Tuesday, May 28, 2019



ശ്രീമദ് ഭാഗവതം  164* 

ഇന്ദ്രന് ആശ്ചര്യമായി. ഇത്രയും നേരം ഭാവസമാധിയിൽ ഇരുന്ന ഈ വൃത്രൻ  ഇപ്പൊ എന്തിനാ ഈ വാളെടുക്കണത് എന്ന് വെച്ചാൽ,

ഏവം ജിഹാസുർനൃപ ദേഹമാജൗ 
മൃത്യും വരം വിജയാന്മന്യമാന:

മരണം അടുക്കാൻ പോകണു യുദ്ധം ചെയ്തു ജയിച്ചിട്ട് ഞാൻ വലിയ അഭിമാനി ആയിട്ടിരിക്കുന്നതിലും നല്ലത് മരിക്കണതാണ് നല്ലത് എന്നു തീരുമാനിച്ചു അത്രേ. അതുകൊണ്ട് മരിക്കാം. ഇന്ദ്രനോട് യുദ്ധം ചെയ്തു. ഇന്ദ്രൻ രണ്ടു കൈയ്യും വെട്ടി. വൃത്രന്റെ കൈയ്യ് രണ്ടും താഴെ വീണു കിടക്കണു. വൃത്രനത് നോക്കി കൊണ്ട് നില്ക്കണു.    

ഭഗവാനെ വരിച്ച് ചോദിച്ച  ജ്ഞാനം വൃത്രന് ണ്ടായി എന്ന് വൃത്രന് തന്നെ ഉറപ്പായി. എന്നിട്ട് ഇന്ദ്രനോട് പറഞ്ഞു. ഹേ ഇന്ദ്രാ, ഈ ശരീരം ഞാനല്ല. ദാ രണ്ടു കൈയ്യും മുറിഞ്ഞു കിടക്കണു എനിക്ക് യാതൊരു കുഴപ്പോം ഇല്ല്യ.

ഓജ: സഹോ ബലം പ്രാണം അമൃതം മൃത്യുമേവ ച 

സകലതും ഒരു ഭഗവാൻ നമ്മുടെ പുറകെ ഇരുന്ന് നമ്മളെ കളിപ്പിക്കണു. അന്തരാത്മാവായ ഈശ്വരനെ, ആ ആത്മസ്വരൂപിയായ ഈശ്വരനെ അറിയാതെ 

ആത്മാനം മന്യതേ ജഡം
അറിവില്ലാത്തവൻ തന്നെ ശരീരമായിട്ട് ധരിക്കുന്നു. 

ഈ ശരീരം വെറുമൊരു മരത്തടി. 
യഥാ ദാരുമയീ നാരീ: യഥാ യന്ത്രമയോ മൃഗ:
ഏവം ഭൂതാനി മഘവന്നീശതന്ത്രാണി വിദ്ധി ഭോ:
മരം കൊണ്ടുണ്ടാക്കിയ ഒരു പാവ നർത്തനം ചെയ്യുന്നു. അതിനുള്ളിൽ യന്ത്രം കൊണ്ടുണ്ടാക്കിയ ചിലതൊക്കെ ചലിക്കുന്നു. ഈ ശരീരത്തിനെ വാസ്തവമായ വസ്തു എന്ന് ധരിച്ച് വെച്ചിരിക്കുന്നു. ഈ ശരീരം ഞാനല്ല ഈ ശരീരം എന്റെ സ്വരൂപവും അല്ല. ഞാൻ നിത്യശുദ്ധമായ ആത്മവസ്തു ആണ്. ഞാൻ കർത്താവാണ് ഭോക്താവാണ് എന്നൊക്കെ ധരിച്ച് അജ്ഞാനികളാണ് മയങ്ങി പ്പോകുന്നത്.

ഹേ ഇന്ദ്രാ, ഒരു കാര്യം പറയട്ടെ അകീർത്തി യശസ്സ് ജയം പരാജയം ലാഭം നഷ്ടം ഇതൊക്കെ എല്ലാവരുടേയും ജീവിതത്തിൽ ണ്ടാവും. താനും ഞാനും സഹോദരന്മാരെ പോലെ ആണ്. അതുകൊണ്ട് ഞാൻ തനിക്ക് ചിലതൊക്കെ പറഞ്ഞു തരാം. അറിഞ്ഞോളാ. 

