ദിവസം 21 ശ്രീമദ് ദേവീഭാഗവതം 1.16. പുരാണോപദേശം
ദിവസം 21 ശ്രീമദ് ദേവീഭാഗവതം 1.16. പുരാണോപദേശം
ദൃഷ്ട്വാ തം വിസ്മിതം ദേവം ശയാനം വടപത്രകേ
ഉവാച സസ്മിതം വാക്യം വിഷ്ണോ കിം വിസ്മിതോ ഹ്യസി
മഹാശക്ത്യാ: പ്രഭാവേണ ത്വം മാം വിസ്മൃതവാന്‍ പുരാ
പ്രഭവേ പ്രളയേ ജാതേ ഭൂത്വാ ഭൂത്വാ പുന: പുന:
വ്യാസന്‍ തുടര്‍ന്നു: ഇങ്ങിനെ ഭ്രമിച്ച് ആലിലയില്‍ക്കിടക്കുന്ന വിഷ്ണുവിനോടു ദേവി പറഞ്ഞു: 'എന്തിനാണ് നീ വിസ്മയിക്കുന്നത്? സൃഷ്ടിപ്രളയങ്ങള്‍ ആവര്‍ത്തിക്കുന്നു. അപ്പോള്‍ നീ വീണ്ടും ജനിക്കുന്നു. മഹാശക്തിപ്രഭാവത്താല്‍ നീയെന്നെ ഓരോ തവണയും വിസ്മരിക്കുകയും ചെയ്യുന്നു. പരാശക്തി നിര്‍ഗ്ഗുണയാണ്. നീയും, ഞാന്‍ പോലും സഗുണമാണ്. സാത്വികമായ എല്ലാ ശക്തികളും എന്റെ പ്രാഭവമായി നീ അറിഞ്ഞാലും. നിന്റെ പൊക്കിള്‍ത്താമരയില്‍ നിന്നും രജോഗുണസമ്പന്നനായ ബ്രഹ്മാവുണ്ടാവും. അദ്ദേഹമാണ് സകല ലോകങ്ങളെയും സൃഷ്ടിക്കുക. തപസ്സുചെയ്ത് കിട്ടുന്ന ശക്തിയാലാണ് അദ്ദേഹത്തിന് സൃഷ്ടി ചെയ്യാന്‍ കഴിവുണ്ടാകുന്നത്. മൂന്നുലോകവും രജസ്സിനാല്‍ രക്തവര്‍ണ്ണമാക്കി, പഞ്ചഭൂതങ്ങളെയും പഞ്ചിന്ദ്രിയങ്ങളെയും മനസ്സു മുതലായ അധിദേവതമാരെയും കൊണ്ടാണ് ബ്രഹ്മാവ് ലോകസൃഷ്ടിചെയ്യുന്നത്. സൃഷ്ടാവായി ബ്രഹ്മാവും, സ്ഥിതി പരിപാലനത്തിനായി നീയും താമസീശക്തിയെ സ്വാംശീകരിച്ച രുദ്രന്‍ സംഹാരത്തിനായും നിയോഗിക്കപ്പെട്ടിരിക്കുന്നു. ഒരു കല്പം അവസാനിക്കുമ്പോള്‍ രുദ്രന്‍ എല്ലാറ്റിനെയും അവസാനിപ്പിക്കുന്നു. അതിനാല്‍ ഞാന്‍ സത്വികീശക്തിയായി നിന്റെ അരുകില്‍ നില്‍ക്കുകയാണ്. ഹേ മധുസൂദന, ഞാന്‍ നിന്റെ ഹൃദയകമലത്തില്‍ സദാ നിവസിക്കുന്നു എന്നറിയുക.'
അപ്പോള്‍ വിഷ്ണു ചോദിച്ചു: 'സ്ഫുടാക്ഷരത്തില്‍ ഞാന്‍ അശരീരിയായിക്കേട്ട പരമാര്‍ത്ഥമായ ആ ശ്ലോകാര്‍ദ്ധം ആരാണ് ശബ്ദിച്ചത്? നിര്‍ധനന്‍ ധനത്തിനായി എന്നതുപോലെ അതറിയാന്‍ എന്നില്‍ കലശലായ ആഗ്രഹമുണ്ട്.'
