Monday, May 27, 2019

ശ്രീമദ് ഭാഗവതം 162* 
ഭഗവാനെ പിരിഞ്ഞതിലുള്ള വിരഹം. ഒരു പക്ഷി മുട്ട ഇട്ടാൽ മുട്ടയ്ക്ക് അട ഇരിക്കും. അടയിരുന്ന് ആ മുട്ടയ്ക്ക് ചൂട് കൊടുത്ത് മുട്ട പൊട്ടി കുഞ്ഞുങ്ങൾ പുറത്ത് വരും. അപ്പോഴും തന്റെ ചിറകിനുള്ളിൽ ആ കുഞ്ഞുങ്ങളേ വെച്ചിരിക്കും. കുഞ്ഞുങ്ങൾക്ക് അമ്മ ഒരു രക്ഷാകവചം ആണ്. അമ്മ എങ്ങടെങ്കിലും പോയാൽ കുഞ്ഞുങ്ങൾക്ക് സഹിക്കവയ്യ. ഈ അമ്മപക്ഷി ഇര പിടിക്കാനായി പറന്നു പോയാൽ ഈ പക്ഷിക്കുഞ്ഞുങ്ങൾ തള്ള പക്ഷി പോയ ദിക്കിലേക്കേ നോക്കി കൊണ്ട് കണ്ണിന് പുറകിൽ ഹൃദയത്തിനെ വെച്ച് കൊണ്ടിരിക്കും. എന്ത് അപകടവും സംഭവിക്കാം. കുഞ്ഞുങ്ങൾ എന്ത് ചെയ്യും. നിലവിളിച്ചാൽ ശബ്ദം പൊന്തി ല്ല്യ. പറക്കാൻ ചിറകില്ല്യ. രക്ഷ പെടാൻ ആയുധം ഇല്ല്യ. ബലം ഇല്ല്യ. അമ്മ പക്ഷിയുടെ കൂടെ പറക്കാനോ ഒന്നും കഴിയില്ല്യ. തികച്ചും നിസ്സഹായരാണ്. ഈ നിസ്സഹായത ആണ് കുഞ്ഞുങ്ങളുടെ ബലവും. 

രാമകൃഷ്ണദേവൻ പറയും കണ്ണീരാണ് ഭക്തന്റെ ബലം എന്ന്. എനിക്ക് ഒന്നും കഴിയില്ല്യ,  എന്നെ കൊണ്ട് ഒന്നും സാധിക്കില്ല്യ എന്നുള്ള പരിപൂർണ്ണമായ ജ്ഞാനമാണ് ഭക്തന്റെ ബലം. നമ്മള് ഒക്കെ ഗുരുവായൂരപ്പനാണ് എല്ലാം  എന്നൊക്കെ വായ കൊണ്ട് പറയും. ആവശ്യം വരുമ്പോഴൊക്കെ താൻ പാതി ദൈവം പാതി എന്നാകും. 
ഒരു കുട്ടി പറഞ്ഞു അത്രേ ദൈവത്തിന്റെ പാതി 50% മാർക്ക് കിട്ടിയാൽ മതി എനിക്ക്. 

താൻ പാതി ദൈവം പാതി എന്ന് വെച്ചാൽ തന്റെ പാതി ആയിട്ടുള്ള അഹങ്കാരം,  മാക്സിമം പ്രവൃത്തി ചെയ്ത് ആ അഹങ്കാരത്തിന്റെ മുനമ്പ് പൊട്ടിയാൽ ദൈവത്തിന്റെ പാതി വരും. താൻ പാതി എന്നാൽ തന്റെ പ്രയത്നം പാതി ആണ്. തന്റെ പ്രയത്നം കൊണ്ട് കിട്ടില്ല്യ എന്നുള്ള വ്യക്തമായ അനുഭവം ണ്ടാവാനാണ് പ്രയത്നം. തന്റെ പാതി അവസാനിച്ചു കഴിഞ്ഞാൽ ഭഗവാന്റെ കൃപ വരും. 

