ഭാരതമെന്ന ശ്രേഷ്ഠ ശരീരത്തിന്റെ ഹൃദയം ആത്മീയത ആണെങ്കിൽ ആ ഊർജ്ജത്തെ ഭാരതത്തിൽ ഉടനീളം പ്രവഹിപ്പിച്ചു അഭൗമമായ അവളുടെ ജീവചൈതന്യം ശോഭയോടെ നിലനിർത്തുന്ന ധമനികൾ ആണ് നദികൾ എന്ന് നിസ്സംശയം പറയാം . ഭാരതത്തിന്റെ ശാക്തേയ പാരമ്പര്യം കൊണ്ടാവാം ജീവനും ജീവിതവും ജ്ഞാനവും മോക്ഷവും പ്രദാനം ചെയ്യുന്ന നദികൾക്ക് മാതൃസ്ഥാനമാണ് . നമ്മുടെ സംസ്കാരങ്ങളെല്ലാം നദികൾ രൂപപ്പെടുത്തി എടുത്തതാണ് . സിന്ധു നദീതട സംസ്കാരവും സരസ്വതി നദീതട സംസ്കാരവും മുതൽ ഗംഗയും നർമദയും , ബ്രഹ്മപുത്രയും , കാവേരിയും , ഗോദാവരിയും ,ഭാരതപ്പുഴയുമൊക്കെ പകർന്ന ചിന്തകളും , വിചിന്തനങ്ങളും , തത്വങ്ങളും , ജ്ഞാന സ്നാനങ്ങളും വരച്ചിട്ട ജീവിതശൈലിയും അസ്തിത്വ ബോധവും തന്നെ ആണ് സനാതനമായ ധർമത്തിന്റെ സൗന്ദര്യം . അഭേദ്യമായ സ്ഥാനമാണ് ഹൈന്ദവ സംസ്കാരത്തിൽ നദികൾക്കു അത് കൊണ്ട് തന്നെ ഉള്ളതും . സർവ പാപങ്ങളും ക്ഷാമരൂപേണ സ്വീകരിച്ചു ആരോഗ്യവും ആയുസ്സും പ്രദാനം ചെയ്യുന്ന നദികൾ പഞ്ച ഭൂതത്തിൽ ലയിച്ച ശരീരത്തിൽ ബാക്കി ആവുന്നതെല്ലാം വഹിച്ചു തന്നിലേക്ക് ചേർക്കുന്നു .ആത്മാവിനെ ഭഗവത് പാദത്തിൽ ചേർക്കുന്നു .സപ്ത സിന്ധവ പുണ്യം ഋഗ്വേദം പറയുന്നു. താന്ത്രിക ക്ഷേത്ര സംസ്കാരങ്ങളിൽ ഉത്സവ മൂർത്തികൾ നദികളിൽ ആറാട്ടു നടത്തുന്നു . ഭാരതത്തിന്റെ ബാഹ്യവും ആന്തരികവുമായ ശുദ്ധി നദികളെ നോക്കിയാൽ പ്രതിഫലിക്കും എന്നത് വ്യക്തമാണ് .
പ്രധാന മന്ത്രി നരേന്ദ്ര മോഡി അധികാരത്തിൽ വന്ന ശേഷം ഉണ്ടായ ആശാവഹമായ മാറ്റവും അത് തന്നെ ആണ് . 'നമാമി ഗംഗേ 'എന്ന ഒരു വലിയ ഉദ്യമം ഏറ്റെടുത്തു വിജയകരമായി പ്രവർത്തികമാക്കിയത് കൊണ്ട് വന്ന വ്യത്യാസം കുംഭ മേള ദർശിച്ചവർക്ക് നിസ്സംശയം പറയാം . ഋഷികേശും ഹരിദ്വാറും കാശിയുമൊക്കെ വീണ്ടെടുത്ത ചൈതന്യവും കണ്മുന്നിൽ കാണാം .