മഹാലക്ഷ്മി പുഞ്ചിരിയോടെ പറഞ്ഞു: മഹാവിഷ്ണോ, ഞാനിപ്പോള്‍ സഗുണയായി അങ്ങേയ്ക്ക് കാണാം എന്നാല്‍ ഈ സഗുണത്തിനു നിദാനമായ നിര്‍ഗ്ഗുണത്തെ അങ്ങ് കാണുന്നില്ല. നിന്റെ ഹിതാര്‍ത്ഥമാണ് അത്യന്തം രഹസ്യമായ ഇക്കാര്യം നിന്നെ ആ ദേവി അറിയിച്ചത്. ആ ദേവിയാണ് നിന്നില്‍ ഭാഗവത തത്വം പ്രകടമാക്കിയത്. വേദസാരമായ ഭാഗവതം, സകല ശാസ്ത്ര സാരമാണ്. ഒരിക്കലും മറക്കാനിടയാവാതെ സൂക്ഷിക്കേണ്ട മഹാതത്വമാണിത്. ഏറ്റവും പ്രിയപ്പെട്ടവനാകയാല്‍ ദേവി സ്വയം നിനക്കായി ഈ ഉപദേശം നല്‍കി എന്നറിയുക. മൂന്ന് ലോകത്തിലും ഇതില്‍ കൂടുതല്‍ അറിയാന്‍ ഒന്നുമില്ല.
മഹാലക്ഷ്മി പുഞ്ചിരിയോടെ പറഞ്ഞു: മഹാവിഷ്ണോ, ഞാനിപ്പോള്‍ സഗുണയായി അങ്ങേയ്ക്ക് കാണാം എന്നാല്‍ ഈ സഗുണത്തിനു നിദാനമായ നിര്‍ഗ്ഗുണത്തെ അങ്ങ് കാണുന്നില്ല. നിന്റെ ഹിതാര്‍ത്ഥമാണ് അത്യന്തം രഹസ്യമായ ഇക്കാര്യം നിന്നെ ആ ദേവി അറിയിച്ചത്. ആ ദേവിയാണ് നിന്നില്‍ ഭാഗവത തത്വം പ്രകടമാക്കിയത്. വേദസാരമായ ഭാഗവതം, സകല ശാസ്ത്ര സാരമാണ്. ഒരിക്കലും മറക്കാനിടയാവാതെ സൂക്ഷിക്കേണ്ട മഹാതത്വമാണിത്. ഏറ്റവും പ്രിയപ്പെട്ടവനാകയാല്‍ ദേവി സ്വയം നിനക്കായി ഈ ഉപദേശം നല്‍കി എന്നറിയുക. മൂന്ന് ലോകത്തിലും ഇതില്‍ കൂടുതല്‍ അറിയാന്‍ ഒന്നുമില്ല.
വ്യാസന്‍ തുടര്‍ന്നു: ചതുര്‍ഭുജനായ വിഷ്ണു മഹാലക്ഷ്മിയുടെ വാക്കുകള്‍ കേട്ട് അവ ഉത്തമമായ മന്ത്രമായിക്കരുതി ധ്യാനത്തിലാണ്ടു. കാലമേറെക്കഴിഞ്ഞപ്പോള്‍ ഭഗവദ് നാഭിയില്‍ നിന്നും ഉണ്ടായ ബ്രഹ്മാവ് ദൈത്യന്മാരെ പേടിച്ചു വിഷ്ണുവിനെ അഭയം പ്രാപിച്ചു. മധുകൈടഭന്മാരെ കൊന്നതിനു ശേഷം ഭഗവാന്‍ ആ ശ്ലോകാര്‍ത്ഥത്തെ വീണ്ടും സ്ഫുടമായി ജപിച്ചു. ശ്രീഹരിപോലും മന്ത്രജപത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത് കണ്ടു പ്രജാപതി ചോദിച്ചു: 'അങ്ങ് സര്‍വ്വ ശക്തനല്ലേ? പിന്നെയിനി ആരെയാണ് പ്രീതിപ്പെടുത്തേണ്ടത്? ആരെ സ്മരിച്ചിട്ടാണ് അങ്ങിത്ര സംതുഷ്ടനായിരിക്കുന്നത്?'