തസ്മാദ് അകീർത്തി യശസ്സോ: ജയാ അപജയോരപി 
സമ: സ്യാത് സുഖദു:ഖാഭ്യാം മൃത്യു ജീവിതയോ: തഥാ:

മൃത്യവാണേങ്കിലും ജീവിതമാണെങ്കിലും ജയമാണെങ്കിലും പരാജയം ആണെങ്കിലും ലാഭമാണെങ്കിലും നഷ്ടം ആണെങ്കിലും സമസ്ഥിതി വിടാതെ ഇരിക്കുന്നവനാണ് ധീരൻ. 

സത്ത്വം രജസ്തമ ഇതി പ്രകൃതേർന്നാത്മനോ ഗുണാ:
തത്ര സാക്ഷിണമാത്മാനം യോ വേദ ന സ ബധ്യതേ 

മാറിമാറി ണ്ടാവുന്ന   സത്വരജസ്തമോഗുണങ്ങളൊക്കെ പ്രകൃതിയാണ്. ഞാനല്ല. എല്ലാറ്റിനേയും കണ്ടു കൊണ്ടിരിക്കുന്ന സാക്ഷി ആണെന്ന് ഞാൻ അറിഞ്ഞിരിക്കണു. 

അതുകൊണ്ട് ഇന്ദ്രാ താനീ തത്വത്തിനെ അറിഞ്ഞു കൊള്ളുക. ഇതു കേട്ട് ഇന്ദ്രൻ കൈയ്യിലുള്ള വജ്രം ഒക്കെ മാറ്റി വെച്ച് വീണു നമസ്ക്കരിച്ചു പറഞ്ഞു. 
അഹോ  ദാനവ സിദ്ധോഽസി യസ്യ തേ മതിരീദൃശീ 
ഭക്ത: സർവ്വാത്മനാഽഽത്മാനം സുഹൃദം ജഗദീശ്വരം 
ഭവാനതാർഷീന്മായാം വൈ വൈഷ്ണവീം ജനമോഹിനീം 
യദ്വിഹായാസുരം ഭാവം മഹാപുരുഷതാം ഗത:

ഹേ ദാനവാ നീ സിദ്ധനായിരിക്കുന്നു. സാധാരണ മനുഷ്യർക്ക് ഈ ജ്ഞാനം ണ്ടാവില്ല്യ. ഈ ആസുരഭാവത്തിനെ വിട്ട് നീ മഹാപുരുഷനായിത്തീർന്നിരിക്കുന്നു. തന്നോട് ഞാൻ എങ്ങനെ യുദ്ധം ചെയ്യും. 
മനുഷ്യർക്ക് കടക്കാൻ അത്യന്തം പ്രയാസമായിട്ടുള്ള ഈ വൈഷ്ണവീമായയെ നീ തരണം ചെയ്തിരിക്കുന്നു. നിന്നോട് ഞാൻ എങ്ങനെ യുദ്ധം ചെയ്യും എന്നിങ്ങനെ പറഞ്ഞു കൊണ്ടേ ഇരിക്കുമ്പോ വൃത്രൻ പറഞ്ഞു. ഇനിയിപ്പോ സമയല്ല്യ. ഇന്ദ്രനെങ്ങാനും ഭക്തനായിട്ട് മാറിയാൽ കാര്യം നടക്കില്ല. ഇന്ദ്രനെ എടുത്ത് വായിലിട്ടു. വൃത്രൻ ഇന്ദ്രനെ എടുത്ത് വിഴുങ്ങി. ഇന്ദ്രൻ വയറ്റിൽ ചെന്ന് വൃത്രനെ വധിച്ചു കൊണ്ട് പുറത്ത് വന്നു. അങ്ങനെ വൃത്രഹത്യ ണ്ടായി. ഇന്ദ്രന് ഈ വൃത്രഹത്യയുടെ പാപം കളയാനായി പിന്നീട് ഒരുപാട് വിഷമിക്കേണ്ടി വന്നു.
ശ്രീനൊച്ചൂർജി 
 *തുടരും. .*
Lakshmi Prasad

No comments:

Post a Comment