Wednesday, April 24, 2019

ദിവസം 25. ശ്രീമദ്‌ ദേവീഭാഗവതം 1. 20. ശുകനിര്‍ഗമം

ദിവസം 25. ശ്രീമദ്‌ ദേവീഭാഗവതം 1. 20.  ശുകനിര്‍ഗമം

ശുകസത് പരമാം സിദ്ധിമാപ്തവാന്‍ ദേവ സത്തമ
കിം ചകാര തതോ വ്യാസസ്തന്നോ ബ്രൂഹി സവിസ്തരം
ശിഷ്യാ വ്യാസസ്യ യേപ്യാസന്‍ വേദാഭ്യാസപരായണാ:
ആജ്ഞാമാദായ തേ സര്‍വ്വേ ഗതാ: പൂര്‍വ്വം മഹീതലേ

ശ്രീശുകന്‍ പരമപദം പ്രാപിച്ചശേഷം വ്യാസന്‍ എന്താണ് ചെയ്തെന്ന് ഋഷികള്‍ ചോദിച്ചതിനുത്തരമായി സൂതന്‍ പറഞ്ഞു: വേദപഠനത്തിനായി എത്തിച്ചേര്‍ന്ന ശിഷ്യഗണങ്ങള്‍ പഠനം കഴിഞ്ഞു വ്യാസനെവിട്ടു പോയി. അതില്‍ അസിതന്‍, ദേവലന്‍, വൈശമ്പായനന്‍, സുമന്തു, ജൈമിനി എന്നിവരെല്ലാം പെടുന്നു. മകന്‍ മരിച്ചു, ശിഷ്യന്മാര്‍ തന്നെ വിട്ടുപോവുകയും ചെയ്തപ്പോള്‍ ആകുലചിത്തനായ വ്യാസന്‍ ഗൃഹം ഉപേക്ഷിച്ചു പുറപ്പെട്ടു അദ്ദേഹം തന്‍റെ അമ്മയായ സത്യവതിയെപ്പറ്റി ആലോചിച്ചു. അമ്മയെപ്പറ്റി ധ്യാനിച്ചുകൊണ്ട് താന്‍ പിറന്ന സ്ഥലത്ത് എത്തിച്ചേര്‍ന്നു. അന്ന് താന്‍ വിട്ടുപോയപ്പോള്‍ ദുഖിച്ചു തളര്‍ന്നു നിന്നിരുന്ന അമ്മ ഇപ്പോളെവിടെ അന്നദ്ദേഹം അന്വേഷിച്ചു. ‘അവരെ ശന്തനുമഹാരാജാവിന് വിവാഹം ചെയ്തു കൊടുത്തു’ എന്നാണു ദാശരാജാവില്‍ നിന്നും അദ്ദേഹത്തിനു കിട്ടിയ വിവരം.

ദാശരാജാവ് പറഞ്ഞു: 'അങ്ങ് ഇവിടെ വന്നു ഞങ്ങളുടെ കുലത്തെ പാവനമാക്കി. ദേവന്മാര്‍ക്ക് പോലും ദുര്‍ലഭമാണ് അവിടുത്തെ ദര്‍ശനം. അങ്ങയുടെ ആഗമനോദ്ദേശം എന്തെന്ന് പറഞ്ഞാലും. എന്റെ കുടുംബവും ഭാര്യാപുത്രാദികളുമെല്ലാം അങ്ങയുടെ ആജ്ഞാനുവര്‍ത്തികളായിരിക്കും.’

