Tuesday, April 30, 2019

ശ്രീചക്രം അഥവാ ശ്രീയന്ത്രം:* 

ദേവീ ഉപാസനയ്ക്ക് ഉപയോഗിക്കപ്പെടുന്ന അതി മഹത്തായ ഒരു യന്ത്രമാണ് ശ്രീചക്രം അഥവാ ശ്രീയന്ത്രം. ഒരു വൃത്താകാരത്തിൽ കേന്ദ്രീകൃതമായ ബിന്ദുവിനു ചുറ്റും പല വലുപ്പത്തിലുള്ള 9 ത്രികോണങ്ങൾ തമ്മിൽ യോജിപ്പിച്ചിരിക്കുന്നു ശ്രീയന്ത്രത്തിൽ. ഇതിൽ ശക്തിയെപ്രതിനിധാനം ചെയ്യുന്ന അഞ്ചു ത്രികോണങ്ങൾ അധോമുഖമായും. ശിവനെ പ്രതിനിധാനം ചെയ്യുന്ന നാലു ത്രികോണങ്ങൾ ഊർധ്വമുഖമായും ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. നൂറുയാഗം ചെയുന്നതിന്റെയും പതിനാറുവിധമുള്ള മഹാദാനം ചെയുന്നതിന്റെയും മൂന്നരക്കോടി തീർഥങ്ങളിൽ കുളിക്കുന്നതിന്റെയും ഫലം കേവലം ശ്രീചക്രദർശനം കൊണ്ട് കിട്ടുമെന്നാണ് 'തന്ത്രസാര'ത്തിൽ പറഞ്ഞിട്ടുള്ളത്. സൗന്ദര്യലഹരീസ്‌തോത്രത്തിൽ ആദിശങ്കരാചാര്യരും ശ്രീയന്ത്രത്തിനെ നിരവധി പ്രാവശ്യം പരാമർശിച്ചിട്ടുണ്ട്.

 *ഗ്രന്ഥവിഷയം:* 

പൂജാവിധികളെക്കുറിച്ച്‌ ചട്ടമ്പിസ്വാമികൾ എഴുതിയിട്ടുള്ള ഒരേ ഒരു ഗ്രന്ഥമായിരിക്കാം ഒരു പക്ഷേ. ‘ശ്രീചക്രപൂജാകല്പം’. ശ്രീചക്രപൂജാവിധി അതായത്‌ ശ്രീചക്രത്തെ ഉപയോഗിച്ചു കൊണ്ടുള്ള കാളീപൂജ ചെയ്യുവാനുള്ള വിധിയാണ് ഇതിലെ വിഷയം. എന്നാലും ഗ്രന്ഥാരംഭത്തിൽതന്നെ സംസ്‌കൃത, തമിഴ്, മലയാള പ്രമാണശ്ലോകങ്ങളെ ഉദ്ധരിച്ചുകൊണ്ട്‌, ശ്രീചക്രത്തെ വരയ്ക്കുവാനുള്ള നിർദ്ദേശങ്ങളും ചട്ടമ്പിസ്വാമികൾ വളരെ വിശദമായിത്തന്നെ ഈ ഗ്രന്ഥത്തിൽ വിവരിക്കുന്നുണ്ട്.
കേവലം ശ്രീയന്ത്രരചനാവിധിയും, പൂജാവിധിയും മാത്രമാണ് സ്വാമികൾ ഇതിൽ വർണ്ണിച്ചിട്ടുള്ളത്‌. അതേസമയം ശ്രീചക്രസമ്പ്രദായത്തെക്കുറിച്ച്‌ ഒന്നും സൂചിപ്പിച്ചിട്ടുമില്ല. അതുകൊണ്ട് വിദ്വാനും അനുഭവസമ്പന്നനുമായ ഒരു ഗുരുവിൽ നിന്നും ശ്രീവിദ്യാ ഉപാസനയ്ക്കുള്ള ഉപദേശം സ്വീകരിച്ചിട്ടുള്ളവർക്ക്‌ ഒരു കൈപ്പുസ്‌തകമായി മാത്രം ഉപയോഗിക്കുവാൻ ഉദ്ദേശിച്ചിട്ടായിരിക്കണം ചട്ടമ്പിസ്വാമികൾ ഇതെഴുതിയിട്ടുണ്ടായിരിക്കുക എന്ന്‌ നമുക്ക്‌ മനസ്സിലാക്കാം.

