Saturday, May 11, 2019

കുരുക്ഷേത്ര യുദ്ധം വ്യക്തിമനസ്സിലെ ധര്‍മ്മസംഘര്‍ഷം (3)
വ്യക്തിമനസ്സിലെ ധര്‍മ്മാധര്‍മ്മ ചിന്തകളിലേക്കാണ് ഭഗവദ്ഗീത നമ്മെ നയിക്കുന്നത്. ചരിത്രത്തിന്റെയും ഭൂമിശാസ്ത്രത്തിന്റെയും പശ്ചാത്തലത്തിലല്ല ഗീതയെ സമീപിക്കേണ്ടത്. സൂക്ഷ്മതലത്തില്‍ ജ്ഞാനചക്ഷുസ്സുകൊണ്ട് നോക്കുമ്പോള്‍ നമ്മുടെയുള്ളില്‍ തന്നെ ഈ കുരുക്ഷേത്ര യുദ്ധം കാണ‍ാം.
‘ധര്‍മ്മം’ എന്ന വാക്കില്‍ ആരംഭിച്ച് ‘മമ’ എന്ന വാക്കിലാണ് ഗീത അവസാനിക്കുന്നത്. മമ ധര്‍മ്മത്തെക്കുറിച്ചുള്ള – എന്റെ ധര്‍മ്മത്തെക്കുറിച്ചുള്ള – അന്വേഷണമായി ഇതു മാറണം. അപ്പോള്‍ മഹാഭാരതത്തിലെ കഥാപാത്രങ്ങളെ നമ്മുടെയുള്ളില്‍ത്തന്നെ കണ്ടെത്താനാകും.
അന്ധനായ ധൃതരാഷ്ട്രര്‍ കാണേണ്ടത് കാണേണ്ട രീതിയില്‍ കാണാത്ത വ്യക്തിമനസ്സിന്റെ പ്രതിനിധിയാണ്. ഒരു പുഷ്പത്തെ പല രീതിയില്‍ കാണ‍ാം. കച്ചവടക്കകണ്ണോടെ നോക്കുന്നവന്‍ അതിനെ വിറ്റ് കാശാക്കുന്ന കാര്യമാകും ചിന്തിക്കുക. കവിയുടെ കണ്ണില്‍ പുഷ്പം ഭാവനയുടെ സുന്ദരലോകമാകും തുറക്കുക. ഈ ധൃതരാഷ്ട്രത്വം കേരളത്തെയാകെ മലിനമാക്കിയിരിക്കുകയാണ്.
പന്മനയിലെ ആശ്രമവും നെയ്യാറ്റിന്‍കര ബിഷപ്പ് ഹൗസും ആക്രമിക്കപ്പെട്ടപ്പോള്‍ പ്രതിഷേധ കോലാഹലങ്ങളായിരുന്നു. ഒരു പിഞ്ചുകുഞ്ഞിന് സര്‍ക്കാര്‍ ബ്ലഡ് ബാങ്കിലെ പിഴവുമൂലം എയ്ഡ്സ് ബാധിച്ചപ്പോള്‍ ശബ്ദിക്കാനാരുമുണ്ടായില്ല. മതങ്ങള്‍ മനുഷ്യപുരോഗതിക്ക് തടസ്സമാകുന്നതിന്റെ സൂചനയാണ് ഈ ധൃതരാഷ്ട്രത്വം. ഈ പള്ളിയും അമ്പലവുമില്ലെങ്കില്‍ കുറേക്കൂടി സമാധാനത്തോടെ കഴിയ‍ാം എന്ന അവസ്ഥയിലേക്ക് ധൃതരാഷ്ട്രത്വം നമ്മെ എത്തിച്ചിരിക്കുന്നു.
From whatsapp

No comments:

Post a Comment