Tuesday, May 28, 2019

ഒരു പശു തെളിച്ച വഴിയിലൂടെ, യജ്ഞസംസ്‌കാരത്തിലേക്ക്❉📍*
🎀➖卐➖☬ॐ☬➖卐➖🎀

ഗോദാനം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ യജ്ഞസംസ്‌കാരത്തിലെ വൈദിക കര്‍മ്മത്തില്‍ സമാപനത്തിലാണ്. പക്ഷേ, യാഗ സംസ്‌കാരത്തിന്റെ അകക്കാഴ്ചയിലേക്കുള്ള വഴികാട്ടിയായിരുന്നു ചികിത്സാ മാര്‍ഗ്ഗത്തില്‍ ആ ഗോവ് അദ്ദേഹത്തിന്. അതിനും മുമ്പ് എത്രയെത്ര പശുക്കള്‍ കണ്‍മുന്നിലൂടെയും കൈകളിലൂടെയും കടന്നുപോയിട്ടുണ്ട്. പക്ഷേ, ആ പശു തികച്ചും അദ്ദേഹത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവായിരുന്നു. ആ പശുവിനെ പിന്തുടര്‍ന്ന് ഇത്രകാലം നടത്തിയ അന്വേഷണങ്ങള്‍ ഗവേഷണങ്ങളായി (ഗോവിനെ അന്വേഷിക്കല്‍ പോലെ) ഡോ. രാജന്‍ ചുങ്കത്തിനെ എത്തിച്ചിരിക്കുന്നത് യജ്ഞത്തിന്റെ അത്രയ്ക്കടുത്താണ്.

പ്രയോഗത്തില്‍ പരിജ്ഞാനമില്ലെങ്കിലും യാഗ വിജ്ഞാനത്തില്‍ ഡോ. ചുങ്കത്ത് ആധികാരികത നേടിക്കഴിഞ്ഞിരിക്കുന്നു. യാഗത്തിന്റെ വക്കത്തെത്തിയ ആളെന്നു വിശേഷിപ്പിക്കാവുന്ന അദ്ദേഹത്തിന് മറ്റൊരു സൗഭാഗ്യം കൂടിക്കിട്ടി, യാഗത്തിന് അനിവാര്യമായ സോമലതയുടെ അസാധാരണമായ ഒരിനം രാജന്‍ ചുങ്കത്തിന്റെ വീട്ടുവളപ്പില്‍ പൂവിട്ടു. നിളാതീരത്ത് ഞാങ്ങാട്ടിരിയിലെ ഗോവര്‍ദ്ധന്‍ എന്ന വീട്ടില്‍നിന്ന് പുഴകടന്നാല്‍ നടന്നെത്താവുന്ന ദൂരത്ത്, പട്ടാമ്പി പെരുമുടിയൂരില്‍ അഗ്‌നിഷ്‌ടോമം യാഗം വിളംബരം ചെയ്തിരിക്കെയാണിതെന്ന പ്രത്യേകത ഈ അപൂര്‍വതയ്ക്ക് പ്രാധാന്യം കൂട്ടുന്നു. 2016 ഏപ്രില്‍ ആറ്ന് ആയിരുന്നു യാഗം.

ഡോ. രാജന്‍ ചുങ്കത്ത് വെറ്ററിനറി ഡോക്ടറാണ്. സംസ്ഥാന മൃഗ സംരക്ഷണ വകുപ്പില്‍നിന്ന് ജോയിന്റ് ഡയറക്ടറായി വിരമിച്ചു. അദ്ദേഹത്തിന്റെതന്നെ വാക്കുകളില്‍ പറഞ്ഞാല്‍, ’’കുന്നംകുളത്തുകാരന്‍ നസ്രാണി. ഓര്‍ത്തഡോക്‌സ് സഭക്കാരന്‍. ചുങ്കത്ത് എന്നത് കുടുംബപ്പേരാണ്. മൃഗപരിപാലനമാണ് ഔദ്യോഗികമായി പഠിച്ച വിഷയം’. ’പക്ഷേ, ഡോ. ചുങ്കത്ത് ഇന്ന് അറിയപ്പെടുന്നത് യാഗങ്ങളെക്കുറിച്ചും യജ്ഞ സംസ്‌കൃതിയെക്കുറിച്ചും ആരാധനാ ചരിത്രങ്ങളെക്കുറിച്ചും മറ്റും ആധികാരികമായി പറയാന്‍ കഴിയുന്ന വ്യക്തിയെന്ന നിലയിലാണ്. 16 പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.