അപ്പോള്‍ വിഷ്ണു പറഞ്ഞു: 'എന്നിലും നിന്നിലും കുടികൊള്ളുന്ന കാര്യകാരണ രൂപിയായ ആ ശക്തിയെ ഭഗവതിയായി അറിയുക. ഈ അലയാഴിയില്‍ ആരെ ആധാരമാക്കിയാണോ സഗുണയായ മഹാശക്തി വിളങ്ങുന്നത്, ആരാണോ ചരാചര സംയുതമായ ഈ ഭൂമിയ്ക്ക് നിദാനമായിരിക്കുന്നത്, അവള്‍ പ്രസന്നയായാല്‍പ്പിന്നെ സകലര്‍ക്കും മുക്തിയായി. പരമമായ വിദ്യയും, മുക്തിയ്ക്ക് ഹേതുവും, സര്‍വ്വത്തിന്റെയും ഈശ്വരിയുമായ ഭഗവതി തന്നെയാണ് സംസാരബന്ധനത്തിന്റെയും കാരണമായി വര്‍ത്തിക്കുന്നത്. അവളുടെ ചിച്ഛക്തിയില്‍ നിന്നുമാണ് ഞാനും നീയുമടക്കം എല്ലാവരും ഉണ്ടായതെന്ന് യാതൊരു ശങ്കയ്ക്കും ഇടമില്ലാത്തവണ്ണം എനിക്ക് പറയാനാവും.
വ്യാസന്‍ തുടര്‍ന്നു: ഈ ശ്ലോകാര്‍ദ്ധത്തില്‍പ്പറഞ്ഞ ഭാഗവതം പരമസത്യമത്രേ. അത് ദ്വാപരാദി യുഗങ്ങളില്‍ വിപുലമായി വിസ്തരിക്കപ്പെടും. ബ്രഹ്മാവ് നൂറു കോടി ശ്ലോകങ്ങളില്‍ നാരദന് വേണ്ടി വിസ്തരിച്ചു പറഞ്ഞ ഭാഗവതത്തിന്റെ സാരാംശമെടുത്ത് പന്ത്രണ്ടു സ്കന്ധങ്ങളാക്കിയത് ഞാനാണ്. വേദതുല്യമായതും പഞ്ചലക്ഷണങ്ങള്‍ തികഞ്ഞതുമായ ഈ പുരാണം നീ പഠിക്കുക.
തത്വജ്ഞാനങ്ങള്‍ നിറഞ്ഞതും വേദാര്‍ത്ഥങ്ങളാല്‍ സമ്പന്നവുമാണ് ഭാഗവതം. വൃത്രാസുരവധം മുതലായ കഥകളും ബ്രഹ്മവിദ്യയുടെ സംക്ഷിപ്തരൂപവും നിനക്കിതില്‍ നിന്നു കിട്ടും. അജ്ഞാനം ഇല്ലാതാക്കുന്ന പതിനെണ്ണായിരം ശ്ലോകങ്ങളും നീ പഠിക്കുക. മംഗളപ്രദവും, തലമുറകളെപ്പോലും അനുഗൃഹീതരാക്കുന്നതുമായ ഈ ഗ്രന്ഥം പഠിക്കുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും ശാന്തിസുഖസമ്പത്തുകള്‍ പ്രദാനം ചെയ്യും. ലോമഹര്‍ഷണന്റെ പുത്രനായ ഈ പുണ്യാത്മാവ് എന്റെ ശിഷ്യനാണ്. അവനും നിന്നോടൊപ്പം ഈ പുരാണം പഠിക്കട്ടെ.
