Friday, May 17, 2019

ശ്രീമദ് ഭാഗവതം 153*
അകിഞ്ചനാനാം ഹി ധനം ശിലോഞ്ചനം
തേനേഹ നിർവ്വർത്തിതസാധുസത്ക്രിയ:
കഥം വിഗർഹ്യഹം നു കരോമ്യധീശ്വരാ:
പൗരോധസം ഹൃഷ്യതി യേന ദുർമ്മതി:
അങ്ങനെയൊന്നും പറയരുതേ. ഞങ്ങൾക്ക് വേറെ പുരോഹിതനില്ല്യ. എങ്ങനെയെങ്കിലും പൗരോഹിത്യ ത്തിന് വന്ന് ഞങ്ങളെ അനുഗ്രഹിക്കണം എന്ന് പ്രാർത്ഥിച്ചു ദേവന്മാർ. ഇവരൊക്കെ ഈ ദേവന്മാരൊക്കെ വന്നു പ്രാർത്ഥിക്കുമ്പോ വയ്യാന്ന് പറയാൻ വയ്യ. അങ്ങനെ വിശ്വരൂപൻ ദേവന്മാരുടെ പൗരോഹിത്യ പണി ഏറ്റെടുത്തു.
അസുരന്മാരോട് യുദ്ധത്തിന് പോകുമ്പോ ദേവന്മാർക്ക് ജയിക്കാനായിട്ട് നാരായണ കവചം ഉപദേശിച്ചു കൊടുത്തു. കവചം എന്ന് വെച്ചാൽ എന്താ? നമ്മളുടെ മേൽ നമ്മള് കാണാതിരിക്കുമ്പോ മറ്റുള്ളവർ അയക്കുന്ന ആയുധം നമുക്ക് മേലേ ഏല്ക്കാതിരിക്കാനായിട്ട് ധരിക്കുന്നതാണല്ലോ കവചം. ഈ നാരായണ കവചം മുഖ്യമായിട്ട് എന്തിനാണെന്ന് വെച്ചാൽ ഒരായുധവും നമ്മളുടെ മേലേ ഏശാതിരിക്കാനാ. അതുകൊണ്ട് എല്ലാവരും അത് കാണാതെ പഠിച്ചു വെച്ചണ്ട്. അപകടം ഒന്നും ണ്ടാവാതിരിക്കാനായിട്ട് നാരായണ കവചം ചൊല്ലും. അങ്ങനെ ഒരു മന്ത്രശക്തി അതിന് ണ്ട്.
പക്ഷേ യഥാർത്ഥത്തിൽ എന്താണ് ആയുധം? എന്തിനാണ് ഈ നാരായണ കവചം എന്ന് വെച്ചാൽ ഇതെല്ലാം ഭക്തി സാധന യിലെ തടസ്സങ്ങൾ നീക്കാനാണേ.
ഭക്തി സാധന യ്ക്ക് മുഖ്യമായ തടസ്സം എന്താ? നമുക്ക് മറ്റുള്ളവരുടെ മേലേ ണ്ടാവുന്ന രാഗദ്വേഷവും മറ്റുള്ളവർക്ക് നമ്മളുടെ മേലേ ണ്ടാവുന്ന രാഗദ്വേഷവും. മറ്റുള്ളവർക്ക് നമ്മളുടെ മേലേ ണ്ടാവുന്ന രാഗദ്വേഷത്തിന് നമ്മള് ദൃഷ്ടിദോഷം എന്നാ പറയാ. ദൃഷ്ടി വീഴുമ്പോ ഈ ജീവന് അല്പം വിഷമം ണ്ടാവും. ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ psychic vibration. അത് ബാധിക്കും. ക്ഷീണിക്കും തളർന്നുപോവും. ചിലർക്കൊക്കെ പ്രത്യേകിച്ച് അങ്ങനെ ഒരു സിദ്ധി തന്നെ ണ്ട്. മാവ് നല്ലവണ്ണം പൂത്തുലഞ്ഞു നില്ക്കണ്ടാവേ. ഹോ എത്ര മാങ്ങ! !!ഒക്കെ പോവും. അങ്ങനെ ഒരു സിദ്ധി ആണവർക്ക്. അതിനെയാണ് ദൃഷ്ടിദോഷം എന്ന് പറയാ.
എന്തെങ്കിലുമൊക്കെ വികാരത്തോട് കൂടെ നമ്മൾ ഒരാളെ നോക്കുമ്പോ, ആ വികാരത്തിന്റെ ഒരു അസ്ത്രം നമ്മൾ അവരുടെ മേലേ യ്ക്ക് വിക്ഷേപിക്കണണ്ട്. അതാണ് കാമന്റെ ബാണം എന്നൊക്കെ പറയണത്. ആ ബാണം ഏല്ക്കും.
കാമബാണം രണ്ടു വിധത്തിലാണ്. ഒന്ന് മറ്റുള്ളവർ നമ്മളെ നോക്കുന്നത്. മറ്റുള്ളവർ നോക്കുന്നത് നമുക്ക് കുറച്ചേല്ക്കും. ആരാണോ നോക്കുന്നത് അയാളെ ആണ് അത് ഏറ്റവും അധികം ബാധിക്കണത്.
ഇപ്പൊ ഞാൻ ഒരാളെ വെറുക്കുമ്പോ ആരെയാണോ ഞാൻ വെറുക്കുന്നത് അയാളുടെ മേലെ എന്റെ വെറുപ്പിന്റെ ഒരംശം വീഴുന്നുണ്ട്. പക്ഷേ അതിനേക്കാൾ എത്രയോ അധികം ഈ വെറുക്കുന്ന എന്നിൽ അതിന്റെ പ്രഭാവം ണ്ടാവും. മനസ്സ് ചഞ്ചലമാകും ഊണ് കഴിച്ചാൽ ഡൈജസ്റ്റ് ആവില്ല്യ. രക്തം ദുഷിക്കും. മനസ്സ് അശുദ്ധമാവും. ധ്യാനത്തിന് പിടിച്ചു നിർത്തിയാൽ നില്ക്കില്ല്യ.
ശ്രീനൊച്ചൂർജി
*തുടരും. .*.
Lakshmi Prasad

No comments:

Post a Comment