Monday, May 27, 2019

രണ്ട് ദിവസമായി നൊച്ചൂർ വെങ്കിട്ടരാമനെ കേൾക്കുകയായിരുന്നു. ഇന്നലത്തെ തെരഞ്ഞെടുപ്പ് ബഹളങ്ങൾക്കിടയിലും, അതിനോടൊന്നും താൽപര്യം തോന്നാത്ത വിധം കാതുകളിൽ നൊച്ചൂരിന്റെ സാംഖ്യയോഗം മുഴങ്ങുകയായിരുന്നു.. 

അടർക്കളത്തിൽ തളർന്നിരിക്കുന്ന അർജുനനും സാരഥി കൃഷ്ണനും. നൊച്ചൂരിന്റെ ശൈലിയിൽ ഒരു വിവരണം. 

സ്ഥിത പ്രജ്ഞസ്യ കാ ഭാഷാ..?
സ്ഥിതപ്രജ്ഞനായ ഒരുവന്റെ ലക്ഷണമെന്താണ്..?

ക്ഷേത്ര കൊടിമരത്തിലേറ്റിയ കൊടിക്കൂറ കാറ്റിൽ പാറുകയായിരുന്നു. രണ്ടു യോഗികൾ തമ്മിൽ തർക്കമായി. ഇളകുന്നതു കൊടിയോ കാറ്റോയെന്നതാണ് തർക്ക വിഷയം. ഒടുവിൽ തർക്കം തീർക്കാൻ അവർ ചെന്നു ഗുരുവിനെ കണ്ടു. അദ്ദേഹം പറഞ്ഞു: ‘കാറ്റുമല്ല, കൊടിയുമല്ല, ഇളകുന്നതു നിങ്ങളുടെ മനസ്സാണ്‌. കാറ്റിലാടുന്ന കൊടിക്കൂറയെപ്പോലെയല്ല, കാറ്റിലുലയാത്ത ധ്വജസ്തംഭത്തെ പോലെയിരിക്കണം മനസ്."

സ്ഥിതപ്രജ്ഞന്റെ ലക്ഷണം ഇളകാത്ത മനസാണ്. ഒന്നിനാലും ബാധിക്കപ്പെടാത്തതതാവണമത്. അചഞ്ചലമായത്. ഏകാഗ്രമായത്. അടിസ്ഥാനമായി ശ്രദ്ധയാണ് വേണ്ടത്. ഈ ശ്രദ്ധയാണ് ദുഃഖം എന്ന മായയിൽ നിന്ന് നമ്മളെ രക്ഷപ്പെടുത്തുന്നത്. ശ്രദ്ധയ്ക്ക് ക്ഷമ എന്നൊരു അർത്ഥം കൂടിയുണ്ട്.  

തെരഞ്ഞെടുപ്പ് വാർത്തകളും കാറ്റിലുലയുന്ന കൊടിക്കൂറയേയും, ഒരു കാറ്റിലുമലയാത്ത ധ്വജസ്തംഭത്തെയും ഓർമ്മിപ്പിച്ചു. രാഷ്ട്രീയ പാർട്ടികൾ കാറ്റിലുലയുന്ന കൊടിക്കൂറ പോലെയും, രാഷ്ട്രം ധ്വജ സ്തംഭത്തെയും പോലെയാണ്. രാഷട്രീയം കാറ്റിനനുസരിച്ച് ഇളകിയാടും, ഉയർന്ന് പൊങ്ങും, താണ് തൂങ്ങും. ശാശ്വതമായ സ്ഥിതിയെ പ്രാപിക്കുന്നില്ല. എന്നാൽ രാഷ്ട്രം അഖണ്ഡമാണ്. ഏത് കാറ്റിനേയും അതിജീവിക്കുമത്. ആരാലും തകർക്കപ്പെടാനാകാതെ കാലത്തെ അതിജീവിക്കും.
Pudayoor Jayanaray‌anan

No comments:

Post a Comment