വ്യാസന്‍ അവിടെത്തന്നെ ഒരാശ്രമം സ്ഥാപിച്ചു. തപസ്സില്‍ മുഴുകി ജിതേന്ദ്രിയനായ അദ്ദേഹമവിടെ കഴിഞ്ഞു കൂടി. സത്യവതിയില്‍ ശന്തനുമഹാരാജാവിനുണ്ടായ രണ്ടു പുത്രന്മാരെ -ചിത്രാംഗദനും വിചിത്രവീര്യനും- വ്യാസന്‍ തന്റെ സഹോദരന്മാരായി കണക്കാക്കി ആഹ്ലാദത്തോടെ അവിടെ കഴിഞ്ഞുകൂടി. രണ്ടാളും സര്‍വ്വലക്ഷണസമ്പന്നന്നരും രാജാവിന് ഹിതം ചെയ്യുന്നവരും ആയിരുന്നു. ശന്തനുവിന്റെ ആദ്യപുത്രന്‍ അതീവ ബാലശാലിയും പരാക്രമിയും ജ്ഞാനിയുമായിരുന്ന ഗംഗേയനായിരുന്നു. (ഭീഷ്മര്‍) ഇങ്ങിനെ സുഗുണസമ്പന്നരായ മൂന്നു പുത്രന്മാരുള്ളതില്‍ രാജാവ് അഭിമാനം പൂണ്ടു. ദേവന്മാര്‍ക്ക് പോലും താന്‍ അജയ്യനാണെന്ന് രാജാവിന് തോന്നി. എന്നാല്‍ കാലം കുറച്ചു കഴിഞ്ഞപ്പോള്‍ രാജാവിന്റെ ജീവന്‍ ജീര്‍ണ്ണവസ്ത്രം ഉപേക്ഷിക്കുംപോലെ ദേഹത്തെ വിട്ടു പോയി. മക്കള്‍ പിതാവിനുവേണ്ട ശ്രാദ്ധകര്‍മ്മങ്ങള്‍ ചെയ്തു. ഗംഗേയന്‍ ചിത്രാംഗദനെ രാജാവായി വാഴിക്കുകയും ചെയ്തു.

വീരപരാക്രമിയായ ചിത്രാംഗദന്‍ ശത്രുക്കളില്‍ ഭയമുണ്ടാക്കി. അക്കാലത്തൊരു ദിനംരാജാവ് സന്നാഹങ്ങളുമായി നായാട്ടിനു പുറപ്പെട്ടു. അദ്ദേഹം വനത്തില്‍ മാന്‍ മുതലായ മൃഗങ്ങളെ തേടി നടക്കുമ്പോള്‍ വിമാനത്തില്‍ ആകാശഗമനം ചെയ്യുന്ന ചിത്രാംഗദന്‍ എന്നുപേരായ ഒരു ഗന്ധര്‍വ്വന്‍ ഭൂമിയില്‍ ഇറങ്ങി. തുല്യ ബലവാന്മാരായ അവര്‍ തമ്മില്‍ യുദ്ധവും തുടങ്ങി. മൂന്നു വര്‍ഷം നീണ്ട രണത്തില്‍ വച്ച് രാജാവ് മരിച്ചു. ഭീഷ്മര്‍ വിചിത്രവീര്യനെ രാജാവായി വാഴിച്ചു. പുത്രദുഖമുണ്ടെങ്കിലും സത്യവതിക്ക് തന്റെ പുത്രന്‍ തന്നെയാണല്ലോ രാജാവ് എന്നതില്‍ സംതൃപ്തി തോന്നി. വ്യാസനും തന്റെ സഹോദരന്റെ രാജപദവിയില്‍ സന്തോഷിച്ചു. താമസിയാതെ ഭീഷ്മര്‍ വിചിത്രവീര്യന്റെ വിവാഹക്കാര്യവും ആലോചിച്ചു. അക്കാലത്ത് കാശിരാജാവ്‌ തന്റെ മൂന്നു പുത്രിമാര്‍ക്കുമായി സ്വയംവരം നിശ്ചയിച്ചിരുന്നു. കാശിരാജാവിന്റെ കൊട്ടാരത്തില്‍ ക്ഷണിതാക്കളായി അനേകം രാജാക്കന്മാര്‍ വന്നു ചേര്‍ന്നു. ആ സമയം പരാക്രമശാലിയായ ഭീഷ്മര്‍ അവിടെയെത്തി എല്ലാവരെയും തോല്‍പ്പിച്ച് കന്യകമാരെ ഹസ്തിനാപുരിയിലേയ്ക്ക് കൊണ്ടുപോയി. നിത്യബ്രഹ്മചാരിയയതിനാല്‍ ഈ മൂന്നുപേരെയും ഭീഷ്മര്‍ തന്റെ സഹോദരനുവേണ്ടിയാണ് കൊണ്ടുവന്നത്. സത്യവതിയെ വിവരമറിയിച്ചു. ശുഭമുഹൂര്‍ത്തം കുറിക്കാന്‍ ഏര്‍പ്പാടുകള്‍ ചെയ്തു. ആ പെണ്‍കുട്ടികളില്‍ അതിസുന്ദരിയായ മൂത്തവള്‍ അംബ ഭീഷ്മരോട് താന്‍ സാല്വരാജാവിനെ മനസാ വരിച്ചു കഴിഞ്ഞതാണെന്നു  ലജ്ജാനമ്രമുഖിയായി അറിയിച്ചു. ‘സാല്വരാജാവിനും എന്നെ ഏറെ പ്രിയമാണ്. അതിനാല്‍ അങ്ങയുടെ കുലത്തിനു ചേര്‍ന്ന രീതിയില്‍ പെരുമാറിയാലും’

കന്യക ഇങ്ങിനെ പറഞ്ഞപ്പോള്‍ ഭീഷ്മര്‍ കൊട്ടാരത്തിലെ മുതിര്‍ന്നവരുമായി പര്യാലോചിച്ചു. എന്നിട്ട് അവളെ സ്വതന്ത്രയായി പോകാന്‍ അനുവദിച്ചു. അവള്‍ സാല്വന്റെ ഗൃഹത്തിലെത്തി കഥകളെല്ലാം പറഞ്ഞു. ‘അങ്ങയില്‍ അനുരക്തയാണ് ഞാന്‍ എന്നറിഞ്ഞപ്പോള്‍ ധര്‍മ്മിഷ്ടനായ ഭീഷ്മര്‍ എന്നെ വിട്ടയച്ചു. അങ്ങെന്നെ സ്വീകരിച്ചാലും’ എന്ന് പറഞ്ഞ കന്യകയോട്‌ സാല്വന്‍ കയര്‍ത്തു പറഞ്ഞു. ‘ഞാന്‍ കാണ്‍കെ നിന്നെ ഭീഷ്മര്‍ തേരില്‍ക്കയറ്റി കൊണ്ട് പോയതാണല്ലോ! അന്യന്റെ എച്ചില്‍ എനിക്കാവശ്യമില്ല.’. അവിടെനിന്നും സങ്കടത്തോടെ അവള്‍ മടങ്ങി ഭീഷ്മരുടെ അടുത്തെത്തി. സാല്വന്‍ തന്നെ സ്വീകരിച്ചില്ലെന്നും അതിനു കാരണം ഭീഷ്മരാണെന്നും അവള്‍ കണ്ണീരോടെ പറഞ്ഞു. ‘അതിനാല്‍ അങ്ങ് തന്നെ എന്നെ സ്വീകരിക്കണം. അല്ലെങ്കില്‍ ഞാന്‍ ഉടനെ മരണത്തെ പുല്‍കുകയേ നിവൃത്തിയുള്ളൂ’.

അപ്പോള്‍ ഭീഷ്മര്‍ പറഞ്ഞു: അന്യനൊരാളില്‍ അനുരക്തയായ കന്യകയെ ഒരുവന്‍ എങ്ങിനെ സ്വീകരിക്കും? നീ നിന്റെ അച്ഛനെ സമീപിക്കൂ. അദ്ദേഹം നിന്നെ രക്ഷിക്കും.’

ഇതുകേട്ട് ക്രോധാകുലയായി അവള്‍ കാട്ടിലേക്ക് പോയി. അവിടെ വിജനദേശത്ത് അവള്‍ തപസ്സുചെയ്തു ജീവിച്ചു. മറ്റു രണ്ടുപേര്‍ അംബിക, അംബാലിക എന്നിവര്‍ രാജാവിനെ പരിഗ്രഹിച്ചു. രാജാവ് തന്റെ പത്നിമാരുമായി സുഖിച്ചു രമിച്ചു വാണു. ഒന്‍പതുകൊല്ലം രാസലോലുപനായി കഴിഞ്ഞ് ഒടുവില്‍ ക്ഷയം ബാധിച്ചു രാജാവ് അകാലത്തില്‍ ചരമമടഞ്ഞു. മക്കള്‍ രണ്ടാളും മരിച്ച സത്യവതി ഭീഷ്മരോട് തന്നെ രാജ്യഭാരം ഏല്‍ക്കാന്‍ ആവശ്യപ്പെട്ടു. ‘യയാതിയുടെ വംശം നശിക്കാതിരിക്കാന്‍ നീ സഹോദരഭാര്യയെ സ്വീകരിക്കുകയും വേണം’ എന്നായിരുന്നു അമ്മയുടെ നിര്‍ദ്ദേശം.