കേരളത്തില്‍ കാല്‍നൂറ്റാണ്ടിനിടെ നടന്ന എല്ലാ യാഗവേദിയിലും സജീവ സാന്നിദ്ധ്യമാണ്. യാഗം, നമ്പൂതിരി സമൂഹത്തിനാണ്. അവിടെയും യാഗശാലയില്‍ കയറണമെങ്കില്‍ യജ്‌ഞോപവീതവും, ഇല്ലത്തിന്റെ മഹിമയും മാത്രം പോരാ, യാഗാധികാരം കൂടിവേണം. അതിനാല്‍ തീണ്ടാപ്പാടകലെ നില്‍ക്കാനേ സമാവര്‍ത്തനവും നടത്തിയ സാധാരണ നമ്പൂതിരിമാര്‍ക്കുപോലും വിധിയുള്ളു. അപ്പോള്‍ ഒരു നസ്രാണി എങ്ങനെ യാഗങ്ങളെ ഇത്ര അടുത്തറിഞ്ഞു. അതൊരു സമര്‍പ്പണത്തിന്റെ കഥയാണ്. അതിന് ആത്മാര്‍ത്ഥതയുടെ അടിത്തറയുണ്ട്.

മനപ്പരിവര്‍ത്തനവും. വഴിത്തിരിവുമുണ്ടാക്കിയത്, ആദ്യം പറഞ്ഞപോലെ ഒരു പശുവാണ്.
പൊന്നാനി-പട്ടാമ്പി പാതയില്‍ എടപ്പാളിനടുത്ത വട്ടംകുളത്ത് സംസ്ഥാന മൃഗസംരക്ഷണ വകുപ്പില്‍ വെറ്ററിനറി ഡോക്ടറായി ജോലി ചെയ്യുന്നകാലം. ഭാരതപ്പുഴയുടെ തീരപ്രദേശം. വട്ടംകുളം ശങ്കുണ്ണി, കുറ്റിപ്പുഴ കൃഷ്ണപിള്ള, ഇടശ്ശേരി, അക്കിത്തം, എംടി തുടങ്ങിയ മഹാ സാഹിത്യ-സാംസ്‌കാരിക പ്രതിഭകളുടെ സാന്നിദ്ധ്യം ഉള്ളയിടം. അതുമാത്രമോ, ഐതിഹ്യവും ചരിത്രവും സംസ്‌കാരവും ഇത്രമേല്‍ സമ്പന്നമാക്കിയ പ്രദേശം അധികമില്ല. പ്രദേശത്തെ മഹാ പ്രതിഭകളുടെ പട്ടിക നിരത്തിയാല്‍ തീരില്ല, വിഷയം വഴിമാറിപ്പോകും. എന്തായാലും, അവിടെ മേല്‍പ്പറഞ്ഞ പ്രത്യേകതകളൊന്നും ബാധിക്കാത്ത മൃഗപരിപാലനമെന്ന ഔദ്യോഗിക കാര്യനിര്‍വഹണത്തിലായിരുന്നു ഡോ. രാജന്‍ ചുങ്കത്ത്.

