Monday, April 29, 2019



ജീവിതയാത്ര ആരംഭിക്കുന്നതിനു മുമ്പുതന്നെ നാം കൈക്കലാക്കേണ്ട അമൂല്യ രത്‌നങ്ങളെക്കുറിച്ചുള്ള അവബോധം ഏതൊരു മനുഷ്യനും അത്യാവശ്യമാണ്. ഇവയാണ് ശമം, ദമം, തിതിക്ഷ, ശ്രദ്ധ, ഉപരതി, സമാധാനം. ശമം വസ്തുക്കളുടെ ആകര്‍ഷണവലയത്തില്‍ നിന്നുള്ള മുക്തിയാണ് ശമം. ശമത്തിന്റെ ഫലമായി ശാന്തിയും ധീരതയും കൈവരുന്നു. വസ്തുക്കളോടുള്ള ആകര്‍ഷണമാണ് ആഗ്രഹം. അതിന്റെ ഫലമായി അശാന്തി അനുഭവപ്പെടുന്നു. അതുകൊണ്ട് ശാന്തശീലരായിരിക്കുക എന്നത് വിലമതിക്കാനാവാത്ത ഒരു സമ്പത്താണ്. ഒന്നുകൊണ്ടും ഒരിക്കലും അസ്വസ്ഥനാകാതിരിക്കുക. ദമം ഇന്ദ്രിയങ്ങള്‍ നമ്മെ അനുസരിക്കുന്നുണ്ടെങ്കില്‍ അതാണ് ദമം. ഇന്ദ്രിയങ്ങള്‍ അതിന്റെ പാട്ടിനും മനസ്സിന് വേറെ ദിശയിലും സഞ്ചരിക്കുമ്പോള്‍ അത് ദമമില്ലായ്മയാണ്. നിങ്ങള്‍ക്ക് സംസാരിക്കാന്‍ ഇഷ്ടമാവില്ല. പക്ഷേ, നാവ് സംസാരിക്കുന്നു. പ്രവര്‍ത്തിക്കാന്‍ താല്പര്യമില്ലെങ്കിലും പ്രവര്‍ത്തിച്ചുപോകുന്നു. വിമാനത്തില്‍ നിങ്ങള്‍ പറക്കുകയാണ്, വീഡിയോവില്‍ സിനിമ കാണിക്കുന്നു. നിങ്ങള്‍ക്ക് കാണാന്‍ ആഗ്രഹമില്ലാ എന്നിട്ടും നിങ്ങള്‍ കണ്ടെടുക്കുന്നില്ല. ഭക്ഷണപദാര്‍ത്ഥത്തില്‍ ആഗ്രഹമില്ലെങ്കിലും ഭക്ഷിച്ചുപോകുന്നു. ലഹരി ഉപയോഗിക്കാന്‍ നിങ്ങള്‍ക്കിഷ്ടമല്ല. എങ്കിലും അറിയാതെ കഴിച്ചുപോകുന്നു. ഇവിടെയൊക്കെ ഇന്ദ്രിയങ്ങള്‍ നിങ്ങളെ ബലമായി കീഴടക്കുന്നു. ഇതിന് കാരണം ദമമില്ലായ്മയാണ്. ഇന്ദ്രിയങ്ങളെ കീഴടക്കാനുള്ള കഴിവാണ് ദമം. ഈ കഴിവ് ഒരു വിശേഷപ്പെട്ട സമ്പത്താണ്. തിതിക്ഷ സുഖത്തില്‍ നാം അമിതമായി സന്തോഷിക്കുന്നു. ദുഃഖത്തില്‍ അത്യധികം വേദനിക്കുകയും ചെയ്യുന്നു. ഇത് തിതിക്ഷ ഇല്ലായ്മയാണ്. സുഖദുഃഖങ്ങളെയും ഇഷ്ടാനിഷ്ടങ്ങളെയും സമചിത്തതയോടെ നേരിടുക എന്നതാണ്, തിതിക്ഷ. തിതിക്ഷ മനസ്സിന്റെ തലത്തിലുള്ള സമ്പത്താണ്. ശ്രദ്ധ ശ്രദ്ധ എന്താണെന്നറിയണമെങ്കില്‍ അശ്രദ്ധ എന്താണെന്ന് മനസ്സിലാക്കണം. ശ്രദ്ധ ബുദ്ധിയുടെ ഗുണമാണ്. അശ്രദ്ധയാണ് സംശയം ഉണ്ടാക്കുന്നത്. സംശയം എല്ലായ്‌പ്പോഴും നന്മയെ കുറിച്ചാണ്. തിന്മമയെക്കുറിച്ചല്ല.നമ്മളോടുള്ള സ്‌നേഹത്തെ നാം സംശയിക്കുന്നു. പക്ഷേ, വെറുപ്പിനെ സംശയിക്കുന്നില്ല. വിശ്വാസത്തെ സംശയിക്കുന്നു. വിശ്വാസമില്ലായ്മയെ സംശയിക്കുന്നില്ല. അറിയാത്ത കാര്യങ്ങള്‍ സാധ്യമാണെന്നുള്ള മാനസികാവസ്തയാണ് ശ്രദ്ധ. ഏതെങ്കിലും കാര്യത്തെക്കുറിച്ച് കുറച്ചറിയാം. അതിനെക്കുറിച്ച് ഇനിയും അറിയാനുണ്ടെന്ന മനോഭാവമാണ് ശ്രദ്ധ. ശ്രദ്ധ ഇല്ലായിരുന്നെങ്കില്‍ ഗവേഷണങ്ങള്‍ ഉണ്ടാകുമായിരുന്നില്ല. എല്ലാ ഗവേഷണങ്ങളുടെയും ഉറവിടം ശ്രദ്ധയാണ്. അറിയുന്ന കാര്യങ്ങളില്‍ ശ്രദ്ധ ആവശ്യമില്ല. ശ്രദ്ധ എവിടെയാണോ അവിടെയാണ് ജ്ഞാനം. ശ്രദ്ധ മനസ്സിന്റെ കവാടത്തെ തുറക്കുന്നു. ശ്രദ്ധ ഇല്ലാത്ത മനസ്സ് എപ്പോഴും അടഞ്ഞുകിടക്കുന്നു. ശ്രദ്ധ ബുദ്ധിയുടെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുന്നു. ശ്രദ്ധ ഇല്ലാത്ത മനസ്സ് ജാഗ്രതയില്ലാത്തതാണ്. ജാഗ്രത വര്‍ദ്ധിക്കുന്തോറും ശ്രദ്ധയും കൂടുന്നു. ശ്രദ്ധ എന്നാല്‍ എനിക്ക് അറിയാം എന്നതല്ല: എല്ലാം അറിയാന്‍ ആഗ്രഹിക്കുന്നു എന്ന മനോഭാവമാണ്. ഓരോ ശിശുവിലും ശ്രദ്ധയുണ്ട്. അതുകൊണ്ടാണ് കുട്ടികള്‍ ചോദ്യം ചോദിക്കുന്നത്. ചോദ്യത്തിന് നല്‍കുന്ന ഉത്തരം അവര്‍ സ്വീകരിക്കുന്നു. വീണ്ടും ചോദ്യം ചോദിക്കുന്നു. ശ്രദ്ധയില്ലാത്തവര്‍ ചോദ്യം ചോദിക്കുന്നില്ല, ഉത്തരം കേട്ടാലും ഉള്‍ക്കൊള്ളുന്നില്ല. ശ്രദ്ധയുള്ളവര്‍ ഉള്‍ക്കൊള്ളുന്നു. കുട്ടികള്‍ ചോദിക്കുന്നു. മേഘങ്ങള്‍ക്ക് മുകളില്‍ എന്താണ് സ്വര്‍ഗ്ഗം. സ്വര്‍ഗ്ഗത്തിന് മുകളില്‍ എന്താണ്. ഉത്തരം ഉള്‍ക്കൊള്ളുന്നതും ഒരു കലയാണ്, തൃപ്തിയാണ്. ഉപരതി എല്ലാ പ്രവൃത്തികളും സന്തോഷത്തോടുകൂടി ചെയ്യാനുള്ള കഴിവാണ് ഉപരതി.  