Monday, April 29, 2019

അഞ്ചു വര്‍ഷങ്ങള്‍; മുഖച്ഛായ മാറിയ വാരാണസി

Monday 29 April 2019 4:20 am IST
2014 മെയില്‍ പ്രധാനമന്ത്രി മോദി അധികാരത്തിലെത്തി ആദ്യമാസം തന്നെ ഘാട്ടുകളുടെ ശുചീകരണം പൂര്‍ത്തിയാക്കിയിരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷമായി ഘാട്ടുകള്‍ വൃത്തിയായാണ് കിടക്കുന്നത്. ചെറു മാലിന്യം പോലും ഇവിടെ കാണാനാവില്ല. ഗംഗയിലെ ചെളി നീക്കം ചെയ്ത് കുമിഞ്ഞു കൂട്ടിയിട്ടിരുന്ന ഇടമായിരുന്ന അസ്സി ഘാട്ട് ഇന്ന് വാരാണസിയിലെ പ്രധാന കേന്ദ്രമാണ്.
പൊടിപടലങ്ങള്‍ നിറഞ്ഞ, പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍, മാലിന്യങ്ങള്‍ കുമിഞ്ഞുകൂടിയ ഗംഗാ തീരത്തെ ഘാട്ടുകള്‍, സ്‌നാനം ചെയ്യാന്‍ പോലും തീര്‍ത്ഥാടകര്‍ മടിച്ചിരുന്ന മാലിന്യങ്ങള്‍ നിറഞ്ഞ ഗംഗാ നദി, യാതൊരു വികസനവുമെത്താത്ത റെയില്‍വേ സ്‌റ്റേഷനുകളും വിമാനത്താവളവും, റോഡുകളും ശൗചാലയങ്ങളും ആവശ്യത്തിന് സ്‌കൂളുകളും പോലും ഇല്ലാതിരുന്ന വാരാണസിയിലെ സമീപ ഗ്രാമങ്ങള്‍, 2014 ഏപ്രിലില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിംഗിനായി വാരാണസിയിലെത്തിയപ്പോഴത്തെ കാഴ്ചകള്‍ ഇപ്പോഴും ഓര്‍മ്മയിലുണ്ട്. അഞ്ചുവര്‍ഷങ്ങള്‍ക്കിപ്പുറം വാരാണസി അതിന്റെ മുഖച്ഛായ മാറ്റിയിരിക്കുകയാണ്. പ്രൗഢിയിലേക്കും വികസനത്തിലേക്കുമുള്ള യാത്രയിലാണ് വാരാണസിയും സമീപ പ്രദേശങ്ങളും. ഗംഗാതീരത്തെ ഘാട്ടുകളില്‍ വന്ന മാറ്റമാണ് ഏവരേയും അത്ഭുതപ്പെടുത്തുന്നത്. അഞ്ചുവര്‍ഷം കൊണ്ട് കാശി ഏറെ മാറിയെന്ന് പ്രത്യക്ഷത്തില്‍ ബോധ്യപ്പെടുത്തുന്നത് ഇവിടുത്തെ വൃത്തി തന്നെ. 
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമാണിതെന്ന ബോധ്യം കാശീനിവാസികള്‍ക്കുമുണ്ട്. അഞ്ചുവര്‍ഷം കൊണ്ട് 34,000 കോടി രൂപയുടെ വികസന പദ്ധതികളാണ് വാരാണസിയിലേക്കെത്തിയത്. ഇത്രയധികം പദ്ധതികള്‍ നടക്കുന്ന ഇന്ത്യയിലെ ഏക നഗരമാണ് വാരാണസി കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ പതിനെട്ട് തവണയാണ് പ്രധാനമന്ത്രി മോദി വാരാണസിയില്‍ എത്തിയത്. ഓരോ തവണയും അദ്ദേഹം വികസന പദ്ധതികളുടെ പുരോഗതി നേരിട്ടെത്തി നിരീക്ഷിച്ചു. പ്രധാനമന്ത്രി ഓഫീസിന്റെ ചെറുപതിപ്പ് വാരാണസിയില്‍ ആരംഭിച്ചാണ് മോദി ഇതെല്ലാം സാധ്യമാക്കിയത്. നിരവധി ഉദ്യോഗസ്ഥരെയും ഇവിടെ നിയമിച്ചിരുന്നു. 