ഒരിക്കല്‍ ഒരാള്‍ അവശതയിലെത്തിയ ഒരു പശുവിനെ ചികിത്സിക്കാന്‍ കൊണ്ടുപോയി. ആ പശു ചുങ്കത്തിനെ വേറൊരു വഴിക്കു തെളിച്ചു, ആ കഥ ചുരുക്കിപ്പറഞ്ഞാല്‍ ഇങ്ങനെ: പശു ആകെ വശക്കേടിലായിരുന്നു. ഗ്ലൂക്കോസ് കൊടുത്തു. ഉടമയ്ക്ക് ഉപദേശങ്ങളും; കാലിത്തീറ്റകൊടുക്കണം, വെള്ളം കൊടുക്കണം. ഭക്ഷണത്തിന്റെയും ശുശ്രൂഷയുടെയും കുറവാണ്. അടുത്തയാഴ്ച ഉടമ പിന്നെയും വന്നു. പശുവിന് കൂടുതല്‍ അവശത. ഇനി ചികിത്സിച്ചിട്ടു കാര്യമില്ലെന്നു തോന്നി. കാരണം പണംമുടക്കാന്‍ ഉടമയ്ക്ക് കഴിവില്ല. സൗജന്യ ചികിത്സയ്ക്കു വകുപ്പുമില്ല. ഉടമയോടു നാട്ടുനടപ്പു പറഞ്ഞുകൊടുത്തു:- ഇനി നോക്കീട്ടു കാര്യമില്ല. വളര്‍ത്താനാവില്ലെന്നായെങ്കില്‍ അറക്കാന്‍ കൊടുക്കലാണല്ലോ പതിവ്. ആ വഴിക്കു നോക്കിക്കുടെയെന്ന്. ഏറെ നിരാശനായാണ് അയാള്‍ മടങ്ങിപ്പോയത്.

പോയിക്കഴിഞ്ഞപ്പോള്‍ വിഷമംതോന്നി; അങ്ങനെ പറയേണ്ടിയിരുന്നില്ല എന്ന് തോന്നി. കൂടുതല്‍ അന്വേഷിച്ചപ്പോള്‍, ആളൊരു നമ്പൂതിരിയാണെന്നു മാത്രം ചിലര്‍ പറഞ്ഞു, ചുങ്കത്ത് ഓര്‍മ്മിക്കുന്നു. അന്വേഷിച്ചിറങ്ങി. ചെന്നത് വട്ടംകുളം അമേറ്റൂര്‍ മനയില്‍. അവിടെ നമ്പൂതിരിയും പത്‌നിയും ചേര്‍ന്ന് അവശതയിലായ പശുവിനെ ഉഴിഞ്ഞും തലോടിയുമിരിക്കുന്നു. സങ്കടം തോന്നി. അറവുകാര്‍ക്കു കൊടുക്കാന്‍ പറഞ്ഞുവെന്ന് ആവര്‍ത്തിച്ചു കൊണ്ട് അദ്ദേഹം ഏറെ ദുഃഖിച്ചിരിക്കുകയാണെന്നു പറഞ്ഞ് അന്തര്‍ജനം ശ്രീദേവി പത്തനാടി പശുവിന്റെ ചരിത്രം പറഞ്ഞു. തിരുവിതാംകൂര്‍ രാജകുടുംബം ദാനംകൊടുത്തതാണത്രെ ആ പശു. അനന്തപുരിയില്‍ യാഗം ചെയ്തതിന് യജമാനന്‍ അമേറ്റൂര്‍ പരമേശ്വരന്‍ നമ്പൂതിരിക്ക് കിട്ടിയ ദാനം. ഒരു ചാവാലിപ്പശുവായിരുന്നു, പക്ഷേ, അദ്ദേഹം അതിനെ ലോറിയില്‍കയറ്റി ഇത്ര ദൂരം കൊണ്ടുപോന്നു. പശുവിന്റെ രോഗകാര്യങ്ങള്‍ വിശദീകരിച്ചു. ചികിത്സയും കാര്യങ്ങളും പുനരാരംഭിക്കാന്‍ തീരുമാനിച്ചു.

