തന്റെ മോഹം (ശരിയും, തെറ്റു തിരിച്ചറിയൽ ) നശിച്ച് ,ഓർമ്മ തിരിച്ച് കിട്ടി സ്വധർമ്മാനുഷ്ഠാനത്തിന് അർജ്ജുനനെ ബുദ്ധനാക്കുകയാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ ഭഗവാൻ ചെയ്തത്.
ഇത്തരത്തിൽ നമോരോരുത്തരും ഗീതാ സാരത്തെ സ്വധർമ്മാചരണത്തിനായി ഉപയോഗിക്കുവാനാണ് ഭഗവാൻ നമ്മോട് ആഹ്വാനം ചെയ്യുന്നത്. ഇതാണ് 700 ശ്ലോകങ്ങളുടെ യുക്തി.....
ഒ.എസ്.സതീഷ്. കൊടകര

No comments:

Post a Comment