Thursday, April 25, 2019

കൃഷ്ണം കൃഷ്‌ണാശ്രയം ...!

കൃഷ്ണാ ..എന്നെ ഉപേക്ഷിച്ചു എല്ലാരും പോകട്ടേ ..എന്നാൽ നീ പോകാതെ കണ്ണാ ..എന്തെന്നാൽ നീയെന്ന അക്ഷയപാത്രം പോയാൽ ഞാൻ പട്ടിണി ആകുല്ലേ ..? ഈ ലോകം തന്നെ പട്ടിണിയിൽ ആകുല്ലേ ..?എന്ന് കേട്ട സുപ്രഭാതം  ..അതെനിക്കൊരു പുതിയ അനുഭവം തന്നു ..വിചാരിക്കാത്ത നിമിഷത്തിൽ വന്നു ചേർന്ന ഈ വാക്കുകൾ തന്ന അനുഭൂതിയിൽ എനിക്ക് കണ്ണനെ പറ്റി  എഴുതണം എന്ന് തോന്നിയപ്പോൾ ആദ്യം വന്നത് ശ്രീ പുരന്ദരദാസ സ്വാമികൾ ആകയാൽ അദ്ദേഹത്തെ പറ്റി എഴുതുന്നു ...!

എല്ലാവരും പുരന്ദര ദാസനെ അറിയും അദ്ദേഹത്തിന്റെ കവിതകളിൽ കൂടി സഞ്ചരിച്ചാൽ കണ്ണനെ കാണാൻ പറ്റും  വാത്സല്യവും  സ്നേഹവും വഴിഞ്ഞൊഴുകുന്ന കൃഷ്ണ ഗാഥകൾ അനവധിയാണ് എന്നാൽ  പുരന്ദരദാസന്റെ ഈ മാറ്റത്തിനു പുറകിൽ കണ്ണന്റെ കൈകൾ ആണ് എന്നും അദ്ദേഹത്തിന്റെ പത്നിയുടെ നിസ്വാർഥ കൃഷ്ണ ഭക്തിയാണെന്നും എത്രപേർക്ക് അറിയാം ..?

കർ‌ണ്ണാടകത്തിലെ ഇന്നത്തെ ശിവമൊഗ്ഗ ജില്ലയിലെ തീർത്ഥഹള്ളിയ്ക്കടുത്തുള്ള ക്ഷേമാപുര എന്ന സ്ഥലത്ത് ശ്രീനിവാസനായക് എന്ന പുരന്ദര ദാസ് ജനിച്ചു. ജീവിതകാലം 1484 മുതൽ 1564 വരെ ആണെന്ന് കരുതുന്നു.  വരദപ്പനായകൻ എന്ന ധനികനായ വ്യാപാരിയുടെ ഏകപുത്രനായിട്ടാണ് ഇദ്ദേഹം ജനിച്ചത്. ബാല്യകാലത്ത് ലഭിച്ച വിദ്യാഭ്യാസം ഇദ്ദേഹത്തെ കന്നഡഭാഷയിലും സം‌സ്കൃതത്തിലും പാരമ്പര്യവ്യാപാരത്തിലും ഇദ്ദേഹത്തെ നിപുണനാക്കി. 16-മത്തെ വയസ്സിൽ വിവാഹിതനായി. പാരമ്പര്യതൊഴിൽ ഏറ്റെടുത്ത ഇദ്ദേഹത്തിന് 'നവകോടി നാരായണൻ' എന്ന സ്ഥാനപ്പേര് ലഭിച്ചു.

 ധനികനായ വ്യാപാരിയായ ഇദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിച്ച ഒരു സംഭവം ഇപ്രകാരമാണ്. 

അത്യധികം ധനം ആർജ്ജിച്ചിട്ടും ദാനധർമങ്ങളിൽ വിശ്വസിക്കാതിരുന്ന അദ്ദേഹത്തിന് അത്യധികം ധര്മിഷ്ഠ ആയിരുന്ന ഒരു ഭാര്യയുണ്ടായിരുന്നു സരസ്വതീഭായിയെനന്നായിരുന്നു ആ മഹതിയുടെ നാമധേയം ..ഭർത്താവു അറിയാതെ പാവപ്പെട്ടവരെ കണക്കറ്റു സഹായിച്ചിരുന്ന ആ സ്വാധി ശ്രീനിവാസനോട്  ( കണ്ണനോട്) എന്നും ഭർത്താവിന്റെ മനസ്സുമാറി  ഈശ്വര സാക്ഷൽക്കാരത്തിലേക്കും  ദാനധര്മങ്ങളിലേക്കു അദ്ദേഹം എത്തിച്ചേരാൻ കരഞ്ഞു യാചിക്കുമായിരുന്നു 

