Sunday, April 28, 2019

ദൈവജ്ഞനും വൈദിക ശ്രേഷ്ഠനുമായിരുന്ന അന്തരിച്ച കൈമുക്ക് വൈദികന്‍ പരമേശ്വരന്‍ നമ്പൂതിരിയുടെ ജന്മശതാബ്ദി ആഘോങ്ങള്‍ക്ക്് ഇന്നു തൃശൂര്‍ മറ്റത്തൂര്‍കുന്നിലെ കൈമുക്കു മനയില്‍ തുടക്കമാകും. പരശുരാമ നിര്‍ദ്ദിഷ്ടമായ വൈദികപരമ്പരയാണ് കൈമുക്ക് മനയുടേത്. കേരള സംസ്‌കാരത്തിന് അടിത്തറ പാകിയ ഋഷിവര്യനായ പരശുരാമന്‍, അഷ്ടവൈദ്യന്‍മാരേയും ആറ് വൈദികന്‍മാരേയും നാല് മാന്ത്രികന്‍മാരേയും 2 തന്ത്രികുടുംബങ്ങളേയും സ്ഥാപിച്ചുവെന്നാണ് ഐതിഹ്യം. അതില്‍ ഇന്നും ഭംഗംവരാതെ നിലനില്‍ക്കുന്ന വൈദിക പാരമ്പര്യമാണ് കൈമുക്കിന്റേത്. ഈ പരമ്പരയിലെ മഹാന്‍മാരുടേയും ഐതിഹ്യങ്ങളുടേയും സംഖ്യ വലുതാണ്. ശുചീന്ദ്രം കൈമുക്ക് എന്ന ചടങ്ങുമായി ബന്ധപ്പെട്ടാണ് ഈ ഇല്ലപ്പേരുതന്നെ ഉണ്ടായതത്രെ. 
കൈമുക്ക് നാരായണ്‍ നമ്പൂതിരിയുടേയും ശ്രീദേവി അന്തര്‍ജനത്തിന്റേയും മകനായി 1919 ജൂണ്‍ രണ്ടിനായിരുന്നു പരമേശ്വരന്‍ നമ്പൂതിരിയുടെ ജനനം. കുട്ടിക്കാലം മുതല്‍ക്കേ വേദവും സംസ്‌കൃതവും ജ്യോതിഷവും അഭ്യസിച്ചു. വൈദിക ക്രിയാഭാഗങ്ങളിലും വിജ്ഞാനം നേടി. എന്നാല്‍ ലോകം അദ്ദേഹത്തെ സ്മരിക്കുന്നത് ജ്യോതിഷ ശ്രേഷ്ഠനായിട്ടാണ്. ശാസ്ത്രപരിചയവും കുലദൈവമായ വയലൂരപ്പന്റെ ഉപാസനാസിദ്ധിയും കൊണ്ട് അക്കാലത്തെ ജ്യോതിശാസ്ത്ര കുലപതിയായി ജ്യോതിശാസ്ത്ര പണ്ഡിതരും ബഹുജനങ്ങളും കണക്കാക്കിയിരുന്നു. ഇന്ദിരാഗാന്ധിമുതല്‍ ഇങ്ങോട്ടുള്ള പല രാഷ്ട്രീയനേതാക്കളും കലാകാരന്‍മാരും ഉള്‍പ്പെടെയുള്ള പ്രതിഭകള്‍ കൈമുക്കിന്റെ വാക്കുകള്‍ക്ക് കാതോര്‍ത്തിരുന്നു. വലിപ്പചെറുപ്പമില്ലാതെ നാനാജാതിമതസ്ഥരായ എല്ലാവര്‍ക്കും അദ്ദേഹം ഒരുപോലെ പ്രാപ്യനായിരുന്നു. തന്റെ വിശേഷയുക്തി പ്രയോഗങ്ങളും പരിഹാര നിര്‍ദേശങ്ങളുംകൊണ്ട് അദ്ഭുതങ്ങള്‍ തീര്‍ത്ത കഥകള്‍ ഇന്നും നാട്ടില്‍ പറഞ്ഞുകേള്‍ക്കാറുണ്ട്. 
ഗുരുവായൂരും ചോറ്റാനിക്കരയും ഉള്‍പ്പെടെ ഒട്ടേറെ മഹാക്ഷേത്രങ്ങളില്‍ അഷ്ടമംഗല പ്രശ്‌നംവച്ച് നിര്‍ണായക തീരുമാനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. വൈദിക വിഷയങ്ങളില്‍ അവസാനവാക്കായും അദ്ദേഹം നിലനിന്നുപോന്നു. സംഗീതം, ജാലവിദ്യ മുതലായവയില്‍ പ്രാവീണ്യം നേടിയിരുന്നു. ഇന്നത്തെ ജ്യോതിഷപണ്ഡിതനായ പത്മനാഭ ശര്‍മയുള്‍പ്പെടെ കേരളത്തിനകത്തും പുറത്തും വലിയൊരു ശിഷ്യപരമ്പരക്ക് കൈമുക്ക് മനയില്‍ തുടക്കമിട്ടതും പരമേശ്വരന്‍ നമ്പൂതിരിയാണ്. അനുജന്‍ ജാതവേദന്‍നമ്പൂതിരിയും മകന്‍ നാരായണ്‍ നമ്പൂതിരിയും കൈമുക്ക് രാമന്‍ അക്കിത്തിരിപ്പാടും ആ മഹാപാരമ്പര്യം കാത്തുപോരുന്നു. 
ജന്മശതാബ്ദിയോടനുബന്ധിച്ച് കൈമുക്ക് മനയില്‍ ഇന്നുമുതല്‍ മൂന്നു ദിവസങ്ങളിലായി വിപുലമായ പരിപാടികളില്‍, പരമേശ്വരന്‍നമ്പൂതിരിയുടെ ജീവിതചരിത്ര പ്രകാശനം ഗാനരചയിതാവും ഗായകനും നടനുമായ കൈതപ്രം ദാമോദരന്‍നമ്പൂതിരി നിര്‍വഹിക്കും. ജന്മശതാബ്ദി അനുസ്മരണ സമ്മേളനം കെ. ജയകുമാര്‍ ഉദ്ഘാടനം ചെയ്യും. അണിമംഗലം സാവിത്രി അന്തര്‍ജനം ശേഖരിച്ച കൈകൊട്ടിക്കളിയിലെ അപൂര്‍വ കീര്‍ത്തനങ്ങളുടെ സമാഹാരത്തിന്റെ പ്രകാശനം കവി പ്രൊഫ. വി. മധുസൂധനന്‍ നായര്‍ നിര്‍വഹിക്കും. 
 janmabhumi.

No comments:

Post a Comment