പക്ഷെ സംരക്ഷണക്കാര്യത്തില്‍ നമ്പൂതിരി പറഞ്ഞത് വിചിത്രമായി തോന്നിയെന്ന് ഡോക്ടര്‍ പറയുന്നു. അവിടെ ഇല്ലത്ത് പതിറ്റാണ്ടുകള്‍ക്കു മുമ്പു നടത്തിയ യാഗത്തിന്റെ അഗ്‌നി കെടാതെ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്, അതിന് വലിയ രോഗശമന ശേഷി ഉണ്ടെന്നൊക്കെ കേട്ടിട്ടുണ്ട്, അതിന്റെ പുക കൊള്ളിക്കാം, തൊഴുത്ത് അങ്ങോട്ടു മാറ്റാം. അതിനപ്പുറം ഒന്നും സാധിക്കില്ല എന്ന് നമ്പൂതിരി അറിയിച്ചു. ‘ആ സാധു മനുഷ്യന്റെ വിധി, ആ പശുവിന്റെ തലവധി എന്നിങ്ങനെ മനസ്സില്‍ കുറിച്ച് ഞാന്‍ പടിയിറങ്ങി. പക്ഷേ, മഹാത്ഭുതം. ഒരാഴ്ച കഴിഞ്ഞപ്പോള്‍ പശു ഉഷാര്‍, അത് സ്വയം എഴുന്നേറ്റ് നടക്കുന്നു, മേയുന്നു. അതിനു പിന്നെ മരുന്നേ വേണ്ടിവന്നില്ല. അങ്ങനെ അമേറ്റൂര്‍ ചങ്ങാതിയായി. പിന്നെ പലപല കാര്യങ്ങള്‍ തമ്മില്‍ പറയാന്‍ തുടങ്ങി. അദ്ദേഹം യാഗം നടത്തിയെങ്കിലും, ആലുവാപ്പുഴ കടന്ന് തെക്കോട്ട് യാഗം നടത്താന്‍ വിധി ഇല്ലെന്നും അതിനാല്‍ യാഗത്തെ അംഗീകരിക്കാന്‍ ശുകപുരത്തെ ബ്രാഹ്മണ സഭ തയ്യാറാകാത്തതും അതിനെതിരേ കേസിനു പോകാന്‍ ഉദ്ദേശിക്കുന്നതും യാഗത്തിന്റെ വിധിയും ക്രമവും ശാസ്ത്രീയതയും വൈദിക സമ്പ്രദായങ്ങളുമൊക്കെ. ഒരു തനി നസ്രാണിയായ, സംസ്‌കൃതം തീരെ പരിചയമില്ലാത്ത ഞാന്‍ എല്ലാം അമ്പരന്നിരുന്നു കേട്ടു. പിന്നെപ്പിന്നെ അതില്‍ താല്‍പര്യം തോന്നി.

നമ്പൂതിരി പറയുന്നതെല്ലാം റെക്കോര്‍ഡ് ചെയ്ത് വീണ്ടും വീണ്ടും കേട്ടു. പയ്യെപ്പയ്യെ അതെക്കുറിച്ച് പഠിക്കണമെന്ന വ്യഗ്രത വന്നു. ഏറെ അദ്ധ്വാനിച്ചു. അങ്ങനെ മനസ്സ് അതിലേക്കു വന്നു. അതെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ ശ്രമിച്ചു. അറിഞ്ഞതും കേട്ടതും മനസിലാക്കി എഴുതിവെച്ചു. അത് അറിവുള്ളവരെ കാണിച്ചു. തിരുത്തിച്ചു. അത് പ്രസിദ്ധീകരിച്ചു. വായിച്ചവര്‍ അഭിനന്ദിച്ചു. അങ്ങനെ ഞാന്‍ എഴുത്തിലേക്ക് ആദ്യമായി ചുവടുവെച്ചു. പിന്നെ അതാണ് മാര്‍ഗ്ഗമെന്നു തിരിച്ചറിഞ്ഞു. അങ്ങനെ ജോലിയോടൊപ്പം കേരളത്തിന്റെ യജ്ഞ സംസ്‌കാരത്തെക്കുറിച്ചും പഠിച്ചു. കൂടുതല്‍ അറിയാന്‍, രണ്ടു പതിറ്റാണ്ടിനിടെ കേരളത്തില്‍ നടന്ന എല്ലാ യാഗവേദിയിലും കഴിവതും പൂര്‍ണ്ണ സമയം പങ്കെടുക്കാനായി’. ഡോ. ചുങ്കത്ത് ചുരുക്കിപ്പറഞ്ഞത് പതിറ്റാണ്ടുകളുടെ പരിശ്രമത്തിന്റെ ചരിത്രമാണ്.

