Thursday, April 25, 2019

പ്രേമാദര ശിക്ഷണം (4)

സാമാന്യേന മണ്ണിൽ വീണ വിത്തുകൾ ഇത്തിരി നനവു ലഭിച്ചാൽ പൊട്ടി മുളക്കും. ചെടിയായി വളരും , വലുതാവും.
വളർന്നു വരുന്ന ചെടിക്കു മുകളിൽ ഒരു കല്ലെടുത്ത് വയ്ക്കുന്ന അവസ്ഥ ഒന്നാലോചിച്ച് നോക്കൂ..
ഞെരിഞ്ഞമർന്നാലും സാഹസപ്പെട്ട് ചെടി വളർന്നു വന്നേക്കും. എന്നാൽ അത് വികലമായ വളർച്ചയാവാതെ തരമില്ല. ഇതുപോലെ പല മാതാപിതാക്കളുടേയും ഇടപെടലുകൾ, കുട്ടികളുടെ സാധ്യതകളുടെ ശിരസ്സുകളിൽ ശില എടുത്തു വെച്ചതുപോലെ  ആയിപ്പോകാറുണ്ട്. അവർ അറിഞ്ഞു കൊണ്ട് ചെയ്യുന്നതാവില്ല. എങ്കിലും  ജാഗ്രതക്കുറവ് കൊണ്ട് സംഭവിക്കുന്ന തെറ്റ് ഭയാനക ദുരന്തങ്ങൾക്കു കാരണമാവും. രക്ഷിതാക്കളുടെ  ഇടപെടലുകൾ കുട്ടികളിലെ ബഹുമുഖ സാധ്യതകളെ അനവധി പ്രകാരങ്ങളിൽ ആവിഷ്കൃതമാക്കാൻ സഹായിക്കുന്നതാവണം. ഇത്തരം പ്രാർത്ഥനാന്വിത പ്രവൃത്തി മാതാപിതാക്കളിൽ നിന്ന് ഉണ്ടാകുമാറാവട്ടെ.