ഭൂമിയിലെ ആദ്യത്തെ നഗരമെന്നാണ് കാശിയുടെ വിശേഷണം തന്നെ. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടങ്ങളും ക്ഷേത്രങ്ങളും തന്നെയാണ് കാശിയുടെ സവിശേഷത. 2014 മെയില്‍ പ്രധാനമന്ത്രി മോദി അധികാരത്തിലെത്തി ആദ്യമാസം തന്നെ ഘാട്ടുകളുടെ ശുചീകരണം പൂര്‍ത്തിയാക്കിയിരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷമായി ഘാട്ടുകള്‍ വൃത്തിയായാണ് കിടക്കുന്നത്. ചെറു മാലിന്യം പോലും ഇവിടെ കാണാനാവില്ല. ഗംഗയിലെ ചെളി നീക്കം ചെയ്ത് കുമിഞ്ഞു കൂട്ടിയിട്ടിരുന്ന ഇടമായിരുന്ന അസ്സി ഘാട്ട് ഇന്ന് വാരണാസിയിലെ പ്രധാന കേന്ദ്രമാണ്. എല്ലാ ദിവസവും രാവിലെയും വൈകിട്ടും നടക്കുന്ന സുബഹ് ബനാറസ് നൃത്ത-സംഗീത പരിപാടിയുടെ കേന്ദ്രം കൂടിയാണ് അസ്സി ഘാട്ട്. വലിയ സ്റ്റെപ്പുകളും സ്റ്റേജുകളും വസ്ത്രം മാറാനുള്ള ചെറു മുറികളുമെല്ലാം അസ്സി ഘാട്ടിന്റെ സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി ഇവിടെ നിലവില്‍ വന്നു. 
ബനാറസ് സര്‍വ്വകലാശാലയില്‍ നിന്ന് കാശീക്ഷേത്രത്തിലേക്ക് നീളുന്ന വഴിയും വിമാനത്താവളത്തില്‍ നിന്ന് കാശിയിലേക്കുള്ള 25 കിലോമീറ്ററിലധികം നീളമുള്ള റോഡുമെല്ലാം ഇന്ന് വീതി കൂട്ടി വികസിപ്പിച്ചിട്ടിരിക്കുകയാണ്. നഗരത്തില്‍ നിരവധി ഇടങ്ങളിലാണ് ഫ്‌ളൈ ഓവറുകള്‍ ഉയരുന്നത്. ബനാറസിലെ നാല് റെയില്‍വേ സ്‌റ്റേഷനുകളാണ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തിയിരിക്കുന്നത്. ഇതില്‍ മണ്ട്‌വാഡി സ്‌റ്റേഷന്റെ നവീകരണം ആഗോള ശ്രദ്ധ നേടിയതാണ്.വാരാണസി, വാരാണസി സിറ്റി, കാശി സ്‌റ്റേഷനുകളും ഏറെ ഭംഗിയുള്ളതാക്കി. 