ഡോ. ചുങ്കത്ത് ഓര്‍മ്മിക്കുന്നു, യാഗത്തെ, കേരളത്തിന്റെ യജ്ഞ സംസ്‌കൃതിയെ അറിയാന്‍ നടത്തിയ അദ്ധ്വാനങ്ങള്‍. സംസ്‌കൃതം പഠിക്കാനായില്ല, പക്ഷേ, അതിന്റെ സാധ്യത മനസിലാക്കി. അതുകൊണ്ട് അടുത്ത തലമുറയെങ്കിലും അതനുഭവിക്കട്ടെ എന്നു കരുതി, മകന്‍ പ്രഭിന്‍ ചുങ്കത്തിനെ സംസ്‌കൃതം പഠിപ്പിച്ചു. അദ്ദേഹം ഇപ്പോള്‍ സംസ്‌കൃത അദ്ധ്യാപകനാണ്. യജ്ഞ ശാലകളുടെ അയല്‍പക്കത്തുപോലും എത്താന്‍ നിയമം അനുവദിക്കാത്തതുകൊണ്ട് അകലെനിന്ന് കാര്യങ്ങള്‍ കണ്ടറിയാന്‍ ഹൈ ഡെഫനിഷന്‍ ക്യാമറ സംഘടിപ്പിച്ചു. ദൂരെനിന്ന് സൂം ചെയ്ത് ക്യാമറക്കണ്ണിലൂടെ എല്ലാം കണ്ടറിഞ്ഞു.

അവസരം കിട്ടിയപ്പോള്‍ ആധികാരികമായി പറയാനറിയാവുന്നവരോടു ചോദിച്ചറിഞ്ഞു. അവര്‍ എന്റെ അദ്ധ്വാനം കണ്ട് സഹകരിച്ചു. അന്യസംസ്ഥാനങ്ങളില്‍ യാഗം കാണാന്‍ പോയി. ഒരിക്കല്‍ കുണ്ടൂരിലെ യാഗശാലയില്‍വെച്ച്, സോമലതയെക്കുറിച്ചുള്ള അന്വേഷണത്തിന് സമാധാനം കിട്ടിയത് ഒരു യാഗാധികാരി സമ്മാനമായി ഒരു ചെറുകഷണം സോമലത കൈയില്‍ വെച്ചുതന്നപ്പോഴാണ്. അത് നിധിപോലെ സൂക്ഷിച്ചു. അത് നട്ടു നനച്ചു, പരിപാലിച്ചു. അത് ചെടിയായി. പിന്നീടാണറിഞ്ഞത്, സോമലതയുടെ ചരിത്രം. പുരാണങ്ങളില്‍നിന്ന്, പുസ്തകങ്ങളില്‍നിന്ന്, താളിയോലകളില്‍ നിന്ന്, വിദേശിയായ സ്റ്റാള്‍ എഴുതിയ അഗ്നി എന്ന ഇംഗ്ലീഷ് പുസ്തകത്തില്‍നിന്ന്. 48 തരം സോമലതകളുണ്ട്. ഇതില്‍ മൂന്നുതരം ചെടികള്‍ ചുങ്കത്തിന്റെ വീട്ടുവളപ്പിലുണ്ട്.

മൃഗസംരക്ഷണ വകുപ്പില്‍ ജോലിചെയ്തുവരവെയാണ് ഈ യാഗ ചരിത്രാന്വേഷണം. ഇതിനിടെ ചില ലേഖനങ്ങള്‍ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചു. യാഗവും മറ്റുമായിരുന്നു വിഷയം. അങ്ങനെ, സാഹിത്യ അക്കാദമി യാഗത്തെക്കുറിച്ച് ആധികാരിക പുസ്തകമെഴുതാന്‍ ഡോ. രാജനെ നിയോഗിച്ചു. മഹാകവി അക്കിത്തത്തെ അതിന് ഗൈഡ് ആയും നിര്‍ദ്ദേശിച്ചു. അക്കിത്തം അന്ന് സംസ്‌കൃതമറിയാത്ത തന്നെ എത്രമാത്രം സഹായിച്ചുവെന്ന് ആദരാത്ഭുതങ്ങളോടെ ചുങ്കത്ത് ഓര്‍മ്മിക്കുന്നു. ‘എന്റെ സ്‌കൂട്ടറിന്റെ പിന്നില്‍ മഹാകവി. ഞങ്ങള്‍ ഭാരതപ്പുഴയുടെ തീരത്ത് മണല്‍പ്പരപ്പിലെവിടെയെങ്കിലും ഇരിയ്ക്കും. അദ്ദേഹം ഓരോന്നു പറയും. ഞാന്‍ അത് കേട്ടിരിക്കും, നോട്ടെടുക്കും, റെക്കോര്‍ഡ് ചെയ്യും. മുന്നോട്ടു പോകവേയാണ് അക്കാദമി അറിഞ്ഞത് ഞാന്‍ നസ്രാണിയാണെന്ന്, അതും വെറ്ററിനറി ഡോക്ടര്‍. വേദത്തെയും യാഗത്തെയും കുറിച്ച് ഞാന്‍ എഴുതിയാല്‍ എങ്ങനെയാകും. ആശങ്ക അവര്‍ ഗൈഡായ അക്കിത്തവുമായി പങ്കുവെച്ചു. അദ്ദേഹം പറഞ്ഞു, ഒരു കുഴപ്പവുമുണ്ടാകില്ല, മികച്ച പുസ്തകം നിങ്ങള്‍ക്കു കിട്ടുമെന്ന്. അങ്ങനെയാണ് ആദ്യത്തെ ഗ്രന്ഥം രചന’.

