Sunday, April 21, 2019

പ്രേമത്തിലും കാരുണ്യത്തിലുമാണ് ലോകത്തിന്റെ നിലനില്‍പ്പ്. ഇന്ന് ലോകത്ത്, വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും സ്വാര്‍ത്ഥതയുടെയും തരംഗങ്ങള്‍ ധാരാളമുണ്ട്. എന്നാല്‍ അതോടൊപ്പം തന്നെ ലോകത്തിന്റെ ചില കോണുകളില്‍ നിന്ന് സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും നിസ്വാര്‍ത്ഥതയുടെയും തരംഗങ്ങളും ഉയരുന്നുണ്ട്. അതു കാരണമാണ് ലോകം പാടെ നശിച്ചുപോകാതെ നിലനില്‍ക്കുന്നത്. കാരുണ്യത്തിന്റെ ആ തരംഗങ്ങളാണ് ലോകത്തിന്റെ താളലയം കാത്തുസൂക്ഷിക്കുന്നത്.
പലതരം പക്ഷികളും മൃഗങ്ങളും സസ്യങ്ങളും ഇന്ന് വംശനാശം നേരിടുകയാണല്ലോ. തീര്‍ച്ചയായും അത് വളരെ ഗൗരവമേറിയ പ്രശ്‌നമാണ്. എന്നാല്‍, ഇതിനേക്കാളെല്ലാം ഗൗരവമേറിയ മറ്റൊരു വംശനാശത്തെക്കുറിച്ചു നാം ബോധവാന്മാരല്ല. അത്, കാരുണ്യമുള്ള മനുഷ്യരുടെ വംശനാശമാണ്. കാരുണ്യമുള്ളവര്‍ ഇന്നും തീരെ ഇല്ലാതായിട്ടില്ല എന്നതു ശരി തന്നെ. എന്നാല്‍ അലിവുള്ള ഹൃദയങ്ങള്‍ ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. അതിന്റെ ഭവിഷ്യത്തിനെപ്പറ്റി നാം ഉണര്‍ന്നു ചിന്തിക്കേണ്ടതുണ്ട്. നമ്മള്‍ പലരും നമ്മുടെ ബുദ്ധിയുടെ വളര്‍ച്ചയെക്കുറിച്ച് അഭിമാനിക്കാറുണ്ട്. എന്നാല്‍ ഹൃദയം ഒരു പൊട്ടക്കിണറിന്റെ അവസ്ഥയില്‍ കിടക്കുന്നത് നമ്മള്‍ അറിയുന്നില്ല. 
അമ്മ ഒരു കഥ ഓര്‍ക്കുകയാണ്. ബുദ്ധിമാന്ദ്യം ബാധിച്ച കുട്ടികളുടെ ഒരു സ്ഥാപനത്തില്‍ അവരുടെ വാര്‍ഷികാഘോഷം നടക്കുകയായിരുന്നു. വേദിയില്‍ കുട്ടികളുടെ നാടകം അരങ്ങേറുകയാണ്. നാടകത്തില്‍ ഒരു യാചകന്‍ വലിയൊരു ബംഗ്ലാവില്‍ ചെന്ന് ഒരു രാത്രിയില്‍ തങ്ങാന്‍ അനുവാദം ചോദിക്കുന്നതാണു രംഗം. ആ വീട്ടുകാര്‍ യാചകനെ ചീത്തപറഞ്ഞ് ഓടിക്കുന്നു.
യാചകന്‍ വിഷമത്തോടെ അവിടെനിന്നും ഇറങ്ങിപ്പോകുന്നു. ദുഃഖത്തോടെ മടങ്ങുന്ന യാചകനെ കണ്ട് സദസ്സിലുണ്ടായിരുന്ന ബുദ്ധിമാന്ദ്യമുള്ള ഒരു കുട്ടിയുടെ മനസ്സലിഞ്ഞു. അവന്‍ വേദിയില്‍ കയറിച്ചെന്ന് വിളിച്ചു പറഞ്ഞു, ''ചേട്ടന്‍ വിഷമിക്കേണ്ട, വരൂ, എന്റെ വീട്ടിലേക്ക് വരൂ. എന്റെ മുറിയില്‍ ഒരാള്‍ക്കുകൂടി കിടക്കാന്‍ ഇടമുണ്ട്.'' നിഷ്‌ക്കളങ്കമായ ഈ വാക്കുകള്‍ കേട്ട മാത്രയില്‍ സദസ്സില്‍ നിന്ന് നീണ്ട കയ്യടി ഉയര്‍ന്നു. പലരുടേയും കണ്ണുകള്‍ ഈറനണിഞ്ഞു. ബുദ്ധി വികസിച്ചിട്ടില്ലാത്ത, ആ കുട്ടി കാണിച്ച കാരുണ്യം, ബുദ്ധിയുണ്ടെന്ന് അഭിമാനിക്കുന്ന നമ്മളില്‍ എത്ര പേര്‍ക്കുണ്ട്?