ബനാറസ് സര്‍വ്വകലാശാലയിലെ മെഡിക്കല്‍ കോളേജിനോട് അനുബന്ധിച്ച് ആരംഭിച്ച ക്യാന്‍സര്‍ ആശുപത്രി അടക്കം ആരോഗ്യമേഖലയില്‍ വലിയ മാറ്റങ്ങള്‍ വാരണാസിയില്‍ നിലവില്‍ വന്നിട്ടുണ്ട്.  പണ്ഡിറ്റ് മദനമോഹന മാളവ്യ ക്യാന്‍സര്‍ സെന്റര്‍ യുപിയുടെ ആകെ ആശ്രയ കേന്ദ്രമായി വളരുകയാണ്. കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപത്തുകൂടി ഗംഗയിലേക്ക് നീളുന്ന ഇടനാഴി പദ്ധതിയാണ് അതിവേഗം പുരോഗമിക്കുന്നത്. നൂറുകണക്കിന് പഴയ കെട്ടിടങ്ങളും ക്ഷേത്രങ്ങളും നീക്കം ചെയ്തു കൊണ്ടാണ് കാശി ക്ഷേത്രത്തിന്റെ വികസന പദ്ധതി മുന്നോട്ടു പോകുന്നത്. പതിറ്റാണ്ടുകളായി മുടങ്ങിക്കിടക്കുന്ന കാശി ക്ഷേത്രത്തിന്റെ വികസനത്തിന് മോദി മുന്‍കൈ എടുത്തതോടെയാണ് വീണ്ടും പുതുജീവന്‍ വെയ്ക്കുന്നത്.
മോദിയുടെ മണ്ഡലമായതോടെ വാരണാസിയില്‍ വലിയ മാറ്റങ്ങളാണ് വന്നതെന്ന് ദശാശ്വമേധ ഘാട്ടില്‍ പൂജാകര്‍മ്മങ്ങള്‍ ചെയ്യുന്ന ദിനേശ് പണ്ഡിറ്റ് പറഞ്ഞു. ഘാട്ടുകള്‍ എല്ലാം വലിയ വൃത്തിയിലേക്കെത്തി. ഗംഗാശുചീകരണവും നല്ല പുരോഗതിയിലാണ്. ഇത്തവണയും മോദി തന്നെ വിജയിക്കും. കാശി ക്ഷേത്ര ഇടനാഴി വലിയ നേട്ടമാണ്. അദ്ദേഹത്തിന്റെ നേതൃഗുണവും മണ്ഡലത്തോടുള്ള ശ്രദ്ധയും വാരണാസിയിലെങ്ങും കാണാനുണ്ട്. മോദിയുടെ മണ്ഡലമായി തന്നെ വാരണാസി എക്കാലവും നിലനില്‍ക്കണമെന്നാണ് ആഗ്രഹം. എങ്കില്‍ മാത്രമേ കാശിയെ ക്ലീന്‍സിറ്റിയാക്കി മാറ്റാനാവൂ, പണ്ഡിറ്റ് പറഞ്ഞു.
വികസന പദ്ധതികളില്‍ ചിലത് ചുവടെ:
• ട്രേഡ് ഫെസിലിറ്റേഷന്‍ സെന്റര്‍
• ക്രാഫ്റ്റ് മ്യൂസിയം
• പവര്‍ലൂം സര്‍വ്വീസ് സെന്റര്‍
• ഇ-റിക്ഷ, പെഡല്‍ റിക്ഷ, ഉന്തുവണ്ടികളുടെ സൗജന്യ വിതരണം
• മഹാമാന എക്‌സ്പ്രസ്, വന്ദേ ഭാരത് എക്‌സ്പ്രസ് അടക്കം നിരവധി പുതിയ ട്രെയിനുകള്‍
• 765 കെ.വി പവര്‍ സബ് സ്റ്റേഷന്‍
• മഹാമാന കരകൗശല പരിശീലന കേന്ദ്രം
• വാരണാസി ഗ്യാസ് പദ്ധതി,
• പഞ്ചകോശി പരിക്രമ മാര്‍ഗ്ഗ്, ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ അടക്കം 900 കോടിയുടെ              പദ്ധതികള്‍
• അടല്‍ ഇന്‍ക്യുബേഷന്‍ സെന്റര്‍
• ബിഎച്ച്‌യുവില്‍ റീജിയണല്‍ ഒഫ്താല്‍മോളജി സെന്റര്‍
• ഗംഗയിലൂടെയുള്ള ചരക്കുനീക്കത്തിനായി 2400 കോടിയുടെ മള്‍ട്ടി മോഡല്‍ ടെര്‍മിനല്‍
• വാരാണസി റിങ് റോഡ് വികസനം

No comments:

Post a Comment