സൂതന്‍ തുടര്‍ന്നു: ഇങ്ങിനെ പുത്രനോടു പറഞ്ഞ് വ്യാസന്‍ ഞങ്ങളെ ഈ പുരാണം പഠിപ്പിച്ചു. പുരാണം പഠിച്ചശേഷം ശുകന്‍ കര്‍മ്മത്തിലൊന്നും ശ്രദ്ധയില്ലാതെ വ്യാസന്റെ ആശ്രമത്തില്‍ കഴിഞ്ഞു പോന്നു. ഭക്ഷണത്തില്‍ താല്‍പ്പര്യമില്ലാതെ സദാ മൌനിയായി ശുകന്‍ അവിടെയിരുന്നു. ഇങ്ങിനെ വിഷണ്ണനായിരിക്കുന്ന മകനോട് വ്യാസന്‍ ചോദിച്ചു: 'മകനേ നിന്നെ അലട്ടുന്ന വിഷയം എന്താണ്? നിന്റെ പിതാവായ ഞാനുള്ളപ്പോള്‍ കടം കേറി പൊറുതി മുട്ടിയ ദരിദ്രന്റെ ഭാവത്തില്‍ നീയിങ്ങിനെ വിഷമിക്കുന്നതെന്തിനാണ്? വേണ്ടതുപോലെ സുഖമൊക്കെ ആസ്വദിച്ച് തന്നെ നീ ശാസ്ത്രപ്രോക്തങ്ങളായ കാര്യങ്ങളെപ്പറ്റി വിചിന്തനം ചെയ്താലും. അങ്ങിനെ ജ്ഞാനത്തെ ആത്മാനുഭൂതിയാക്കി മാറ്റുക. അല്ലാ, നിനക്ക് എന്റെ ഉപദേശം കൊണ്ട് ശാന്തി കിട്ടുന്നില്ല എന്നാണെങ്കില്‍ നീ ജനകനെ ചെന്ന് കാണുക. സത്യവാനും ജീവന്മുക്തനും വിദേഹനുമായ ആ മാഹാത്മാവ് നിന്റെ ആശങ്കകളെ തീര്‍ത്തുതരും.
വ്യാസന്‍ ഇങ്ങിനെ പറഞ്ഞപ്പോള്‍ ശുകന് സംശയമായി. ‘ജനകന്‍ രാജാവല്ലേ? നാട് വാഴുന്ന രാജാവ് ജീവന്‍ മുക്തനാണെന്നോ? മിക്കവാറും അത് വെറും പൊങ്ങച്ചം പറച്ചിലാവാനേ സാദ്ധ്യതയുള്ളൂ. വിദേഹന്‍ രാജ്യം ഭരിക്കുന്നു എന്ന് പറയുന്നത് ‘വന്ധ്യാപുത്രന്‍’ എന്ന് പറയുന്നതുപോലെ അസംബന്ധം തന്നെ. എന്നാലും ഈ ജനക മഹാരാജാവിനെ എനിക്ക് കാണണം എന്നുണ്ട്. താമരയിലയില്‍ ജലമെന്നതുപോലെ അദ്ദേഹം സംസാരത്തില്‍ വര്‍ത്തിക്കുന്നത് എങ്ങിനെയെന്ന് എനിക്കറിയണം! വിദേഹന്‍ എന്ന് പറഞ്ഞാല്‍ ശരീരം നശിച്ചവന്‍ എന്നു തന്നെയാണല്ലോ? അനുഭവങ്ങള്‍ നിറഞ്ഞ ലൌകീക ജീവിതം എങ്ങിനെ നിരാകരിക്കാനാകും? ഇന്ദ്രിയവ്യാപാരം എങ്ങിനെ അവസാനിപ്പിക്കാനാകും? അദ്ദേഹത്തിന് അമ്മ, ഭാര്യ, പുത്രന്‍, വേശ്യ എന്നിങ്ങിനെയുള്ള ഭേദബുദ്ധി ഇല്ലാ എന്നാണോ പറയുന്നത്? അല്ല, ഭേദബുദ്ധിയുണ്ടെങ്കില്‍പ്പിന്നെ അദ്ദേഹമെങ്ങിനെ ജീവന്‍മുക്തനാവും? രസങ്ങളെ രസനയറിയുന്നുവെങ്കില്‍ ആ നാവ് ഭോഗങ്ങള്‍ അനുഭവിക്കുന്നു എന്ന് നിശ്ചയം. അതുപോലെ ശീതോഷ്ണസുഖദുഖങ്ങള്‍ വിവേചിച്ചറിയുന്നവന്‍ എങ്ങിനെയാണ് ജീവന്‍ മുക്തനാവുക? കള്ളനെയും യോഗിയേയും ഒരുപോലെ കാണാന്‍ പറ്റുമോ? അതും ഒരു രാജാവിന്? ഗൃഹാശ്രമിയായ രാജാവ് എങ്ങിനെയാണ് മുക്തനാവുക? ആ നൃപനെ കാണാന്‍ എനിക്ക് വലിയ ആഗ്രഹമുണ്ട്. ഞാന്‍ മിഥിലയ്ക്ക് പുറപ്പെടുകയായി. ജീവന്‍ മുക്തനായ ഒരുവനെ ഞാനിതുവരെ കണ്ടിട്ടില്ല.’
No comments:
Post a Comment