ഇന്ന് സമൂഹം സ്വാര്‍ത്ഥതയുടെയും അത്യാഗ്രഹത്തിന്റെയും ചക്രവ്യൂഹത്തില്‍ പെട്ടിരിക്കുകയാണ്. നമ്മുടെ കുടുംബം, കൂട്ടുകാര്‍, ബന്ധുക്കള്‍ എന്നിങ്ങനെ ഇടുങ്ങിയ ചുറ്റുവട്ടത്തില്‍ ഒതുക്കേണ്ട ഗുണമല്ല കാരുണ്യം. സ്‌നേഹം എല്ലായിടത്തും ഉണ്ട്. എന്നാല്‍ ലോകത്തില്‍ കാണുന്ന എല്ലാ സ്‌നേഹവും യഥാര്‍ത്ഥ സ്‌നേഹമല്ല. നമ്മള്‍ നമ്മുടെ വീട്ടുകാരെ സ്‌നേഹിക്കുന്നു. എന്നാല്‍ അയല്‍വാസിയെ അതുപോലെ സ്‌നേഹിക്കുന്നില്ല. നമ്മുടെ മകനെയോ മകളെയോ സ്‌നേഹിക്കുന്നു. അതുപോലെ മറ്റു കുട്ടികളെ സ്‌നേഹിക്കാന്‍ തയാറാകുന്നില്ല. നമ്മുടെ അച്ഛനെയും അമ്മയെയും സ്‌നേഹിക്കുന്നു. എന്നാല്‍ മറ്റുള്ളവരുടെ അച്ഛനെയും അമ്മയെയും അതുപോലെ സ്‌നേഹിക്കുന്നില്ല.
നമ്മുടെ മതത്തെ സ്‌നേഹിക്കുന്നു. അതുപോലെ മറ്റുള്ള മതങ്ങളെ സ്‌നേഹിക്കുന്നില്ല. നമ്മുടെ രാജ്യത്തെ സ്‌നേഹിക്കുന്നതുപോലെ മറ്റുള്ള രാജ്യങ്ങളെ സ്‌നേഹിക്കുന്നില്ല. മാത്രമല്ല ചില രാജ്യങ്ങളിലുള്ളവരോടു വിരോധം പുലര്‍ത്തുകയും ചെയ്യുന്നു. അതിനാല്‍ നമ്മുടേത് യഥാര്‍ത്ഥ സ്‌നേഹമല്ല, പരിമിതമായ മമതയാണ്. പരിമിതവും ഇടുങ്ങിയതുമായ മമതയെ ദിവ്യമായ പ്രേമമാക്കി മാറ്റുക എന്നതാണ് ആദ്ധ്യാത്മികതയുടെ ലക്ഷ്യം. ലോകത്തില്‍ ഏതൊന്നിനോടുമുള്ള സ്‌നേഹത്തില്‍ നിന്നും ഞാനെന്ന സ്വാര്‍ത്ഥഭാവം പൂര്‍ണ്ണമായും മാറിയാല്‍ അതു പ്രേമമായി. പ്രേമത്തിന്റെ പൂര്‍ണ്ണതയിലാണ് സൗന്ദര്യവും സൗരഭ്യവുമുള്ള കാരുണ്യപുഷ്പം വിരിയുന്നത്.
പ്രേമം ഹൃദയത്തിന്റെ അനുഭൂതിയാണ്. കാരുണ്യം അതിന്റെ പ്രകടിതഭാവമാണ്. ദുഃഖിതരോടു നമുക്കുള്ള നിറഞ്ഞ പ്രേമമാണ് കാരുണ്യം.  പ്രപഞ്ചത്തിലെ സകല ജീവജാലങ്ങളിലേക്കും പ്രേമവും കാരുണ്യവും നിറഞ്ഞൊഴുകുന്ന അവസ്ഥയില്‍ ലോകം മുഴുവന്‍ ഒരു കുടുംബമായി മാറുന്നു. അതാണ് വസുധൈവകുടുംബകം എന്ന് നമ്മുടെ പൂര്‍വ്വികര്‍ ചൊല്ലിത്തന്നതിന്റെ താല്പര്യം.
ഈ സ്വത്ത്, ഈ വീട്, ഈ ആളുകള്‍ എല്ലാം എന്റെതാണ് എന്നു ചിന്തിക്കുമ്പോള്‍ ബാക്കിയുള്ളതെല്ലാം എന്റെതല്ലെന്നാവുകയാണ്. മറിച്ച് നമ്മളെല്ലാം ഒന്നാണ്, ഒരേ പ്രാണനൂലില്‍ കോര്‍ത്ത മണികളാണ് എന്നു ചിന്തിക്കുമ്പോള്‍ എല്ലാവരും നമ്മുടെ സ്വന്തക്കാരാകുന്നു. ലോകം മുഴുവന്‍ നമ്മുടെ സ്വത്തായി മാറുന്നു. അതിനാല്‍ നമ്മുടെ യഥാര്‍ത്ഥ കുടുംബം ലോകകുടുംബമാണെന്ന് ബോധിച്ച് അനന്യഭാവത്തില്‍ സ്‌നേഹത്തോടും കാരുണ്യത്തോടും ജീവിക്കുക. ആ ഒരുഭാവത്തിലേക്കുയരാന്‍ മക്കള്‍ക്കു കഴിയട്ടെ. 
മാതാ അമൃതാനന്ദമയി

No comments:

Post a Comment