 *ശ്രീചക്രവിധി* 


അവതാരിക : ഇവിടെ ആദ്യമായിട്ട്‌ ഇതിലേയ്ക്കുള്ള ഒന്നാമത്തെ പ്രധാനരേഖയേയും ആ രേഖയുടെ ആകപ്പാടെയുള്ള നീളത്തേയും ഭൂപുരത്തെയും ത്രിവലയത്തേയും പറയുന്നു.
മൂലം :

“ഷ​ണ്ണവത്യംഗുലായാമം സുത്രം പ്രാക്പ്രത്യഗായതം
ചതുർഭിരംഗുലൈശ്ശഷ്ടൈസ്സംവൃതാനി ച ഭൂപുരം”
അന്വയം : പ്രാക്ക് പ്രത്യക്ക് ആയതം ഷണ്ണവത്യംഗുലായാമം സൂത്രം (ഭവതി) ചതുർഭിഃ അംഗുലൈഃ ശിഷ്ടൈഃ ഭൂപുരം ച സംവൃതാനി ച (ഭവതി)
അന്വയാർത്ഥം : പ്രാക്ക്‌ പ്രത്യക്ക് ആയതമായി ഷണ്ണവത്യം ഗുലായാലമായിരിക്കുന്ന സൂത്രം (ഭാവിക്കുന്നു). ചതുർക്കളായി അംഗുലങ്ങളായിരിക്കുന്ന ശിഷ്ട‌ങ്ങൾ കൊണ്ട് ഭൂപുരവും സംവ്രതങ്ങളും (ഭവിക്കുന്നു). 
പരിഭാഷ : പ്രാക്ക്‌ = കിഴക്ക്‌. പ്രത്യക്ക്‌ = പടിഞ്ഞാറ്‌. ആയതം = നീളമുള്ളത്‌. ഷണ്ണംവത്യംഗുലായാമം = ഷണ്ണംവത്യംഗുലാം കൊണ്ടുള്ള ആയാമത്തോട്‌ കൂടിയത്‌,. ഷണ്ണംവത്യംഗുലം = തോണ്ണൂറ്റാറംഗുലം. അംഗുലങ്ങൾ = വിരലുകൾ എന്നാണ്‌ അർത്ഥമെങ്കിലും ഇവിടെ രണ്ടു വിരലിട കണക്കാക്കി ഗ്രഹിച്ചു കൊൾക;. ആയാമം = അളവ്‌ (ചാൺ, വിരൽ മുതലായവ കൊണ്ടുള്ള അളവ്‌ എന്നർത്ഥം). സുത്രം = ചരട്‌ (രേഖയെന്നർത്ഥം); ചതുർക്കൾ = നാലുകൾ; അംഗുലങ്ങൾ = ഇരു വിരൽക്കണക്കുകൾ; ശിഷ്ടങ്ങൾ = ശേഷിക്കപ്പെട്ടവ; ശേഷിക്കുക = മിച്ചമാകുക. ആദ്യമായിട്ട്‌ പറയപ്പെട്ട ഒന്നാമത്തെ രേഖയ്ക്കുള്ള തോണ്ണൂറ്റാറംഗുലം നീളത്തിൽ ഒത്ത നടുക്കുനിന്നും നവരേഖകളെ അടയ്ക്കുന്നതിലേക്കു വേണ്ടി എടുക്കപ്പെട്ട നാൽപ്പത്തെട്ട് അംഗുലങ്ങളെ ഒഴിച്ച്‌ അവയുടെ മുൻ(മേൽ)വശത്തു കിടപ്പുള്ള ഇരുപതിനാൽ അംഗുലങ്ങളും പിൻ(കീഴ്)വശത്തു കിടപ്പുള്ള ഇരുപതിനാൽ ‍അംഗുലങ്ങളും ടി മധ്യത്തെ നാൽപ്പത്തെട്ട്‌ അംഗുലങ്ങളുടെ ശിഷ്ട‌ങ്ങളാകുന്നു; ഉഭയഭാഗത്തുള്ള