‘അച്ഛന് ഞാന്‍ ചെയ്ത് വാഗ്ദാനം അമ്മ മറന്നുവോ? എന്നായിരുന്നു ഭീഷ്മരുടെ മറുപടി. ഞാന്‍ രാജപദവി ഏറ്റെടുക്കുകയില്ല. വിവാഹം ചെയ്യുകയുമില്ല.'

എങ്ങിനെയാണിനി രാജ്യം ഭരിക്കുക എന്ന ചിന്തയില്‍ സത്യവതി വിഷണ്ണയായി. എന്നാല്‍ ഭീഷ്മര്‍ അതിനൊരു പോംവഴി പറഞ്ഞു കൊടുത്തു. വിചിത്രവീര്യന്റെ പത്നിയില്‍ ഉത്തമനായ ഒരാളെക്കൊണ്ട് പുത്രോല്‍പ്പാദനം ചെയ്യിക്കുക, എന്നതായിരുന്നു ആ നിര്‍ദ്ദേശം. ഇതില്‍ കുലദോഷമൊന്നുമില്ല. വേദവിധിയുണ്ട് താനും.

ഇക്കാര്യം കേട്ടപ്പോള്‍ സത്യവതിക്ക് തന്റെ പുത്രനായ വ്യാസനെ ഓര്‍മ്മ വന്നു. സ്മരണമാത്രയില്‍ തേജസ്സുറ്റ മുനി അമ്മയ്ക്ക് മുന്നില്‍ പ്രത്യക്ഷയായി. ‘വിചിത്രവീര്യന്റെ പത്നിയില്‍ നീയൊരുത്തമ പുത്രനെ ജനിപ്പിക്കുക’ എന്ന മാതൃവാക്യം ‘ഓം’ എന്നു പറഞ്ഞു ശിരസാവഹിച്ച് അംബികയുടെ ഋതുകാലം കാത്തിരുന്നു. താമസംവിനാ അംബിക മഹാബലശാലിയായ ഒരു പുത്രനെ പ്രസവിച്ചു. എന്നാല്‍ ബാലന്‍ അന്ധനായിരുന്നു. സത്യവതി വീണ്ടും വ്യാസനോട് അംബാലികയില്‍ പുത്രോല്‍പ്പാദനം നടത്താന്‍ ആവശ്യപ്പെട്ടു. അംബാലികയില്‍ വ്യാസനുണ്ടായ പുത്രന് പാണ്ടു രോഗമുണ്ടായിരുന്നു. അതിനാല്‍ രാജാവാകാന്‍ യോഗ്യതയുണ്ടായിരുന്നില്ല. സത്യവതി വീണ്ടും ആകുലപ്പെട്ടു. വര്‍ഷാവസാനത്തില്‍ വീണ്ടും പുത്രോല്‍പ്പാദനത്തിനായി സത്യവതി അംബാലികയെ പ്രേരിപ്പിച്ചുവെങ്കിലും മണിയറയിലേക്ക് അവള്‍ തന്റെ ദാസിയെയാണ് പറഞ്ഞയച്ചത്. ആ ദാസിയിലാണ് ധര്‍മ്മത്തിന്റെ അംശമായി വിദുരന്‍ ജനിച്ചത്. ഇങ്ങിനെയാണ് ധൃതരാഷ്ട്രര്‍, പാണ്ഡു, വിദുരര്‍ എന്നീ മൂന്നു പുത്രന്മാര്‍ മുഖേന വ്യാസന്‍ ശന്തനുവിന്റെ കുലം നിലനിര്‍ത്തിയത്.    


No comments:

Post a Comment