Saturday, April 27, 2019

ദക്ഷിണാമൂർത്തി സ്തോത്രം-16

ദക്ഷിണാ എന്നാൽ ജ്ഞാനമെന്നും അർത്ഥമുണ്ട്. ഭാഗവതത്തിൽ ദക്ഷിണാ എന്നുള്ള വാക്കിന് ദക്ഷിണാ ജ്ഞാനസന്ദേശ: എന്നാണ് അർത്ഥം പറഞ്ഞിരിക്കുന്നത്.  ജ്ഞാനം എന്നത് പുഷ്പത്തിൽ നിന്ന് സുഗന്ധം വരുന്നത് പോലെയാണ് അല്ലാതെ സാധാരണ അറിവല്ല, intellectual stuffing അല്ല. പുറമെ നിന്ന് ജ്ഞാനം എന്ന് പറയുമ്പോൾ അത് അത്രയും ഘനീഭവിച്ചതാണ്. സമ്പൂർണ്ണതയുടെ പ്രസരമാണ്. 

അങ്ങനെയുള്ള ജ്ഞാനം സ്വരൂപമായിരിക്കുന്ന മൂർത്തി ദക്ഷിണാമൂർത്തി. ജ്ഞാനത്തിനെ പ്രസരിപ്പിക്കുന്ന മൂർത്തി. അത് വാക്കുകളിലൂടെ വേണമെന്നില്ല. എല്ലാ ഗുരുവും ദക്ഷിണാമൂർത്തിയാണ്. ഒരു പുഷ്പത്തിൽ നിന്ന് സുഗന്ധമെന്ന പോലെ ഈ സത്യത്തെ അറിഞ്ഞയാളുടെ ഹൃദയത്തിൽ സദാ ഇത് സ്ഫുരിച്ചു കൊണ്ടിരിക്കുന്നു. സാധാരണ മനുഷ്യരുമായുള്ള സമ്പർക്കത്തിൽ നമുക്ക് മനസ്സും ഇന്ദ്രിയങ്ങളുമാണ് പ്രവർത്തിക്കുന്നത്. എന്നാൽ സത്യമറിഞ്ഞ ഒരു മഹാത്മാവിന്റെ സാന്നിദ്ധ്യത്തിൽ മനസ്സും ഇന്ദ്രിയവും അല്ലാതെ മറ്റൊന്ന് അകമേയ്ക്ക് പ്രവർത്തിച്ചു തുടങ്ങും. "Another plane of recognition". അനുഭൂതിയെ ഉണ്ടാക്കുന്നതായ ഒരു മണ്ഡലം അകമേ പ്രവർത്തിച്ചു തുടങ്ങുന്നു. ആ ഹൃദയ കേന്ദ്രത്തെ ഉണർത്തി വിടുന്ന പ്രസരം അഥവാ ജ്ഞാന പ്രസരം ഏത് കേന്ദ്രത്തിൽ നിന്നും ഉണ്ടാകുന്നുവോ അത് ദക്ഷിണാമൂർത്തിയാണ്.

ഈ ദക്ഷിണാമൂർത്തി അവതാരമായിട്ട് പുരാണങ്ങളിൽ പറയുന്നത് ദക്ഷയാഗ സന്ദർഭത്തിൽ സതി ദേവി ദേഹം ത്യാഗം ചെയ്തപ്പോൾ ശിവൻ തെക്കോട്ട് തിരിഞ്ഞ് ദക്ഷിണാ മൂർത്തിയായിട്ടിരുന്നു. ചിന്മുദ്രയോട് കൂടെ യോഗ വേഷത്തോടെ ഭഗവാനിരുന്നു. സനക സനന്ദനാദികൾ മുന്നിൽ ഇരിക്കുന്നു. ഭാഗവതത്തിൽ നാരദൻ ചോദിക്കുകയും ഭഗവാൻ ബ്രഹ്മ വിദ്യ പറഞ്ഞ് കൊടുക്കുന്നതായിട്ടാണ്. പക്ഷേ അവിടെ ദക്ഷിണാമൂർത്തിയെന്ന് പേര് പറഞ്ഞിട്ടില്ല.
ബ്രഹ്മാവിന്റെ മാനസ പുത്രൻമാരായ സനക സനന്ദാദികൾ ബ്രഹ്മാവിൽ നിന്ന് തന്നെ ബ്രഹ്മ വിദ്യ അറിയണമെന്ന് ആഗ്രഹിച്ചു. പക്ഷേ അവർ മുൻവിധിയുമായി ബ്രഹ്മാവിനെ സമീപിച്ചതിനാൽ തൃപ്തി വന്നില്ല. തങ്ങളുടെ ഗുരു ബ്രഹ്മചാരിയായിരിക്കണം, സന്യാസിയായിരിക്കണം, സർവ്വ സംഗ പരിത്യാഗി ആയിരിക്കണം എന്ന മുൻ വിധി ഉള്ളതിനാൽ ബ്രഹ്മാവിനെ ഇഷ്ടപ്പെട്ടില്ല, വൈകുണ്ഠത്തിൽ വിഷ്ണുവിനേയും ഇഷ്ടപ്പെട്ടില്ല, ശിവനേയും ഇഷ്ടപ്പെട്ടില്ല. കാരണം മൂവരും പത്നി സമേതൻമാരായിട്ടാണിരിക്കുന്നത്.

 കൈലാസത്തിൽ നിന്ന് പുറപ്പെടുമ്പോൾ പാർവ്വതി ദേവി പറഞ്ഞു ഭഗവാനെ ശിഷ്യൻ ഗുരുവിനെ മനസ്സിലാക്കണം എന്ന് ഗുരു വിചാരിച്ചാൽ നടക്കില്ല. എങ്ങിനെയിരുന്നാൽ ശിഷ്യന് തൃപ്തി വരുമോ അതു പോലെയൊരു രൂപം ധരിച്ച് ആ ശിഷ്യരെ അനുഗ്രഹിക്കണം. അതാണ് ഗുരുവിന്റെ കാരുണ്യം. അതുകൊണ്ട് അവരുടെ സങ്കൽപ്പത്തിനനുസൃതമായി അങ്ങ് അവരുടെ മുന്നിൽ ഇരുന്നു കൊടുത്താലും. അങ്ങിനെ സനക സനന്ദനാദികൾ പോകുന്ന വഴിയിൽ ഒരു വട വൃക്ഷ ചുവട്ടിൽ ഒരു പതിനാറു വയസ്സുകാരനായി ഇരുന്നു കൊടുത്തു എന്നാണ്. കണ്ടപാടെ സനക സനന്ദനാദികൾക്ക് തൃപ്തി വന്നു. അദ്ദേഹത്തെ ആചാര്യനായി കണ്ടു.

Nochurji .
Malini Dipu

No comments:

Post a Comment