‘അതിനിടെ ഞാന്‍ ഗ്രന്ഥരചനയ്ക്ക് അനുമതി ചോദിച്ച് സര്‍ക്കാരിന് എഴുതി. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എഴുതാനും പ്രസിദ്ധീകരിയ്ക്കാനുമെല്ലാം അനുമതി നിര്‍ബന്ധമാണ് അന്ന്. മറുപടി ഒന്നും വന്നില്ല. അക്കാദമി പുസ്തകം പ്രസിദ്ധീകരിക്കും. പക്ഷേ കാലതാമസം എടുക്കും. അന്ന് പ്രസിഡന്റ് എം. ടി. വാസുദേവന്‍ നായരായിരുന്നു. പുസ്തകം സ്വന്തംനിലയ്ക്ക് പ്രസിദ്ധീകരിക്കാന്‍ എനിക്ക് അനുമതി തന്നു. പക്ഷേ ആരു പ്രസിദ്ധീകരിക്കാന്‍? വായനക്കാരുണ്ടാവില്ലെന്നു പ്രസാധകര്‍. ഒടുവില്‍ പൂര്‍ണ്ണ പബ്ലിക്കേഷന്‍സ് പുസ്തകം പ്രസിദ്ധീകരിച്ചു. അതിന് അക്കാദമി അവാര്‍ഡും കിട്ടി. അപ്പോഴും സര്‍ക്കാര്‍ അനുമതി വന്നിട്ടില്ല. ഇനിയാണ് കൗതുകകരമായ കാര്യം.

അവാര്‍ഡ് വിതരണ വേളയില്‍, സാംസ്‌കാരിക മന്ത്രിയായിരുന്ന ജി. കാര്‍ത്തികേയന്റെ സാന്നിദ്ധ്യത്തില്‍, സര്‍ക്കാരിന്റെ അനുമതിക്ക് താന്‍ കാത്തിരിക്കുന്ന കാര്യം പറഞ്ഞു. മന്ത്രി അപ്പോള്‍ത്തന്നെ കുറിച്ചെടുത്തു. വൈകാതെ എനിക്ക് ഔദ്യോഗിക അന്വേഷണം വന്നു, എന്താണെഴുതിയത്, എന്തിനാണെഴുതിയത്, അതിന്റെ പകര്‍പ്പ് 10 കോപ്പി ഉടന്‍ അയക്കണം. അയച്ചു. പിന്നാലെ 10 കോപ്പികൂടി ആവശ്യപ്പെട്ടു. അന്നൊക്കെ കോപ്പിയെടുക്കല്‍ എളുപ്പമല്ല, ചെലവേറും. പക്ഷേ പത്തുവര്‍ഷത്തോളം കാത്തിട്ടും അനുമതി വന്നില്ല. അനുമതിയില്ലാതെ പുസ്തകം പ്രസിദ്ധീകരിച്ചുവെന്ന ഒറ്റക്കുറ്റത്തിന് സര്‍വീസ് ചട്ടലംഘനം ആരോപിച്ച് പെന്‍ഷന്‍ കിട്ടാതാകാം. ഒടുവില്‍ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു, താങ്കള്‍ക്ക് പിരിയും മുമ്പ് ഈ അനുമതി കിട്ടാന്‍ വിഷമമാണ്. അതിനാല്‍ എനിക്ക് ഒരു കാര്യം ചെയ്യാനാവും, എനിക്ക് അനുമതി വേണ്ട, എന്റെ അപേക്ഷ പിന്‍വലിയ്ക്കാന്‍ അനുവദിക്കണം എന്നൊരു അപേക്ഷ തന്നാല്‍ പിറ്റേന്ന് അതു സാധിച്ചു തരാം. ഞാന്‍ അതു കേട്ടു. പറഞ്ഞതുപോലെ ആ അനുമതി ഒട്ടും വൈകിയില്ല!!
സോമലതയിലേക്ക് മടങ്ങിവരാം.