ദ്രൗപദി ഒക്കെ അങ്ങനെ കരഞ്ഞു വിളിച്ചു രക്ഷപെടാൻ നോക്കി തന്റെ പാതി അവസാനിച്ചപ്പോ ഭഗവാന്റെ കൃപ വന്നു. ഈ പക്ഷിക്കുഞ്ഞുങ്ങൾക്ക് പറക്കാൻ വയ്യ. അമ്മ പക്ഷിയുടെ കൂടെ പോകാൻ വയ്യ. അവിടെ കിടന്നു നിലവിളിക്കും. 

അജാതപക്ഷാ ഇവ മാതരം ഖഗാ:
ചിറക് മുളയ്ക്കാത്ത പക്ഷിക്കുഞ്ഞുങ്ങൾ, അമ്മ പക്ഷിയെ കണ്ടു കൊണ്ടിരിക്കുന്ന പോലെ,
 
സ്തന്യം യഥാ വത്സതരാ: ക്ഷുധാർത്താ:
പശുക്കിടാവ് പാല് കുടിക്കേണ്ട സമയം ആയാൽ കെട്ടി ഇട്ടിരിക്കുന്ന കയറിന്റെ നീളത്തിൽ ആഞ്ഞിട്ട് അമ്മ പശുവിന്റെ അകിട് നോക്കി നില്ക്കും. അമ്മ പശുവിന് ഇങ്ങട് വരാൻ വയ്യ. കിടാവിന് അങ്ങട് പോകാൻ വയ്യ. ഇത് പ്രാരബ്ധ ജീവിത സ്ഥിതി. കുറച്ച് ഒരു സ്വാതന്ത്ര്യം ണ്ട്. അല്പം എന്തോ ഒരു ജപം ചെയ്യണു ധ്യാനം ചെയ്യണു അമ്പലത്തിൽ പോകണു . ഇതാണേ ഈ ആഞ്ഞുനില്ക്കൽ. പക്ഷേ ഒരു കാര്യല്ല്യ. പിന്നെയും അകിട് എത്തണില്ല്യ. അകിടിൽ വായ വെയ്ക്കണ വരെ എത്ര ദൂരം ആഞ്ഞിട്ടും കാര്യല്ല. ഞാനെന്തൊക്കെയോ ചെയ്യണ്ട്. ജപം ചെയ്യണു ശീർഷാസനത്തിൽ നില്ക്കണു ഹഠയോഗ ആസനം ഒക്കെ ചെയ്തു എന്നിട്ട് ഇപ്പൊ എന്തായി കുറേ ദിവസായിട്ട് ഇടുപ്പ് വേദന ണ്ട്. കുറേ സാധനകൾ ചെയ്തു. 

ഉദ്ധവർ പറയണ്ട്. ഒരു അദ്ധ്യായം മുഴുവൻ ഭഗവാൻ ഉദ്ധവർക്ക് യോഗസാധനകളൊക്കെ ഉപദേശിച്ചു കൊടുത്തു. ഉദ്ധവർ പറഞ്ഞു. ഭഗവാനേ മിണ്ടല്ലേ വയസ്സ് 122 .ഇനിയാണോ ശീർഷാസനം ചെയ്യാൻ പോണത്. നേരേ ചൊവ്വേ നില്ക്കാനേ വയ്യ. മാത്രല്ല ജീവിതം മുഴുവൻ യോഗസാധനകളൊക്കെ ചെയ്ത ആളുകളെ ഒക്കെ കുറേ ഞാൻ കണ്ടു. 
ഹേ ഭഗവൻ, യോഗികൾ മനസ്സിനെ നിയന്ത്രണം ചെയ്യാനായി യോഗസാധനകളൊക്കെ ചെയ്ത് വിഷമിച്ച് തളർന്നു പോയി 
ശ്രീനൊച്ചൂർജി 
 *തുടരും. ..*
lakshmi prasad

No comments:

Post a Comment