ശ്രീമദ് ഭഗവദ്ഗീത*
🕉🕉.'
*428-ാം ദിവസം*
*അദ്ധ്യായം: പന്ത്രണ്ട്*
*ഭക്തിയോഗം*
*ശ്ലോകം 16*
*അനപേക്ഷഃ ശുചിർദക്ഷ ഉദാസീനോ ഗതവ്യഥഃ*
*സർവാരംഭപരിത്യാഗീ യോ മദ്ഭക്തഃ സ മേ പ്രിയഃ*
അനപേക്ഷഃ - ഒന്നും അപേക്ഷിക്കാത്തവനായി (ഉദാസീനനായി); ശുചിഃ - ശുചിയായി; ദക്ഷഃ - നിപുണനായി; ഉദാസീനഃ - (ലാഭാലാഭങ്ങളിൽ) ഉദാസീനനായി; ഗതവ്യഥഃ – വ്യഥയില്ലാത്തവനായി; സർവാരംഭപരിത്യാഗി - സർവ്വയത്നങ്ങളേയും ത്യജിച്ചവനായി; യഃ – യാതൊരു; മദ്ഭക്തഃ - എന്റെ ഭക്തനുണ്ടോ; സഃ - അവൻ; മേ പ്രിയഃ - എനിക്ക് പ്രിയനാകുന്നു.
*വിവർത്തനം*
സാധാരണ കർമ്മക്രമങ്ങളെ ഒന്നിനേയും ആശ്രയിക്കാത്തവനും വിശുദ്ധനും നിപുണനും ഉത്കണ്ഠ, വ്യഥ എന്നിവയില്ലാത്തവനും ഫലമുദ്ദേശിച്ച് പ്രവർത്തിക്കാത്തവനുമായ എന്റെ ഭക്തൻ എനിക്കേറ്റവും പ്രിയപ്പെട്ടവനാണ്.
*ഭാവാർത്ഥം:*
ഒരു ഭക്തന് ആരെങ്കിലും പണം നൽകുകയാണെങ്കിൽ അതിൽ തെറ്റില്ല; എന്നാൽ പണത്തിനുവേണ്ടി ഭക്തൻ യത്നിക്കരുത്. ഈശ്വരകാരുണ്യത്താൽ താനേ ധനം ലഭിക്കുകയാണെങ്കിൽ അയാൾക്കതുകൊണ്ട് ഇളക്കമുണ്ടാവില്ല. ഭക്തൻ പതിവായി പ്രഭാതത്തിൽ ഭക്തിയുത സേവനങ്ങളിൽ ഏർപ്പെടാൻ എഴുന്നേൽക്കും. ദിവസംതോറും രണ്ടു തവണയെങ്കിലും സ്നാനംചെയ്യും. അതിനാൽ സ്വാഭാവികമായി അയാൾ ബാഹ്യമായും ആന്തരികമായും വിശുദ്ധനാണ്. ജീവിതത്തിലെ എല്ലാ പ്രവർത്തനങ്ങളുടേയും സാരമെന്തെന്നറിയുന്നതു കൊണ്ടും പ്രാമാണിക ഗ്രന്ഥങ്ങളിൽ ഉറച്ച വിശ്വാസമുള്ളതു കൊണ്ടും ഭക്തൻ നിപുണനായിരിക്കും. അയാൾ ഒരു പ്രത്യേക കക്ഷിയിലുംപെടില്ല. അങ്ങനെ സ്വതന്ത്രനുമാണ്. അയാൾ എല്ലാ ഉപാധികൾക്കും അതീതനാകയാൽ ഒരിക്കലും വേദനിക്കുന്നില്ല. ഈ ശരീരം ഒരു ഉപാധിയാണെന്ന് അയാൾക്കറിയാവുന്നതിനാൽ ശാരീരികവേദനകളുണ്ടെങ്കിൽ അതദ്ദേഹത്തെ ബാധിക്കുന്നില്ല. ഭക്തിയുതസേവനത്തിന്റെ പ്രമാണങ്ങൾക്കെതിരായുള്ള ഏതൊരു പ്രവൃത്തിക്കും അയാൾ ഒരുങ്ങുകയില്ല. ഉദാഹരണത്തിന്, വലിയ ഒരു കെട്ടിടം പണിയാൻ ഒട്ടേറെ ശക്തി വിനിയോഗിക്കേണ്ടതുണ്ട്. തന്റേതായ ഭക്തിയുതസേവനത്തിന്റെ പുരോഗതിക്കുതകുന്നതല്ലെങ്കിൽ അത്തരമൊരു പ്രവൃത്തി അയാൾ ഏറ്റെടുക്കുകയില്ല. കൃഷ്ണനുവേണ്ടി ഒരു ക്ഷേത്രം പണിയിക്കാനും തത്സംബന്ധമായി ഏതു ക്ലേശവും സഹിക്കാനും ഒരുങ്ങിയേയ്ക്കാം, പക്ഷേ സ്വന്തം ബന്ധുക്കൾക്കുവേണ്ടി മണിമന്ദിരം നിർമ്മിക്കുകയില്ല.
No comments:
Post a Comment