Saturday, May 11, 2019

ദക്ഷിണാമൂർത്തി സ്തോത്രം-24
യഥാർത്ഥത്തിൽ സ്ക്രീനിൽ വല്ലതും നടക്കുന്നുണ്ടോ. സ്ക്രീനിൽ മഴ പെയ്യുന്നു, തീ പിടിക്കുന്നു, സ്നേഹവും, യുദ്ധവും,ജനനവും, മരണവും ഒക്കെ നടക്കുന്നു .എന്നാൽ യഥാർത്ഥത്തിൽ സ്ക്രീനിൽ ഇതൊന്നും നടക്കുന്നില്ല, പക്ഷേ ഒക്കെ കാണുന്നു. ഫിലിം കാണിക്കുന്ന മാന്ത്രികത. ഇതു പോലെ വാസന കാണിക്കുന്ന ഇന്ദ്രജാലത്തിനനുസരിച്ച് നാം ഈ പ്രപഞ്ചത്തെ കാണുന്നു. അതാണ് മായ കാണിക്കുന്ന ജാലങ്ങൾ കാണുമ്പോൾ എന്ന് പറയുന്നത്.
ആ വാസനയ്ക്കനുസരിച്ച് ഈ ചിത്പ്രകാശം ഇന്ദ്രിയങ്ങളിലൂടെ വിജൃംഭണമാകുമ്പോൾ പ്രപഞ്ച രൂപത്തിൽ പലതും കാണപ്പെടുന്നു ഇവിടെ. എന്നാൽ ആ ഫിലിം എടുത്ത് കഴിഞ്ഞാൽ പിന്നെയെന്തുണ്ടാകും സ്ക്രീനിൽ വെറും വെളിച്ചം മാത്രം. അതുപോലെ നമ്മുടെ ഉള്ളിലെ വാസനയുടെ ഫിലിം അവിടുന്ന് പോയാൽ സർവ്വേന്ദ്രിയങ്ങളിലൂടെയും പരമാത്മ ദർശനമാണ്. അപ്പോഴാണ് ഈ വിശ്വം തന്നെ പരമാത്മ ദർശനമാണ് എന്ന് പറയുന്നത്.
വാസനയുള്ളപ്പോൾ ഭഗവാൻ തന്നെ ലോകമായിട്ട് കാണും. വാസന പോയാൽ ലോകം തന്നെ ഭഗവത് സ്വരൂപമായി പ്രകാശിക്കും. സർവ്വേന്ദ്രിയങ്ങളിലൂടെ അറിയപ്പെടുന്നതെല്ലാം പരമാത്മ സ്വരൂപമായിരിക്കും.
ചിത്പ്രകാശത്തിന്റെ സ്ഫുരണത്തെ വാസനകൾ തടസ്സപ്പെടുത്തി കൊണ്ടേയിരിക്കുന്നു. ഒരേ ഒരു വെളിച്ചമേ ഉള്ളു ഞാൻ ഉണ്ട് എന്ന അനുഭവ രൂപത്തിലുള്ള വെളിച്ചം, ബോധം , ആ മഹാധ്വനി. ആ വെളിച്ചത്തിനെ വാസനകൾ തടസ്സപ്പെടുത്തുമ്പോൾ അത് തന്നെ ലോകാകാരമായി അനുഭവപ്പെടുന്നു.
നിജ അന്തർഗതം പശ്യന്ന് ആത്മനി. ആത്മാവിലാണ് കാണുന്നത്. ഈ അനുഭവം മുഴുവൻ ഉണ്ടാകുന്നത് ആത്മാവിലാണ്. പ്രപഞ്ചാനുഭവം ഉണ്ടാകുന്നത് ആത്മാവിലാണ്. ശരീരം അനുഭവിക്കുന്നതും ആത്മാവിലാണ്. മനസ്സ് അനുഭവിക്കുന്നതും ആത്മാവിലാണ്. ഞാനുണ്ട് എന്ന വ്യക്തിത്വം എവിടെ അനുഭവിക്കുന്നു ആത്മാവിൽ. എല്ലാം അനുഭവിക്കുന്നത് ആത്മാവിലാണ്.
Nochurji.
Malini Dipu

No comments:

Post a Comment