Monday, April 29, 2019

രാമനോട് പ്രണയാഭ്യര്‍ഥനയുമായി ശൂര്‍പ്പണഖ_*

രാവണന്‍ സ്വര്‍ഗത്തില്‍ നടത്തിയ യുദ്ധങ്ങളില്‍ ആളറിയാതെ കൊല്ലപ്പെട്ട വിദ്യുജ്ജിഹ്വന്റെ വിധവയായിരുന്നു ശൂര്‍പ്പണഖ.

തനിക്ക് ഇഷ്ടമുള്ള കാമുകനെ വരിക്കാന്‍ ശൂര്‍പ്പണഖയ്ക്ക് രാവണന്‍ അനുമതി നല്‍കിയിരുന്നു. അവള്‍ തന്റെ വംശ്യസോദരനായ ഖരനോടൊന്നിച്ച് ദണ്ഡകാരണ്യത്തിന്റെ തെക്കരികിലാണ് താമസിച്ചിരുന്നത്. 

അവള്‍ ലോകം മുഴുവന്‍ വരനെ അന്വേഷിച്ചു നടന്നു. തനിക്കിഷ്ട്ട പ്പെട്ടവര്‍ക്കൊന്നും തന്നെ ഇഷ്ടപ്പെടില്ല. തന്നെ ഇഷ്ടപ്പെടുന്നവരെ താന്‍ വരിക്കുകയുമില്ല. ഇതായിരുന്നു ശൂര്‍പ്പണഖയുടെ പ്രശ്‌നം. ശൂര്‍പ്പണഖയ്ക്ക് വിദ്യുജ്ജിഹ്വനിലുണ്ടായ പുത്രനായിരുന്നു ശംഭുകുമാരന്‍. വൃക്ഷരൂപത്തിലാണ് അവന്‍ ദണ്ഡകാരണ്യ ത്തില്‍ കഴിഞ്ഞിരുന്നത്. ലക്ഷ്മണന്‍ വാള്‍ കൊണ്ട് വെട്ടിയപ്പോള്‍ വൃക്ഷരൂപത്തിലിരുന്ന അവന്റെ കഥ കഴിഞ്ഞു. അങ്ങനെ ശൂര്‍പ്പണഖയ്ക്ക് ഭര്‍ത്താവിനേയും മകനെയും നഷ്ടമായി. പുത്രനെ വധിച്ചത് ആരെന്ന് അറിഞ്ഞതോടെ ലക്ഷ്മണനെ വധിക്കാന്‍ അവള്‍ തക്കം പാത്തു നടന്നു. 

രാമന്റേയും സീതയുടേയും അഭൗമ സൗന്ദര്യത്തെ ക്കുറിച്ച് ചാരന്മാര്‍ വഴി ശൂര്‍പ്പണഖ അറിഞ്ഞിരുന്നു. അത് നേരിട്ടു കാണാനായി ശൂര്‍പ്പണഖ പഞ്ചവടിയിലേക്ക് പുറപ്പെട്ടു. ലളിത വേഷധാരിയായിട്ടായിരുന്നു അവള്‍ രാമാശ്രമ ത്തിലെത്തിയത്.

ശ്രീരാമന്‍ മാത്രമാണ് ആ നേരം പര്‍ണശാലയിലു ണ്ടായിരുന്നത്. രാമന്റെ ആകാരഭംഗികണ്ട ശൂര്‍പ്പണഖ അനുരാഗവിവശയായി.

രാമനെക്കണ്ട് ശൂര്‍പ്പണഖ പ്രണമിച്ചു. ശൂര്‍പ്പണഖയെ സ്വാഗതം ചെയ്ത് ഭവതിയുടെ പേരെന്താണ്, എവിടെ നിന്ന് വരുന്നു എന്നെല്ലാം രാമന്‍ അന്വേഷിച്ചു. 'ഞാന്‍ ബ്രഹ്മഗോത്രത്തില്‍ ജനിച്ചവളാണ്. വിശ്രവസ്സിന്റെ പുത്രി. വൈശ്രണവന്റെ കനിഷ്ഠ സഹോദരി.' ശൂര്‍പ്പണഖ തന്നെ രാമന് പരിചയപ്പെടുത്തി. വരനെ അന്വേഷിച്ചു നടക്കുകയാണെന്നും ആരെയും തനിക്ക് അനുരൂപനായി തോന്നുന്നില്ലെന്നും എന്നാല്‍ അങ്ങയെ കണ്ടതോടെ പ്രണയ പരവശയായിത്തീര്‍ന്നുവെന്നും ശൂര്‍പ്പണഖ പറഞ്ഞു. 

സഹോദരീ, ഞാന്‍ സഭാര്യനാണ്. ഏകപത്‌നീവ്രതക്കാരനുമാണ്. അതുകൊണ്ട് ശൂര്‍പ്പണഖയുടെ ആഗ്രഹം സാധ്യമാവില്ലെ ന്നായിരുന്നു രാമന്റെ മറുപടി.

No comments:

Post a Comment