അഫ്ഗാനിസ്ഥാനിലെ ഹിമാലയന്‍ പ്രാന്തപ്രദേശത്തുള്ള മുജ്ജ്‌വാന്‍ എന്ന ഇനം ലതയാണ് ഏറ്റവും ശുദ്ധമായ സോമം. അത് അത്യപൂര്‍വവും അതി വിശിഷ്ടവുമാണ്. അവിടെനിന്നും കൊണ്ടുവരുന്ന സോമമാണ് യാഗങ്ങള്‍ക്ക് പണ്ട് ഉപയോഗിച്ചിരുന്നതായി ഗ്രന്ഥങ്ങളില്‍ പറയുന്നത്. യാഗത്തില്‍ അങ്ങനെ ഒരു പരദേശി ബ്രാഹ്മണന്‍ സോമലതയുമായി വരുന്നതും അയാളെ യാഗാധികാരികള്‍ ചോദ്യം ചെയ്യുന്നതും പ്രതിഫലത്തിനു തര്‍ക്കിക്കുന്നതും ഒടുവില്‍ ഏറെ ചുരുങ്ങിയ പ്രതിഫലം കൊടുക്കുന്നതുമായ നടപടി ക്രമമുണ്ട്. ആ സോമവില്‍പ്പനക്കാരനെ വിശ്വസിച്ച്, യാഗം ചെയ്യുന്നവര്‍ യഥാര്‍ത്ഥ സോമലതയാണുപയോഗിക്കുന്നതെന്ന വിശ്വാസത്തിലേക്കെത്തുന്ന വിശ്വാസാശ്വാസ ചടങ്ങുകൂടിയാണിത്. ഇപ്പോള്‍ കേരളത്തില്‍നടക്കുന്ന യാഗങ്ങളില്‍ സോമലത കൊടുക്കുവാനുള്ള അധികാരം പാലക്കാട് കൊല്ലങ്കോട് രാജാവിനാണ്. ശുകപുരം ദക്ഷിണാമൂര്‍ത്തി ക്ഷേത്രാധികാരികള്‍ യാഗ വിളംബരം നടത്തുന്നതോടൊപ്പം യാഗത്തിനാവശ്യമായ സോമലത എത്തിക്കണമെന്ന സന്ദേശം കൊല്ലങ്കോട്ടേക്ക് അയയ്ക്കുന്നു. രാജാവിന് ഇതു ലഭിക്കുന്നത് വനം വകുപ്പില്‍നിന്നാണ്.

അതറിഞ്ഞാണ്, അതു വിതരണം ചെയ്യുന്ന ഉദ്യോഗസ്ഥന്‍ വഴി, ചില ചങ്ങാതിമാര്‍ വഴി, സോമലതയെക്കുറിച്ച് കൂടുതല്‍ അറിഞ്ഞതും അവിടെനിന്ന് ചുങ്കത്ത് ഇതു സംഘടിപ്പിച്ചതും. മൂന്നുവര്‍ഷം മുമ്പ് കൈയിലെത്തിയ ഈ ഇനം ലതയുടെ ശാസ്ത്രീയ നാമം സാര്‍ക്കോസ്റ്റിമ സെറോപീജിയ എന്നാണ്. അതാണിപ്പോള്‍ പൂവിട്ടത്.