ആരതി എന്നാൽ ഇരുട്ട് , രാത്രി ഇല്ലാതെ ആക്കുന്നതാണത്രേ . ഗംഗാ ആരതി പോലെ വിസ്മയകരമായ ഒരു കാഴ്ച വേറെ ഇല്ലെന്നു പറഞ്ഞു കേട്ടിട്ടുണ്ട് .നദികളെ ആശ്രയിച്ചു ജീവിക്കുന്ന , നദികളുടെ മാതൃവാത്സല്യം അനുഭവിക്കുന്ന , ശാസനകളും , നിശ്ശബ്ദതയും , ഗദ്ഗദങ്ങളും തിരിച്ചറിയുന്ന മനുഷ്യർ ശക്തി സ്വരൂപിണിയായ അവളെ ദീപങ്ങളും സ്തുതികളും കൊണ്ട് പഞ്ച ഭൂതങ്ങളെ സാക്ഷിയാക്കി വണങ്ങുമ്പോൾ, ആ പ്രകാശം സസന്തോഷം സ്വീകരിച്ചു കുളിർമ്മയോടെ തിരിച്ചു നൽകി മനസ്സിലെയും ജീവിതത്തിലെയും അന്ധകാരങ്ങൾ നീക്കി ദീപ്തമാക്കുക ആവണം നദികൾ ചെയ്യുന്നത് . അത് തന്നെ ആവണം ഗംഗാ ആരതി നൽകുന്ന ആനന്ദവും .
കേരളത്തിലെ പുണ്യനദികളിൽ പമ്പക്ക് ശ്രേഷ്ഠ സ്ഥാനമുണ്ട് . സ്വാമി അയ്യപ്പൻ പമ്പാ വാസനാണ് . സ്വാമി അയ്യപ്പനും ചെങ്ങന്നൂർ ഭഗവതിയും ആറാട്ട് നടത്തുന്ന പമ്പ മലയാളിക്ക് ഗംഗയോളം ശ്രേഷ്ഠയാണ് . നദികൾ സംസ്കാരങ്ങളുടെ പാലകരും സാക്ഷികളുമാണ് . ശബരിമല വിഷയം കലുഷിതമായ സമയത്ത് ഭക്തരുടെയും അയ്യപ്പ സ്വാമിയുടെയും പ്രക്ഷുബ്ധമായ മനസ്സിന്റെയും ചൈതന്യത്തിന്റെയും ഭാവപ്പകർച്ചകളോടെ ഒഴുകിയ പമ്പ ഇന്നും ഓർമകളിൽ ഉണ്ട് .
നാളെ (ഏപ്രിൽ 21) ഇടയാറന്മുള ശ്രീകൃഷ്ണ തപോവനശ്രമത്തിലെ ചൈത്ര പൂർണിമ ആഘോഷങ്ങളുടെ ഭാഗമായി പരിസ്ഥിതിയും സംസ്കാരവും ഇട ചേർന്ന് നിൽക്കുന്ന പമ്പയെ ആദരിക്കാൻ കേരളത്തിൽ ആദ്യമായി പമ്പാ ആരതി കൊണ്ടാടുന്നു .വൈകുന്നേരം അഞ്ച് മണിക്ക് നടക്കുന്ന ആരതിയിൽ കാശി ശങ്കരാചാര്യ ആശ്രമത്തിലെ സന്യാസി വര്യന്മാരും , മറ്റു സന്യാസി ശ്രേഷ്ഠരും പരിസ്ഥിതി പ്രവർത്തകരും ഭാഗമാവുന്നു .പമ്പാ നദിയുടെയും സമീപ ഗ്രാമങ്ങളുടെയും പരിശുദ്ധിയും പൈതൃകവും കാത്തുരക്ഷിക്കുന്നതിനുള്ള ഒരു പ്രാർത്ഥനാ സമർപ്പണമാണ് പമ്പാ ആരതി .സംസ്കാരത്തിന്റെ കെട്ടുറപ്പും മാലിന്യ മുക്തയായ പമ്പയുമാണ് പ്രാർത്ഥനയുടെ സങ്കല്പം .
21 ഏപ്രിൽ , വൈകുന്നേരം അഞ്ചു മണിക്ക് ആറന്മുള സത്രക്കടവ് പ്രകാശ ദീപ്തമാവട്ടെ .
ഓം ആപോ ഹി ഷ്ഠാ മയോഭുവസ്താ ന ഊർജേ ദധാതന. മഹേ രണായ ചക്ഷസേ. .
आपो हि ष्ठा मयोभुवस्था न ऊर्जे दधातन । महे रणाथ चक्षसे ॥१॥ यो वः शिवतमो रसस्तस्य भाजयतेह नः । उशतीरिव मातरः ॥ २॥.
സ്വാമി ശരണം . #PambaAarti
Bodhi dutta
No comments:
Post a Comment