വളരെ അധികം ധനം കയ്യിലുണ്ടായിരുന്നിട്ടും ലുബ്ധ ജീവിതം നയിച്ച് വന്നിരുന്ന  നവകോടി നാരായൺ വീട്ടു ജോലികളിൽ ഭാര്യയെ സഹായികാനായി പരിചാരകരെ  വെക്കുകയോ ..സാധനങ്ങൾ വാങ്ങി കൊടുക്കുകയല്ലാതെ സ്വന്തം ഭാര്യയുടെ ആവശ്യത്തിന് കുറച്ചു ധനം കയ്യിൽ കൊടുക്കുകയോ ചെയ്തിരുന്നില്ല ..ആ 'അമ്മ നാരായണ നാമം ഉരുവിട്ടു കൊണ്ട് കാലം കഴിക്കുകയും അവർക്കു കഴിക്കാൻ കിട്ടുന്നതിന്റെ ഒരു പങ്ക് ഭർത്താവറിയാതെ ദാനം ചെയ്യുകയും ചെയ്തു പോന്നു 

അങ്ങനെ ഇരിക്കെ ഒരു ദിവസം കതകിൽ മുട്ട് കേട്ട് നാമ ജപത്തിൽ മുഴുകിയിരുന്ന സരസ്വതിബായ് വേഗം ചെന്ന് കതകു തുറന്നപ്പോൾ കണ്ടത് മുഷിഞ്ഞ കാവി വസ്ത്ര ധാരിയായ ഒരു ബ്രാഹ്മണനെ ആണ്.. ധർമ്മം ചോദിക്കാനെത്തുന്ന ബ്രാഹ്മണരിൽ നിന്നും വ്യത്യസ്ഥമായി അതീവ തേജസ്സാർന്ന ..മുഖവും കണ്ണുകളും എന്നാൽ അകാരഭംഗിക്കും ശബ്ദത്തിനും യോജിക്കാത്ത തരത്തിലുള്ള കീറി മുഷിഞ്ഞ വസ്ത്രവും ധരിച്ചു നിൽക്കുന്ന  ആ യുവാവിനെ കണ്ടപ്പോൾ ആ അമ്മക്ക് വാത്സല്യവും ഒപ്പം ആദരവും തോന്നി ...

അമ്മേ എനിക്ക് അകത്തേക്ക് വരാമോ ..? അതേല്ലോ ..എവിടെ നിന്ന് വരികെ ആണ് ..എന്ന ചോദ്യത്തിന് മറുപടിയായി ഞാൻ ഹംപിയിൽ നിന്ന് വരികയാണ് എന്ന് പറയുന്നത് കേട്ട് ആ സ്വാധി അത്ഭുതപ്പെട്ടു.

ഏകദേശം 220 മൈൽ താണ്ടി നീ ഇവിടെ ഏറെ കാണാൻ വന്നതാണ് കുഞ്ഞേ..? എന്നുള്ള അവരുടെ ചോദ്യത്തിന് അമ്മെ ഇവിടെ "കോടി നാരായൺ" എന്നൊരു വ്യാപാരിയുണ്ട് അദ്ദേഹത്തിന് അളവറ്റ ധനം ഉണ്ട് എന്റെ മകന്റെ ഉപനയനം നടത്താൻ അല്പം പണം ചോദിയ്ക്കാൻ വന്നതാണ് ..ഞാൻ കർണാടക ബ്രാഹ്മണ കുല ത്തിൽ ജനിച്ച ആളാണ് ...ഹംപിയിൽ അറിയപ്പെടുന്ന കുടുംബം ആണെങ്കിലും ദാരിദ്രം കൊണ്ട് ഇരക്കാതെ ഈ കർമം ചെയ്യാൻ വഴിയില്ല ..എന്റെ നാട്ടിൽ ..ബന്ധുക്കളുടെ ഇടയിൽ ഇരക്കാൻ വയ്യ അമ്മെ കുറച്ചു പണം നൽകി സഹായിക്കണം ..എന്ന് പറഞ്ഞു 

ഒരു പൈസ പോലും കയ്യിലില്ലാതെ ഇരുന്നിട്ടും ആ സ്വാധി ഭർത്താവിനെ പറ്റി ഒന്നും മോശമായി  പറഞ്ഞില്ല ..അദ്ദേഹം ഇവിടെ ഇല്ല ഉണ്ടായിരുന്നു എങ്കിൽ ദാനമായി നൽകി സഹായിച്ചേനേം ഇപ്പൊ എനിക്ക് തരൻ  ഒന്നുമില്ല ..ഈ മൂക്കുകുത്തിയല്ലാതെ  എന്ന് പറഞ്ഞു തന്റെ മൂക്കുകുത്തി ആ അപരിചിതന് നൽകി ..

