Saturday, April 20, 2019

കൂവളം വീട്ടിൽ വളർത്താമോ? ...................ഓം നമഃശിവായ..

ഒട്ടേറെ പേർക്ക് സംശയം. കൂവളം വീട്ടിൽ നട്ടു വളർത്തുവാൻ പറ്റുന്ന മരമാണോ? 

കൂവളം കെട്ട ഇടം നശിച്ച ഇടമാണെന്ന രീതിയിൽ ഒരു പഴയ ചൊല്ല് ഉണ്ട്. ആ ചൊല്ല് ആണ് ഈ ചോദ്യത്തിനുള്ള കാരണം.

"കൂവളം കെട്ടടം
നാരകം നട്ടടം
നാരി നടിച്ചടം
നായ പെറ്റടം"

ഇവ നാലും കയറാൻ കൊള്ളാത്ത ഇടമാണ് എന്ന് പഴമൊഴി.

ബാക്കി മൂന്നും ഒഴിവാക്കിയിട്ടാണോ കൂവളത്തിന്റെ കാര്യം ചോദിക്കുന്നത് എന്ന് എന്റെ സംശയം.

കൂവളം അങ്ങനെയൊന്നും നശിക്കില്ല എന്നതാണ് യാഥാർത്ഥ്യം. 

കൂവളത്തിന് സംസ്കൃത ഭാഷയിൽ ലക്ഷ്മീഫല: എന്നൊരു പര്യായനാമം ഉണ്ട്. ലക്ഷ്മി ഐശ്വര്യത്തിന്റെ ദേവതയാണെന്ന് ഭാരതീയ സങ്കൽപ്പം. അതുകൊണ്ടാണ് അറിവുള്ളവർ കൂവളം വീട്ടുമുറ്റത്ത് വെച്ചു പിടിപ്പിക്കുന്നത്. ഒരു കൂവളം വീട്ടുമുറ്റത്ത് ഉണ്ടെങ്കിൽ ദാരിദ്ര്യം വരില്ല എന്ന് ഒരു പഴയ ചൊല്ല് ഉണ്ട്. 

ബില്വ: എന്നാണ് കൂവളത്തിന്റെ സംസ്കൃതഭാഷയിലെ നാമം. ബിലം എന്നാൽ പാപം. ബില്വ: ബില ഭേദനേ. പാപത്തെ ഭേദിച്ചു കളയുന്നതാകയാൽ ബില്വ: ശാരീരികവും മാനസികവുമായ രോഗങ്ങൾ ഉണ്ടാക്കുന്ന മനുഷ്യപാപങ്ങളെ വേരോടെ പിഴുതെറിയുന്നതു കൊണ്ട് ബില്വം എന്ന് പേർ.

ഒരു കൂവളം വീട്ടിൽ ഉണ്ടെങ്കിൽ അനവധി രോഗങ്ങൾക്കുള്ള സിദ്ധൗഷധം വീട്ടിൽ ഉണ്ടെന്നാണ് മനസ്സിലാക്കേണ്ടത്.

ചുരുക്കത്തിൽ കൂവളം വീട്ടിൽ വളർത്താം. ഒരു കുഴപ്പവുമില്ല. 

മറ്റൊരു ചോദ്യം കൂവളക്കായയ്ക്ക് വിഷമുണ്ടോ എന്നതാണ്.

ഓർക്കുക. കൂവളക്കായയ്ക്ക് വിഷമില്ല. പഴുത്ത കൂവളക്കായ ഉപയോഗിച്ച് വടക്കേ ഇന്ത്യയിൽ ഉള്ളവർ പലവിധം പാനീയങ്ങൾ ഉണ്ടാക്കി കുടിക്കാറുണ്ട്. കൂവളക്കായ ശുക്ളവർദ്ധകമാണ്. ബീജവർദ്ധനവിന് നല്ലതാണ്. ജര വരാതിരിക്കാൻ നല്ലതാണ്. പിഞ്ചുകായ വയറ്റിലുണ്ടാക്കുന്ന മിക്ക ഔഷധങ്ങൾക്കും സിദ്ധൗഷധമാണ്. അരോഗ്യജീവനം . തിരഞ്ഞാൽ ഒട്ടേറെ ഔഷധ പ്രയോഗങ്ങൾ കിട്ടും. 

മറ്റു പാഴ്മരങ്ങൾ വെച്ചുപിടിപ്പിക്കുന്നതിനു പകരം വീട്ടുമുറ്റത്ത് ഒരു കൂവളം നട്ടു വളർത്തുക.

..
കൂവളത്തിന്റെ തൊണ്ട് ഉണക്കി പൊടിച്ചത് വീട്ടിൽ സൂക്ഷിച്ച്  തേനിൽ ചേർത്ത് പുലർച്ചെ വെറുംവയറ്റിൽ സേവിച്ചാൽ ഉദരസംബന്ധമായ ഏത് രോഗത്തിനും പരിഹാരം..

No comments:

Post a Comment