ഒരു പ്രവൃത്തിയിലും സന്തോഷിക്കാന്‍ കഴിയാത്തവര്‍ക്ക് ഉപരതിയില്ല. പ്രവൃത്തികളുടെ വലുപ്പച്ചെറുപ്പമോ പ്രാധാന്യമോ അല്ല പ്രധാനം. പ്രവര്‍ത്തിക്കുമ്പോള്‍ സന്തോഷിക്കുന്നു. ഉപരതി ഇല്ലാത്തവന്‍ മാറിമാറി പ്രവര്‍ത്തിച്ചുനോക്കുന്നു. ബന്ധങ്ങള്‍ മാറ്റുന്നു, വീടു മാറുന്നു. ഒന്നും അവരെ സന്തോഷിപ്പിക്കുന്നില്ല. പക്ഷേ, എല്ലാം സന്തോഷത്തോടെയും ആനന്ദത്തോടെയും ചെയ്യാന്‍ കഴിയുക എന്നത് വലിയ സമ്പത്താണ്. സമാധാനം സമമായ ആധാനമാണ് സമാധാനം. ലോകത്തില്‍ കൊടുക്കലും വാങ്ങലും ഉണ്ടല്ലോ. കണ്ണുകളിലൂടെ പ്രകാശം സ്വീകരിക്കുന്നു. ദൃശ്യങ്ങളെ ഉള്‍ക്കൊള്ളുന്നു. കണ്ണുകളിലൂടെ ഭാവങ്ങളെ വ്യക്തമാക്കുന്നു. ശരീരം ശബ്ദങ്ങളെ ഗ്രഹിക്കുന്നു. തിരിച്ചും നല്‍കുന്നു. ചെവികളിലൂടെ കേള്‍ക്കുന്നു. ശരീരത്തിന്റെ ഓരോ കണവും സംവേദനക്ഷമതയുള്ളതാണ്. അറിഞ്ഞും അറിയാതെയും നമ്മള്‍ ശരീരത്തില്‍ നിന്നും തരംഗങ്ങളെ പുറത്തേക്ക് അയച്ചുകൊണ്ടേയിരിക്കുന്നു. ശരീരത്തില്‍നിന്നും ചിലപ്പോള്‍ സന്തോഷത്തിന്റെ തരംഗങ്ങളെ പുറത്തേക്ക് അയച്ചുകൊണ്ടേയിരിക്കുന്നു.  ഈ ആദാന- പ്രദാനങ്ങള്‍ (കൊടുക്കലും വാങ്ങലും) നിരന്തരം നടന്നുകൊണ്ടേയിരിക്കുന്നു. ഈ ആദാനപ്രദാനങ്ങള്‍ സന്തുലിതമാകുമ്പോള്‍ സമാധാനമാണ്. സ്വീകരിച്ചുകൊണ്ടേയിരുന്നാല്‍ സമാധാനമില്ല. കൊടത്തുകൊണ്ടേയിരുന്നാലും സമാധാനമില്ല. ഈ കൊടുക്കല്‍ വാങ്ങള്‍ സമമാകുമ്പോള്‍ സമാധാനം കൈവരുന്നു. ചിലര്‍ക്ക് സ്‌നേഹം നല്‍കാന്‍ അറിയാം, സ്വീകരിക്കാന്‍ അറിയുകയില്ല. ചിലരില്‍ ഈ ഗുണം ജന്മനാ കാണപ്പെടുന്നു. ഇതാണ് സമാധാനം.

 (ധർമ്മ പ്രചരണാർത്ഥം, ജന്മഭൂമിയോട് കടപ്പാട്)

No comments:

Post a Comment