വാല്മീകി രാമായണത്തിൽ വളരെ  ഹൃദയസ്പൃക്കായ ഒരു രംഗം വ്യക്തമാക്കുന്ന ശ്ലോകമുണ്ട്. ഏവരും ഏറെ കേട്ടു പരിചയിച്ച ശ്ലോകമാണെങ്കിലും പൊതുവെ അതിന്റെ അർത്ഥവും, സാരഗൗരവവും വേണ്ടത്ര ആലോചിക്കപ്പെടാറില്ല.  പ്രസ്തുത ശ്ലോക ശകലം സന്ദർഭമുൾപ്പെടെ അനുബന്ധമായി ആസ്വദിക്കാം. പ്രായപൂർത്തി ആകാത്ത രാമലക്ഷ്മണൻമാരെ വിശ്വാമിത്ര മഹർഷി യാഗരക്ഷക്കായി കാനനത്തിലേക്ക്  കൂട്ടിക്കൊണ്ടു പോകുന്നതാണ് രംഗം. (വിശ്വാമിത്ര മഹർഷിയെ 'വിശ്വത്തിനു മുഴുവൻ മിത്രമായ ഋഷിവര്യൻ' എന്ന നിലയിൽ വിലയിരുത്തി വ്യാഖ്യാനിക്കാറുണ്ട്. അർത്ഥമറിയാതെ കുട്ടികളെ പിടിയൻ സ്വാമി വന്നു, കുട്ടികളേം പിടിച്ചു കൊണ്ട് പോയി എന്ന നിലയിൽ ഈ പ്രക്രിയയെ അപഹസിക്കരുത്. ഇന്നും ഒരർത്ഥത്തിൽ സമാജത്തിൽ വിശ്വാമിത്ര ആഗമനങ്ങൾ ആവർത്തിക്കപ്പെടാറുണ്ട്. ആദരവോടെ പ്രയോജനപ്പെടുത്തുന്നതിനു പകരം അപഹസിക്കുന്ന സമീപനവൈകല്യവും ആവർത്തിച്ചു വരുന്നുണ്ട്.) മാമുനി രാജധാനിയിൽ എത്തി അയോദ്ധ്യാപതിയിൽ നിന്നും  രാജ്യത്തിന്റെ ഭാവി ചക്രവർത്തിയാകാൻ പോകുന്ന കുമാരനേയും,  സഹോദരനേയും കൂട്ടിക്കൊണ്ട് പോവുന്ന രംഗം. (പല പ്രകാരം വിചാരം ചെയ്ത് പാഠങ്ങൾ ഉൾക്കൊള്ളാൻ ഈ രംഗം പഠിതാക്കളെ സഹായിക്കും.) കൊട്ടാരത്തിൽ നിന്ന് അനുമതിയും അനുഗ്രഹവും നേടി വിശ്വാമിത്ര ഋഷീശ്വരനോടൊപ്പം കുമാരന്മാർ കാനന യാത്ര ആരംഭിച്ചു. അവർക്ക് യാത്ര ഏറെ  രസകരമായിരുന്നു. എന്നാൽ പകൽ മുഴുവൻ യാത്ര ചെയ്യുന്നതു കൊണ്ട് സന്ധ്യമയങ്ങുന്നതോടെ കുട്ടികൾ തളർന്നു പോവും, വീണുറങ്ങും. ഇക്കാര്യം ധ്വനിപ്പിക്കുന്നതിന്, 'ശ്രീരാമചന്ദ്ര കുമാരൻ്റെ കണ്ണുകൾ താമര പോലെയാണെന്ന് ' കവി വാല്മീകി മഹർഷി വിശേഷിപ്പിച്ചിരിക്കുന്നു. സൂര്യൻ അസ്തമിക്കുന്നതോടെ കണ്ണുകളും മയങ്ങിപ്പോകുന്നതിന് അതാണ് ന്യായം എന്ന് ഗ്രഹിക്കാം! പിന്നീട് അടുത്ത പ്രഭാതത്തിൽ സൂര്യനുദിച്ചാലെ മിഴികൾ പതുക്കെ തുറക്കൂ ! എന്നാൽ വിശ്വാമിത്ര മഹർഷിക്ക് ഏറെ നേരം കാത്തിരിക്കാൻ സാധിക്കില്ല. കുമാരന്മാരെ പുലരുമ്പോഴേക്കും എണീപ്പിക്കണം. (കുട്ടികളെ കാലത്ത് വിളിച്ചുണർത്തുകയെന്നത് എക്കാലവും, ഭൂരിപക്ഷം മാതാപിതാക്കൾക്കും ഒരു വലിയ സാഹസമായി തോന്നാറുണ്ട്. പലരും പ്രതിദിനം  പരാജയപ്പെടുന്നുവെന്നതും ദുഃഖകരമമാണ്.) വിശ്വാമിത്ര മഹർഷി ശ്രീരാമചന്ദ്രകുമാരനെ വിളിച്ചുണർത്തുന്നതിൻ്റെ മാതൃക വാല്മീകി മാമുനി ഒരിടത്ത് ചിത്രീകരിച്ചിരിക്കുന്നു:-
' കൗസല്യാ സുപ്രജാ രാമാ പൂർവ്വാ സന്ധ്യാ പ്രവർത്തതേ,
ഉത്തിഷ്ഠ നരശാർദ്ദൂലാ കർത്തവ്യം ദൈവമാഹ്നികം '
-ഹേ കൗസല്യയുടെ നല്ല മകനെ, കിഴക്കുഭാഗത്ത് പ്രഭാത സന്ധ്യ പ്രവർത്തിക്കുന്നു. 'ഉത്തിഷ്ഠ നരശാർദ്ദൂല' - ഹേ! മനുഷ്യരിൽ സിംഹ തുല്യനായിട്ടുള്ള കുമാരാ എഴുന്നേറ്റാലും.
കർത്തവ്യം ദൈവമാഹ്നികം- പ്രഭാതകൃത്യങ്ങൾ  നിർവ്വഹിക്കേണ്ടതുണ്ട്. (പ്രഭാതത്തിൽ കുട്ടികളെ വിളിച്ചുണർത്തവേ രക്ഷിതാക്കൾ മൃഗങ്ങളുടെ നാമങ്ങൾ വിശേഷണമായി വിളിച്ചു പറയുന്ന പതിവ് ഇന്നുമുണ്ട്. പക്ഷേ അത് പ്രചോദനപരമല്ല. ആക്ഷേപകരമാണ്. ഒരിടത്ത് പ്രഭാഷണ മധ്യേ കുട്ടികളോട് ' രാവിലെ നിങ്ങൾ  എന്തു കേട്ടാണ് ഉണരാറുള്ളതെ'ന്ന് അന്വേഷിച്ചു. കുട്ടികൾ തല താഴ്ത്തി പതുക്കെ മറുപടി പറഞ്ഞു 'അതൊന്നും പറയാൻ കൊള്ളില്ല സ്വാമി ജീ!!' ... സകൗതുകം നിർബന്ധിച്ചപ്പോൾ  അവർ കാര്യം പറഞ്ഞു. പോത്ത്, കഴുത തുടങ്ങി പല മൃഗങ്ങളുടേയും പേരുകൾ കേട്ടാണത്രേ അവർ ഉണരാറ്. ഈ രീതി ബോധപൂർവ്വം മാതാപിതാക്കൾ മാറ്റിയെടുക്കണം.)