സോമപ്പൂവ്വ് കാണാന്‍ വരുന്നവര്‍ പലരും നിരാശപ്പെടുന്നുവെന്ന് ചുങ്കത്ത് പറയുന്നു. ആരും മുമ്പു കണ്ടതായി പറയുന്നില്ല, ഈ പൂവ്. ദിവസവും നനയ്ക്കുന്നതിനിടെ കാലത്ത് ചെടി പൂവിട്ടിരിക്കുന്നതു കണ്ടു. കൊടും തണുപ്പാണ് സോമലതയ്ക്കു വേണ്ടത്. പക്ഷേ, ഇപ്പോള്‍ പൂത്തത് കൊടും ചൂടുകാലത്തും. 40 ഡിഗ്രി സെല്‍ഷ്യസാണ് ചൂട്. പിറ്റേന്നുതന്നെ പൂവ് വാടി. ഇപ്പോള്‍ കാണാന്‍ വരുന്നവര്‍ അടക്കം പറയുന്നതു കേള്‍ക്കാം, ‘ഇതു കാണാനാണോ വന്നത്.’
പക്ഷേ, ഡോ. ചുങ്കത്തിനു നിരാശയില്ല, ചരിത്രമറിയാവുന്നവര്‍ക്ക് അതിന്റെ വിലയറിയാം. അസാധാരണമായതാണ് സാധ്യമായത്. അപ്രതീക്ഷിതമായതാണ് ഇപ്പോള്‍ പ്രത്യക്ഷമായത്. അതെ, അതിനു പിന്നില്‍ അന്വേഷണത്തിന്റെ അദ്ധ്വാനമുണ്ട്, ആത്മാര്‍ത്ഥതയുണ്ട്. അതുകൊണ്ടുതന്നെ ചാരിതാര്‍ത്ഥ്യവും കൂടും. ലോകമെമ്പാടുംനിന്ന് ഇന്റര്‍നെറ്റിലൂടെയും മറ്റും അഭിനന്ദനമെത്തുന്നു. ചുറ്റുപാടും നിന്ന് ആളുകള്‍ നേരില്‍ കാണാനെത്തുന്നു. പലരും അനുമോദിക്കുന്നു. ചിലര്‍ ഇതിന്റെ ആധികാരികതയെക്കുറിച്ച് സംശയിക്കുന്നു, ചിലര്‍ തട്ടിക്കേറുന്നു, കുറച്ചു പേര്‍ അപഹസിക്കുന്നു. പതിവ് ശരാശരി മലയാളി ശൈലിയില്‍, ഇതു വെറും തട്ടിപ്പാണെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നു.

പക്ഷേ, ചുങ്കത്ത് പറയുന്നു, ”അവര്‍ അവരുടെ പ്രവൃത്തിചെയ്യുന്നു. ഞാന്‍ സംതൃപ്തനാണ്, കൂടുതല്‍ കൂടുതല്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. ചിലത് എഴുതിക്കൊണ്ടിരിക്കുകയാണ്.”
2011 ലെ പാഞ്ഞാള്‍ യാഗത്തിനിടയിലാണ് ഞാന്‍ ആദ്യം ചുങ്കത്തിനെ കണ്ടതും പരിചയപ്പെട്ടതും. ഒരിക്കല്‍ക്കൂടി സോമലതയെ നോക്കി മനസാ പ്രണമിച്ച് ഗോവര്‍ദ്ധനത്തില്‍നിന്ന് യാത്ര പറയുമ്പോള്‍ ചുങ്കത്ത് പറഞ്ഞു, ”നമുക്ക് പെരുമുടിയൂര്‍ യാഗത്തിനു കാണാം; ഉണ്ടാവുമല്ലോ അല്ലെ?” അതെ, ആ യാത്രപറച്ചിലിലുമുണ്ട് ഒരു പ്രത്യേക സോമ ടച്ച്. ഒരു പശു ഉണ്ടാക്കിയ വഴിത്തിരിവാണല്ലോ അത്, അതും യാഗഭൂമിയിലെ ദാനപ്പശു തെളിയിച്ച വഴി….

➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
📍════❁★☬ॐ☬★❁════📍
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌  പകർന്ന് നൽകിയവരോടുള്ള  കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁════❁★☬ॐ☬★❁════❁✿
     ✍ *HINDU WAY OF L͚͚͚͚I͚͚͚F͚͚E͚* ©
        █║▌█║▌█║▌█|█║
       *ഹിന്ദു ജീവിതശൈലി* ✍©
✿❁════❁★☬ॐ☬★❁════❁✿

No comments:

Post a Comment