അയ്യോ അമ്മെ ഞാൻ വീണ്ടും വരാം,  അദ്ദേഹം വരട്ടെ, ഇത് വേണ്ട, എന്ന വിലക്കിനു അവർ ഇപ്രകാരം പറഞ്ഞു ..എപ്പോഴെങ്കിലും ഇതു തനെ തിരിച്ചു തന്നാൽ മതി.. ഇപ്പോൾ ആവശ്യം നടക്കട്ടെ ..കൊണ്ട് പൊയ്ക്കൊള്ളൂ എന്ന് ..ആ യുവാവ് അവിടെ നിന്ന് നേരെ പോയത് ആ നഗരത്തിലെ ഏറ്റവും വലിയ കടയിലേക്കാണ്...ആ മൂക്കുകുത്തി പണയം വെച്ച് കുറച്ചു പൈസ കിട്ടുന്നതിനായി അദ്ദേഹം ചെന്ന് കയറിയത് നമ്മുടെ ശ്രീനിവാസിന്റെ കടയിലായിരുന്നു..സ്വന്തം പത്നിയുടെ മൂക്കുകുത്തി കണ്ടതും അദ്ദേഹം ആ യുവാവിനെ സംശയത്തോടെ ...നോക്കി എന്നാൽ 'അമ്മ എന്റെ മകന്റെ ഉപനയനം നടത്താൻ പണത്തിനായി എനിക്ക് തന്നതാണിത് എന്ന് പറഞ്ഞു കൂസലില്ലാതെ നെഞ്ച്  വിരിച്ചു നിൽക്കുന്ന ആ യുവാവിനെയും വിളിച്ചു കൊണ്ട്  അദ്ദേഹം വീട്ടിലേക്കു നടന്നു 

വീടിന്റെ മുകളിലെ നിലയിൽ നിന്നിരുന്ന സ്വരസ്വതിബായി വളരെ ദൂരെ നിന്നെ ആ കാഴച കണ്ടു മുൻപിലും പുറകിലുമായി തന്റെ ഭർത്താവും തേജോമയനായ ആ ബ്രാഹ്മണ യുവാവും വീട്ടിലേക്കു വരുന്നത് ..അവർക്കു കൈകാലുകൾ വിറക്കാൻ തുടങ്ങി ...താൻ മൂക്കൂത്തി കൊടുത്തതറിഞ്ഞു വരുന്ന ഭർത്താവിന്റെ ദേഷ്യത്തോടെ ഉള്ള പെരുമാറ്റമോർത്തു ഭയഭീതയായ അവർ ജീവനൊടുക്കാൻ തീരുമാനിച്ചു 

ഹേ  വിട്ടല മഹാ പ്രഭുഃ ഹംപിയിൽ വന്നു അങ്ങയെ ഒരു നോക്ക് കാണാൻ കൂടെ കഴിയാതെ എന്റെ ജീവിതം ഇതാ അവസാനിക്കുന്നു....അടുത്ത ജന്മമെങ്കിലും അവിടുത്തെ കാണാൻ കഴിയനെ എന്ന് പ്രാർത്ഥിച്ചു തൊടിയിലേക്കിറങ്ങി ഒരു  വിഷക്കായ പൊട്ടിച്ചു ..എന്നിട്ടു പൂജാമുറിയിൽ കയറി കണ്ണന്റെ ചിത്രത്തിലേക്ക് നോക്കി തീർത്ഥം എടുത്തു കണ്ണുകൾ നിറഞ്ഞൊഴുകി ഒരു തുള്ളി കണ്ണുനീർ ആ തീർത്ഥജലത്തിലേക്കു വീണു ...തുളസീതീർത്ഥം ഒന്ന് തൊട്ടു നെറ്റിയിൽ വെക്കാന് വിരൽ തൊട്ടതും കിണ്ടിയിൽ എന്തോ കിലുങ്ങി ..നോക്കിയപ്പോൾ ആ യുവാവിന് കൊടുത്ത  മൂക്കൂത്തി. വിട്ടലന്റെ (മഹാവിഷ്ണുവിന്റെ) ചിത്രത്തിന്റെ മുൻപിൽ വെച്ചിരുന്ന തീർത്ഥത്തിൽ കിടക്കുന്നു  ....ആ 'അമ്മ അത്ഭുതം കൊണ്ട് സ്തബ്ധയായി ഒരു നിമിഷം നിന്ന് എന്നിട്ടു ആ മൂക്കുത്തി എടുത്തു വെളിയിലേക്കു ഓടി ...പടിപ്പുര കടന്നു അകത്തേക്ക് പ്രവേശിക്കുന്ന ഭർത്താവിന്റെ പുറകിൽ ഒരു നിമിഷം അവർ ആ രൂപം കണ്ടു ...

