Wednesday, May 01, 2019

മനുഷ്യശരീരം ദേവതകള്‍ക്ക് ജീവിക്കുന്നതിന് ഉതകത്തക്കവിധമുള്ള ഒരു സ്ഥാനം
*************************************************************************
പരമാത്മാവിനാല്‍ സൃഷ്ടിക്കപ്പെട്ട ആ ഇന്ദ്രിയങ്ങളുടെ അധിഷ്ടാനദേവതമാരായ അഗ്നി മുതലായ എല്ലാദേവതകളും സംസാരരൂപമാകുന്ന ഈ മഹാസമുദ്രത്തില്‍ വന്നുചേര്‍ന്നു. അതായത് ഹിരണ്യഗര്‍ഭപുരുഷന്റെ ശരീരത്തില്‍ നിന്നും ജനിച്ചതിനുശേഷം അവര്‍ക്ക് നിര്‍ദ്ദിഷ്ടമായ യാതൊരു സ്ഥാനവും ലഭിച്ചിരുന്നില്ല. തല്‍ക്കാരണാല്‍ അവര്‍ ആ സമഷ്ടി ശരീരത്തില്‍ത്തന്നെ വസിച്ചു. അപ്പോള്‍ പരമാത്മാവ് ആ ദേവതാസമൂഹത്തിനു വിശപ്പും ദാഹവും ഉണ്ടാക്കി. അതിനാല്‍ വിശപ്പും ദാഹവും കൊണ്ട് പീഡിതരായി അഗ്നി മുതലായ എല്ലാ ദേവതകളും തങ്ങളെ സൃഷ്ടിച്ച പരമാത്മാവിനോടു പറഞ്ഞു - ''ഭഗവന്‍, ഞങ്ങള്‍ക്ക് അന്നവും ഭക്ഷണവും മതിയാവോളം ലഭിച്ചു സുഖമായി ജീവിക്കുന്നതിന് ഉതകത്തക്കവിധമുള്ള ഒരു സ്ഥാനം ഞങ്ങള്‍ക്കായി വ്യവസ്ഥ ചെയ്തുതരണം.''
ഇപ്രകാരമുള്ള അവരുടെ പ്രാര്‍ത്ഥനകേട്ട് സൃഷ്ടികര്‍ത്താവായ പരമേശ്വരന്‍ അവര്‍ക്കെല്ലാം വസിക്കുന്നതി നായി ഒരു പശുവിന്റെ ശരീരമുണ്ടാക്കി അവരെക്കാണിച്ചു. അതുകണ്ടിട്ട് അവര്‍ പറഞ്ഞു - 'ഭഗവന്‍, ഇതു ഞങ്ങള്‍ക്കു പര്യാപ്തമാകുന്നില്ല. ഇതില്‍നിന്നു ഞങ്ങളുടെ കാര്യങ്ങ ളൊന്നും സുഗമമായി നടത്തുവാന്‍ സാധ്യമല്ല. അതുകൊണ്ട് ഇതിനെക്കാള്‍ ശ്രേഷ്ഠമായ മറ്റൊരു ശരീരം സൃഷ്ടിച്ചുത ന്നാലും.'' അപ്പോള്‍ പരമാത്മാവ് അവര്‍ക്കായി ഒരു കുതി രയുടെ ശരീരം നിര്‍മ്മിച്ചിട്ട് അവരെ കാണിച്ചു. അതു കണ്ട് അവര്‍ വീണ്ടും പറഞ്ഞു - ''ഭഗവന്‍, ഇതും ഞങ്ങള്‍ക്ക് ആവശ്യത്തിനുതകുന്ന തല്ല. അങ്ങ് മൂന്നാമതായി മറ്റൊരു ശരീരം ഉണ്ടാക്കി ഞങ്ങള്‍ക്കു തന്നാലും.''
ഇപ്രകാരം കുതിരയും പശുവും അവര്‍ക്കു ഹിതകരമല്ലെന്നു മനസ്സിലായപ്പോള്‍ പരമേശ്വരന്‍ അവര്‍ക്കുവേണ്ടി മനുഷ്യശരീരത്തെ സൃഷ്ടിക്കുകയും അവരെ കാണിക്കുകയും ചെയ്തു. അതിനെ കണ്ടപ്പോള്‍ത്തന്നെ എല്ലാ ദേവതകളും അത്യന്തം പ്രസന്നരായി. അനന്തരം അവര്‍ പറഞ്ഞു - ''ഇതു ഞങ്ങളെ സംബന്ധിച്ചിടത്തോളം വളരെ സുന്ദരമായ നിവാസസ്ഥാനമാണ്. ഇതില്‍ ഞങ്ങള്‍ക്കു വളരെ സുഖമായി നിവസിക്കുവാന്‍ കഴിയും. ഞങ്ങ ളുടെ എല്ലാ ആവശ്യങ്ങളും നന്നായി നിറവേറ്റുവാനും കഴിയും.'' വാസ്തവത്തില്‍ മനുഷ്യശരീരം പരമാത്മാവിന്റെ സുന്ദരമായ സൃഷ്ടി തന്നെയാണ്. അതിനാല്‍ ഇതു ദേവദുര്‍ല്ലഭമെന്നു കരുതുകയും ശാസ്ത്രങ്ങളില്‍ പലയിടത്തും ഇതിന്റെ മഹിമയെ പാടിപ്പുകഴ്ത്തുകയും ചെയ്യുന്നു. എന്തുകൊണ്ടെന്നാല്‍ ഇതേരീതിയില്‍ ജീവന് പരമാത്മാവിന്റെ ആജ്ഞയനുസരിച്ച് യഥായോഗ്യം സാധനകള്‍ അനുഷ്ഠിച്ച് അദ്ദേഹത്തെ പ്രാപിക്കുവാന്‍ കഴിയുന്നു. എല്ലാ ദേവതകള്‍ക്കും ആ ശരീരം ഇഷ്ടമാണെന്നു കണ്ടപ്പോള്‍ പരമേശ്വരന്‍ അവരോടു പറഞ്ഞു - ''നിങ്ങള്‍ അവരവര്‍ക്കു യോഗ്യമായി സ്ഥാനങ്ങള്‍ നോക്കി ഈ ശരീരത്തില്‍ പ്രവേശിച്ചു വസിച്ചുകൊള്ളുവിന്‍.''
abraham mukkath.

No comments:

Post a Comment