ഈ ശിഷ്ട‌ങ്ങളെ ഇതിലെ ഉപയോഗത്തിനുവേണ്ടി നാലംഗുലം ശിഷ്ട‌ങ്ങൾ ഒമ്പതംഗുലശിഷ്ട‌ങ്ങൾ പതിനൊന്നംഗുലശിഷ്ട‌ങ്ങൾ ഇങ്ങനെ മുന്നുവക ശിഷ്ട‌ങ്ങളാക്കിയിട്ടുണ്ട്. ആദ്യം ഭൂപുരത്തിനും സംവൃതങ്ങൾക്കുമായിട്ട്‌ ഇവിടെ എടുക്കപ്പെട്ടിട്ടുള്ളത്‌ ഒന്നാമതു പറയപ്പെട്ട നാലാംഗുലശിഷ്ട‌ങ്ങളാകുന്നു. ഇവയെയാണ്‌ ഇവിടെ ഇപ്പോൾ ശിഷ്ട‌ങ്ങൾ എന്നുപറഞ്ഞത്‌. എന്നാൽ ഇതിലേയ്ക്ക് ആദ്യം കിഴക്കു പടിഞ്ഞാറ്‌ നടുവെ ഒരു രേഖയെ പറഞ്ഞതുപോലെ. അക്കണക്കിന്‌ തെക്കുവടക്കായി കുറുകെ ഒരു രേഖയും കൂടിയിട്ടു ഭൂപുരം. ത്രിവലയം മുതലായവയ്ക്ക് നാലുപുറത്തു നിന്നും എടുത്ത്‌ ഒത്തചതുരശ്രവും ആ ചതുരശ്രത്തിനകത്ത്‌ ഒത്ത വട്ടവുമായിട്ട്‌ രചിക്കാൻ പറയാതെ ഒരു രേഖയേയും ഒരു വശത്തേയ്ക്ക് വേണ്ടവയേയും മാത്രം പറഞ്ഞ് എന്താണെന്നാൽ ഇതൊരു ചക്രമാകയാൽ നീളം വീതി എന്നുള്ള ഭേദം കുടാതെ ഒത്ത വട്ടവുമായിട്ടും അതിനോട്‌ ചേർന്നു വെളിയിലെ ഭൂപുരവും അപ്രകാരം ഒത്ത ചതുരശ്രമായിട്ടുമാണല്ലോ ഇരിക്കുക. ആ സ്ഥിതിക്കു ഒരു രേഖയേയും ഒരു ഭാഗത്തേയ്ക്ക് വേ​ണ്ടവയെയും പറഞ്ഞാൽ മറ്റെ മൂന്നു ഭാഗത്തേയ്ക്കുംകൂടി ഇപ്രകാരം തന്നെയാണ് വേണ്ടതെന്നു പ്രത്യേകം പറയാതെതന്നെ അറിയാൻ ന്യായമുള്ളതുകൊണ്ടും വിശേഷമായിട്ടു വല്ല‍തും കുടുതൽ വേണമെന്നുമുള്ള പക്ഷം പ്രത്യേകം എടുത്തു പറയുമെന്നുള്ളതിനാലുമത്രെ. ഇനി ഭൂപുരം എന്നത്‌ നാലു മുക്കുകളും മുന്നുവരികളും. നാലു ഭാഗങ്ങളുടേയും മദ്ധ്യങ്ങളിൽ ഓരോ വാതിലും, ഉള്ളതായ വെളിയിലത്തെ നാലു വശത്തും ചതുരത്തിലുള്ള കോട്ടപോലെ അതിരായുള്ള ഒരു ചതുരശ്രമാകുന്നു; സംവ്രതങ്ങൾ = സംവരണം ചെയ്യപ്പെട്ടവ; സംവരണം ചെയ്യുക = ചുറ്റിക്കിടക്കുക (മുന്നു വൃത്ത രേഖകളെന്നർത്ഥം)

No comments:

Post a Comment