ശ്രീവത്സ വക്ഷ: ശ്രീനിവാസഃ ..ശ്രീ നിധി ശ്രീ വിഭാവന ..ശ്രീമാൻ ലോകത്രയാശ്രയ  എന്ന ശ്ലോകം നാവിൻ തുമ്പിലെത്തി ...

അതിമനോഹമായ വിട്ടലന്റെ രൂപം ...!വർണനാതീതമായ ആ സാന്നിധ്യം കണ്ട് ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞു ...അതിദൂരം യാത്ര ചെയ്തതിനാൽ നെറ്റിയിൽ പൊടിഞ്ഞ വിയർപ്പിൽ ഒട്ടി കിടക്കുന്ന അളകങ്ങളോട് കൂടി , മഞ്ഞളും സിന്ദൂരവും ചേർത്ത് വരച്ച ഗോപിചന്ദന  ഭംഗിയും ..പിച്ചകമാല പൂണുനൂലായി ധരിച്ചു, മഞ്ഞപട്ടുടുത്തു .ഒരു കൈകൊണ്ടു ഉത്തരീയം പിടിച്ചു പടി കടന്നു വരുന്ന യുവാവിനെ സ്തബ്ധയായി നോക്കി നിന്ന അമ്മയുടെ കാതിൽ  ഭർത്താവിന്റെ സ്വരം എത്തി 

.നീ എന്താണീ നോക്കുന്നത് നിന്റെ മൂക്കൂത്തി നീ ഇയാൾക്ക് കൊടുത്തോ എന്ന് ചോദിച്ചു തിരിഞ്ഞതും 

..ഒരു മാത്ര പൊന്നിൻ നിറമാർന്ന ഉത്തരീയം  പിടിച്ച കൈകൾ  മാത്രം അദ്ദേഹത്തിന്റെ കണ്ണിൽ പെട്ടു ..ആ തേജോ സ്പുലിംഗം അപ്രത്യക്ഷമായി ..കയ്യിൽ മൂക്കൂത്തി പിടിച്ചു നിൽക്കുന്ന ഭാര്യയേ നോക്കി സ്തബ്ധനായി നിന്ന  അദ്ദേഹത്തിന്റെ നാവിൽ  നിന്ന് അനർഗ്ഗളമായി വിട്ടല് സ്തുതികൾ പ്രവഹിച്ചു തുടങ്ങി ..സ്വന്തം ഭാര്യക്ക് ജന്മം കൊണ്ട് ലഭിച്ചത് കർമം കൊണ്ട് നേടാനായി അദ്ദേഹം അദ്ദേഹത്തിന്റെ സ്വത്തുക്കൾ എല്ലാം ദാനം ചെയ്തു ഹംപിയിലേക്ക് പോയി ..അദ്ദേഹം കണ്ണനെ സ്തുതിച്ചു അനേകം കൃതികൾ രചിച്ചു സ്വരസ്ഥാനങ്ങൾ ചിട്ടപ്പെടുത്തുന്നതിൽ അഗ്രഗണ്യനായിരുന്നു സംഗീതലോകത്തിനു അനന്തമായ സംഭാവനകൾ നൽകിയ ഇദ്ദേഹത്തിന്റെ കാലത്താണ് ദക്ഷിണേന്ത്യൻ സംഗീതം പ്രത്യേകശാഖയായി വികസിച്ചത്.

വിഷ്ണുഭക്തനായിരുന്ന ഇദ്ദേഹത്തിന്റെ കൃതികളിൽ പുരന്ദര വിഠല എന്ന മുദ്ര കാണാം. ഇദ്ദേഹത്തിന്റെ കൃതികൾ മിക്കവയും കന്നഡ ഭാഷയിലാണ് രചിച്ചിരിയ്ക്കുന്നത്, ചിലതുമാത്രം സം‌സ്കൃതത്തിലും. ഇദ്ദേഹത്തിന്റെ അതുല്യമായ സംഭാവനകളെ പരിഗണിച്ച് കർ‌ണ്ണാടകസംഗീതത്തിന്റെ പിതാമഹൻ എന്നാണ് വിശേഷിപ്പിയ്ക്കുന്നത്.ജീവിതസായാഹ്നം ഹം‌പിയിലായിരുന്നു. ഇദ്ദേഹം ഇരുന്നിരുന്ന മണ്ഡപം ഇപ്പോൾ പുരന്ദരദാസമണ്ഡപം എന്നാണ് അറിയപ്പെടുന്നത്. ജീവിതാവസാനത്തോടെ സംന്യാസം സ്വീകരിച്ച ഇദ്ദേഹം തന്റെ എൺ‌പതാമത്തെ വയസ്സിലാണ് ഇഹലോകം വെടിഞ്ഞത്.
BY
സർവ്വം കൃഷ്‌ണാശ്രയം*J*

No comments:

Post a Comment