എത്ര ആദരവോടെയാണ് വിശ്വാമിത്രൻ രാമചന്ദ്രകുമാരനെ വിളിച്ചുണർത്തിയതെന്ന കാര്യം മാതാപിതാക്കൾ എന്നും ഓർക്കണം. ഈ ശുഭാത്മക സമീപനത്തിൽ സ്വാഭാവികമായും കുട്ടികൾക്ക്‌ വലിയ പ്രചോദനം അനുഭവപ്പെടും. മറിച്ച് 'കുട്ടികൾ ഒന്നിനും കൊള്ളില്ല ' എന്ന സന്ദേശം പ്രത്യക്ഷമായും, പരോക്ഷമായും ആവർത്തിച്ചാൽ ( വളരുന്ന ചെടിക്കു മുകളിൽ കല്ലെടുത്തു വെച്ചതു പോലെ ) ഒരു പക്ഷേ കുട്ടികൾ പ്രസ്തുത പ്രയോഗത്തെ സാർത്ഥകമാക്കാൻ ജീവിതത്തെ പണയം വച്ച് കളയും !! (ആത്മഹത്യാ പ്രവണതകൾക്കു പിറകിൽ മിക്കവാറും ഈ ഒരു മനശാസ്ത്രമുള്ളതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.)
കുട്ടികൾ മാതാപിതാക്കളുടെ സാദര സമീപനങ്ങൾ കൊണ്ട് പ്രചോദിതരാകണം. അവർ ജീവിതം അനാരോഗ്യകരമാം വിധം പണയം വയ്ക്കാത്തവരാകട്ടെ. കുട്ടികൾ മാതാപിതാക്കളിൽ നിന്നും ലഭിക്കുന്ന പ്രചോദനങ്ങളും പ്രോത്സാഹനങ്ങളും സ്വീകരിച്ച് അവരവരിലെ സാധ്യതകൾ ഉണർത്തുന്നവരാകട്ടെ. വിശ്വാമിത്ര മഹർഷിയിൽ നിന്നും സാദര സമീപനത്തിൻ്റെ പാഠം പഠിച്ച് പ്രയോഗത്തിൽ കൊണ്ടുവരാൻ മാതാപിതാക്കൾക്ക് സാധിച്ചാൽ അത് കുട്ടികളുടെ ശോഭനമായ വളർച്ചയിൽ ഏറെ ഉപകാരം ചെയ്യും.
(തുടരും...)

പ്രേമാദരപൂർവ്വം
സ്വാമി അദ്ധ്യാത്മാനന്ദ
26th April ' 19

No comments:

Post a Comment